1
ഈ ഫെബ്രുവരി 21-ാം തീയതി യൂജേന്‍ കാര്‍ഡിനല്‍ തിസ്സറാങ്ങിന്റെ 53-ാം ചരമവാര്‍ഷികമായിരുന്നു. ഇരുപതാംനൂറ്റാണ്ടില്‍ സീറോ മലബാര്‍ സഭയുടെ ഏറ്റവും വലിയ അഭ്യുദയകാംക്ഷിയായിരുന്ന കാര്‍ഡിനല്‍ തിസ്സറാങ്ങ് ദിവംഗതനായത് 1972 ഫെബ്രുവരി 21-ാം തീയതി തന്റെ 87-ാം വയസ്സിലാണ്. കത്തോലിക്കാസഭയില്‍ ഉന്നതസ്ഥാനങ്ങള്‍ വഹിച്ചിരുന്ന കര്‍ദിനാള്‍, ഫ്രഞ്ച് അക്കാദമി എന്ന പ്രശസ്ത സാഹിത്യസാംസ്‌കാരികസമിതിയില്‍ 1962 മുതല്‍ അംഗമായിരുന്നു.
ഫ്രഞ്ച് അക്കാദമി
ഫ്രാന്‍സില്‍ പതിമ്മൂന്നാം ലൂയിസ് രാജാവിന്റെ പ്രധാനമന്ത്രിയായിരുന്ന കര്‍ദിനാള്‍ റിഷ്‌ല്യൂ 1634 ല്‍ ഫ്രഞ്ചുഭാഷയുടെ വ്യാകരണവും നിഘണ്ടുവും കൃത്യതയോടെ കാലാകാലങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന ചുമതല നിര്‍വഹിക്കാനായി ആരംഭിച്ച സമിതിയാണ് ഫ്രഞ്ച് അക്കാദമി. അംഗങ്ങളുടെ എണ്ണം നാല്പതായി നിശ്ചയിച്ചതും അക്കാദമിയുടെ നിയമാവലി തയ്യാറാക്കിയതും കര്‍ദിനാള്‍ റിഷ്‌ല്യൂ ആയിരുന്നു. ആദ്യത്തെ നാല്പതംഗങ്ങളെ നിയമിച്ചത് രാജാവുതന്നെയാണ്. അവരുടെ കാലാവധി മരണംവരെയാണെന്നും നിശ്ചയിച്ചു. അന്നുമുതല്‍ അക്കാദമിയംഗങ്ങളെ 'അമര്‍ത്ത്യര്‍' എന്നു വിളിച്ചുതുടങ്ങി. ഒരു സീറ്റില്‍ ഒഴിവുവരുമ്പോള്‍ ആ സീറ്റിലേക്കാണ് പുതുതായി ഒരാളെ അക്കാദമിയംഗങ്ങള്‍ തിരഞ്ഞെടുക്കുന്നത്. സാഹിത്യകാരന്മാര്‍, കവികള്‍, ശാസ്ത്രജ്ഞന്മാര്‍, രാഷ്ട്രീയനേതാക്കള്‍, പുരോഹിതശ്രേഷ്ഠര്‍ തുടങ്ങിയവരുടെ പ്രതിനിധികള്‍ അക്കാദമിയില്‍ ഉണ്ടായിരിക്കണമെന്നാണ് അലിഖിതനിയമം. ഒരു സീറ്റിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ആള്‍ തന്റെ മുന്‍ഗാമിയെക്കുറിച്ച് സമഗ്രമായ ഒരു പ്രഭാഷണം നടത്തണം. തുടര്‍ന്ന്, അക്കാദമിയംഗങ്ങളില്‍ ഒരാള്‍ പുതിയ അംഗത്തെ സ്വാഗതം ചെയ്തുകൊണ്ട് വിശദമായ ഒരു പ്രഭാഷണം നടത്തും.
1960 ല്‍ ഭൗതികശാസ്ത്രജ്ഞനായ മേറീസ് ദ് ബ്രോയിയുടെ നിര്യാണത്തെത്തുടര്‍ന്ന് അക്കാദമിയുടെ മുപ്പത്തിയേഴാം നമ്പര്‍ സീറ്റിലേക്ക് 1962 ല്‍ യൂജേന്‍ കാര്‍ഡിനല്‍ തിസ്സറാങ് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തെ സ്വാഗതം ചെയ്തുകൊണ്ട് അക്കാദമിയിലെ പ്രശസ്തനായ വ്‌ളാദിമിര്‍ ദ് ഒര്‍മസോണ്‍ എന്ന ഫ്രഞ്ച് നയതന്ത്രജ്ഞന്‍ ചെയ്ത സുദീര്‍ഘമായ പ്രഭാഷണത്തിലെ പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
1940 ജൂണ്‍മാസത്തില്‍ ഹിറ്റ്‌ലറിന്റെ ജര്‍മന്‍സൈന്യം ഫ്രാന്‍സിനെ കീഴടക്കിയ നാളുകളിലാണ് ദ് ഒര്‍മെസോണ്‍ വത്തിക്കാനില്‍ കാര്‍ഡിനല്‍ തിസ്സറങ്ങിനെ ആദ്യമായി കാണുന്നത്. ഫ്രാന്‍സിന്റെ പരാജയത്തില്‍ ഇരുവരും ഏറെ ദുഃഖിതരായിരുന്നുവെന്ന് പ്രഭാഷണത്തിന്റെ ആരംഭത്തില്‍ ദ് ഒര്‍മെസോണ്‍ ഓര്‍മിക്കുന്നു.
തുടര്‍ന്ന്, അദ്ദേഹം തന്റെ പ്രസംഗത്തില്‍ കര്‍ദിനാള്‍ തിസ്സറാങ്ങിന്റെ ജീവചരിത്രം വിവരിച്ചു. കത്തോലിക്കാവിശ്വാസപാരമ്പര്യവും ഫ്രഞ്ച് റിപ്പബ്ലിക്കന്‍ മൂല്യങ്ങളും കൈമുതലായുള്ള ഒരു കുടുംബത്തിലാണ് യൂജേന്‍ തിസ്സറാങ് 1884 മാര്‍ച്ച് 24-ാം തീയതി ഭൂജാതനായത്. അദ്ദേഹത്തിന്റെ കുടുംബം നൂറ്റാണ്ടുകളായി ഫ്രാന്‍സ് രാജ്യത്തിന്റെ വടക്കുകിഴക്കന്‍ പ്രവിശ്യയായ ലൊറോനിലാണു വസിച്ചിരുന്നത്. ലൊറേനിലെ നാന്‍സി എന്ന പട്ടണത്തിലാണ് യൂജേന്‍ ജനിച്ചതും വളര്‍ന്നതും. അദ്ദേഹത്തിന്റെ പിതാവും പിതാമഹനും വെറ്ററിനറി ഡോക്ടര്‍മാരായിരുന്നു. പിതൃസഹോദരനും യൂജേന്റെ ജ്ഞാനസ്‌നാനപിതാവുമായിരുന്ന യൂജേന്‍ തിസ്സറാങ്ങിന് വലിയ ഒരു ഗ്രന്ഥശേഖരമുണ്ടായിരുന്നു. ഭാവിയില്‍ വത്തിക്കാന്‍ ലൈബ്രറിയുടെ അമരക്കാരനായി മാറിയ കര്‍ദിനാള്‍ തിസ്സറാങ്ങിന് ചെറുപ്പത്തില്‍ത്തന്നെ ലൈബ്രറിയുമായി പരിചയപ്പെടാനിടയായി! യൂജേന്റെ മാതാപിതാക്കളുടെ ആറുമക്കളില്‍ മൂന്നുപേര്‍ സഭാശുശ്രൂഷകരായി. കര്‍ദിനാളിനെക്കൂടാതെ ഒരു സഹോദരി കന്യാസ്ത്രീയും ഒരു സഹോദരന്‍ സന്ന്യാസവൈദികനും. സഹോദരി ലൊറേനില്‍ത്തന്നെ അധ്യാപികയായും സഹോദരന്‍ നാല്പത്തിമൂന്നുവര്‍ഷം ആഫ്രിക്കയില്‍ മിഷനറിവൈദികനായും സേവനമനുഷ്ഠിച്ചു.
പതിനൊന്നു വയസ്സുള്ളപ്പോള്‍ വൈദികനാകണമെന്ന് യൂജേന്‍ തീരുമാനമെടുത്തു. നിശ്ചയദാര്‍ഢ്യം യൂജേന്‍ തിസ്സറാങ്ങിന്റെ ചെറുപ്പംമുതലുള്ള സ്വഭാവസവിശേഷതയാണ്. അതുകൊണ്ട് ആ തീരുമാനത്തിനു മാറ്റംവന്നില്ല.
സ്‌കൂള്‍പഠനകാലത്ത് സയന്‍സ്‌വിഷയങ്ങളാണ് യൂജേന്‍ ഇഷ്ടപ്പെട്ടിരുന്നത്. 1900 ത്തില്‍ സ്‌കൂള്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കി നാന്‍സിയിലെ മേജര്‍ സെമിനാരിയില്‍ യൂജേന്‍ ചേര്‍ന്നു. വൈദികനായശേഷം ഗണിതശാസ്ത്രപഠനം തുടരണമെന്നാഗ്രഹിച്ചിരിക്കുമ്പോള്‍ സെമിനാരിയിലെ പ്രൊഫസര്‍മാരുടെ സ്വാധീനത്തിനു വിധേയനായി പ്രാചീനപൗരസ്ത്യഭാഷാപഠനമാരംഭിച്ചു. യൂജേന്റെ ആധ്യാത്മികപിതാവായിരുന്ന മോണ്‍. ചാള്‍സ് റുഷ് ആണ് ഭാഷകള്‍ പഠിക്കാനുള്ള യൂജേന്റെ അഭിരുചി തിരിച്ചറിഞ്ഞ് പ്രോത്സാഹനം നല്കിയത്. മോണ്‍. ചാള്‍സ് റുഷ് പിന്നീട് സ്ത്രാസ്ബുര്‍ഗ് രൂപതയുടെ മെത്രാനായിത്തീര്‍ന്നു. അക്കാലത്തും യൂജേന്റെ ആധ്യാത്മികനിയന്താവായി അദ്ദേഹം തുടര്‍ന്നു. നാല്പതു വര്‍ഷക്കാലം യൂജേന്‍ തിസ്സറാങ്ങിന്റെ ആധ്യാത്മികപിതാവായിരുന്നത് മോണ്‍. ചാള്‍സ് റുഷ് ആയിരുന്നു.
സെമിനാരിപഠനകാലത്തുതന്നെ സുറിയാനിയും അറബിക്കും ഭാഷകളുടെ വ്യാകരണം ശ്രദ്ധാപൂര്‍വം യൂജേന്‍ പഠിച്ചു. അതിനുപുറമേ, ഹീബ്രു, അസീറിയന്‍ ഭാഷകളും പഴയനിയമപഠനത്തിനായി അഭ്യസിച്ചുതുടങ്ങി. മോണ്‍സിഞ്ഞോര്‍ ചാള്‍സ് റുഷിന്റെ അഭ്യര്‍ഥനപ്രകാരം നാന്‍സിയിലെ മെത്രാന്‍ യൂജേന്‍ തിസ്സറാങ്ങ് എന്ന സെമിനാരിവിദ്യാര്‍ഥിയെ ജെറുസലേമിലേക്കയച്ചു. അവിടെ അദ്ദേഹത്തിനു ഭാഷാപഠനത്തിനു മാര്‍ഗദര്‍ശിയായി വര്‍ത്തിച്ചത് ബൈബിള്‍പണ്ഡിതനായ ലഗ്രാന്‍ഷ് ഒ.പി.യാണ്. ഒരുനിമിഷംപോലും നഷ്ടപ്പെടുത്താതെ ഒന്നിനുപിറകേ ഒന്നായി യൂജേന്‍ പ്രാചീനഭാഷകള്‍ പഠിക്കുകയും അപൂര്‍വഗ്രന്ഥങ്ങളും കൈയെഴുത്തുപ്രതികളും വാങ്ങി സൂക്ഷിക്കുകയും ചെയ്തു. കഠിനാധ്വാനം എക്കാലവും തിസ്സറാങ്ങിന്റെ ജീവിതവ്രതമായിരുന്നുവെന്നു ദ് ഒര്‍മെസോണ്‍ ഇത്തരുണത്തില്‍ പ്രസ്താവിക്കുന്നു. പഠിക്കാനിനി ഭാഷകള്‍ ഇല്ലല്ലോ എന്ന ഒരു പരാതിയേ ഈ യുവാവിന് ഉണ്ടായിരുന്നുള്ളൂ എന്ന് യൂജേന്‍ തിസ്സറാങ്ങിനെപ്പറ്റി അന്ന് ജറുസലേമില്‍ പലരും ഒതുക്കം പറഞ്ഞിരുന്നു!
രാജ്യനിയമമനുസരിച്ച് സൈന്യസേവനത്തിനായി 21-ാം വയസ്സില്‍ 1905 ല്‍ യൂജേന്‍ ഫ്രാന്‍സിലേക്കു മടങ്ങി. സൈന്യസേവനത്തിനുശേഷം പാരീസിലെ കാത്തലിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു രണ്ടു വര്‍ഷംകൊണ്ട് ഹീബ്രു, സുറിയാനി, അറബിക്, എത്യോപ്യന്‍, അസ്സീറിയന്‍ എന്നീ ഭാഷകളില്‍ ഡിപ്ലോമ സമ്പാദിച്ചു. അതേസമയം, സൊര്‍ബോണ്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് അറബ്‌സാഹിത്യത്തിലും ഡിഗ്രി സമ്പാദിച്ചു. പുരാവസ്തുഗവേഷണവും പുരാതനലിപികളും സംബന്ധിച്ച പഠനങ്ങളിലും ലൂവ്ര് മ്യൂസിയത്തിലെ പഠനകേന്ദ്രത്തില്‍ നടന്നിരുന്ന ക്ലാസ്സുകളില്‍ തിസ്സറാങ്ങ് പങ്കെടുത്തു. അറമായഭാഷയിലുള്ള പപ്പീറസ് കൈയെഴുത്തുരേഖകള്‍ പഠനവിധേയമാക്കി ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാനും ഈ യുവഗവേഷകനു സാധിച്ചു.
1907 ഓഗസ്റ്റ് നാലാം തീയതി നാന്‍സി രൂപതയ്ക്കുവേണ്ടി യൂജേന്‍ തിസ്സറാങ്ങ് മിശിഹായുടെ പുരോഹിതനായി തിരുപ്പട്ടം സ്വീകരിച്ചു. പുരോഹിതദൗത്യനിര്‍വഹണത്തിന് പ്രഥമസ്ഥാനം നല്കാന്‍ യൂജേന്‍ തിസ്സറാങ്ങ് എന്നും ശ്രദ്ധിച്ചിരുന്നു എന്ന് അദ്ദേഹത്തെ അടുത്തറിഞ്ഞിരുന്ന വ്‌ളാദിമിര്‍ ദ് ഒര്‍മെസോണ്‍ തന്റെ പ്രസംഗത്തില്‍ എടുത്തുപറയുന്നുണ്ട്.
റോമിലെ അപ്പോളിനാരിയൂസ് കലാലയത്തിന് (ഇപ്പോഴത്തെ ലാറ്ററന്‍ യൂണിവേഴ്‌സിറ്റി) ഒരു സുറിയാനി പ്രൊഫസറെ ആവശ്യമായി വന്നപ്പോള്‍ അതിനായുള്ള അന്വേഷണം ചെന്നെത്തിയത് 24 വയസ്സുമാത്രമുള്ള ഈ നവവൈദികനിലാണ്. അങ്ങനെ 1908ല്‍ ഫാദര്‍ യൂജേന്‍ തിസ്സറാങ്ങ് വത്തിക്കാനിലെത്തി. 'ഇതാ നമ്മുടെ അസ്സീറോളഗ്' എന്നു പറഞ്ഞുകൊണ്ടാണ് സ്റ്റേറ്റ് സെക്രട്ടറിയായ കര്‍ദിനാള്‍ മെറി ദെല്‍വാല്‍ ഫാ. തിസ്സറാങ്ങിനെ സ്വീകരിച്ചത്! വത്തിക്കാന്‍ ലൈബ്രറിയുടെ ആര്‍ക്കൈവ്‌സിലും ഉത്തരവാദിത്വമുള്ള ചുമതലകള്‍ ഫാ. തിസ്സറാങ്ങിനെ പരിശുദ്ധപിതാവ് പത്താം പീയൂസ് മാര്‍പാപ്പാ ഏല്പിച്ചു. 1908 ഡിസംബര്‍ 23-ാം തീയതി പരിശുദ്ധപിതാവിനെ സന്ദര്‍ശിച്ചപ്പോള്‍ ഫാ. തിസ്സറാങ്ങിന്റെ യാമപ്രാര്‍ഥനപ്പുസ്തകത്തില്‍ പത്താംപീയൂസ് മാര്‍പാപ്പാ ഇപ്രകാരം എഴുതി: ''ദൈവം അങ്ങയുടെ പ്രാര്‍ഥന ശ്രവിക്കുകയും അനുഗ്രഹാശിസ്സുകളാല്‍ അങ്ങയുടെ ജീവിതത്തെ നിറയ്ക്കുകയും ചെയ്യട്ടെ.''
(തുടരും)