പാലാ: മികച്ച ഏലം കര്‍ഷകനുള്ള ദേശീയപുരസ്‌കാരം മില്യനെയര്‍ ഫാര്‍മര്‍ ഓഫ് ഇന്ത്യാ(എം.എഫ്.ഒ.ഐ.) പാലാ വെള്ളിയേപ്പള്ളില്‍ വി.ജെ. ബേബിക്ക്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച് (ഐ.സി.എ.ആര്‍.), കൃഷി ജാഗരണം എന്നിവയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ഗതാഗതമന്ത്രി നിധിന്‍ ഗഡ്ഗരി അവാര്‍ഡ് സമ്മാനിച്ചു.
ജൈവകൃഷിരീതികള്‍ ഉള്‍പ്പെടെ അവലംബിച്ച് ഏറ്റവും കൂടുതല്‍ അളവില്‍ ഗുണമേന്മയുള്ള ഏലം ഉത്പാദിപ്പിച്ചതിനും പുതുതലമുറയെ കൃഷിയിലേക്കു നയിച്ചതിനുമാണ് അവാര്‍ഡ്. പ്രമുഖ പ്ലാന്ററായിരുന്ന പാലാ വെള്ളിയേപ്പള്ളില്‍ പരേതനായ വി.എം. ജോസഫിന്റെ (കൊച്ചേട്ടന്‍) പുത്രനായ ബേബി, വെള്ളിയേപ്പള്ളില്‍ വി.ജെ. ബേബി ആന്‍ഡ് കമ്പനി ഉടമയുമാണ്.
ഇടുക്കി ജില്ലയിലെ രാജാക്കാടാണ് ഇദ്ദേഹത്തിന്റെ ഏലംകൃഷി. പാലാ എസ്റ്റേറ്റ് എന്ന പേരില്‍ 100 ഏക്കര്‍ സ്ഥലത്തു കൃഷി ചെയ്തിരിക്കുന്നു. 35 വര്‍ഷമായി ഏലംകൃഷി ഇവിടെ ആരംഭിച്ചിട്ട്. ഞള്ളാനി, മൈസൂര്‍ ബണ്‍ക്ക്, കാണിപ്പറമ്പന്‍ എന്നീയിനങ്ങളാണ് പ്രധാനമായും കൃഷി ചെയ്തിരിക്കുന്നത്. ജൈവവളങ്ങള്‍, അതായത്, വേപ്പിന്‍പിണ്ണാക്കും ബോര്‍ഡോമിശ്രിതവും വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം ഉപയോഗിക്കും, കാലവര്‍ഷത്തിനുമുമ്പും ശേഷവും.
രണ്ടടി സമചതുരത്തില്‍ കുഴിയെടുത്ത്, കുമ്മായം കുഴിയില്‍ വിതറി, 10-15 ദിവസം കിടക്കണം. പ്രധാനമായും മേയ്മാസത്തിലാണ് ഇങ്ങനെ ചെയ്യുന്നത്. മണ്ണിന്റെ പി.എച്ച്. നോക്കും. പിന്നീട് വേപ്പിന്‍പിണ്ണാക്ക്, രാജ്‌ഫോസ്, എല്ലുപൊടി, കടലപ്പിണ്ണാക്ക് എന്നിവ ചേര്‍ത്ത് കുഴി മൂടുന്നു. ഓരോ കൈവീതം 200 ഗ്രാം വച്ച് ഇടാം. എല്ലാ മിശ്രിതവുംകൂടി 500 ഗ്രാം മാത്രം. ഒരു ഏക്കറില്‍ 400 ചെടികള്‍ നടാം. 2.5 ലക്ഷം രൂപയോളം കൃഷിച്ചെലവാകും. ഒരേക്കറില്‍നിന്നു ശരാശരി 600, 700 ഗ്രാം ഏലം ലഭിക്കും.
കീട-രോഗബാധ കൂടുതലായും ഏലം കൃഷിയെ ബാധിക്കാറുണ്ട്. ഏലത്തിനു വിലയുണ്ടെങ്കില്‍ കൃഷി ലാഭകരമാണ്. കാലാവസ്ഥയെ ആശ്രയിച്ചുള്ള കൃഷികൂടിയാണിത്.
കര്‍ഷകന് ഈ കൃഷിയെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചും അവബോധമുണ്ടാകണം.
ഇദ്ദേഹത്തിനു മക്കള്‍ നാലുപേര്‍. ഓസ്‌ട്രേലിയായിലായിരുന്ന മൂത്തമകന്‍ ജോയല്‍ മൈക്കിള്‍ ഇപ്പോള്‍ നാട്ടില്‍ ഏലംകൃഷിയില്‍ ശ്രദ്ധിക്കുന്നു. മാത്യു മൈക്കിള്‍ (ന്യൂസിലാന്റ്), റ്റി.ആന്‍ മൈക്കിള്‍, ജോര്‍ഡി മൈക്കിള്‍ എന്നിവരാണ് മറ്റുമക്കള്‍.
- ജോസഫ് കുമ്പുക്കന്‍