നൂറ്റാണ്ടുകള്‍ക്കുമുമ്പ് തെക്കന്‍ ഇംഗ്ലണ്ടിലെ സസെക്‌സിനും കെന്റിനും ഇടയിലുള്ള പുല്‍മേടുകളില്‍ കാലികളെ മേയ്ച്ചുനടന്ന ഇടയബാലന്മാര്‍ സമയം കൊല്ലാന്‍ കണ്ടുപിടിച്ച കളിയാണ് ക്രിക്കറ്റ്. കുറേക്കാലം കഴിഞ്ഞപ്പോള്‍ മുതിര്‍ന്നവരും ഈ കളി പഠിച്ചു. പതിനെട്ടാം നൂറ്റാണ്ടോടെ ക്രിക്കറ്റിന് ഇംഗ്ലണ്ടിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും പ്രചാരം ലഭിച്ചു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഉദ്യോഗസ്ഥരായിരിക്കും ഇന്ത്യയിലേക്ക് ക്രിക്കറ്റ് കൊണ്ടുവന്നത്. രണ്ടു നൂറ്റാണ്ടിനുള്ളില്‍ ഇന്ത്യയില്‍ ഏറ്റവും ആരാധകരുള്ള കളിയായി എന്നതും കളിക്കാര്‍ ഏറ്റവും കൂടുതല്‍ പേരും പണവും സമ്പാദിക്കുന്ന കളിയായി ഈ ''പരിഷ്‌കൃത കുട്ടിയും കോലും'' കളിമാറി എന്നതും പച്ചപ്പരമാര്‍ഥമാണ്.
ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ ''ആഷസ്'' മത്സരമാണ് രഞ്ജി ട്രോഫി. 90 വര്‍ഷത്തെ ചരിത്രമാണ് അതിനുള്ളത്. സ്വാതന്ത്ര്യം കിട്ടി പത്തു വര്‍ഷത്തിനുള്ളില്‍ കേരളവും രഞ്ജിട്രോഫി കളിക്കാന്‍ ആരംഭിച്ചു. മറ്റുള്ള ടീമുകള്‍ക്ക് പോയിന്റ് ഉണ്ടാക്കാനാണ് ആദ്യകാലത്ത് കേരളം കളിച്ചിരുന്നത് എന്നു തോന്നിപ്പിച്ചിരുന്നു. എന്നാല്‍, 2025 ല്‍ രഞ്ജി ട്രോഫി ഫൈനല്‍ കളിച്ചു കേരളം മലയാളികളെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. ഫൈനലില്‍ സമനില നേടിയെങ്കിലും ആദ്യ ഇന്നിങ്‌സില്‍ വഴങ്ങിയ 37 റണ്‍സിന്റ ലീഡ് രഞ്ജിട്രോഫിയില്‍ മുത്തമിടാനുള്ള കേരളത്തിന്റെ പ്രതീക്ഷ തകര്‍ത്തുകളഞ്ഞു വിദര്‍ഭ ചാമ്പ്യനായി, കേരളം റണ്ണേഴ്‌സ് അപ്പും.
തോല്‍ക്കും എന്ന നിലയില്‍നിന്ന് പൊരുതിനേടിയ അവിസ്മരണീയവിജയങ്ങള്‍. ഫൈനല്‍വരെ തുടര്‍ന്ന ആ അശ്വമേധം എക്കാലവും ഓര്‍മിക്കപ്പെടും. കേരളത്തിനായി ഹെല്‍മറ്റ് വരെ 'ഫീല്‍ഡ്' ചെയ്ത കാഴ്ച അദ്ഭുതാവഹം. ക്വാര്‍ട്ടറിലും സെമിയിലും ഒപ്പംനിന്ന ഭാഗ്യത്തിന്റെ കാറ്റ് ഫൈനലില്‍ വീശിയില്ല. ലീഡ് പ്രതീക്ഷയുടെ വക്കില്‍ സച്ചിന്‍ ബേബിയുടെ അസമയത്തെ ഒരു ഷോട്ട് കളിയുടെ ഗതിമാറ്റി. അല്ലെങ്കില്‍ ഒരുപക്ഷേ, കേരളം ലീഡ് പിടിച്ചേനെ. കന്നിക്കിരീടവും സ്വന്തമായേനെ. അതുപോലെ കരുണ്‍ നായരുടെ ക്യാച്ച് നഷ്ടപ്പെടുത്തിയത് നിര്‍ണായകമായി. കരുണെന്ന വന്മതിലാണ് കേരളത്തിനു കിരീടം കൈയെത്താദൂരത്താക്കിയതും വിദര്‍ഭയ്ക്ക് കിരീടം ഉറപ്പിച്ചതും.
പെരുമയുള്ള പല വമ്പന്‍ ടീമുകളെയും അട്ടിമറിച്ചാണ് ടീം കേരള ഫൈനല്‍ വരെയെത്തിയത്. അതില്‍ അമയ് ഖുറാസിയ എന്ന പരിശീലകന്‍ വലിയ പ്രതീക്ഷ തരുന്നു. ഒരു സാധ്യതയും കല്പിക്കാത്ത ടീം ഫൈനല്‍ വരെയെത്തി. നമ്മുടെ ടീം ഇനിയും അദ്ഭുതങ്ങള്‍ ആവര്‍ത്തിക്കുമെന്നു പ്രത്യാശിക്കാം. വെറ്ററന്‍താരങ്ങള്‍ക്കൊപ്പം ഒരുപിടി യുവതാരങ്ങളും വരുംകാലത്തേക്ക് കേരളത്തിനു പ്രതീക്ഷ നല്‍കുന്നു. സല്‍മാന്‍ നിസാറിന്റെ ഒറ്റയാള്‍പോരാട്ടങ്ങള്‍, ക്ഷമയില്‍ കെട്ടിപ്പടുത്ത മുഹമ്മദ് അസ്ഹറുദീന്റെ ക്ലാസിക് സെഞ്ചുറി. ജലജിന്റെയും സര്‍വാതെയുടെയും നിധീഷിന്റെയും മികച്ച പ്രകടനങ്ങള്‍.
ഇതിനുമുമ്പ് കേരള ക്രിക്കറ്റ് എന്നാല്‍ ടിനു യോഹന്നാനും ശ്രീശാന്തും സഞ്ജു സാംസണും മാത്രമായിരുന്നു ഭാരതത്തിനെങ്കില്‍, ഇന്ന് കേരളടീമിനെ പോരാളികളുടെ ഒരു സംഘമായിട്ടാണ് കാണുന്നത്. തോല്‍വിയുടെ വക്കില്‍നിന്നുപോലും പൊരുതിക്കയറാനുള്ള ആത്മവിശ്വാസവും പക്വതയും പ്രദര്‍ശിപ്പിക്കുന്ന പ്രൊഫഷണലായ ഒരു ടീം. അതാണ് കേരളത്തിന്റെ ചുണക്കുട്ടികള്‍ ഇപ്പോള്‍. വ്യക്തിപരമായ മികവിനുപരിയായി കൂട്ടായ പ്രയത്‌നംകൊണ്ട് വിജയങ്ങള്‍ നേടുന്ന ഒരു സംഘമായി മാറിയിരിക്കുന്നു കേരള ക്രിക്കറ്റ് ടീം. ആശംസകള്‍!