•  13 Mar 2025
  •  ദീപം 58
  •  നാളം 2
ലേഖനം

നമ്മള്‍ എന്തേ ഇത്ര ക്രൂരരായി?

   നാടിന്റെ സാംസ്‌കാരികത്തനിമയുടെ ഉരകല്ലായി പരിണമിക്കേണ്ട കലാലയങ്ങളില്‍ ചിലതെങ്കിലും ദുഷ്ടതയുടെ പര്യായങ്ങളായി മാറുന്നുവെന്ന ഹൃദയം തകര്‍ക്കുന്ന സത്യം  സമൂഹമനസാക്ഷിക്കു മുമ്പിലെത്തിയത് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ്  നമ്മുടെ സംസ്ഥാനത്ത് അരങ്ങേറിയ ക്രൂരമായ റാഗിങ് വാര്‍ത്തകളിലൂടെയാണ്. മൃഗീയമായി, കൊടുംക്രൂരമായി, ജീവനുള്ള മനുഷ്യമാംസത്തില്‍ മുറിവുകളുണ്ടാക്കി അതുംകണ്ട് ആസ്വദിക്കുന്ന ഒരു കൂട്ടം കിരാതന്മാര്‍. മനുഷ്യമനഃസാക്ഷി മരവിച്ചുപോയതിന്റെ നിസ്തര്‍ക്കലക്ഷണങ്ങളാണിതെല്ലാം. കോമ്പസും ഡിവൈഡറും പേനക്കത്തിയും മറ്റും വച്ചുണ്ടാക്കുന്ന മുറിപ്പാടുകള്‍ ഏതൊരു മനുഷ്യന്റെയും ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കും. പീഡനമേറ്റവര്‍ക്കുമുണ്ട് സ്‌നേഹത്തോടെ വീട്ടില്‍ കാത്തിരിക്കുന്ന മാതാപിതാക്കളും സഹോദരങ്ങളും. മക്കളുടെ വിളി കേള്‍ക്കാനും സുഖവിവരം അറിയാനും കാത്തിരിക്കുന്നവര്‍. സ്വന്തപ്പെട്ടവര്‍ മുറിവേല്പിക്കപ്പെടുമ്പോള്‍ മനംനീറി കരയുന്നവര്‍, രോഷാകുലരാകുന്നവര്‍.

   മാധ്യമവാര്‍ത്തകളില്‍നിന്നു റാഗിങ് വിവരം അറിഞ്ഞതിനുശേഷം പ്രാര്‍ഥനയോടെ ഈശോയുടെ അടുത്തിരുന്നപ്പോള്‍ ഈശോ കുരിശില്‍ കിടന്ന് എന്നോടു പറയുന്നതായി തോന്നി: രണ്ടായിരം വര്‍ഷം മുമ്പ് എന്നെയും അവര്‍ പീഡിപ്പിച്ചു. കോമ്പസിനും ഡിവൈഡറിനും പകരമായി ചാട്ടവാറും കുന്തവും മുള്‍മുടിയും ആണിയും എല്ലാം അവര്‍ ഉപയോഗിച്ചു. ശരീരത്തില്‍നിന്നു മാംസവും രക്തവും ചിതറുന്നതുകണ്ട് അവര്‍ ആര്‍ത്തട്ടഹസിച്ചുകൊണ്ട് പരിഹാസത്തോടെ നോക്കിനിന്നു. മുറിവേറ്റ ശരീരം വലിച്ചുകൊണ്ടുപോയി ഭാരമുള്ള കുരിശ് തോളില്‍വച്ച് മലകയറ്റി. ഇടയ്ക്കു കുരിശുമായി വീഴുമ്പോള്‍ അടിച്ചെഴുന്നേല്പിച്ചു. രക്തം ധാരയായി ഒഴുകുന്നതുമൂലം കണ്ണുപോലും കാണാന്‍ വയ്യാതായി. ശരീരത്തിലെ ഓരോ അവയവങ്ങളും കുത്തിപ്പൊട്ടിച്ചും തല്ലിത്തകര്‍ത്തും അവര്‍ സന്തോഷിച്ചു. അവസാനശ്വാസം വരെ അവര്‍ മര്‍ദ്ദിച്ചു. മരിച്ചുകഴിഞ്ഞിട്ടും ചങ്കില്‍ കുന്തം കൊണ്ടു കുത്തി. സ്വന്തം അമ്മയും പ്രിയപ്പെട്ടവരും നോക്കിനില്‍ക്കെയാണ് അവരുടെ ക്രൂരമര്‍ദനങ്ങള്‍.  
    അവന്‍ സഹിച്ചത് നമുക്കുവേണ്ടിയായിരുന്നു. ഇനി ജനിക്കാന്‍ പോകുന്ന കുഞ്ഞിനുംകൂടി അവന്‍ രക്ഷനേടിത്തന്നു. അതും സ്വന്തം ജീവന്‍ ബലികഴിച്ചുകൊണ്ട്, തന്നെ ക്രൂശിച്ചവരോടു  നിരുപാധികം ക്ഷമിച്ചുകൊണ്ട്, അവര്‍ക്കായി പ്രാര്‍ഥിച്ചുകൊണ്ട്. ക്രൂശിതനായ ഈശോയേ, ജീവിതത്തിലെ സഹനങ്ങളും കുരിശുകളും ആത്മാക്കളുടെ രക്ഷയ്ക്കായി സമര്‍പ്പിക്കാന്‍ കൃപ തരണമേ. ഇന്നു ലോകത്തില്‍ നടക്കുന്ന കൊടുംക്രൂരതകള്‍ക്കു മാപ്പേകണമേ. മനഃസാക്ഷി മരവിച്ച മനുഷ്യര്‍ക്ക് സ്‌നേഹത്തിന്റെ ഊഷ്മളത നല്‍കണമേ.
    'അവിടുന്ന് നമ്മെ സ്‌നേഹിച്ചു' എന്ന ചാക്രികലേഖനത്തില്‍ പരിശുദ്ധ പിതാവ്  ഫ്രാന്‍സിസ് പാപ്പാ കുറിക്കുന്നത് ഇപ്രകാരമാണ്: ഈശോയാണ് ആദ്യം നമ്മെ സ്‌നേഹിച്ചത്. കുത്തിത്തുറക്കപ്പെട്ട അവന്റെ ഹൃദയം വ്യവസ്ഥകളൊന്നുമില്ലാതെ നമ്മെ സ്‌നേഹിക്കുന്നു. നമുക്കായി കാത്തിരിക്കുന്നു.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)