•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
എഡിറ്റോറിയല്‍

മലയോരമക്കളുടെ ആശങ്കയകറ്റണം

  • ചീഫ് എഡിറ്റര്‍ & മാനേജിങ് ഡയറക്ടര്‍ : ഫാ. കുര്യന്‍ തടത്തില്‍
  • 27 February , 2025

   ഒരു കാലത്ത് ഐതിഹാസികമായ കുടിയേറ്റത്തിലൂടെ കേരളത്തിന്റെ കാര്‍ഷികസംസ്‌കാരത്തെ സമ്പന്നമാക്കിയ ഒരു ജനത ഇന്നു കുടിയിറക്കുഭീഷണിയിലാണ്. വന്യജീവിയാക്രമണത്തില്‍ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടുപോയതിന്റെ തീരാവേദനയില്‍ ഉറക്കം കിട്ടാത്ത രാത്രികളെയാണ് അനുദിനം അവര്‍ അഭിമുഖീകരിക്കുന്നതും അതിജീവിക്കുന്നതും. ആനയും കടുവയും പുലിയും കാട്ടുപന്നിയുമൊക്കെ നാടു കൈയേറുന്നതിന്റെയും വന്യമൃഗപ്പേടിയില്‍ മനുഷ്യന്‍ കുടിയിറങ്ങുന്നതിന്റെയും വര്‍ത്തമാനകാലചരിത്രം  മലയോരമേഖലയെ ആശങ്കയുടെ മുള്‍മുനയിലെത്തിച്ചിട്ടു നാളുകളേറെയായിരിക്കുന്നു.
നാടിന്റെ ഭക്ഷ്യഭദ്രതയുടെ അടിത്തറയൊരുക്കിയവരും അവരുടെ പിന്‍മുറക്കാരും സ്വന്തം മണ്ണില്‍ അന്യരാക്കപ്പെടുമ്പോള്‍ അവരുടെ അധ്വാനവും സ്വപ്നങ്ങളും ഒപ്പം സ്വത്വബോധവുമാണു കുടിയിറങ്ങുന്നത്. മലയോരഗ്രാമങ്ങള്‍ അരക്ഷിതത്വത്തിന്റെ  കൊടുമുടി കയറുമ്പോഴും, മണ്ണില്‍ പൊന്നുവിളയിച്ച മക്കളുടെ ജീവനും സ്വത്തിനും കാവലാളാവേണ്ട സര്‍ക്കാരും വനംവകുപ്പും നിരുത്തരവാദിത്വത്തിന്റെ ഇരുട്ടില്‍ തപ്പിത്തടയുന്നതു നീതീകരിക്കാനാവില്ല.
സംസ്ഥാനത്ത് വന്യജീവിയാക്രമണത്തില്‍ ജീവന്‍ പൊലിയുന്നവരുടെ കണക്ക് ദിനംപ്രതി പെരുകുകയാണ്. ഈ വര്‍ഷം ഇതുവരെ കാട്ടാന കൊന്നത് ഒമ്പതുപേരെയാണ്. കടുവയുടെയും കാട്ടുപന്നിയുടെയും ആക്രമണങ്ങളില്‍ രണ്ടുപേരുടെ ജീവന്‍ പൊലിഞ്ഞു. പരിക്കേറ്റതിനു കൈയും കണക്കുമില്ല, കൃത്യമായ റിപ്പോര്‍ട്ടുകളുമില്ല.
     സംസ്ഥാനത്ത് വന്യജീവിയാക്രമണത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 460 പേര്‍ക്കു ജീവന്‍ നഷ്ടമായത് നിസ്സാരമായി കാണാനാവില്ല. മരിച്ചവരിലും പരിക്കേറ്റവരിലും പാലക്കാടുജില്ല മുന്നില്‍നില്‍ക്കുന്നു. 2025 ല്‍ വന്യജീവിയാക്രമണം കൂടുതലായി നേരിടുന്ന വയനാട്ടില്‍ 2020-24 വര്‍ഷത്തിനിടെ 26 പേരാണു മരിച്ചത്. കാട്ടാനകള്‍ കൂട്ടമായെത്തി വീടുകള്‍ തകര്‍ക്കുകയും കൃഷി നശിപ്പിക്കുകയും മനുഷ്യജീവനു ഭീഷണിയാവുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തില്‍, വീടും നാടുമൊഴിഞ്ഞുപോകാന്‍ കര്‍ഷകമക്കള്‍ നിര്‍ബന്ധിതരായിരിക്കുന്നു.
      മനുഷ്യ-വന്യമൃഗസംഘര്‍ഷത്തിന് ഒരുപക്ഷേ, മനുഷ്യചരിത്രത്തോളംതന്നെ പഴക്കമുണ്ടായിരിക്കാം. കാട്ടിലെ കാലാവസ്ഥാവ്യതിയാനവും ഭക്ഷണ-കുടിവെള്ളക്ഷാമവും വന്യമൃഗങ്ങളുടെ വംശവര്‍ധനയും തുടങ്ങി ഒട്ടേറെ കാരണങ്ങളാലാണ് ഇപ്പോള്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചിരിക്കുന്നത്. വന്യമൃഗങ്ങളെ സംരക്ഷിക്കണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. പക്ഷേ, അത്രത്തോളമെന്നല്ല, അതിലും കൂടുതലായിത്തന്നെ മനുഷ്യനു സ്വസ്ഥതയോടും മനസ്സമാധാനത്തോടും കൂടി ജീവിക്കാന്‍ അവകാശമുണ്ടെന്നും അതിനുംമേലേയാകരുത് ഒരു വന്യജീവിസംരക്ഷണനിയമവുമെന്ന ജനസ്വരമാണ് ഭരണകൂടത്തിനുമുന്നില്‍ ഒറ്റക്കെട്ടായി മുഴങ്ങേണ്ടത്.
     പ്രതിരോധപ്രവര്‍ത്തനത്തിനു സര്‍ക്കാര്‍ ഇച്ഛാശക്തി കാണിക്കുക എന്നതുതന്നെയാണ് പരിഹാരമാര്‍ഗം. സൗരോര്‍ജവൈദ്യുതിവേലികള്‍ വനാതിര്‍ത്തികളില്‍ വ്യാപകമായി നിര്‍മിക്കണം. കേരളത്തിലെ വനങ്ങളുടെ അതിര്‍ത്തി 16,000 കിലോമീറ്ററാണെങ്കിലും, 550 കിലോമീറ്ററില്‍മാത്രമാണ് ഇപ്പോള്‍ സൗരവേലിയുള്ളത്. കാടിനുള്ളില്‍ കുടിവെള്ളവും ഭക്ഷ്യവസ്തുക്കളും ലഭ്യമാക്കുന്നതില്‍ വനംവകുപ്പ്, പൊള്ളുന്ന ഈ കാലാവസ്ഥയിലെങ്കിലും പുതിയ പദ്ധതികള്‍ക്കു രൂപം കൊടുക്കണം. മണ്ണിലെ സ്വാഭാവികജലാംശം ഇല്ലാതാക്കുന്ന അക്കേഷ്യ, യൂക്കാലിപ്റ്റ്‌സ്, മാഞ്ചിയം മുതലായ വൃക്ഷങ്ങള്‍ നീക്കം ചെയ്യണം. ആനയുടെ ഇഷ്ടഭോജനങ്ങളായ മുളയും ഈറ്റയും ഇല്ലിയും, ഫലവൃക്ഷങ്ങളായ പ്ലാവും മാവും ആഞ്ഞിലിയുമൊക്കെ വച്ചുപിടിപ്പിക്കണം.
മലയോരജനതയുടെ കാര്‍ഷികവൃത്തിയെയും വിളകളെയും ഏറെ ദോഷകരമായി ബാധിക്കുന്ന കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ചു വെടിവച്ചുകൊല്ലാന്‍ കര്‍ഷകരെ അധികാരപ്പെടുത്തണം. അത്തരത്തിലൊരു നിര്‍ദേശം കേന്ദ്രവന്യമൃഗസംരക്ഷണനിയമത്തില്‍ (62-ാം വകുപ്പ്) വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും നടപ്പാക്കിത്തുടങ്ങിയിട്ടില്ല. നമ്മുടെ അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടില്‍ കാട്ടുപന്നികളെ കൊല്ലാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ കാട്ടുപന്നിയെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ചുകഴിഞ്ഞു.
     വന്യമൃഗപ്പേടിയില്‍ കഴിയുന്ന ഏതാണ്ട് ഒന്നരക്കോടിയോളം ജനങ്ങള്‍ക്കു സ്വസ്ഥമായി ജീവിക്കാനാവണം. അത് ആരുടെയെങ്കിലും ഔദാര്യമല്ല, അവരുടെ അവകാശമാണ്. അത് മലയോരമേഖലയിലുള്ളവരുടെമാത്രമല്ല, കേന്ദ്രവും സംസ്ഥാനവും  ഭരിക്കുന്ന അധികാരിവര്‍ഗത്തിന്റെയും തദ്ദേശഭരണമുള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെയും കേരളത്തിലെ മുഴുവനാളുകളുടെയും ഉറക്കം കെടുത്തുന്ന ജീവല്‍പ്രശ്‌നമായി ഉയരണം. അവിടെയേ പാവപ്പെട്ട കര്‍ഷകമക്കളുടെ വനരോദനത്തിന് അറുതിയുണ്ടാവൂ.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)