ലഹരിയും അക്രമവും കൊലവിളികളുമായി കൗമാരകേരളം നാടുവാഴുകയാണ്. മനുഷ്യമനഃസാക്ഷിയെ നടുക്കുന്ന അതിഭീകരമായ സംഭവങ്ങളാണ് ''പ്രബുദ്ധകേരള''ത്തില്‍ കുറേദിവസങ്ങളായി അരങ്ങേറുന്നത്. ഞെട്ടിക്കുന്ന യാഥാര്‍ഥ്യങ്ങള്‍ വൈകിയാണെങ്കിലും കേരളമൊന്നാകെ തിരിച്ചറിഞ്ഞിരിക്കുന്നു. അക്രമത്തിന്റെയും ലഹരിയുടെയും കാണാച്ചരടുകള്‍ പൊട്ടിച്ചെറിയാനുള്ള ഉള്‍ക്കരുത്തുമായി സര്‍ക്കാരും പൊതുസമൂഹവും മതപ്രസ്ഥാനങ്ങളും കൈകോര്‍ക്കേണ്ട സമയമായിരിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങളുടെമേല്‍ അതിജാഗ്രതയുടെ ഒരു മൂന്നാംകണ്ണ് പതിപ്പിക്കണമെന്ന തിരിച്ചറിവിലേക്കു മാതാപിതാക്കളും അധ്യാപകരും അധികാരികളും ഒന്നിച്ചണിനിരക്കേണ്ട കാലമാണിത്.
കുട്ടികളുടെയിടയില്‍ അക്രമവാസനയുടെ അരങ്ങേറ്റങ്ങള്‍ അതിരൂക്ഷമാണ്. വയലന്‍സും റാഗിങ്ങുമെല്ലാം അതിന്റെ തീവ്രരൂപങ്ങളാണ്. വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനൊടുവില്‍ താമരശേരി സ്വദേശി മുഹമ്മദ് ഷഹബാസ് എന്ന പത്താംക്ലാസ് വിദ്യാര്‍ഥി കൊല്ലപ്പെട്ടതിന്റെ നൊമ്പരത്തില്‍നിന്നു കേരളം മുക്തമായിട്ടില്ല. കേരളത്തില്‍ ഈ നാളുകളിലുണ്ടായ കൂട്ടക്കൊലകളുടെയും ക്രൂരതകളുടെയും ഒടുവിലത്തെ ഇരയായിരിക്കാം ഈ പതിനഞ്ചുകാരന്‍. ട്യൂഷന്‍ സെന്ററിലെ യാത്രയയപ്പുപരിപാടിയില്‍ തുടങ്ങിയ തര്‍ക്കം മൂര്‍ച്ഛിച്ച് രണ്ടു സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍തമ്മിലുണ്ടായ കലഹത്തില്‍ കലാശിക്കുകയായിരുന്നു. വലിയ പ്രഹരശേഷിയുള്ള നഞ്ചക്കുകൊണ്ടുള്ള അടിയില്‍ ഷഹബാസിന്റെ തലയോട്ടി പൊട്ടിച്ചിതറിയെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു പറയുന്നു.
കൊലവിളികള്‍കൊണ്ടു ശബ്ദമുഖരിതമാണ് കേരളം. തല്ലാനും കൊല്ലാനും മടിയില്ലാത്തവിധം ക്രൂരതയുടെ പര്യായമായി നമ്മുടെ കുട്ടികള്‍ അധഃ പതിച്ചുകൊണ്ടിരിക്കുന്നു. സുന്ദരസൗഹൃദങ്ങള്‍ പൂത്തുലഞ്ഞ നമ്മുടെ കാമ്പസുകളില്‍ ഞൊടിയിടകൊണ്ടാണ് പ്രശ്‌നങ്ങളുണ്ടാകുന്നതും കൊലവിളികളുയരുന്നതും വിഷയം ചോരപുരളുന്നതും.
ജീവിതമൂല്യങ്ങളുടെ പഠനക്കളരിയായ കുടുംബങ്ങളുടെ ശൈഥില്യമാണു കുട്ടികളുടെ ഗുരുതരമായ തകരാറുകളുടെ മുഖ്യകാരണമെന്നുറപ്പിക്കാന്‍ ഇനിയും ഗവേഷണപഠനങ്ങളും സര്‍വേകളും നടത്തേണ്ടതില്ല. മക്കള്‍ക്കു മാതൃകാപാഠപുസ്തകമാകേണ്ട മാതാപിതാക്കള്‍ക്കു മാര്‍ഗഭ്രംശം സംഭവിച്ചാല്‍ നാം ആരെയാണ് ഇനി പഴിചാരേണ്ടത്? സാഹോദര്യവും സഹിഷ്ണുതയും സമഭാവനയുമൊക്കെ പരിശീലിപ്പിക്കുന്ന ഇടങ്ങളായി നമ്മുടെ വീടുകളും വിദ്യാലയങ്ങളും മാറേണ്ടതായിട്ടുണ്ട്. നമ്മുടെ സ്‌കൂളുകളും കോളജുകളും ആരോഗ്യകരവും സര്‍ഗാത്മകവുമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ഇടംകൊടുത്താല്‍ അതു കുട്ടികളെ ക്രിയാത്മകതയുള്ളവരാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സ്വാര്‍ഥതയില്‍നിന്നു വിമുക്തരായി നാടിനെയും രാഷ്ട്രത്തെയും സേവിക്കാനും സ്‌നേഹിക്കാനുമുള്ള താത്പര്യം അവരിലുണ്ടാകും. ഒപ്പം, കലാസാംസ്‌കാരികസദസ്സുകളും കുട്ടികളുടെ ഊര്‍ജപ്രസരണശേഷിയെ പുഷ്ടിപ്പെടുത്തും.
പഠനവ്യഗ്രതകള്‍ക്കിടയില്‍ കളിക്കാനുള്ള സ്വാതന്ത്ര്യം നമ്മുടെ കുട്ടികള്‍ക്കു വേണ്ടുവോളമില്ലായെന്നതും കുട്ടികള്‍ നേരിടുന്ന ഒരു പ്രതിസന്ധിയാണ്. സ്‌പോര്‍ട്‌സ്മാന്‍സ്പിരിറ്റും ടീംഗെയിമുകളും അവര്‍ക്കു ധാരാളമായി ഉണ്ടാകണം. അവരുടെ സ്‌ട്രെസ്സും ടെന്‍ഷനും ലഘൂകരിക്കാന്‍ ഇവയൊക്കെ ആവശ്യമാണ്. തോല്‍വികളില്‍നിന്നും വീഴ്ചകളില്‍നിന്നും പാഠമുള്‍ക്കൊണ്ട് ഊര്‍ജ്ജസ്വലരായി വളരാനുള്ള അവസരങ്ങള്‍ അവര്‍ക്കു ധാരാളമായുണ്ടാകണം.
മനുഷ്യനാകാനുള്ള വിദ്യാഭ്യാസമാണ് നമ്മുടെ കുട്ടികള്‍ക്കു പകര്‍ന്നുനല്‌കേണ്ടത്. മാനുഷികപാഠങ്ങളാണ് അവര്‍ മനഃപാഠമാക്കേണ്ടതും ജീവിതത്തില്‍ പരിശീലിക്കേണ്ടതുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കുട്ടികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും അതു പരിഹരിക്കാനും പറ്റിയ സ്റ്റുഡന്റ് ഫെസിലിറ്റേഷന്‍ കമ്മിറ്റികള്‍ സ്‌കൂളുകളിലുണ്ടാവണം. സോഷ്യല്‍ മീഡിയാകളില്‍ അവര്‍ കാണുന്ന കണ്ടന്റുകള്‍ക്കുമേല്‍ രക്ഷിതാക്കളുടെ കണ്ണു പതിയണം. മേല്‍നോട്ടവും നിയന്ത്രണവും കൊടുക്കേണ്ടവര്‍ പേടിച്ചരണ്ടും സംശയിച്ചും മാറിനിന്നാല്‍ കുട്ടികള്‍ കൈവിട്ടുപോകും.
സംസ്‌കാരത്തിലും സഹജീവിസ്‌നേഹത്തിലും ഊറ്റംകൊള്ളുന്ന മലയാളിയുടെ മഹത്ത്വത്തിനു മങ്ങലേല്ക്കുന്ന സംഭവങ്ങള്‍ക്ക് അറുതിയുണ്ടാകണം. കേരളനാട് ഉണര്‍ന്നേ പറ്റൂ. നമ്മുടെ ഭരണസംവിധാനവും നിയമപാലകരും അധ്യാപകരും രക്ഷാകര്‍ത്താക്കളും ഒറ്റക്കെട്ടായി നമ്മുടെ കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിക്കുന്നതിലും വീണ്ടെടുക്കുന്നതിലും അതിജാഗ്രത പാലിക്കണം.