നിഖ്യാസൂനഹദോസിന്റെ 1700-ാം വര്‍ഷം പ്രമാണിച്ച് നിഖ്യാസൂനഹദോസിനെയും നിഖ്യാവിശ്വാസപ്രമാണത്തെയുംകുറിച്ചുള്ള ഒരു പഠനപരമ്പര 9
റോമന്‍സാമ്രാജ്യത്തിന്റെ പരമാധികാരം തന്നില്‍ നിക്ഷിപ്തമായ ഉടനെ, ക്രിസ്തുമതത്തെ ബഹുമാനിക്കാനും സത്യദൈവത്തെ ശ്രദ്ധാപൂര്‍വ്വം ആരാധിക്കാനും അവനെമാത്രം പരമസത്തയായി അംഗീകരിക്കാനും കല്പിച്ചുകൊണ്ട് കോണ്‍സ്റ്റന്റൈന്‍ ഒരു ഡിക്രി പുറപ്പെടുവിച്ചു: ''ആ ദിവ്യസത്തമാത്രം സത്യമായും ആരാധ്യമാണ്. അതുമാത്രം എന്നേക്കുമായി നന്മകള്‍ നല്‍കുന്നതില്‍ അവന്‍ സന്തോഷിക്കുന്നു. അവരുടെ പ്രവര്‍ത്തനങ്ങളെ അവന്‍ ഫലമണിയിക്കുന്നു. എന്നാല്‍, നിയമലംഘകരുടെമേല്‍ യുദ്ധകാലത്തും സമാധാനകാലത്തും, രഹസ്യജീവിതത്തിലും പരസ്യജീവിതത്തിലും അനര്‍ഥങ്ങള്‍ നിപതിക്കുന്നു.'' കോണ്‍സ്റ്റന്റൈന്‍ ഇതും കൂട്ടിച്ചേര്‍ത്തു: ''ഭരിക്കാന്‍ യോഗ്യനായ ഉത്തമദാസനായി തന്നെ ദൈവം കണ്ടതിനാല്‍, ബ്രിട്ടീഷ് കടലില്‍നിന്ന് പൗരസ്ത്യപ്രൊവിന്‍സുകളിലേക്കു തന്നെ ആനയിച്ചു. ക്രിസ്തീയമതം വര്‍ധമാനമാകുന്നതിനും സത്യദൈവാരാധന നിമിത്തം പീഡനങ്ങള്‍ക്കും രക്തസാക്ഷിത്വത്തിനും വിധേയരായെങ്കിലും, ഉറച്ചുനിന്നവര്‍ പരസ്യമായി ബഹുമാനിക്കപ്പെടുന്നതിനും വേണ്ടിയായിരുന്നിത്.''
ഈ പ്രസ്താവനകള്‍ക്കുശേഷം, തന്റെ പ്രജകള്‍ ഇതിലേക്ക് ആകൃഷ്ടരാകാനായി അദ്ദേഹം അനേകം വിശദാംശങ്ങളിലേക്കു കടന്നു. ക്രിസ്തീയസഭയ്‌ക്കെതിരേ മതപീഡകര്‍ പുറപ്പെടുവിച്ച സര്‍വഡിക്രികളും വിധികളും പിന്‍വലിക്കാന്‍ അദ്ദേഹം കല്പിച്ചു. ക്രിസ്തുവിനെ ഏറ്റുപറഞ്ഞതു നിമിത്തം തങ്ങളുടെ ഇച്ഛയ്‌ക്കെതിരായി ദ്വീപുകളിലേക്കോ മറ്റിടങ്ങളിലേക്കോ നാടു കടത്തപ്പെട്ടവരെയും ഖനികളില്‍ ജോലി ചെയ്യുന്നതിനും പൊതുപണികള്‍ക്കും അന്തഃപുരസേവയ്ക്കും അലക്കിനും വിധിക്കപ്പെട്ടവരെയും പൊതുജോലിക്കായി നിശ്ചയിക്കപ്പെട്ടവരെയും സ്വതന്ത്രരാക്കണമെന്നു കല്പിച്ചു. നിന്ദ്യരെന്നു വിധിക്കപ്പെട്ടവരുടെ നിന്ദനം നീക്കിക്കളഞ്ഞു. സൈന്യത്തിലെ ഉന്നതശ്രേണിയില്‍നിന്നു നീക്കപ്പെട്ടവര്‍ക്ക് ഒന്നുകില്‍ ആ സ്ഥാനത്തു തിരിച്ചെത്താം അല്ലെങ്കില്‍ തങ്ങളുടെ ഇഷ്ടമനുസരിച്ചു മാന്യമായ തുകയോടു കൂടെ ജീവിതം തുടരാം. നേരത്തേ ഓരോരുത്തര്‍ക്കും ഉണ്ടായിരുന്ന ബഹുമാനസ്ഥാനത്തോടുകൂടി സ്വതന്ത്രാവസ്ഥയിലേക്കു തിരികെപ്പോകാന്‍ അനുവദിച്ചു. അതുപോലെ അവര്‍ക്കുള്ള വസ്തുവകകള്‍ തിരികെനല്‍കി. കൊല്ലപ്പെട്ടവരുടെ കണ്ടുകെട്ടപ്പെട്ട വസ്തുവകകള്‍ അടുത്ത ബന്ധുക്കള്‍ക്കോ ബന്ധുക്കള്‍ ഇല്ലെങ്കില്‍ സ്ഥലത്തെ പള്ളിക്കോ നല്‍കണമെന്നു കല്പനയിറക്കി. ആരുടെയെങ്കിലും കൈവശം ഇത്തരം വസ്തുവകകള്‍ എത്തിച്ചേര്‍ന്ന് പൊതുവകയോ വ്യക്തികളുടെവകയോ ആയിത്തീര്‍ന്നെങ്കില്‍, അവ തിരിച്ചുനല്‍കണമെന്നും അദ്ദേഹം കല്പിച്ചു.
അതുപോലെ സര്‍ക്കാര്‍ഖജനാവ് വാങ്ങിയവയോ ദാനമായി ലഭിച്ചവയോ ആയ വസ്തുവകകള്‍ക്ക് ഉചിതമായും സാധ്യമാംവിധവും പരിഹാരം ഉണ്ടാക്കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. പറഞ്ഞതുപോലെ, ഈ നടപടികള്‍ ചക്രവര്‍ത്തി നിര്‍ദേശിക്കുകയും നിയമമാക്കുകയും ഉടന്‍തന്നെ നടപ്പാക്കുകയും ചെയ്തു. റോമന്‍ ഭരണത്തിന്റെ എല്ലാ സുപ്രധാനസ്ഥാനങ്ങളിലും ക്രിസ്ത്യാനികളെ പ്രതിഷ്ഠിച്ചു. കപടാരാധന എല്ലായിടത്തും നിരോധിച്ചു. ജ്യോതിഷം, വിഗ്രഹപ്രതിഷ്ഠ, ഗ്രീക്ക് ഉത്സവങ്ങള്‍ എന്നിവയും നിരോധിച്ചു. നഗരങ്ങളില്‍ നടമാടിയിരുന്ന നിരവധി അതിപുരാതനമായ അനാചാരങ്ങള്‍ നിന്നുപോയി. ഈജിപ്തില്‍ നൈലിലെ വെള്ളത്തിന്റെ അളവ് അമ്പലങ്ങള്‍ നോക്കുന്നരീതി മാറ്റി പള്ളികളെ ഏല്പിച്ചു. റോമാക്കാരുടെ ഇടയിലെ മല്ലയുദ്ധക്കളരി നിരോധിച്ചു. വിവാഹത്തിനുമുമ്പ് കന്യകകളെ വേശ്യാവൃത്തിക്കു പ്രേരിപ്പിക്കുന്ന രീതി ഫിനീഷ്യയിലും ലെബനോനിലും ഹേലിയോപ്പൊളീസിലും നിലനിന്നു. ഈ ദുര്‍നടപടിക്കുശേഷം അവര്‍ നൈയാമികവിവാഹത്തില്‍ പ്രവേശിക്കുമായിരുന്നു. ചക്രവര്‍ത്തി ഈ നിന്ദ്യരീതി നിര്‍ത്തലാക്കി.
പ്രാര്‍ഥനാലയങ്ങളില്‍ സാമാന്യം വലുപ്പമുള്ളവ കേടുപാടു തീര്‍ത്തു. മറ്റുചിലത് മനോഹരമായി വലുതാക്കി. മുമ്പ് പള്ളികള്‍ ഇല്ലാത്ത ഇടങ്ങളില്‍ പുതിയവ നിര്‍മിച്ചു. രാജകീയട്രഷറിയില്‍നിന്ന് ആവശ്യത്തിനു പണം നല്‍കാന്‍ പ്രൊവിന്‍ഷ്യല്‍ ഗവര്‍ണര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. ആവശ്യമുള്ളവ സംബന്ധിച്ച് അറിയിക്കാന്‍ പട്ടണങ്ങളിലെ മെത്രാന്മാര്‍ക്കും ഈ കാര്യങ്ങളെക്കുറിച്ചു കത്തുകളെഴുതി. വൈദികശ്രേഷ്ഠര്‍ക്കു വിധേയരായിരിക്കാനും തീക്ഷ്ണതാപൂര്‍വം അനുസരണമുള്ളവരായിരിക്കാനും നിര്‍ദേശിച്ചു.
സാമ്രാജ്യത്തിന്റെ സമ്പദ്‌സമൃദ്ധിയോടൊപ്പം മതവും അഭിവൃദ്ധിപ്പെട്ടു. ലിചീനിയസുമായുള്ള യുദ്ധത്തിനുശേഷം വിദേശരാജ്യങ്ങളുമായുള്ള യുദ്ധത്തിലും ചക്രവര്‍ത്തി വിജയശ്രീലാളിതനായി. അദ്ദേഹം സര്‍മാത്യരെയും ഗോത്യരെയും കീഴടക്കി. അവരുമായി സമാധാന ഉടമ്പടി ഉണ്ടാക്കി. ഡാന്യൂബ് നദീതീരത്താണ് അവര്‍ പാര്‍ത്തിരുന്നത്. അവര്‍ യുദ്ധപ്രിയരും അംഗസംഖ്യയില്‍ മികച്ചവരുമായിരുന്നു. അവര്‍ എപ്പോഴും യുദ്ധസന്നദ്ധര്‍ ആയിരുന്നതിനാല്‍ മറ്റു കാട്ടുവര്‍ഗക്കാര്‍ അവരെ ഭയപ്പെട്ടിരുന്നു. അവര്‍ ശത്രുക്കളായി റോമാക്കാരെമാത്രമേ കണ്ടിരുന്നുള്ളൂ. അവരുമായുള്ള യുദ്ധത്തില്‍ അടയാളങ്ങളാലും സ്വപ്‌നങ്ങളാലും ദൈവികപരിപാലനയുടെ പ്രത്യേക സംരക്ഷണം തനിക്കുണ്ടെന്നു കോണ്‍സ്റ്റന്റൈന്‍ വ്യക്തമായി ദര്‍ശിച്ചു. അതുകൊണ്ട്, യുദ്ധത്തില്‍ തനിക്കെതിരേ ഉയര്‍ന്നവരെയെല്ലാം തുരത്തിയശേഷം, ചക്രവര്‍ത്തി മതപരമായ കാര്യങ്ങളില്‍ തീക്ഷ്ണതാപൂര്‍വം ശ്രദ്ധചെലുത്തുകയും സത്യവിശ്വാസവും രക്ഷാമാര്‍ഗവും തിരിച്ചറിയാന്‍ ഗവര്‍ണര്‍മാരെ ഉപദേശിക്കുകയും ചെയ്തുകൊണ്ട് ക്രിസ്തുവിനോടുള്ള നന്ദി പ്രകാശിപ്പിച്ചു. ആശ്രിതരാജ്യങ്ങളില്‍നിന്നു പിരിക്കുന്ന തുകയുടെ ഒരുഭാഗം സമീപസ്ഥനഗരങ്ങളിലെ വൈദികശ്രേഷ്ഠര്‍ക്കു നല്‍കണമെന്നും, ഈ നിയമം എന്നേക്കുമുള്ള നടപടിക്രമം ആയിരിക്കണമെന്നും കല്പിച്ചു.
കര്‍ത്തൃദിവസം എന്നറിയപ്പെടുന്ന ദിവസത്തിന്റെ ആചരണം നിര്‍ബന്ധമാക്കി. ആഴ്ച്ചയുടെ ഒന്നാംദിവസമെന്ന് യഹൂദര്‍ അതിനെ വിളിക്കുന്നു. ഗ്രീക്കുകാര്‍ അത് സൂര്യനു സമര്‍പ്പിച്ചിരിക്കുന്നു. ഏഴാംദിവസത്തിനു മുമ്പുള്ള ദിവസവും അപ്രകാരംതന്നെ ആചരിക്കാന്‍ നിര്‍ദേശിച്ചു. ഈ ദിവസങ്ങളില്‍ നൈയാമികകാര്യങ്ങളോ, മറ്റു ബിസിനസ്‌കാര്യങ്ങളോ പാടില്ലെന്നും കല്പിച്ചു. പകരം പ്രാര്‍ഥനകളും അപേക്ഷകളുംകൊണ്ട് ദൈവാരാധന നടത്തണമെന്നു നിര്‍ദേശിച്ചു. കര്‍ത്താവ് മരിച്ചവരില്‍നിന്ന് ഉയിര്‍ത്തതിനാല്‍, കര്‍ത്തൃദിനവും, അവിടുന്ന് ക്രൂശിക്കപ്പെട്ടതിനാല്‍ ആറാം ദിവസവും അദ്ദേഹം ബഹുമാനിച്ച് ആദരിച്ചിരുന്നു.
ശത്രുക്കള്‍ക്കെതിരേയുള്ള യുദ്ധത്തില്‍ കുരിശ് അദ്ദേഹത്തിനു നല്‍കിയ ശക്തിനിമിത്തവും ഈ അടയാളം കാണപ്പെട്ട ദൈവികരീതി നിമിത്തവും അദ്ദേഹം കുരിശിനെ പ്രത്യേക ബഹുമതിയോടെ പരിഗണിച്ചിരുന്നു. കോടതികളില്‍ തൂക്കിക്കൊല വിധിക്കുന്നതും നടപ്പാക്കുന്നതും നിയമംവഴി നിരോധിച്ചു. നാണയം അടിക്കുമ്പോഴും രൂപങ്ങള്‍ ഉണ്ടാക്കുമ്പോഴും തന്റെ പ്രതിച്ഛായകള്‍ നിര്‍മിക്കുമ്പോഴും ഈ ദിവ്യാടയാളം പതിച്ചിരിക്കണമെന്ന് അദ്ദേഹം കല്പിച്ചു. ഇപ്പോഴും അതേ രീതിയില്‍ കാണപ്പെടുന്നവ ഇതിനു സാക്ഷ്യം നല്‍കുന്നു. എല്ലാ കാര്യങ്ങളിലും, പ്രത്യേകിച്ച് നിയമങ്ങള്‍ ക്രോഡീകരിക്കുന്നതിലും, അദ്ദേഹം ദൈവസേവനം ലക്ഷ്യമാക്കിയിരുന്നു. അക്കാലംവരെ നടമാടിയിരുന്ന നിന്ദ്യവും ഭോഗാസക്തവുമായ നിരവധി സംഗതികള്‍ അദ്ദേഹം നിരോധിച്ചു. ഈ കാര്യങ്ങള്‍ സംബന്ധിച്ച് അദ്ദേഹം പുറപ്പെടുവിച്ച കല്പനകളില്‍നിന്ന് ഇവയില്‍ അദ്ദേഹത്തിനുള്ള താത്പര്യം ഒറ്റനോട്ടത്തില്‍ കാണാവുന്നതാണ്. മതകാര്യങ്ങളുടെ ബഹുമാനത്തിനും പരിഗണനയ്ക്കുമായി അദ്ദേഹം നടപ്പാക്കിയ നിയമങ്ങള്‍ സഭാചരിത്രത്തില്‍ പരാമര്‍ശിക്കേണ്ടത് ആവശ്യമാണ്.
പേര്‍ഷ്യന്‍ക്രിസ്ത്യാനികള്‍ പീഡനവിധേയരാകുന്നെന്നു കേട്ട റോമന്‍ചക്രവര്‍ത്തി കോണ്‍സ്റ്റന്റൈന്‍ രോഷാകുലനാകുകയും നീരസം പ്രകടിപ്പിക്കുകയും ചെയ്തു. അവര്‍ക്കു സഹായം ചെയ്യാന്‍ അദ്ദേഹം വളരെ താത്പര്യപൂര്‍വം ആഗ്രഹിച്ചു. എന്നാല്‍, എങ്ങനെ അതു സാധിക്കുമെന്ന് അദ്ദേഹത്തിന് അറിവില്ലായിരുന്നു. ഏതാണ്ട് ഈ അവസരം പേര്‍ഷ്യന്‍രാജാവിന്റെ കൊട്ടാരത്തില്‍നിന്ന് ചില പ്രതിപുരുഷന്മാര്‍ റോമന്‍ചക്രവര്‍ത്തിയുടെ പക്കലെത്തി. ചക്രവര്‍ത്തി അവരുടെ അപേക്ഷകള്‍ അംഗീകരിച്ച് അവരെ പറഞ്ഞയച്ചു. പേര്‍ഷ്യയിലെ ക്രിസ്ത്യാനികള്‍ക്കുവേണ്ടി ഷപ്പൂറിന് എഴുതുന്നതിന് ഇതാണു പറ്റിയ സമയമെന്ന് അദ്ദേഹം കരുതുകയും പേര്‍ഷ്യന്‍രാജാവിന് എഴുതുകയും ചെയ്തു:
'ഗര്‍ഹണീയമായതൊന്നും അവരുടെ മതത്തിലില്ല, രക്തരഹിതബലിയിലൂടെ മാത്രമാണ് അവര്‍ ദൈവത്തോട് അപേക്ഷിക്കുന്നത്. കാരണം, രക്തം ചൊരിയലിലല്ല അവിടുന്ന് പ്രസാദിക്കുന്നത്. ഭക്തിയും സുകൃതവുമുള്ള സംശുദ്ധാത്മാക്കളില്‍ അവിടുന്ന് പ്രീതി പ്പെടുന്നു. ഈ കാര്യങ്ങള്‍ വിശ്വസിക്കുന്നവര്‍ പ്രശംസാര്‍ഹരാണ്.' ക്രിസ്ത്യാനികളോടു കരുണയോടെ പ്രവര്‍ത്തിച്ചാല്‍ ദൈവം കരുണ കാണിക്കുമെന്ന് ചക്രവര്‍ത്തി ഷപ്പൂറിന് ഉറപ്പുനല്‍കി. തന്റെയും വലേറിയന്റെയും ദൃഷ്ടാന്തം തെളിവായി അവതരിപ്പിക്കുകയും ചെയ്തു.
ക്രിസ്തുവിലുള്ള വിശ്വാസം വഴിയും ദൈവകൃപയുടെ സഹായത്താലും പടിഞ്ഞാറന്‍ കടല്‍തീരത്തുനിന്ന് കടന്നുവന്ന് കോണ്‍സ്റ്റന്റൈന്‍ റോമന്‍സാമ്രാജ്യം മുഴുവന്റെയും അധിപനായി. വിദേശികള്‍ക്കും കടന്നുകയറ്റക്കാര്‍ക്കും എതിരേയുള്ള നിരവധി യുദ്ധങ്ങള്‍ അവസാനിപ്പിച്ചു. എന്നാല്‍, അദ്ദേഹം ഇതിനൊന്നും ബലികളെയോ മാന്ത്രികരെയോ ആശ്രയിച്ചില്ല. പിന്നെയോ, തന്റെ വിജയത്തിന് തന്റെ സൈന്യത്തിന്റെ മുമ്പില്‍ കുരിശിന്റെ പ്രതീകവും രക്തരഹിതവും മാലിന്യരഹിതവുമായ ശുദ്ധപ്രാര്‍ഥനകളുംമാത്രം ഉപയോഗിച്ചിരുന്നു. സഭയെ പീഡിപ്പിക്കാത്തിടത്തോളംകാലം വലേറിയന്റെ ഭരണകാലം സമ്പദ്‌സമൃദ്ധമായിരുന്നു. എന്നാല്‍, അയാള്‍ ക്രിസ്ത്യാനികള്‍ക്കെതിരേ പീഡനം അഴിച്ചുവിട്ടതിനാല്‍ ദൈവികകോപം അയാളെ പേര്‍ഷ്യാക്കാര്‍ക്ക് ഏല്പിച്ചുകൊടുത്തു. അവര്‍ അയാളെ തടവുകാരനായി പിടിക്കുകയും മൃഗീയമായി കൊലപ്പെടുത്തുകയും ചെയ്തു.
ക്രിസ്ത്യാനികളോടു മനോഗുണം കാണിക്കണമെന്നു കാണിച്ച് ഈ രീതിയിലാണ് ചക്രവര്‍ത്തി ഷപ്പൂറിന് എഴുതിയത്. റോമന്‍പ്രദേശത്തായാലും പേര്‍ഷ്യയിലായാലും എല്ലായിടത്തുമുള്ള ക്രിസ്ത്യാനികളുടെ കാര്യത്തില്‍ ചക്രവര്‍ത്തിയുടെ അതീവശ്രദ്ധ ഉണ്ടായിരുന്നു.
3. കോണ്‍സ്റ്റന്റൈന്റെ അന്ത്യം
337 മേയ് 22 പന്തക്കുസ്താദിവസം കോണ്‍സ്റ്റന്റൈന്‍ മരിച്ചു. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയെ ബൈസന്റൈന്‍സഭ 13-ാമത്തെ അപ്പസ്‌തോലനായും വിശുദ്ധനായുമാണ് കണക്കാക്കുന്നത്.
ചക്രവര്‍ത്തിയുടെ മരണശേഷം ശരീരം ഒരു സ്വര്‍ണശവപ്പെട്ടിയില്‍ വച്ച് കോണ്‍സ്റ്റാന്റിനോപ്പിളിലേക്കു കൊണ്ടുപോയി. കൊട്ടാരത്തില്‍ ഒരുയര്‍ന്ന പീഠത്തില്‍വച്ചു. ജീവിതകാലത്ത് കൊട്ടാരവാസികള്‍ ചക്രവര്‍ത്തിയോടു കാണിച്ചിരുന്ന ബഹുമാനാദരവുകള്‍ അപ്പോള്‍ അദ്ദേഹത്തോടു കാട്ടി. പിതാവിന്റെ മരണം അറിഞ്ഞ കോണ്‍സ്റ്റാന്‍സിയൂസ് പൗരസ്ത്യത്തുനിന്ന് ധൃതിയില്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ എത്തി. ഏറ്റവും മഹനീയമായ രീതിയില്‍ മൃതശരീരം ശ്ലീഹന്മാരുടെ പള്ളിയില്‍, കോണ്‍സ്റ്റന്റൈതന്നെ പണികഴിപ്പിച്ച കല്ലറയില്‍ സംസ്‌കരിച്ചു. അക്കാലം മുതല്‍ ചക്രവര്‍ത്തിമാരെ അവിടെ സം
സ്‌കരിക്കുക പതിവായിത്തീര്‍ന്നു. മെത്രാന്മാരെയും അവിടെ സംസ്‌കരിച്ചു. ഇമ്പീരിയല്‍ അധികാരത്തിന് തുല്യമാണ് ഹയരാര്‍ക്കിക്കല്‍ അധികാരം എന്നതിലുപരി വിശുദ്ധ സ്ഥലങ്ങളില്‍ അവര്‍ക്കാണ് പ്രാമാണ്യം എന്നു പ്രഖ്യാപിക്കപ്പെട്ടു.
(തുടരും)