•  27 Feb 2025
  •  ദീപം 57
  •  നാളം 50
ലേഖനം

ഗാസയെ ട്രംപ് പുനര്‍നിര്‍മിക്കുമോ?

   ഗാസാ നിര്‍ജനമാകും, അഷ്‌കലോണ്‍ ശൂന്യമാകും. അഷ്‌ദോദിലെ ജനങ്ങള്‍ മധ്യാഹ്‌നത്തില്‍ തുരത്തപ്പെടും. കടല്‍ത്തീരനിവാസികളേ, ക്രേത്യജനമേ, നിങ്ങള്‍ക്കു ദുരിതം! കര്‍ത്താവിന്റെ വചനം നിങ്ങള്‍ക്കെതിരാണ്. ഫിലിസ്ത്യദേശമായ കാനാന്‍, ഒരുവന്‍പോലും അവശേഷിക്കാത്തവിധം നിന്നെ ഞാന്‍ നശിപ്പിക്കും (സെഫാനിയാ 2:4-5).
    പ്രവാചകനായ സെഫാനിയായ്ക്കുപുറമേ ജറെമിയായും ആമോസും സഖറിയായുമെല്ലാം ഗാസയുടെ തകര്‍ച്ചയെക്കുറിച്ചു പ്രവചിച്ചിട്ടുള്ളത് ശ്രദ്ധേയമാണ്.
ആമോസിന്റെ പുസ്തകത്തില്‍ കര്‍ത്താവ് ഇപ്രകാരം അരുള്‍ ചെയ്യുന്നു: ''ഗാസാ ആവര്‍ത്തിച്ചുചെയ്ത അതിക്രമങ്ങള്‍ക്കുള്ള ശിക്ഷ ഞാന്‍ പിന്‍വലിക്കുകയില്ല. കാരണം, ഏദോമിനു വിട്ടുകൊടുക്കാന്‍വേണ്ടി ഒരു ജനത്തെ മുഴുവന്‍ അവര്‍ തടവുകാരാക്കി. ഗാസായുടെ മതിലിന്മേല്‍ ഞാന്‍ അഗ്നി അയയ്ക്കും. അവളുടെ ശക്തിദുര്‍ഗങ്ങളെ അതു വിഴുങ്ങിക്കളയും. അഷ്‌ദോദില്‍നിന്ന് അതിലെ നിവാസികളെ ഞാന്‍ വിച്ഛേദിക്കും; അഷ്‌കലോണില്‍നിന്നു ചെങ്കോലേന്തുന്നവനെയും. എക്രോണിനിതിരേ ഞാന്‍ കൈയുയര്‍ത്തും. ഫിലിസ്ത്യരില്‍ അവശേഷിക്കുന്നവര്‍ നശിക്കും. ദൈവമായ കര്‍ത്താവാണ് അരുള്‍ ചെയ്യുന്നത്'' (ആമോസ് 1:6-8).
ഫിലിസ്ത്യര്‍ ഇസ്രയേല്യരുടെമേല്‍ അധീശത്വം പുലര്‍ത്തിയിരുന്ന കാലത്ത് 20 വര്‍ഷം ന്യായാധിപനായിരുന്ന സാംസന്റെ ജീവചരിത്രത്തിലും ഗാസയെക്കുറിച്ചു പരാമര്‍ശമുണ്ട് (ന്യായാ 16:21). മധ്യപൂര്‍വദേശത്ത് ഇപ്പോള്‍ ചുരുളഴിയുന്ന സംഭവവികാസങ്ങള്‍ ഗാസയെക്കുറിച്ചുള്ള പ്രവചനങ്ങളോടു ചേര്‍ത്തുവായിക്കാമെന്നു തോന്നുന്നു.
മുന്‍കാലചരിത്രം
ഗ്രീസിനും തുര്‍ക്കിക്കും ഇടയിലുള്ള ഈജിയന്‍ കടലിടുക്കില്‍ സ്ഥിതി ചെയ്യുന്ന ക്രീറ്റ് ദ്വീപില്‍നിന്നു ബി സി 12-ാം നൂറ്റാണ്ടില്‍ മെഡിറ്ററേനിയന്‍കടലിന്റെ കിഴക്കന്‍ തീരത്ത് കുടിയേറിയവരാണ് ഫിലിസ്ത്യര്‍. 'ക്രേത്യജനമേ' എന്ന് തിരുവചനത്തില്‍ അവരെ വിശേഷിപ്പിച്ചിട്ടുള്ളത് ഇതിനുള്ള സ്ഥിരീകരണമാണ്. മെഡിറ്ററേനിയന്‍തീരത്തു ഗാസ, അഷ്‌കലോണ്‍, അഷ്‌ദോദ്, ഗാത്ത്, എക്രോണ്‍ തുടങ്ങിയ അഞ്ചു നഗരരാഷ്ട്രങ്ങള്‍ സ്ഥാപിച്ച് അവര്‍ ഭരണം നടത്തി. കരമാര്‍ഗം കിഴക്കോട്ടു വ്യാപിക്കാനുള്ള അവരുടെ ശ്രമങ്ങള്‍ ഇസ്രയേല്യരുമായുള്ള നിരന്തരയുദ്ധങ്ങള്‍ക്കു വഴിവച്ചു. അപ്രകാരം എബ്‌നേസറില്‍ നടന്ന ഒരു യുദ്ധത്തിലാണ് യഹൂദര്‍ ഏറ്റവും പൂജ്യമായി സൂക്ഷിച്ചുപോന്ന 'വാഗ്ദാനപേടകം' ഫിലിസ്ത്യരുടെ കൈകളില്‍പ്പെട്ടത്. പുരോഹിതനായ ഏലിയുടെ പുത്രന്മാരായ ഹോഫ്‌നിയും ഫിനെഹാസും ഉള്‍പ്പെടെ 34,000 ഇസ്രയേല്യര്‍ വധിക്കപ്പെടുകയും ചെയ്തു. ആട്ടിടയനായിരുന്ന ദാവീദിന്റെ കൈകളാല്‍ വധിക്കപ്പെട്ട ഭീമാകാരനായ ഗോലിയാത്തിന്റെ ജന്മദേശമായിരുന്നു ഗാത്ത്. ദാവീദുരാജാവിന്റെ നാല്പതു വര്‍ഷ ഭരണകാലത്താണ് (ബി സി 1010 - 970) എഷ്‌കലോണും എഷ്‌ദോദും ഗാത്തും എക്രോണും ഇസ്രയേല്‍ കൈവശപ്പെടുത്തിയതത്.
ബി സി 730 ല്‍ അസ്‌സീറിയന്‍സൈന്യവും, 601 ല്‍ ബാബിലോണും, 539 ല്‍ പേര്‍ഷ്യയും 332 ല്‍ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയും ഗാസ കീഴടക്കി. ജനറല്‍ പോംപെയുടെ കീഴിലുള്ള റോമന്‍സൈന്യം ബി സി 63 ല്‍ വാഗ്ദത്തനാടുകളിലെത്തി. എ ഡി 638 മുതല്‍ ആദ്യകുരിശുയുദ്ധം വിജയിക്കുന്നതുവരെയുള്ള നാലു നൂറ്റാണ്ടുകളാണ് മുസ്ലീംകള്‍ വിശുദ്ധനാടുകളില്‍ ഭരണം നടത്തിയത്. എ ഡി 1516 ല്‍ പലസ്തീന്‍ പിടിച്ചെടുത്ത ഓട്ടോമന്‍ തുര്‍ക്കികള്‍ 1918 വരെ അവിടെ ഭരണകര്‍ത്താക്കളായിരുന്നു. ഒന്നാം ലോകയുദ്ധത്തില്‍ തുര്‍ക്കികളെ പരാജയപ്പെടുത്തിയ ബ്രിട്ടന്‍, ഗാസ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ കൈവശപ്പെടുത്തി. 1948 മേയ് 14 ന് ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തില്‍ ഇസ്രയേല്‍ രാഷ്ട്രം രൂപീകരിക്കുന്നതുവരെ ബ്രിട്ടന്റെ ഭരണം തുടര്‍ന്നു.
യഹൂദര്‍ക്കും പലസ്തീനികള്‍ക്കുമായി ഐക്യരാഷ്ട്രസംഘടന രൂപംകൊടുത്ത 'ദ്വിരാഷ്ട്രഫോര്‍മുല' അംഗീകരിക്കാതിരുന്ന അറബ് രാജ്യങ്ങള്‍ ഈജിപ്ത്, സിറിയ, ഇറാക്ക്, ലബനന്‍ എന്നിവയുടെ നേതൃത്വത്തില്‍ ഇസ്രയേലിനെതിരേ യുദ്ധം പ്രഖ്യാപിച്ചു. പലസ്തീനികള്‍ക്ക് ഒരു രാജ്യം കിട്ടിയില്ലെങ്കിലും വേണ്ടില്ല, ഇസ്രയേലിനെ ഭൂമിയില്‍നിന്ന് ഇല്ലായ്മ ചെയ്യും എന്ന പ്രതിജ്ഞയോടെയായിരുന്നു യുദ്ധം. 1949 ല്‍ യുദ്ധം അവസാനിക്കുമ്പോഴേക്കും ഗാസ ഈജിപ്തിന്റേതായിക്കഴിഞ്ഞിരുന്നു. ലക്ഷക്കണക്കിനു പലസ്തീനികള്‍ക്കാണ് അയല്‍രാജ്യങ്ങളിലേക്കു  പലായനം ചെയ്യേണ്ടിവന്നത്. 1967 ലെ ആറുദിനയുദ്ധത്തില്‍ ഈജിപ്തില്‍നിന്ന് ഗാസയും സിനായ് മരുഭൂമിയും സിറിയയില്‍നിന്ന് ഗൊലാന്‍കുന്നുകളും ജോര്‍ദാനില്‍നിന്നു വെസ്റ്റ് ബാങ്കും ഇസ്രയേല്‍ പിടിച്ചെടുത്തു. 1993 ലെ ഓസ്‌ലോ ഉടമ്പടിയില്‍ 365 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഗാസാമുനമ്പും 5,860 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള വെസ്റ്റ് ബാങ്കും പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനു വിട്ടുനല്കി. പി എല്‍ ഒ യുടെ ഉപവിഭാഗമായ ഫത്താ പാര്‍ട്ടിയുടെ മഹ്‌മൂദ് അബ്ബാസ് 2005 മുതല്‍ വെസ്റ്റുബാങ്കില്‍ പ്രസിഡന്റാണ്. ഗാസയിലാകട്ടെ, 2006 ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച ഹമാസ്  എന്ന ഭീകരസംഘടനയുടെ നേതാവായ ഇസ്‌മൈല്‍ ഹനിയയും ഭരണം ഏറ്റെടുത്തു. 193 അംഗ ഐക്യരാഷ്ട്രസംഘടനയിലെ 146 രാജ്യങ്ങളും പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചിട്ടുണ്ട്.
സമാനതകളില്ലാത്ത ദുരന്തം
2023 ഒക്‌ടോബര്‍ ഏഴിന് ഇസ്മയില്‍ ഹനിയയുടെ നേതൃത്വത്തിലുള്ള ഹമാസ് ഭീകരര്‍ ഇസ്രയേലില്‍ നടത്തിയ ആക്രമണങ്ങള്‍ക്കു സമാനതകളില്ല. 60 ലക്ഷം യഹൂദരുടെ ജീവനെടുത്ത ഹോളോകോസ്റ്റിനുശേഷം യഹൂദജനം നേരിട്ട ഏറ്റവും വലിയ വംശഹത്യയ്ക്കാണ് ലോകം സാക്ഷിയായത്. 1973 ലെ യോം കിപ്പുര്‍ യുദ്ധത്തിനുശേഷം നടന്ന ഏറ്റവും നിന്ദ്യവും കിരാതവുമായ ആക്രമണമാണ് അന്നു നടന്നത്. ഗാസാമുനമ്പിന്റെ വടക്കും കിഴക്കുമുള്ള അതിര്‍ത്തിവേലികള്‍ 119 ഇടങ്ങളില്‍  ഭേദിച്ച് ഇസ്രയേലില്‍ കയറിയ 6,000 ഹമാസ്ഭീകരര്‍ കുഞ്ഞുങ്ങളടക്കം 1,200 പേരെയാണു വധിച്ചത്. കഴുത്തറുത്തും കൈകാലുകള്‍ വെട്ടിമാറ്റിയും വെടിയുതിര്‍ത്തും കൊന്നവരുടെ മൃതദേഹങ്ങള്‍ കൂട്ടിയിട്ടു തീ കൊളുത്തുകയായിരുന്നു. അമേരിക്കയില്‍നിന്നുള്ള 46 പേരെ കൂടാതെ 30 വിദേശരാജ്യങ്ങളില്‍നിന്നുള്ള വിനോദസഞ്ചാരികളും ഏതാനും ഇസ്രയേലിസൈനികരും  30 കുട്ടികളുമടക്കം 251 പേരെ ബന്ദികളാക്കി ഗാസയിലേക്കു കടത്തി. ഭൂമിക്കടിയിലുള്ള തുരങ്കങ്ങളിലും രഹസ്യ അറകളിലും അജ്ഞാതകേന്ദ്രങ്ങളിലും പാര്‍പ്പിച്ച ബന്ദികളില്‍ ഇസ്രയേലിന് ഇതുവരെ മോചിപ്പിക്കാനായത് 141 പേരെമാത്രമാണ്. ശേഷിക്കുന്നവരില്‍ എത്രപേര്‍ ജീവിച്ചിരിപ്പുണ്ടെന്നതിന് രണ്ടു കൂട്ടര്‍ക്കും കൃത്യമായ കണക്കുണ്ടെന്നു തോന്നുന്നില്ല.
ഏറ്റവുമൊടുവില്‍, ഇക്കഴിഞ്ഞ 15-ാം തീയതി ശനിയാഴ്ച ഹമാസ് വിട്ടയച്ച മൂന്നു ബന്ദികള്‍ക്കുപകരം 369 തടവുകാരെ ഇസ്രയേല്‍ വിട്ടയച്ചിട്ടുണ്ട്. താന്‍ അമേരിക്കന്‍പ്രസിഡന്റായി അധികാരമേല്‍ക്കുന്ന ജനുവരി 20 നു മുമ്പ് ബാക്കിയുള്ള മുഴുവന്‍ ബന്ദികളെയും  വിട്ടയച്ചില്ലെങ്കില്‍ ഗാസയില്‍ 'തീമഴ പെയ്യിക്കു'മെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഏതായാലും, ആറ് ആഴ്ചത്തെ താത്കാലിക വെടിനിര്‍ത്തല്‍ കരാറിനും ബന്ദി വിമോചനത്തിനും മധ്യസ്ഥത വഹിക്കാന്‍ കഴിഞ്ഞത് ട്രംപിന്റെ നയതന്ത്രനേട്ടങ്ങളില്‍ പ്രധാനമായി എണ്ണപ്പെടും.
ഗാസ മധ്യപൂര്‍വദേശത്തെ ''സുഖവാസകേന്ദ്രം''
ഇതിനിടെ, ഗാസാമുനമ്പ് ഏറ്റെടുത്ത് മെഡിറ്ററേനിയന്‍ കടല്‍ത്തീരത്തെ ഏറ്റവും പ്രശസ്തമായ ഉല്ലാസകേന്ദ്രമാക്കാമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശം സകലരെയും ഞെട്ടിച്ചിരിക്കുകയാണ്. പലസ്തീന്‍ജനതയെ ഗാസാമുനമ്പില്‍നിന്ന് ഒഴിപ്പിച്ച് ഈജിപ്ത്, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചശേഷമായിരിക്കും തന്റെ തീരുമാനം നടപ്പാക്കുകയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ട്രംപിന്റെ നിര്‍ദേശം തന്റെ അമേരിക്കന്‍സന്ദര്‍ശനത്തിനിടെ നിരാകരിച്ച ജോര്‍ദാനിലെ അബ്ദുള്ള രാജാവ്, ഗുരുതരമായ രോഗം ബാധിച്ചുവെന്നു കരുതപ്പെടുന്ന 2,000 പലസ്തീന്‍ കുട്ടികളെ സ്വീകരിക്കാനും തുടര്‍ചികിത്സ നല്കാനും തയ്യാറാണെന്നും വ്യക്തമാക്കി. സ്വന്തം നാട്ടില്‍ ജനിച്ചുവളര്‍ന്ന ഒരു ജനതയെ മുഴുവന്‍ അവിടെനിന്നു ബലമായി ഒഴിപ്പിക്കുന്നതും, മറ്റൊരു രാജ്യത്ത് അഭയാര്‍ഥികളെപ്പോലെ കഴിയേണ്ടിവരുന്നതും അന്താരാഷ്ട്രമനുഷ്യാവകാശനിയമങ്ങള്‍ക്കെതിരാണെന്ന് ഫ്രാന്‍സ് പ്രതികരിച്ചു. ദ്വിരാഷ്ട്രസിദ്ധാന്തത്തെ അംഗീകരിക്കാന്‍ ഇസ്രയേല്‍ തയ്യാറായാല്‍ പ്രശ്‌നങ്ങള്‍ക്കു ശാശ്വതപരിഹാരം കാണാനാകുമെന്നാണ് ജര്‍മനി, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടത്.
42 ദിവസത്തെ താത്കാലികവെടിനിര്‍ത്തല്‍കരാര്‍പ്രകാരം സ്വന്തം വീടുകളിരുന്ന സ്ഥലത്തേക്കു മടങ്ങിയെത്തിയ പലസ്തീന്‍കാര്‍ക്ക് തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങളും റോഡുകളുംമാത്രമേ കാണാനാകുന്നുള്ളൂ. മുനമ്പിലെ 90 ശതമാനം വീടുകളും വാസയോഗ്യമല്ലാതായതിനാല്‍ താത്കാലികകൂടാരങ്ങളിലാണു താമസം. വീടുകള്‍ക്കുപുറമേ വിദ്യാലയങ്ങളും ആശുപത്രികളും ആരാധനാലയങ്ങളുമെല്ലാം തകര്‍ന്നുകിടക്കുന്നു. ഭക്ഷണവും വെള്ളവുംമാത്രമല്ല, ഉടുതുണിക്കു മറുതുണിയില്ലാതെ ജനം കഷ്ടപ്പെടുകയാണ്. മുനമ്പിന്റെ പുനര്‍നിര്‍മാണത്തിനു പതിറ്റാണ്ടുകള്‍ വേണ്ടിവരുമെന്നും, 5,300 കോടി അമേരിക്കന്‍ ഡോളറെങ്കിലും ചെലവിടേണ്ടിവരുമെന്നും യു എന്‍ കണക്കാക്കിയിട്ടുണ്ട്. ഗാസയിലെ 23 ലക്ഷം ജനങ്ങളെ ഒഴിപ്പിക്കുകയെന്ന ഭഗീരഥപ്രയത്‌നം നടപ്പാകുമ്പോള്‍ അത്, ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുള്ള പ്രവചനങ്ങളുടെ പൂര്‍ത്തീകരണമാണെന്നു കാണാന്‍ കഴിയും.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)