ജെയിംസ് ആന്‍ഡ് ആലീസ് എന്ന സിനിമ, തിയറ്ററുകളില്‍ വലിയ അനക്കമുണ്ടാക്കിയില്ലെങ്കിലും, സിനിമ കണ്ടവരുടെ ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന ഒരു രംഗം ശ്രദ്ധേയമാണ്. വാഹനാപകടത്തില്‍ മരിച്ച നായകന്‍ സ്വര്‍ഗത്തില്‍ പത്രോസുമായി നടത്തുന്ന വര്‍ത്തമാനമാണു രംഗം.
താഴേക്കു നോക്കുമ്പോള്‍ ഭൂമിയില്‍ എല്ലാവരുടെയും തലയ്ക്കു മുകളില്‍ ഓരോ നമ്പറുകള്‍ രേഖപ്പെടുത്തിയിരിക്കുന്നു. 145, 6852, 45, 44875.... അതെന്താണെന്നു പത്രോസിനോടു ചോദിക്കുകയാണു നായകന്‍.
അവര്‍ക്കു ജീവിതത്തില്‍ ഇനി അവശേഷിക്കുന്ന ദിവസങ്ങളുടെ എണ്ണമാണ് അതെന്ന് പത്രോസിന്റെ മറുപടി.
തന്റെ കുഞ്ഞുങ്ങളുമായി നടന്നുപോകുന്ന അമ്മയുടെ തലയ്ക്കു മീതേ ആറ് എന്നു കാണുന്ന നായകന്‍ അസ്വസ്ഥനാകുന്നു.
എല്ലാവരുടെയും തലയ്ക്കുമീതേ മരണത്തിലേക്ക് ഇനി എത്രനാള്‍ എന്നു രേഖപ്പെടുത്തിയിട്ടുണ്ടെന്നുകൂടി പത്രോസ് പറയുന്നു; സിനിമ പുരോഗമിക്കുന്നു...
ചരിത്രത്തെ രണ്ടായി പകുത്ത ഒരു മരണത്തിന്റെ സ്മൃതി, ലോകമാകെ നോമ്പിന്റെ ആത്മീയതയില്‍ ധ്യാനിക്കുന്ന നാളുകളാണിത്. നോമ്പിന്റെ ഒരുക്കമെന്നാല്‍ മഹത്തായൊരു മരണത്തെ ആത്മനാ അനുസ്മരിക്കാനുള്ള ഒരുക്കം എന്നുകൂടി അര്‍ഥമുണ്ടെന്നാണ് എന്റെ വിചാരം. മഹിതമായ മരണസ്മൃതിയിലൂടെ ഉത്ഥാനത്തിന്റെ പ്രത്യാശയിലേക്കുള്ള യാത്രയുടെ പേരുകൂടിയാണു നോമ്പ്.
മരണം എന്ന യാഥാര്‍ഥ്യത്തെക്കുറിച്ചു കൂടുതല്‍ കേള്‍ക്കാനോ അനുഭവിക്കാനോ ആഗ്രഹിക്കാത്ത നമുക്ക്, തലയ്ക്കുമീതേ എഴുതപ്പെട്ട (എണ്ണപ്പെട്ട) നാളുകളെത്രയെന്നറിയാന്‍ മാര്‍ഗമില്ല. എങ്കിലും, 'എന്തുവന്നാലുമാസ്വദിച്ചീടണം' ഈ ജീവിതമെന്ന ആഘോഷമനസ്സോടെ കുതിക്കുന്ന നമുക്ക്, ഒരുവേള നിശ്ശബ്ദമായി ജീവിതത്തിന്റെ നടവഴികളിലേക്ക് ആത്മവിശകലനവിവേകത്തോടെ തിരിഞ്ഞുനോക്കാനും തിരുത്താനും വഴിതെളിക്കാനും വഴിതിരുത്താനും പുതുവഴികളൊരുക്കാനുമൊക്കെയുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാകുന്നു ഈ നോമ്പുകാലം.
മണല്‍പ്പുറങ്ങളിലെ വീടുകള്‍
യഥാര്‍ഥ ക്രിസ്തുശിഷ്യരും സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നവരും ആരെന്നു പഠിപ്പിക്കുന്ന വചനധ്യാനം വലിയനോമ്പുകാലത്തു സഭാമാതാവ് നമുക്കു പ്രത്യേകമായി നല്‍കുന്നുണ്ട്. കര്‍ത്താവേ കര്‍ത്താവേ എന്നു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണു സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നതെന്നാണു (മത്താ. 7:21) വചനം പഠിപ്പിക്കുന്നത്. വചനം കേള്‍ക്കുന്നതിനപ്പുറം അതനുസരിച്ചു ജീവിക്കാത്തവന്‍ മണല്‍പ്പുറത്തു വീടുപണിത ഭോഷനാണെന്നും (മത്താ. 7:26) ബൈബിള്‍ ഓര്‍മപ്പെടുത്തുന്നു.
പ്രാര്‍ഥനകളില്‍ യഥാര്‍ഥ പ്രാര്‍ഥനയും വിശ്വാസത്തില്‍ യഥാര്‍ഥ വിശ്വാസവും ശിഷ്യഗണത്തില്‍ യഥാര്‍ഥ ശിഷ്യനെയും തിരിച്ചറിയാന്‍ ദൈവത്തിനു പ്രയാസമുണ്ടാകില്ല; നാം അല്പം പ്രയാസപ്പെട്ടാലും!
പലപ്പോഴെങ്കിലും പ്രകടനങ്ങളിലൊതുങ്ങുന്ന വിശ്വാസജീവിതത്തിലെ പൊള്ളത്തരങ്ങള്‍ക്കു നേരേ ക്രിസ്തു വിരല്‍ചൂണ്ടുന്നുണ്ട്. 'സ്വര്‍ഗസ്ഥനായ പിതാവേ' എന്നുറക്കെ വിളിക്കാന്‍ ദേവാലയത്തില്‍ ഇരുകൈകളുമുയര്‍ത്തുന്നവരില്‍ ആരാണ് യഥാര്‍ഥ വിശ്വാസി എന്നു തിരിച്ചറിയാന്‍ വികാരിയച്ചന്‍ വിഷമിക്കുന്നുണ്ടെങ്കില്‍, ആ ഇടവക മണല്‍പ്പുറത്തു പണിയുന്ന ഭവനങ്ങളാണെന്നോര്‍ക്കണം.
വചനങ്ങള്‍ കേള്‍ക്കുന്നതുകൊണ്ടും പറയുന്നതുകൊണ്ടും സ്വര്‍ഗരാജ്യപ്രവേശനം ഉറപ്പാണെന്നു കരുതേണ്ടതില്ല. ജീവിതംകൊണ്ടു വചനങ്ങളെ പൂരിപ്പിക്കുന്നതിലാണു വിവേകമെന്നും സ്വര്‍ഗരാജ്യത്തിന്റെ മഹിമയെന്നും നോമ്പുകാലത്തിന്റെ പാഠമുണ്ട്.
ഉച്ചത്തില്‍ ഉയര്‍ന്ന സ്തുതിപ്പുകള്‍ക്കിടയില്‍, സ്വര്‍ഗസ്ഥനായ പിതാവിന്റെ ഹിതാനുസരണമുള്ള ജീവിതത്തിനു ഞാന്‍ തയ്യാറെന്നു നിശ്ശബ്ദമായെങ്കിലും പറഞ്ഞവര്‍ക്കൊപ്പമാകും ക്രിസ്തു ജീവിക്കുന്നത്; ആ ചങ്കുറപ്പിനു മുമ്പിലാകും സ്വര്‍ഗരാജ്യത്തിലേക്കുള്ള പ്രവേശനകവാടം തുറക്കുന്നതും.
ക്രിസ്തുജീവിതത്തിന്റെ പകര്‍ത്തിയെഴുത്ത്
കര്‍ത്താവേ, കര്‍ത്താവേ എന്നു വിളിച്ചപേക്ഷിക്കുന്നവനെക്കാള്‍, കര്‍ത്താവിനെ ജീവിതത്തില്‍ പകര്‍ത്തുന്നവര്‍ക്കാണു ക്രിസ്തീയജീവിതപരീക്ഷകളില്‍ ഇന്റേണല്‍ മാര്‍ക്കു കിട്ടാനിടയുള്ളത്. മാര്‍ക്കു നേടാന്‍ ക്രിസ്തു മുന്നോട്ടുവയ്ക്കുന്ന ഈ 'ജീവിതം പകര്‍ത്തലിന്റെ' അസൈന്‍മെന്റ് കൃത്യമായി ചെയ്തുതീര്‍ക്കുകതന്നെ വേണം.
അള്‍ത്താരയില്‍ അപ്പമായി ഒതുങ്ങിക്കൂടിയിരിക്കുന്നവന്‍, തന്റെ പേരിലുള്ള വലിയ ആഘോഷങ്ങളെ അകറ്റിനിര്‍ത്തിയതില്‍ വല്ലാതെ വ്യാകുലപ്പെടുമെന്നു കരുതേണ്ടതില്ല. നിത്യവും പുകഴ്ച കൊതിക്കുന്ന രാജാവല്ല നമ്മുടെ ക്രിസ്തു. തനിക്കായി ആഘോഷങ്ങളൊരുക്കുന്നവരെക്കാള്‍, തന്നെ പകര്‍ത്തുന്നവരിലാണു സ്വര്‍ഗാനുഭവമെന്നു പഠിപ്പിച്ചവന്റെ പേരാണല്ലോ ക്രിസ്തു.
വചനം, ജീവിതം
ജീവദായകമാണു വചനം, ജീവിക്കാനുള്ളതാണു വചനം, ജീവന്‍തന്നെയാണു വചനം. വായനയുടെ പ്രാഥമികതലത്തില്‍നിന്നു ജീവിതത്തിന്റെ നിര്‍ണായകതലങ്ങളിലേക്കു പകര്‍ത്തപ്പെടുമ്പോഴാണു വചനത്തിനു ജീവനുണ്ടാകുന്നത്; അതു സമൃദ്ധമാകുന്നത്. വചനത്തിന്റെ അനുസരണത്തിലാണു ജീവിതത്തിലെ വിവേകം.
വചനത്തോടുള്ള അനുസരണക്കേടിനെ ഭോഷത്തമെന്നാണു ക്രിസ്തു വിളിക്കുന്നത്. കാഴ്ചയില്‍ ഭംഗിയുള്ള മണല്‍പ്പുറങ്ങള്‍ക്കു ഭവനങ്ങളൊരുക്കാനാവുന്ന ഉറപ്പില്ല. അകത്തു കറുപ്പൊളിപ്പിച്ചു പുറം കാഴ്ചകളില്‍ വെണ്മ പ്രകാശിപ്പിക്കുന്നവരോ നമ്മള്‍? അകക്കാമ്പില്ലാത്ത പുറംമോടികളെ ഭോഷത്തമെന്നല്ലാതെ എന്തുവിളിക്കാന്‍? കേവലം കേള്‍വിയുടെ ശ്രവണവൃത്തങ്ങള്‍ക്കപ്പുറത്തു വചനത്തെ ജീവിതത്തോടു ചേര്‍ത്തുനിര്‍മിക്കാന്‍ സാധിക്കണം. ഇല്ലെങ്കില്‍ വീഴ്ച വലുതായിരിക്കുമെന്നുകൂടി (മത്തായി 7:27) ഓര്‍മപ്പെടുത്തലുണ്ട്. വചനം തന്നില്‍ നിറവേറാന്‍ തന്നെത്തന്നെ വിട്ടുനല്‍കിയ മറിയത്തിന്റെ മംഗളവാര്‍ത്താപാഠം വലിയനോമ്പുകാലത്തു ധ്യാനിക്കാം.
ആത്മീയജീവിതത്തിലെ അക്ഷരത്തെറ്റുകളെ തിരുത്താന്‍, വിശ്വാസത്തിന്റെ ഭവനനിര്‍മിതി ഉറപ്പുള്ള പാറമേലാകാന്‍, നമുക്കായി കുരിശുമരണത്തോളം കീഴ്‌വഴങ്ങിയവനെ ജീവിതത്തിലേക്കു പകര്‍ത്തിയെഴുതാന്‍ നമുക്കു സാധിക്കുന്നിടത്തു നോമ്പുകാലവും അനന്തരം ഉയിര്‍പ്പും പകരുന്നതു പ്രത്യാശ തന്നെ.