ആ ദിനമിന്നാണല്ലോ
മകനേ! വരുന്നു ഞാന്‍
ആദിയിലാലേഖനം
ചെയ്തതാണഖിലേശന്‍!
വെള്ളിയാണിന്നു, വെള്ളി
നക്ഷത്രം വൈരികള്‍ക്കോ!
അമ്മയ്‌ക്കോ ദുഃഖവെള്ളി;
അല്ലല്ല; ആയിക്കൂടാ!
എത്രയോ തലമുറ
കാത്തിരുന്നതാം ദിനം!
അത്രയല്ലനേകം പേര്‍
പ്രവചിച്ചതാം ദിനം! മകനേ! ജീവന്‍ ബലി
നല്കി നീ പകരമായ്
നരനു സ്വര്‍ഗം നേടി-
ക്കൊടുക്കുവാന്‍ തുനിയുന്നു!
നിന്‍ കൃത്യം മഹനീയം
മറ്റാര്‍ക്കും പറ്റാത്തതും
നിന്നമ്മ, എനിക്കുമീ
പാത പിന്തുടരണം
മര്‍ത്ത്യരക്ഷയ്ക്കായ് കര്‍ത്തൃ-
ദാസിയായ് നാന്ദിയുമായ്!
സത്യമാണല്ലോ തെല്ലും
മറക്കാന്‍ കഴിയുമോ!
ദേവമാതാവാണു ഞാന്‍
മകനേ പരമാര്‍ഥം!
മാനവരെന്റെ കൊച്ചു
മക്കളാണല്ലോ മക്കള്‍
അവരെ രക്ഷിക്കാനും
സ്വര്‍ഗത്തില്‍ കരേറ്റാനും
അഭിവാഞ്ഛയില്ലാത്തൊ-
രമ്മയെ കേള്‍പ്പാനുണ്ടോ!
അര്‍ഭകനേറ്റീടുന്ന
ശിക്ഷയ്ക്കും രക്ഷയ്ക്കുമീ
യമ്മയ്ക്കുമവകാശ-
മുള്ളതാണല്ലോയെന്നും
അമ്മതന്‍ സഹായംകൊ-
ണ്ടല്ലാതെ മക്കള്‍ക്കുണ്ടോ
ജീവനും ജീവിതവും
പ്രപഞ്ചനിയമം താന്‍
മാനവര്‍ മോക്ഷം പൂകാന്‍
ന്യാസമായ് നല്കുന്നിതാ
മാമകസുതനെ ഞാ-
നിന്നു സന്തോഷത്തോടെ
മാതൃസാക്ഷിയായ്‌ച്ചെയ്യും
കര്‍മങ്ങള്‍ ഫലപ്രദം
എത്രയോ കാലംതൊട്ടേ
കേട്ടിരിക്കുന്നു ലോകം!
അക്കുന്നിന്‍ മുകളില്‍ നിന്‍
പിന്നാലെ വരുന്നു ഞാന്‍
അങ്ങുയര്‍ത്തീടും ക്രൂശിന്‍
ചുവട്ടിലെന്നെക്കാണാം.
നിന്റെ തോളിലെ സ്ലീവാ
ഭാരമെന്‍ ഹൃദയത്തില്‍
മുറ്റിനിന്നീടട്ടെന്നും
മരണമെത്തുവോളം
നീ ചിന്തും രക്തം തുള്ളി
തുള്ളിയായെന്നാത്മാവില്‍
തീര്‍ത്തും ഞാനേറ്റു വാങ്ങും
തീര്‍ഥമായ് മൂര്‍ധാവിലും! ഞാനുമെന്‍ മക്കള്‍ക്കായ്
സഹനം തുടരട്ടെ!
ന്യായമാണല്ലോ മാതൃ-
കര്‍ത്തവ്യമതാണല്ലോ!