നിഖ്യാസൂനഹദോസിന്റെ 1700-ാം വര്‍ഷം പ്രമാണിച്ച് നിഖ്യാസൂനഹദോസിനെയും നിഖ്യാവിശ്വാസപ്രമാണത്തെയുംകുറിച്ചുള്ള ഒരു പഠനപരമ്പര - 7
പാശ്ചാത്യറോമാസാമ്രാജ്യത്തില്‍ അഞ്ചാം നൂറ്റാണ്ടുമുതല്‍ ജര്‍മാനിക്‌വംശജരുടെ കുടിയേറ്റങ്ങള്‍ തുടങ്ങി. അഞ്ച്, ആറ്, ഏഴ് നൂറ്റാണ്ടുകളില്‍ ഈ കുടിയേറ്റങ്ങള്‍ ശക്തങ്ങളായിരുന്നുവെങ്കിലും പതിനൊന്നാം നൂറ്റാണ്ടുവരെ ഇവ ചെറിയ തോതില്‍ തുടരുന്നതു കാണാം. ഫ്രാന്‍സിലെ ഫ്രാങ്ക്‌സും സ്‌പെയിനിലെ ഗോത്സും ജര്‍മനിയിലെ ബവേറിയന്‍സുമാണ് ആദ്യമായി കുടിയേറിയവരില്‍ ചില വംശജര്‍. നോര്‍വേയിലെ വെന്‍ഡ്‌സ്, ഡെന്മാര്‍ക്കിലെ ഡെയിന്‍സ്, സ്വീഡനിലെ അവാര്‍സ് എന്നിവരായിരുന്നു അവസാനകുടിയേറ്റക്കാര്‍. കാലക്രമത്തില്‍ ഇവരെല്ലാം ക്രൈസ്തവരായിത്തീര്‍ന്നു. അഞ്ചാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിമുതല്‍ പാശ്ചാത്യറോമാസാമ്രാജ്യം നിലനിന്നിരുന്നില്ലെങ്കിലും ആ സ്ഥാനത്ത് ഒരു പുതിയ പാശ്ചാത്യ ക്രൈസ്തവയൂറോപ്പ് രൂപപ്പെട്ടുവന്നു. മധ്യകാലഘട്ടത്തിന്റെ ആദ്യപകുതിയില്‍ പുതുതായി രൂപംകൊണ്ട ഈ ക്രൈസ്തവസഭകള്‍ക്കു പ്രാചീനകാലത്തെ റോമാ, ഗ്രീക്ക്, അലക്‌സാണ്ട്രിയന്‍സഭകളുടേതില്‍നിന്നു വളരെ പ്രത്യേകതകള്‍ ഉണ്ടായിരുന്നു. ചില രാജാക്കന്മാരും പ്രഭുക്കന്മാരും സ്വന്തമായി രൂപതകളും ഇടവകകളും സ്ഥാപിച്ച് അവയുടെമേല്‍ അധികാരം പുലര്‍ത്തുകയും ചിലപ്പോഴെല്ലാം മെത്രാന്മാരെയും വൈദികരെയും നിയമിക്കുകയും ചെയ്തിരുന്നു. ചില പ്രസിദ്ധങ്ങളായ സന്ന്യാസാശ്രമങ്ങളുടെമേലും അവര്‍ക്ക് അധികാരമുണ്ടായിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ഒരു പ്രത്യേകതരം സിനഡ് ജര്‍മനിയില്‍ നടപ്പിലാകുന്നത്. രാജാവിന് അധികാരമുള്ള പ്രദേശങ്ങളിലെ മെത്രാന്മാരും വൈദികരും ഉള്‍പ്പെടുന്ന സിനഡുകള്‍ രാജാവ് വിളിച്ചുകൂട്ടിയിരുന്നു. ചില അവസരങ്ങളില്‍ അവ മതപരമായ കാര്യങ്ങള്‍മാത്രം ചര്‍ച്ച ചെയ്യാനായിരുന്നെങ്കില്‍ മറ്റു ചില അവസരങ്ങളില്‍ രാജ്യഭരണസംബന്ധമായ കാര്യങ്ങളുംകൂടി ചര്‍ച്ച ചെയ്തു തീരുമാനങ്ങള്‍ എടുത്തിരുന്നു. ഒരു രാജാവിന് അധികാരമുള്ള മുഴുവന്‍ പ്രദേശങ്ങളിലെയും രൂപതകളും സഭാപ്രവിശ്യകളും (ecclesiastical provinces) ഉള്‍പ്പെട്ടിരുന്നതിനാല്‍ ഇവയെ പൊതുകൗണ്‍സിലുകള്‍ (General Councils)എന്നുതന്നെയാണു വിളിച്ചിരുന്നത്. എന്നാല്‍, ഇവയ്‌ക്കൊന്നിനും സാര്‍വത്രികസൂനഹദോസുകളുമായി യാതൊരു ബന്ധവുമില്ലായിരുന്നു; ജര്‍മന്‍രാജ്യങ്ങളിലെമാത്രം പൊതുവായത് എന്നേ അവയ്ക്ക് അര്‍ഥമുള്ളൂ.
പലപ്പോഴും ഇത്തരം കൗണ്‍സിലുകളില്‍ മെത്രാന്മാര്‍ എടുക്കുന്ന മതപരമായ തീരുമാനങ്ങള്‍പോലും രാജ്യത്തിന്റെ നിയമമാക്കിത്തീര്‍ത്തിരുന്നു. മതപരമായ കാര്യങ്ങള്‍മാത്രമായിരുന്നില്ല മെത്രാന്മാര്‍ അന്നു ചര്‍ച്ചചെയ്തിരുന്നത്. ചില അവസരങ്ങളില്‍ ഗവര്‍ണര്‍മാരും മജിസ്‌ട്രേറ്റുമാരും ഇത്തരം സിനഡുകളില്‍ പങ്കെടുത്തിരുന്നു. അതുകൊണ്ട്, ഇത്തരം സിനഡുകള്‍ പൂര്‍ണാര്‍ഥത്തില്‍ സഭാപരമെന്ന് ഇന്നു പറയാനാവില്ല. എങ്കിലും, അന്ന് അവയെല്ലാം സഭാസിനഡുകള്‍തന്നെയായിരുന്നു. രാഷ്ട്ര-മതവിഭജനം ഫ്രഞ്ചുവിപ്ലവത്തോടെ 18-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ മാത്രമാണല്ലോ യൂറോപ്പില്‍ നടന്നത്. ജര്‍മനിയില്‍, പ്രത്യേകിച്ച് കരോലിന്‍കിയന്‍(Carolingian)വംശം ഭരിക്കുന്ന കാലത്താണ് ഇത്തരം പൊതുസിനഡുകള്‍ വിളിച്ചുകൂട്ടിയിരുന്നത്. പലപ്പോഴും ഇവയുടെ മതപരമായ, ആത്മീയവശത്തിന് കുറവു സംഭവിച്ചിരുന്നുമില്ല. ഇത്തരം പൊതുസൂനഹദോസുകള്‍ കൂടാതെ ജര്‍മനിയില്‍ മധ്യകാലഘട്ടത്തില്‍ മെത്രാന്മാര്‍തന്നെയും എപ്പിസ്‌കോപ്പല്‍സിനഡുകള്‍ വിളിച്ചുകൂട്ടിയിരുന്നു. മൈന്‍സ്, ട്രിയര്‍, കൊളോണ്‍ തുടങ്ങിയുള്ള പ്രധാന ജര്‍മന്‍രൂപതകളുടെ മെത്രാന്മാരായിരുന്നു ഇവ വിളിച്ചുകൂട്ടിയിരുന്നത്. ഇംഗ്ലണ്ടില്‍ പൊതുസിനഡു വിളിച്ചുകൂട്ടിയിരുന്നത് കാന്റര്‍ബറി മെത്രാപ്പോലീത്താ ആയിരുന്നു.
സ്‌പെയിന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലും ഇത്തരം പൊതുസിനഡുകള്‍ കാണാം. ആ രാജ്യങ്ങളിലെ രാജാക്കന്മാരായിരുന്നു ഇത്തരം സിനഡുകള്‍ വിളിച്ചുകൂട്ടിയിരുന്നത്. നാഷണല്‍ സിനഡുകള്‍ എന്നാണ് ഇവ പൊതുവെ അറിയപ്പെട്ടിരുന്നത്. ഇത്തരം സിനഡുകളില്‍ ചില അവസരങ്ങളിലെല്ലാം കൂടുതലായ രാജാധികാരപ്രയോഗം (secular domination) കാണാവുന്നതാണ്. മതപരമായ പൊതുകാര്യങ്ങളിലുള്ള രാജാക്കന്മാരുടെ ഇടപെടല്‍ ചില അവസരങ്ങളില്‍ മാര്‍പാപ്പാമാരെ അലോസരപ്പെടുത്തിയിട്ടുമുണ്ട്. മാര്‍പാപ്പാമാരുടെ മതാധികാരത്തിന്‍മേലുള്ള കടന്നുകയറ്റമായി ഇതിനെ കാണുന്നവരുമുണ്ട്. എന്നാല്‍, ഗ്രിഗോറിയന്‍നവീകരണംമുതലുള്ള കാലഘട്ടത്തില്‍ ഇത്തരം ഭൗതികകൈകടത്തലുകള്‍ അനുവദിക്കാന്‍ മാര്‍പാപ്പാമാര്‍ കൂട്ടാക്കിയില്ല. ഏതു രാജ്യത്താണെങ്കിലും മതപരമായ സ്വാതന്ത്ര്യം പൂര്‍ണമായും അനുവദിക്കണമെന്നും മാര്‍പാപ്പാമാരാണ് അക്കാര്യങ്ങളില്‍ അവസാനവാക്കു പറയേണ്ടതെന്നുമുള്ള ചിന്ത സാവധാനം രൂപപ്പെട്ടുവരുന്നതു കാണാം. ഈ ചിന്തയാണ് പലപ്പോഴും മധ്യകാലഘട്ടത്തില്‍ സാര്‍വത്രികസൂനഹദോസുകള്‍ നടത്താന്‍ ചില മാര്‍പാപ്പാമാരെ പ്രേരിപ്പിച്ചതുതന്നെ. സഭയുടെ പൊതുവായ കാര്യങ്ങളിലുള്ള തീരുമാനങ്ങള്‍ സാര്‍വത്രികസൂനഹദോസുകളിലാണ് എടുക്കേണ്ടത്. അല്ലാതെ, ഓരോ രാജ്യത്തിലെ പൊതുസിനഡുകളിലോ നാഷണല്‍ സിനഡുകളിലോ അല്ല എന്നു തീരുമാനിക്കാന്‍ ഇതു കാരണമായി.
രണ്ടാം നൂറ്റാണ്ടുമുതല്‍ മാര്‍പാപ്പാമാര്‍ നാഷണല്‍ കൗണ്‍സിലുകളുടെമേല്‍ അധികാരം പ്രയോഗിക്കാന്‍ തുടങ്ങി. 13-ാം നൂറ്റാണ്ടില്‍ അതു കൂടുതല്‍ ശക്തമാക്കി. 1256 ല്‍ ഹംഗറിയിലെ ഗ്രാന്‍ പട്ടണത്തില്‍ നടത്തിയ കൗണ്‍സിലില്‍ മാര്‍പാപ്പാമാരുടെ പ്രതിനിധികളാണ് അധ്യക്ഷത വഹിച്ചത്. 1263 ല്‍ പാരീസില്‍വച്ച് ഫ്രാന്‍സിനു മുഴുവനായി നടത്തിയ സിനഡിലും 1287 ല്‍ വ്യൂസ്ബുര്‍ഗില്‍ ജര്‍മനിക്കുവേണ്ടി നടത്തിയ സിനഡിലും മാര്‍പാപ്പായുടെ പ്രതിനിധികള്‍ അധ്യക്ഷത വഹിച്ചു. എന്നാല്‍, 14-ാം നൂറ്റാണ്ടില്‍ ഈ സ്ഥിതിക്കു വ്യത്യാസം വന്നു. യൂറോപ്പിലെ വിവിധ രാജ്യങ്ങള്‍ (രാഷ്ട്രങ്ങള്‍) കൂടുതല്‍ സ്വതന്ത്രമാകാന്‍ തുടങ്ങിയതും വലിയ ശീശ്മ (Great schism) വഴി പാപ്പാസ്ഥാനത്തിന്റെ പ്രാധാന്യം ചോദ്യം ചെയ്യപ്പെട്ടതും അതിനു കാരണങ്ങളാണ്. അതിന് ഉദാഹരണമാണ് 1395, 1398, 1406 എന്നീ വര്‍ഷങ്ങളില്‍ പാരീസില്‍വച്ചു നടന്ന ദേശീയസൂനഹദോസുകളില്‍ മാര്‍പാപ്പാമാരുടെ പ്രതിനിധികളെ സ്വീകരിക്കാതിരുന്നത്. മാത്രവുമല്ല, ഇവയില്‍ പാപ്പാസ്ഥാനത്തെ വിമര്‍ശിക്കുകകൂടി ചെയ്യുന്നുണ്ട്. പാപ്പാസ്ഥാനത്തെ എതിര്‍ക്കുന്ന ചിന്തയ്ക്കായിരുന്നു അന്നു മുന്‍തൂക്കം. ഈ സാഹചര്യമാണ് വലിയശീശ്മ അവസാനിപ്പിക്കുന്നതിനുവേണ്ടി ഒരു സാര്‍വത്രികസൂനഹദോസിന്റെ ആവശ്യകതയ്ക്കു വഴിതെളിച്ചത്. എന്നാല്‍, അപ്പോഴേക്കും കൗണ്‍സിലിനാണ് പാപ്പായെക്കാള്‍ പ്രാധാന്യം എന്ന കൊന്‍ചീലിയര്‍തത്ത്വം സാവധാനം ശക്തിപ്പെട്ടുവരാന്‍ തുടങ്ങിയിരുന്നു.
സാര്‍വത്രികസൂനഹദോസ്
16-ാം നൂറ്റാണ്ടുമുതല്‍ പ്രൊട്ടസ്റ്റന്റ്‌വിപ്ലവത്തെത്തുടര്‍ന്ന് മതഭിന്നതകള്‍ പല യൂറോപ്യന്‍രാജ്യങ്ങളിലും നടമാടാന്‍ തുടങ്ങിയതോടെയാണ് നാഷണല്‍ കൗണ്‍സിലുകള്‍ മാര്‍പാപ്പാമാര്‍ക്ക് ആശങ്കയ്ക്കു കാരണമായി മാറിയത്. അതിനാല്‍, മാര്‍പാപ്പാമാര്‍ ഇഷ്ടപ്പെട്ടത് ദേശീയസൂനഹദോസുകളെക്കാള്‍ സാര്‍വത്രികസൂനഹദോസുകളായിരുന്നു. കാരണം, രാജ്യതാത്പര്യങ്ങള്‍ക്കുപരിയായി ഇവയ്ക്കു നില്‍ക്കാനാകുമെന്ന ചിന്തയായിരുന്നു. 1524 ല്‍ ജര്‍മനിയില്‍ സ്പയര്‍ എന്ന സ്ഥലത്ത് ഒരു നാഷണല്‍ കൗണ്‍സില്‍ പദ്ധതിയിട്ടെങ്കിലും നടക്കാതെ പോയി. 1561 ല്‍ ഫ്രാന്‍സില്‍ പൊയ്‌സയില്‍ ഒരു നാഷണല്‍ കൗണ്‍സില്‍ ഫ്രഞ്ചുവൈദികരുടെ സമ്മേളനം'എന്ന പേരില്‍ നടന്നു. ഇതാണ് 1557 ല്‍ തത്കാലത്തേക്ക് രണ്ടാം പ്രാവശ്യം നിര്‍ത്തിവച്ചിരുന്ന ട്രെന്റ് കൗണ്‍സില്‍ വീണ്ടും 1561 ല്‍ ആരംഭിക്കാന്‍ പയസ് നാലാമന്‍ മാര്‍പാപ്പായെ പ്രേരിപ്പിച്ചത്.
14-ാം നൂറ്റാണ്ടുമുതല്‍ ഏതാണ്ട് ഇല്ലാതായ പ്രാദേശികസൂനഹദോസുകളുടെ ഉയിര്‍ത്തെഴുന്നേല്പു സംഭവിക്കുന്നത് ട്രെന്റ് കൗണ്‍സിലിനോടെയാണ്. ഇത്തരം കൗണ്‍സിലുകളുടെ ആവശ്യകത ട്രെന്റ് എടുത്തുകാട്ടുന്നുണ്ട്. വി. ചാള്‍സ് ബറോമിയോ മിലാന്‍ മെത്രാപ്പോലീത്തായായിരുന്ന കാലത്തു നടത്തിയ ചില മിലാന്‍പ്രാദേശിക സൂനഹദോസുകളാണ് പിന്നീട് ഇവയ്ക്ക് മാതൃകയായിത്തീര്‍ന്നത്. 15-ാം നൂറ്റാണ്ടുമുതല്‍ 18-ാം നൂറ്റാണ്ടുവരെ ഫ്രാന്‍സില്‍ നടന്നുവന്നിരുന്ന ഫ്രഞ്ചുവൈദികരുടെ സമ്മേളനം, നാഷണല്‍ സൂനഹദോസുകള്‍ ആയിരുന്നില്ലെന്നു പറയുന്നതാണു ശരി. രാജാവിനെ ഭരണകാര്യങ്ങളില്‍ സഹായിക്കാനുതകുന്ന ചില കാര്യങ്ങളും, കരം ഈടാക്കുന്നതും മറ്റു സാമ്പത്തികകാര്യങ്ങളുമൊക്കെയായിരുന്നു ഇവയുടെ പ്രതിപാദ്യവിഷയം.
എല്ലാ രാജ്യങ്ങളിലെയും മെത്രാന്മാര്‍ക്കും സാര്‍വത്രികസൂനഹദോസില്‍ പ്രാതിനിധ്യമുണ്ടെന്നും അതിനാല്‍ത്തന്നെ ക്രൈസ്തവലോകത്തെ മുഴുവനും ഒന്നിപ്പിക്കുന്ന ഒരു കാര്യമാണ് സാര്‍വത്രികസൂനഹദോസെന്നുമാണ് കണക്കാക്കിയിരുന്നതെങ്കിലും, കൗണ്‍സിലുകളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ മനസ്സിലാകും അത് എപ്പോഴും സാധ്യമായിരുന്നില്ല എന്ന്. ഒന്നാം വത്തിക്കാന്‍ സൂനഹദോസില്‍പ്പോലും അതു സാധിച്ചിട്ടില്ല. മറ്റു പല സാര്‍വത്രികസൂനഹദോസുകളിലും ക്രൈസ്തവലോകത്തെ മുഴുവന്‍ രാജ്യങ്ങളെയും ഉള്‍പ്പെടുത്താന്‍ സാധിച്ചിരുന്നില്ല. എങ്കിലും, അവയില്‍ സന്നിഹിതരായിരുന്ന മെത്രാന്മാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ മാര്‍പാപ്പായുടെ അംഗീകാരത്തോടെ സാര്‍വത്രികസഭ മുഴുവനെയും ബാധിക്കുന്നതാണെന്നും സഭയിലെ എല്ലാവര്‍ക്കും അതു നിയമമായിത്തീരുന്നുവെന്നും തീര്‍ച്ചയാണ്.
(തുടരും)