•  13 Mar 2025
  •  ദീപം 58
  •  നാളം 2
ലേഖനം

ചേര്‍ത്തുനിര്‍ത്തലും നേര്‍വഴിനടത്തലുമാണ് ശിക്ഷണം

   വിലക്കു ലംഘിച്ച് സ്‌കൂളില്‍ കൊണ്ടുവന്ന മൊബൈല്‍ ഫോണ്‍ വാങ്ങിവച്ചതിനു പ്രിന്‍സിപ്പലിനുനേരേ വധഭീഷണി മുഴക്കുന്ന പ്ലസ്‌വണ്‍ വിദ്യാര്‍ഥിയുടെ വീഡിയോദൃശ്യം മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടിയെ, അധ്യാപകരെ, കുടുംബങ്ങളെ, പുതുതലമുറയെ ഒക്കെ തങ്ങളാലാകുംവിധം സമൂഹം കുറ്റവിചാരണ നടത്തി. എന്നാല്‍, സ്‌കൂളില്‍ ചേര്‍ന്ന അധ്യാപക-രക്ഷാകര്‍ത്തൃസമിതി കുട്ടിക്കു കൗണ്‍സലിങ് നല്‍കാനും കുട്ടിയുടെ പെരുമാറ്റപ്രശ്‌നത്തിനു സ്‌കൂളിന്റെ ഭാഗത്തുനിന്നു സാധിക്കുന്ന കാര്യങ്ങള്‍ ചെയ്യാനും സ്‌കൂളിന്റെ ഭാഗമാക്കി ചേര്‍ത്തുനിര്‍ത്താനും തീരുമാനിച്ചു. ഇതാണ് ഉചിതമായ തീരുമാനം. കുട്ടിയെ നഷ്ടപ്പെടുത്താതെ ചേര്‍ത്തുപിടിക്കലും നേര്‍വഴിനടത്തലുമാണ് രക്ഷാകരമായ സമീപനം. ഇതുതന്നെയാണു ശിക്ഷണസമീപനവും.
എഴുത്തുകാരനായ സി. വി. ബാലകൃഷ്ണന്റെ 'വംശധാര' എന്ന ചെറുകഥയില്‍ തെറ്റുപറ്റിപ്പോയ മകനെ അപ്പന്‍ തിരുത്തുന്ന സന്ദര്‍ഭമുണ്ട്. തെറ്റു പറ്റിപ്പോയതിന്റെ പേരില്‍ അപ്പന്റെ മുന്നില്‍ കുറ്റബോധത്തോടെ വിങ്ങിനില്‍ക്കുന്ന മകന്‍. അവനെനോക്കി അപ്പന്‍ ചോദിച്ചു: ''നീ എന്തായിത്തീര്‍ന്നിരിക്കുന്നു മോനേ?'' സങ്കടം സഹിക്കാതെ അവന്‍ പറഞ്ഞു: ''ഒരു പരട്ട ചെറ്റ.'' ഉടനെ അപ്പന്‍ എഴുന്നേറ്റ് മകനെ മുറുകെ കെട്ടിപ്പിടിച്ചു. അപ്പന്റെ ദൃഢാശ്ലേഷത്തില്‍ മകനു ശ്വാസംമുട്ടി. ''നീ എനിക്കു പ്രിയപ്പെട്ടവനാടാ.'' അപ്പന്‍ ഉറക്കെപ്പറഞ്ഞു. അപ്പോള്‍ ഒരു പ്രാവ് തന്റെ ചുമലിലേക്കു പറന്നിറങ്ങിയതായി മകനു തോന്നി. ഇതാണ് ശിക്ഷണശാസ്ത്രം. 
റൗഡികളായ കുട്ടികളെ ആട്ടിന്‍കുട്ടികളാക്കി മാറ്റിയ കഥ പ്രൊഫ. എം.കെ. സാനു പങ്കുവയ്ക്കുന്നുണ്ട്. ആലപ്പുഴ സനാതനധര്‍മഹൈസ്‌കൂളിലാണ് സാനുമാസ്റ്റര്‍ അധ്യാപകനായി ആദ്യം ജോലിയില്‍ പ്രവേശിക്കുന്നത്. അവിടെ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന മൂന്നു വിദ്യാര്‍ഥികള്‍ പിച്ചാത്തിയുമായി ഹെഡ്മാസ്റ്റര്‍ വി.എസ്. താണു അയ്യരെ കുത്താന്‍ ചെന്നിട്ടുള്ളവരാണ്. അവരെ ശരിയാക്കാനുള്ള ദൗത്യം ഹെഡ്മാസ്റ്റര്‍ ഏല്പിച്ചപ്പോള്‍ അതു വിജയകരമായി സാനുമാസ്റ്റര്‍ നിര്‍വഹിച്ചു. അവരെ നന്നാക്കിയതെങ്ങനെ എന്ന ഹെഡ്മാസ്റ്ററുടെ ചോദ്യത്തിനു സാനുമാസ്റ്ററുടെ മറുപടി ഇങ്ങനെ: ''ഞാന്‍ ഒന്നുമാത്രം ചെയ്തു സാര്‍, അവരുടെ മനുഷ്യത്വം അംഗീകരിച്ചു, അത്രമാത്രം. റൗഡികള്‍ എന്നുപറഞ്ഞ കുട്ടികള്‍ ഇപ്പോള്‍ ആട്ടിന്‍കുട്ടികളെപ്പോലെയാണ്.'' സ്‌നേഹംകൊണ്ട് കുട്ടികളെ സ്വാധീനിച്ച് മനഃപരിവര്‍ത്തനം സാധ്യമാക്കുകയാണ് സാനുമാസ്റ്റര്‍ ചെയ്തത്. 
ഒരുപക്ഷേ, ഇന്നു സ്‌നേഹംകൊണ്ടുമാത്രം അവരെ നല്ലവരാക്കാന്‍ കഴിഞ്ഞെന്നുവരില്ല. അവരനുഭവിക്കുന്ന മാനസികപീഡനങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പെരുമാറ്റവൈകല്യങ്ങള്‍ക്കും മനഃശാസ്ത്രസമീപനങ്ങളും ചികിത്സയും വേണ്ടിവന്നേക്കാം. വ്യത്യസ്തമായ വൈകാരിക-മാനസിക-ബിഹേവിയറല്‍ അവസ്ഥകളുള്ളവരെ പ്രത്യേകം പ്രത്യേകമായി സമീപിച്ച് പ്രശ്‌നപരിഹാരം കണ്ടെത്തേണ്ടിവരും. കുടുംബങ്ങളിലെ പേരന്റിങ് വീഴ്ചകള്‍, ലൈംഗികചൂഷണം, മൊബൈല്‍ അഡിക്ഷന്‍, ലഹരിയുപയോഗം, നിഷേധാത്മകശൈലി, തിരസ്‌കരണചിന്ത, മറ്റു പ്രതിസന്ധികള്‍, പരാജയങ്ങള്‍ എന്നിവ കുട്ടികളില്‍ ഉണ്ടാക്കുന്ന ആഘാതങ്ങള്‍ വളരെ സങ്കീര്‍ണമാണ്. പാരമ്പര്യം, സാഹചര്യങ്ങളുടെ സ്വാധീനം, വൈയക്തികപ്രകൃതം എന്നിവയാണ് ഒരു വ്യക്തിയുടെ വികാരങ്ങളെയും പെരുമാറ്റങ്ങളെയും സ്വാധീനിക്കുന്ന ഘടകങ്ങള്‍. ശിക്ഷ വിധിക്കുംമുമ്പ് ഇക്കാര്യങ്ങളെ ശാസ്ത്രീയമായും മനഃശാസ്ത്രപരമായും സമീപിച്ച് രക്ഷയുടെ സമീപനങ്ങളാണ് മാതാപിതാക്കളും അധ്യാപകരും സ്വീകരിക്കേണ്ടത്. കൗണ്‍സലിങ്, തെറാപ്പികള്‍, ചികിത്സ എന്നിവയെല്ലാം വേണ്ടിവന്നേക്കാം. 
കുട്ടികളെ ശിക്ഷിക്കാനുള്ള അവസരം നഷ്ടപ്പെട്ടതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നു ചിലര്‍ പറയുന്നുണ്ട്. തെറ്റുധാരണയാണത്. വളരാനും വളര്‍ത്താനുമുള്ള സാഹചര്യമൊരുക്കലും ശരി-തെറ്റുകളെക്കുറിച്ചുള്ള ബോധാവബോധം പകരലുമാണ് ശിക്ഷണശാസ്ത്രം. 'ശിക്ഷ' എന്ന വാക്കിന് ബോധനം, പരിശീലനം എന്നാണര്‍ഥം. തെറ്റു ബോധ്യപ്പെടുത്തുക, ശരി ചെയ്യാന്‍ പരിശീലിപ്പിക്കുക - അതാണ് ശിക്ഷകൊണ്ടുദ്ദേശിക്കുന്നത്, അല്ലാതെ ശാരീരികമായും മാനസികമായും മുറിവേല്പിക്കലല്ല. പല ശാരീരികശിക്ഷകളും കോപത്തിന്റെ ആവിഷ്‌കാരമാണ്. അതു ഗുണം ചെയ്യില്ലെന്നുമാത്രമല്ല; മറിച്ച്, നിരവധി ദോഷങ്ങള്‍ക്കിടവരുത്തുകയും ചെയ്യും. വേദനിപ്പിച്ചും മുറിവേല്പിച്ചും ഒരിക്കലും ഒരാളെയും നന്നാക്കിയെടുക്കാന്‍ കഴിയില്ലെന്നു നിരവധി പഠനങ്ങളുടെ അടിസ്ഥാനത്തില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. ശിക്ഷണമെന്നാല്‍ വളരാന്‍, വളര്‍ത്താന്‍ സഹായിക്കലാണ്. അതിനു സ്‌നേഹവും സ്‌നേഹപൂര്‍വകമായ തിരുത്തലും പങ്കുവയ്ക്കലുമാണു വേണ്ടത്. കുട്ടികളെ തളര്‍ത്താതെ, തെറ്റു തിരുത്താനും നേര്‍വഴി തേടാനും പ്രേരിപ്പിക്കുന്നതാകണം ശിക്ഷണസമീപനം. തിരുത്തലും ഉള്‍ക്കാഴ്ചയും നല്‍കാനാണ് ശിക്ഷണം ഉപകരിക്കേണ്ടത്. ചുരുക്കത്തില്‍, കുട്ടിയെ വീണ്ടെടുക്കാന്‍ സാധിക്കുന്നതാകണം ശിക്ഷണസമീപനങ്ങള്‍.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)