•  13 Mar 2025
  •  ദീപം 58
  •  നാളം 2
ലേഖനം

മലയാളകവിതയിലെ വനിതാവിചാരങ്ങള്‍

ന്തര്‍ദേശീയവനിതാദിനം, വിചാരശീലങ്ങളിലും വര്‍ത്തനചര്യകളിലും വനിതകളെ അംഗീകരിക്കാനും ആദരിക്കാനും സമൂഹത്തോടുള്ള ക്ഷണം കൂടിയാണ്. മലയാളകവികള്‍ പക്ഷംചേരാതെതന്നെ, നാരീജന്മത്തിന്റെ സഹനഭാവങ്ങളെയും മാറ്റിവരയ്‌ക്കേണ്ട വഴിത്താരകളെയും ചൂണ്ടിക്കാട്ടുന്നുണ്ട്. ആ വരികളിലൂടെയും വരികള്‍ക്കിടയിലൂടെയുമുള്ള സഞ്ചാരം നമുക്ക് സുഗതകുമാരിയില്‍ തുടങ്ങാം: 
ഇവള്‍ പെണ്ണല്ലയോ? പെണ്ണി-
ന്നുടയോന്‍ ദുഃഖമല്ലയോ? 
വരികള്‍ തുടരുന്നത് ഇപ്രകാരം: 
ദേവി ഭൂമീ, നിനക്കെല്ലാ-
മറിയാം; നിന്റെ ചന്തയില്‍
പാഴ്‌വിലയ്ക്കുമെടുക്കാത്തൊ-
ന്നല്ലീ പെണ്ണിന്റെ ജീവിതം.
പുതുശേരി രാമചന്ദ്രന്‍ ഇതേ ആശയത്തെ അവതരിപ്പിക്കുന്നതു നോക്കൂ: 
പെണ്ണ്! കണ്ണീരുംകൊണ്ടു
പിറന്നോളിവള്‍ക്കുണ്ടോ
മണ്ണടിയുവോളം മന്നി-
ലിത്തിരി മനഃസ്വാസ്ഥ്യം?
മഹാകവി വള്ളത്തോള്‍        പണ്ടേ എഴുതിവച്ചൂ, സ്ത്രീജീവിതം എവിടെയാണെന്ന്:
താരാട്ടുപാടി ഫലിപ്പിച്ച കൂട്ടര്‍ തന്‍
താളത്തിനൊത്തിങ്ങു തുള്ളു കയാല്‍
അപ്‌സരസ്ത്രീകളേ, നിങ്ങള്‍ നരകത്തി-
ലത്രേ പുലരുന്നു, വിണ്ണിലല്ല.
അതിനുള്ള പല കാരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് ഒഎന്‍വി കുറുപ്പ് വിവരിക്കുന്നുണ്ട്: 
ഞാറാണെങ്കില്‍ പറിച്ചുനട്ടീ ടണം
ഞാറ്റുവേലക്കാലമെത്തുമ്പോള്‍
പെറ്റുവളര്‍ത്തും കുടിവിട്ടു പെണ്ണിനു
മറ്റൊരിടത്തു കുടിവയ്പ്!
എന്നിട്ടോ? പെണ്ണിനു വേണ്ടതെ ന്താണ്? 
പേടിച്ചരണ്ട നിന്‍ കണ്ണുകള്‍ രാപകല്‍
തേടുന്നതാരെയെന്നറിവൂ ഞാന്‍
മാരനെയല്ല, മണാളനെയല്ല, നിന്‍
മാനം കാക്കുമൊരാങ്ങളയെ!
മംഗല്യം മംഗളമാണെങ്കിലും എല്ലാവര്‍ക്കും അങ്ങനെയല്ല. അമംഗളങ്ങളായ അനേകം അനുഭവങ്ങളിലൂടെ അവള്‍ക്കു കടന്നുപോകേണ്ടിവരുന്നു. വിവാഹത്തിനുമുമ്പുതന്നെ അതാരംഭിക്കുന്നതുകൊണ്ടാണ് ഇടശേരിയുടെ കഥാപാത്രം ഇങ്ങനെ ചോദിക്കുന്നത്: 
ബോധിച്ചതില്ലെനിക്കെന്തിനവര്‍ പിന്നെ
വാദിച്ചു നില്‍ക്കണമെന്നെക്കാണാന്‍
പുതുകാലത്തെ പത്താം ക്ലാസുകാരികളുടെ മൂന്നു കവിതാമൊട്ടുകള്‍ കനത്ത സത്യങ്ങളെ കാട്ടിത്തരുന്നവയാണ്. 'വിംഗ്‌സ്' എന്ന കവിതയില്‍ ഹരിത എ. ഒതുക്കിപ്പറയുന്നതു കേള്‍ക്കൂ: 
അവള്‍ക്കു പതിയേ 
ചിറകു മുളച്ചു. 
പിറകില്‍നിന്നാരോ 
തട്ടിവിളിച്ചു: 
''അരുത്, നീ പെണ്ണാണ്.''
ജോഷ്മ ടി.ജെ.യുടെ 'മഴ'യില്‍ പനിക്കാലത്ത് കൂടെപ്പെയ്ത സ്‌നേഹത്തെ ഓര്‍ക്കുന്നു: 
ഞാന്‍
നനഞ്ഞു പനിച്ച 
സമയങ്ങളിലെല്ലാം 
നീ പെയ്യുന്നുണ്ടായിരുന്നു 
എന്റെകൂടെ....
ശ്രേയ പി.വി.യുടെ 'സ്വപ്നം' എന്ന കവിത ഇതിന്റെ മറുപടിയാണ്: 
വെളുത്ത മണല്‍ വിരിച്ച 
തണുത്ത പാതയെ 
പാദങ്ങളാല്‍ പുണര്‍ന്ന് 
കൈക്കൂട്ടില്‍ പൂട്ടിയിട്ട 
സ്വപ്നങ്ങളെ 
പൂമ്പാറ്റകളെപ്പോലെ 
പറത്തിവിടണം.
പുരുഷന്റെ നഷ്ടങ്ങള്‍ക്കെല്ലാം കാരണക്കാരിയായി സ്ത്രീയെ കരുതുന്ന ക്രൂരതയെ കല്പറ്റ നാരായണന്‍ അവതരിപ്പിക്കുന്നത് ശ്രദ്ധേയമാണ്: 
അന്നത്തിനു മുട്ടുമ്പോള്‍
പണിയെടുത്തു തളരുമ്പോള്‍
പോയ കാര്യം നടക്കാതെ വരുമ്പോള്‍
അങ്ങാടിയില്‍ തോല്‍ക്കുമ്പോള്‍
വേദനകള്‍ ദുസ്സഹമാകുമ്പോള്‍
ഇപ്പോഴും ആദാം ഹവ്വയെ കുറ്റ പ്പെടുത്തുന്നു
നീ കാരണമാണ്
നീ കാരണമാണ്.
എന്നാലൊട്ട് അവള്‍ക്ക് ഒരുനിമിഷം വെറുതെയിരിക്കാനുമാവില്ല. ആറ്റൂര്‍ രവിവര്‍മ ആ ചിത്രം ഇങ്ങനെ വരച്ചിടുന്നു:
ഉറങ്ങാറുണ്ടാവില്ല അവളോളം
വൈകിയൊരു നക്ഷത്രവും
ഒരൊറ്റ സൂര്യനും അവളേക്കാള്‍
നേരത്തേ പിടഞ്ഞെണീറ്റിട്ടുണ്ടാ വില്ല.
അമ്മ രാത്രിയില്‍ ഉറങ്ങാന്‍ കിടന്നത് എപ്പോഴെന്നും രാവിലെ ഉണര്‍ന്നെണീറ്റത് എപ്പോഴെന്നും അറിയാന്‍ കഴിയാത്തതാണല്ലോ നമ്മുടെയൊക്കെ ഭാഗ്യജീവിതത്തിന്റെ അടയാളം. മക്കളുറങ്ങുന്നതും ഉണരുന്നതും അറിയുന്നവള്‍ അമ്മയെന്നതും നമ്മുടെ ഭാഗ്യം. 
അതുകൊണ്ടാവാം ആറ്റൂര്‍തന്നെ തുടരുന്നു: 
പുറപ്പെട്ടേടത്താണൊരായിരം
കാതമവള്‍ നടന്നിട്ടും
കുനിഞ്ഞുവീഴുന്നുണ്ടൊരാ-
യിരം വട്ടം നിവര്‍ന്നുനിന്നിട്ടും
ടി.പി. രാജീവന്റെ ഒരു കവിതയുടെ തുടക്കമിങ്ങനെ:
എല്‍.ഡി. ക്ലാര്‍ക്ക് വാസന്തി
രണ്ടു കുട്ടികള്‍ക്കമ്മ
ഉപ്പിടാന്‍ മറന്നുപോയ്
കറികളിലിന്നു രാവിലെ.
തുടര്‍ന്നുള്ള വരികളിങ്ങനെ: 
സാമ്പാറ,വിയ,ലോലന്‍
ചുട്ടരച്ച ചമ്മന്തി
വീട്ടുകാര്‍ വലിച്ചെറിഞ്ഞു
ഉപ്പില്ലല്ലോ ഒന്നിലും.
ഇക്കാര്യമോര്‍ത്തോര്‍ത്തു സങ്കടപ്പെട്ടു വൈകിയാണവള്‍ അന്ന് ഓഫീസിലെത്തിയത്. ഹാജര്‍ബുക്കില്‍ ഒപ്പിടാന്‍ മറന്നെങ്കിലും പണിയെടുക്കാന്‍ അവള്‍ മറന്നില്ല. എന്നിട്ടോ? 
ശ്രദ്ധിച്ചു പഠിച്ചെഴുതി 
അവളയച്ച ഫയലുകള്‍ 
മടക്കി മേലധികാരി
ഒപ്പില്ലത്രെയൊന്നിലും.
കവി ഇപ്രകാരം കുറിച്ച് അവസാനിപ്പിക്കുന്നു: 
വലിച്ചെറിയാമാര്‍ക്കും
തിരിച്ചയയ്ക്കാം വീണ്ടും
വെള്ളമേറിപ്പോയെന്നൊരു
കുറവില്ലേ കണ്ണീരിലും.
കറുത്ത ഹാസ്യമെന്നോ മറ്റോ വിശേഷിപ്പിക്കാവുന്നതാണ് ശ്രീജിത് അരിയല്ലൂരിന്റെ കവിത: 
സോപ്പിനു പേര് ചന്ദ്രിക
ചന്ദനത്തിരിയുടെ പേര് സന്ധ്യ
അലിഞ്ഞുതീരുന്നതിനും
എരിഞ്ഞൊടുങ്ങുന്നതിനും 
പെണ്‍പേരുതന്നെ ശരണം.
പുതുകാലകവിതയിലെ ഈ വരികളില്‍ വാസ്തവമുണ്ടല്ലോ എന്നു തോന്നിയാല്‍ അതില്‍ അദ്ഭുതപ്പെടാനില്ല. ഒളപ്പമണ്ണ എന്ന കവി പണ്ടേ എഴുതിയ 'ചന്ദനം' എന്ന കവിതയില്‍ ഇതേ ആശയത്തിന്റെ മറ്റൊരു ആവിഷ്‌കാരം കാണാം: 
രാവിലെയീറന്‍ കെട്ടി
നിന്നുകൊണ്ടരയ്ക്കുന്നു
കാമിനി ചാണക്കല്ലില്‍-
ച്ചന്ദനം - ഇതു കാണ്‍കേ,
അന്തരാ കഥിച്ചു ഞാന്‍: 
ഓമനേ തവ ജീവ-
ചന്ദന സുരഭില-
മല്ലീ മാമകജന്മം?
കവി തുടര്‍ന്നെഴുതുന്നത് അനുദിനജീവിതത്തിലെ പരമസത്യമാണ്: 
നിന്റെ കൈയെത്താത്തേടം
നിന്റെ കണ്ണെത്താത്തേടം,
നീയാകെയെത്താത്തേട-
മില്ലയിക്കുടുംബത്തില്‍.
കവി അടിവരയിട്ടെഴുതുന്ന വരികള്‍കൂടി ശ്രദ്ധിക്കാം: 
നീയര,ഞ്ഞരഞ്ഞില്ലാ-
താവുന്നൂ ദിനംതോറും.
എസ്. രമേശന്‍നായര്‍ സ്ത്രീത്വത്തിന്റെ സവിശേഷതകളെക്കുറിച്ച് ജന്മപുരാണം എന്ന കവിതയില്‍ വാചാലനാവുന്നുണ്ട്: 
കൈവരിക്കുകയാം 
സ്ത്രീത്വം
സ്‌നേഹത്താല്‍ ത്യാഗ
ബുദ്ധിയാല്‍
ക്ഷമാശീലങ്ങളാലും
സ്വര്‍ഗമീ നരകത്തിലും!
അതെങ്ങനെയെന്നോ? 
അധ്വാനിക്കാതെയുണ്ണാത്തോള്‍
അമൃതം പങ്കുവയ്ക്കുവോള്‍
അവളക്ഷയപാത്രം ത-
ന്നാത്മാവില്‍ക്കാത്തുവച്ചവള്‍.
തീര്‍ന്നില്ല, പുരുഷനെ മനുഷ്യനാക്കുന്നതും സ്ത്രീയാണത്രേ: 
അവളേകിയ സമ്മാനം
മാറണച്ചച്ഛനായി നീ
അവളെത്തൊട്ടുനിന്നപ്പോള്‍ 
അപ്പോള്‍  മാനവനായി നീ! 
കാര്യമെല്ലാം ശരിതന്നെ. പക്ഷേ, അതൊക്കെ മനസ്സില്‍ വച്ചിരുന്നാല്‍ മതിയോ? മാധവിക്കുട്ടിയുടെ നിരീക്ഷണം ഇവിടെ പ്രസക്തമാണ്:
പ്രകടമാക്കാത്ത സ്‌നേഹം നിരര്‍ത്ഥകമാണ്,
പിശുക്കന്റെ ക്ലാവ് പിടിച്ച നാണ്യശേഖരംപോലെ
ഉപയോഗശൂന്യവും.
അതുകൊണ്ടാണ് കെ. ജോര്‍ജ് ജോസഫ് 'എങ്കില്‍' എന്ന കൊച്ചുകവിതയില്‍ ഈ വരികള്‍ എഴുതുന്നത്:
പാവത്തിനു സമാധാനമാകും
ഞാനൊന്നു മിണ്ടിയിരുന്നെങ്കില്‍
ഒന്നു തലോടിയിരുന്നെങ്കില്‍
ഒരു രാത്രിയെങ്കിലും പരസ്പരം
തിരിഞ്ഞുകിടക്കാതിരുന്നെങ്കില്‍
പക്ഷേ,
ഈ കുഴിമാടത്തിന്നരികിലിരുന്ന്
ഇനി ആശ്വസിപ്പിച്ചിട്ടെന്തു കാര്യം?
ഒന്നേ പ്രതിവിധിയുള്ളൂ. കാലം വൈകുംമുമ്പേ ഹൃദയപൂര്‍വം പറയാം, ഒഎന്‍വിയോടൊപ്പം:
ഇവളെന്നോടൊപ്പം വെയിലേറ്റു വാടിയോള്‍
പുതുമണ്ണിന്‍ മദഗന്ധമായ് വന്നോള്‍
വെയിലേറ്റു വാടാനും കുളിരേറ്റു മയങ്ങാനും ഇളംകാറ്റില്‍ അലിയാനും പുതുനാമ്പായ് ഉണരാനും അവള്‍ ഒപ്പമുണ്ടാകട്ടെ. താഴെയുമല്ല, മീതെയുമല്ല, ഒപ്പം. ഈ വനിതാദിനത്തിലെ മാനവചിന്ത ഇതായിരിക്കട്ടെ. എല്ലാവര്‍ക്കും വനിതാദിനാശംസകള്‍!
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)