നമ്മുടെ കുട്ടികളുടെ സ്‌കൂള്‍ മുറ്റങ്ങളിലേക്ക്, അവരുടെ സൗഹൃദയിടങ്ങളിലേക്ക് പകയുടെയും വിദ്വേഷത്തിന്റെയും കനലെരിയിച്ചും ചോരയുടെ ചുവപ്പു വീഴ്ത്തിയും കളിചിരികളെ തല്ലിക്കെടുത്തി, അവരെ കൊലപാതകികളാക്കുന്നതാരാണ്? ഒരു നല്ല നാളെയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഇതള്‍വിടര്‍ത്തുന്ന പാഠപുസ്തകങ്ങള്‍ക്കും പരസ്പരസ്‌നേഹത്തില്‍ കൊരുക്കേണ്ട നിഷ്‌കളങ്കസ്‌നേഹത്തിനും പകരം അവര്‍ എന്നുമുതല്‍ക്കാണ് സ്‌കൂളുകളിലേക്കു നഞ്ചക്കുപോലുള്ള ആയുധങ്ങളുമായി കടന്നുചെന്ന് പരസ്പരം തല്ലിക്കൊല്ലാനിറങ്ങിയത്? നമ്മുടെ കുട്ടികളെ മനസ്സിലാക്കാന്‍ ശ്രമിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
കുട്ടികള്‍ക്കു നല്ല മാതൃകകള്‍ പകരാന്‍ നമ്മുടെ സമൂഹത്തിനാകുന്നില്ല. വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷവും കൂട്ടുകാര്‍ക്കെതിരായ മര്‍ദനങ്ങളും ആവര്‍ത്തിക്കുമ്പോഴും അതിരുവിടുമ്പോഴും 'അരുത്' എന്നു വിലക്കാന്‍ നമ്മുടെ അധ്യാപകര്‍ക്കു കഴിയുന്നില്ല. സ്‌നേഹത്തില്‍പൊതിഞ്ഞ ശാസനകളിലൂടെ അവരെ നേര്‍വഴിക്കു നടത്താനും അവരുടെ മനസ്സുകളിലേക്കു നന്മയുടെ പാഠങ്ങളുമായി കടന്നുകയറാനും എന്തുകൊണ്ടാണ് നമ്മുടെ അധ്യാപകര്‍ക്കു കഴിയാതെപോകുന്നത്? കുട്ടികളെ സ്‌നേഹിച്ചു വഷളാക്കുന്ന മാതാപിതാക്കളും ഇതില്‍ ഉത്തരവാദികള്‍തന്നെ. സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്നവിധം നമ്മുടെ കൗമാരം അധഃപതിച്ചെങ്കില്‍, അവരുടെ പ്രശ്‌നങ്ങള്‍ ആഴത്തില്‍ പഠിച്ച് അവയ്ക്കു പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ ഇപ്പോഴത്തെ നിലയില്‍ നമ്മുടെ കുട്ടികളെ നമുക്കു നഷ്ടപ്പെടുമെന്നുറപ്പാണ്.
നന്മയുടെയും സ്‌നേഹത്തിന്റെയും പാഠങ്ങള്‍ പഠിക്കേണ്ട ക്ലാസ്മുറികളെ ഇന്ന് ആയുധങ്ങളും ലഹരിയും കീഴടക്കിയിരിക്കുന്നു. ലഹരിയിലമര്‍ന്ന സമൂഹത്തിന്റെ ചെറിയൊരു പതിപ്പായി നമ്മുടെ കുട്ടികള്‍ മാറിയിരിക്കുന്നു. നമ്മുടെ ചില കുട്ടികളുടെ കൊലവിളികളും വെല്ലുവിളികളും സമൂഹത്തെ ഞെട്ടിക്കുന്നതാണ്. മനുഷ്യത്വം നഷ്ടമായ ഈ തലമുറ ഭാവിയെക്കുറിച്ച് എന്തു പ്രതീക്ഷയാണു നല്‍കുന്നതെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. അക്രമങ്ങളും തമ്മില്‍ത്തല്ലും ക്ലാസ് മുറികളില്‍പ്പോലും നടമാടുന്നു. അധ്യാപകരെ വെല്ലുവിളിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്യുന്ന കുട്ടികള്‍ ഈ നാടിന്റെ വഴിപിഴച്ച പോക്കിന്റെ നേര്‍ച്ചിത്രമാണ്. ഈ കുട്ടികളിലേക്ക് എങ്ങനെ സ്‌നേഹം പകര്‍ന്നുകൊടുക്കാമെന്നു ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
കഴിഞ്ഞദിവസം കൂട്ടുകാരാല്‍ കൊല്ലപ്പെട്ട ഷഹബാസ് എന്ന വിദ്യാര്‍ഥിക്കുനേര്‍ക്ക് മര്‍ദനമേല്‍ക്കുന്നതിനുമുമ്പും അതിനുശേഷവും കുട്ടികള്‍ സമൂഹമാധ്യമങ്ങളില്‍ നടത്തിയ കൊലവിളികളെക്കുറിച്ചുകേട്ട വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. 'ഷഹബാസിനെ ഞാന്‍ കൊല്ലും എന്നു പറഞ്ഞാല്‍ കൊല്ലും' എന്ന് കൊലവിളി നടത്തുന്ന ഒരു വിദ്യാര്‍ഥി! ലജ്ജിക്കുക കേരളമേ, ലജ്ജിക്കുക! മാനവികതയുടെയും മൂല്യങ്ങളുടെയും വിളനിലമെന്നു വിശേഷിപ്പിക്കപ്പെടുന്ന കേരളനാട്ടില്‍ ജനിച്ചുവളര്‍ന്ന ഈ കുട്ടിയുടെ മനസ്സിലേക്ക് എന്തു മാനവികതയുടെ സന്ദേശമാണ് ഈ നാടിനു പകര്‍ന്നുകൊടുക്കാനായത് എന്നോര്‍ക്കുമ്പോള്‍ ഹൃദയം നിറയെ വേദനയുണ്ട്.
പാലക്കാട് ജില്ലയില്‍ സ്വകാര്യ ഐ.ടി.ഐ. വിദ്യാര്‍ഥിയുടെ മൂക്ക് പരിക്കേറ്റു തകര്‍ന്ന സംഭവം, മലപ്പുറംജില്ലയില്‍ സഹപാഠിയുടെ കത്തിക്കുത്തേറ്റ പതിനാറുകാരന്‍, എറണാകുളത്ത് സഹപാഠികളില്‍നിന്നേറ്റ ശാരീരിക, മാനസികപീഡനങ്ങള്‍ സഹിക്കാനാവാതെ ജീവനൊടുക്കിയ ഒമ്പതാംക്ലാസുകാരന്‍ തുടങ്ങിയവരൊക്കെ വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന അക്രമസംഭവങ്ങളുടെ ഇരകളാണ്. സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ക്രിമിനല്‍ ചിന്താഗതിയുടെ ഭാഗമായി ഈ അക്രമവാസനയെ കാണാമെങ്കിലും കേരളത്തിലെ കുട്ടികള്‍ വല്ലാത്തൊരു മാനസികാവസ്ഥയിലൂടെയാണു കടന്നുപോകുന്നതെന്ന് ഇത്തരം സംഭവങ്ങള്‍ ഓര്‍മിപ്പിക്കുന്നു.
കേരളം, മയക്കുമരുന്ന് മാഫിയകളുടെ ഇഷ്ടതാവളമായി മാറിക്കൊണ്ടിരിക്കുകയാണ്. കഞ്ചാവിന്റെ കാലം കഴിഞ്ഞ് സംസ്ഥാനത്ത് ഇന്ന് രാസലഹരികള്‍ ഒഴുകുകയാണ്. വെളിച്ചത്തിനുമുന്നില്‍ വന്ന് എരിഞ്ഞടങ്ങുന്ന ഈയാംപാറ്റകളെപ്പോലെ നമ്മുടെ യുവതലമുറ ലഹരിക്കുമുന്നില്‍ എരിഞ്ഞടങ്ങുന്നു. കഞ്ചാവും അനുബന്ധലഹരികളും അപ്രസക്തമായി, പകരം അതിമാരകമായ രാസലഹരിയാണ് ഇന്ന് കേരളത്തിലെ യുവാക്കളെ കീഴടക്കുന്നത്. ഗോവ, കര്‍ണാടക തുടങ്ങിയ അയല്‍സംസ്ഥാനങ്ങളില്‍നിന്ന് വലിയ അളവില്‍ മയക്കുമരുന്ന് ഒഴുകിയെത്തുന്നു. സിന്തറ്റിക് മയക്കുമരുന്നുകളുടെ വ്യാപനം പണ്ട് നഗരങ്ങളിലായിരുന്നുവെങ്കില്‍, ഇന്ന് ഗ്രാമപ്രദേശങ്ങളിലും ഇവ സുലഭമാണ്.
ഒഡീഷയില്‍നിന്നെത്തിച്ച രണ്ടു കോടി രൂപ വിലവരുന്ന രണ്ടു കിലോ ഹാഷിഷ് ഓയിലുമായി രണ്ടുപേരെ തൃശൂരില്‍നിന്നു പിടിച്ചത് കഴിഞ്ഞ ദിവസമാണ്. എംഡിഎംഎയും കഞ്ചാവുമായി യുവാവിനെ ശാസ്താംകോട്ടയില്‍ സ്വന്തം വീടിനടുത്തുനിന്നു പിടിച്ചിട്ടും ദിവസങ്ങളേ ആയുള്ളൂ. അതേദിവസംതന്നെ, വാളയാര്‍ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ ഇരുനൂറു മയക്കുമരുന്നുഗുളികകളുമായി തമിഴ്‌നാട് സ്വദേശിയെ അറസ്റ്റു ചെയ്തു. കായംകുളത്ത് അഞ്ചു കിലോ കഞ്ചാവുമായി യുവാവിനെ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ് പിടിച്ചതും ഫെബ്രുവരി അവസാനമാണ്. അന്നുതന്നെ 20 ലക്ഷം രൂപ വിലവരുന്ന 550 ഗ്രാം എംഡിഎംഎയുമായി കൊണ്ടോട്ടിയില്‍ യുവാവ് പിടിയിലായി. കോഴിക്കോട് നഗരത്തില്‍ എംഡിഎംഎ വില്‍ക്കുന്ന രണ്ടു പേരെ പിടിച്ചതും ഇക്കഴിഞ്ഞ നാളിലാണ്. ഇത് അടുത്തദിവസങ്ങളിലെ ഏതാനും ചില കേസുകളുടെ കാര്യംമാത്രമാണ്.
കൊച്ചിയില്‍ ലഹരിക്കടിമയായ ഒരു ഒമ്പതാം ക്ലാസ്സുകാരന്‍ സ്വന്തം സഹോദരിയെ പീഡിപ്പിച്ചുവെന്നത് ഇതെഴുതുമ്പോള്‍ കേട്ട ഏറ്റവും പുതിയ വാര്‍ത്തയാണ്.
2024 ല്‍ ഡിസംബര്‍ 18 വരെ 7,830 എന്‍ഡിപിഎസ് (നാര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈകോട്രോപിക് സബ്സ്റ്റന്‍സ് ആക്ട്) കേസുകളാണ് എക്‌സൈസ് വകുപ്പിന്റെ കണക്കുപ്രകാരം രജിസ്റ്റര്‍ ചെയ്തത്. 7,691.53 ഗ്രാം ഹാഷിഷ് ഓയില്‍, 12,590.15 ഗ്രാം കഞ്ചാവ്, 39.075 ഗ്രാം ചരസ് 3,263.95 ഗ്രാം എംഡിഎംഎ എന്നിവ 2024 ല്‍ പിടികൂടി. 2016 മുതല്‍ 2022 വരെയുള്ള കണക്കനുസരിച്ച്, ലഹരിക്കേസുകളില്‍ സംസ്ഥാനത്ത് 360 ശതമാനം വര്‍ധനയുണ്ടായി. മയക്കുമരുന്നു കഴിച്ചവര്‍ക്ക് ആരെയും കൊല്ലാന്‍ മടിയില്ലാതായി. മയക്കുമരുന്നു കഴിച്ചവര്‍ എന്തു ചെയ്താലും പ്രതികരിക്കാന്‍ ജനത്തിനും പൊലീസിനും ഭയമാണ്.
എം.ഡി.എം.എ, ബ്രൗണ്‍ഷുഗര്‍, ഹാഷിഷ് ഓയില്‍, ഹെറോയിന്‍ തുടങ്ങിയ ലഹരി വസ്തുക്കളുടെ ഉപയോഗം കൂടിയിരിക്കുന്നു. എം.ഡി.എം.എ കേസുകളാണ് മുന്നില്‍. 3107.525 ഗ്രാമാണ് 2024 ല്‍ കോഴിക്കോട് മാത്രം ജില്ലാ നര്‍ക്കോട്ടിക് സെല്‍ പിടികൂടിയത്. ഗ്രാമിന് പതിനായിരത്തിലധികം രൂപയാണ് ഇതിനു വില. 2023 ല്‍ 2116 ഗ്രാമായിരുന്നു പിടികൂടിയത്. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ആശങ്കയുയര്‍ത്തുന്ന കണക്കുകളാണ്. ബംഗളൂരു, ചെന്നൈ നഗരങ്ങളില്‍മാത്രമുണ്ടായിരുന്ന ന്യൂജന്‍ ലഹരിവസ്തുക്കളുടെ ഉപയോഗവും വില്പനയും കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ വരെ സുലഭമാണ്. കഞ്ചാവും മദ്യവുമൊക്കെ ഉപയോഗിച്ചിരുന്നവര്‍ രാസലഹരിയിലേക്കു വഴിമാറുന്നെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് വില്പന വ്യാപകമാവുന്നത്.
ഇതിനുപുറമേ സമൂഹത്തില്‍ അക്രമവാസന വളര്‍ത്തുന്ന സിനിമകള്‍ ധാരാളമായി ഇറങ്ങിക്കൊണ്ടിരിക്കുന്നു. മനുഷ്യന്റെ അക്രമവാസനയെയും അസഹിഷ്ണുതയെയും വിറ്റു കാശാക്കാന്‍ അക്രമങ്ങളും കൊലപാതകങ്ങളും ലൈംഗികാതിക്രമങ്ങളുമായി സിനിമകള്‍ എത്തിക്കൊണ്ടേയിരിക്കുന്നു. ഇത്തരം ക്രിമിനലിസം കുത്തിനിറച്ച സിനിമകള്‍ കാണുന്ന കുട്ടികള്‍ക്ക് ശരിയേത്, തെറ്റേത് എന്ന വിവേചനാശക്തിപോലും നഷ്ടപ്പെട്ടുപോകുന്നു. ഇവിടെയാണ് നല്ലതും ചീത്തയും കുട്ടികള്‍ക്കു മനസ്സിലാക്കിക്കൊടുക്കാന്‍ അധ്യാപകരും മാതാപിതാക്കളും ശ്രദ്ധിക്കേണ്ടത്.
ഇന്ത്യയിലെ ഏറ്റവും അക്രമാസക്തമായ ചിത്രമെന്ന കുപ്രസിദ്ധിയോടെയിറങ്ങിയ 'മാര്‍ക്കോ' തുടങ്ങിയ സിനിമകള്‍ പണം വാരിക്കൂട്ടി വിജയിക്കുന്ന ഈ കാലത്ത് നാട്ടിലാകെ, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതില്‍ അതിശയിക്കാനില്ല. അടുത്തയിടെ കോടികളുടെ ക്ലബ്ബില്‍ കയറിയ മിക്ക സിനിമകളും വയലന്‍സ് നിറഞ്ഞവയാണ്. സമൂഹത്തിലെ കുറ്റകൃത്യങ്ങള്‍ക്കെല്ലാം കാരണം സിനിമയെന്നല്ല പറയുന്നത്. പക്ഷേ, സിനിമ യുവതലമുറയെയും സമൂഹത്തെയും സ്വാധീനിക്കുന്നു എന്നതില്‍ രണ്ടുപക്ഷമില്ല.
കുട്ടികള്‍ക്കിടയില്‍ മാത്രമല്ല സമൂഹത്തിലാകെ ഇന്ന് അക്രമവും കൊലപാതകങ്ങളും ആത്മഹത്യകളും വര്‍ധിച്ചുവരുന്നു. ഇത്തരമൊരു സമൂഹത്തെയും അക്രമം പ്രോത്സാഹിപ്പിക്കുന്ന സിനിമകളെയും കണ്ടുവളരുന്ന കുട്ടികള്‍ക്കു വഴിപിഴയ്ക്കുന്നതില്‍ ആരെയാണ് കുറ്റപ്പെടുത്താന്‍ കഴിയുന്നത്?
കുറ്റകൃത്യങ്ങള്‍ തടയാന്‍ രാജ്യം നിയമസംഹിതകള്‍ നടപ്പാക്കുന്നുണ്ടെങ്കിലും, സാമൂഹികാന്തരീക്ഷം കുറ്റകൃത്യങ്ങള്‍ക്കു പ്രചോദനം നല്‍കുന്നതെങ്കില്‍, നിയമങ്ങള്‍കൊണ്ട് ഉദ്ദേശിക്കുന്ന ഫലം ലഭിക്കുന്നില്ല.
ഇതിനൊപ്പം കലാലയങ്ങളില്‍ അരങ്ങേറുന്ന റാഗിങ് രീതികള്‍ അതിക്രൂരമാണ്. കോട്ടയത്ത് ഗവണ്‍മെന്റ് നഴ്‌സിങ് കോളജില്‍ റാഗിങ്ങുമായി ബന്ധപ്പെട്ടുണ്ടായ ക്രൂരതകളും അടുത്ത നാളുകളിലാണു കേട്ടത്. നഗ്നനാക്കിയശേഷം സ്വകാര്യഭാഗങ്ങളില്‍ ഡംബല്‍ കെട്ടിത്തൂക്കുക, സൂചി ഉപയോഗിച്ചും കോമ്പസ് ഉപയോഗിച്ചും ശരീരത്തില്‍ വരഞ്ഞു മുറിവുണ്ടാക്കി ലോഷന്‍ ഒഴിക്കുക തുടങ്ങിയ ക്രൂരകൃത്യങ്ങളാണ് അവിടെ റാഗിങ് എന്ന പേരില്‍ നടത്തിയിരുന്നത്.
സഹജീവികളോടു കരുണ കാണിക്കാത്ത തലമുറ നാടിനാപത്താണ്. കരുണയും സഹാനുഭൂതിയും കാണിക്കാന്‍ കുട്ടികളെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. ചെറിയ ആശാഭംഗംപോലും സഹിക്കാന്‍ കഴിയാത്ത മനോധൈര്യമില്ലാത്തൊരു തലമുറയാണ് നമുക്കു ചുറ്റുമുള്ളത്. പ്രണയനിരാസങ്ങളില്‍ പ്രണയിനികളെ കൊലപ്പെടുത്തണമെന്നും അന്യനെ ഏതുവിധേനയും തോല്പിച്ചു ജയിക്കണമെന്നും തെറ്റായി ധരിച്ചിരിക്കുകയാണ് നമ്മുടെ യുവതലമുറ. വീടുകളിലായാലും സ്‌കൂളുകളിലായാലും കോളജുകളിലായാലും മനുഷ്യത്വവും നല്ല മൂല്യങ്ങളും സ്‌നേഹവും അച്ചടക്കവുമാണ് നമ്മെ നയിക്കേണ്ടതെന്ന് കുട്ടികളെ ബോധവത്കരിക്കേണ്ടിയിരിക്കുന്നു. ഇന്റര്‍നെറ്റിന്റെയും സമൂഹമാധ്യമങ്ങളുടെയും വലയില്‍ ലോകം കുടുങ്ങിയ ഇക്കാലത്ത് ഇത് കേരളത്തിന്റെമാത്രം പ്രശ്‌നമല്ലെ ങ്കിലും മൂല്യാധിഷ്ഠിതപാരമ്പര്യത്തില്‍ അഭിമാനിക്കുന്ന നമ്മുടെ നാടിന് നമ്മുടെ കുട്ടികളെ നഷ്ടപ്പെട്ടുകൂടാ. നമ്മുടെ കുഞ്ഞുങ്ങളെ സ്‌നേഹത്തിന്റെ വലയിലേക്കു നമുക്കു ചേര്‍ത്തുനിര്‍ത്താനാകട്ടെ, വിദ്വേഷത്തിനുപകരം കരുണയുടെ സ്പര്‍ശം അവരിലൂടെ പകര്‍ന്നു നല്കാന്‍ കഴിയട്ടെ.
കവര്‍സ്റ്റോറി
കേരളമേ! നല്ലവരാകേണ്ട നിന്റെ മക്കള്‍ എങ്ങനെ കൊല്ലുന്നവരായി?
