•  27 Feb 2025
  •  ദീപം 57
  •  നാളം 50
ലേഖനം

അനുഗൃഹീതരായ അപ്പനമ്മമാര്‍

   മക്കളുടെ വളര്‍ച്ചയുടെ വഴികളില്‍ അവരിലെ ദൈവവിശ്വാസവും അതില്‍നിന്നും അങ്കുരിക്കുന്ന വൈദിക, സന്ന്യാസജീവിതങ്ങളോടുള്ള അഭിനിവേശവും സസൂക്ഷ്മം ശ്രദ്ധിച്ച് യഥാസമയം അവരുടെ ആഗ്രഹത്തിനു പറഞ്ഞയയ്ക്കുന്ന അപ്പനമ്മമാര്‍ അനുഗൃഹീതരുടെ പട്ടികയില്‍ പേരുചേര്‍ക്കപ്പെടുന്നവരാണ്. ദൈവത്തിനും സഭയ്ക്കുമായി തങ്ങളുടെ സന്താനങ്ങളെ സമ്മാനിക്കുമ്പോഴും മക്കളുടെ പടിയിറക്കത്തില്‍ ചങ്കു പിടയുന്ന അനുഭവം ഉണ്ടാകാത്തവരായി അവരിലാരുംതന്നെ കാണില്ല. കാരണം, പ്രാണന്‍ പകുത്തുനല്കുന്നപോലെയാണ് അവര്‍ തങ്ങളുടെ വത്സലകുഞ്ഞുങ്ങളെ കര്‍ത്താവിന്റെ കരതലങ്ങളില്‍ കൊടുക്കുന്നത്. അവരുടെ അമൂല്യമായ ത്യാഗാര്‍പ്പണത്തെ നോക്കി മാലാഖമാര്‍പോലും അസൂയപ്പെടുന്നുണ്ടാവും! മണ്ണും വിണ്ണും അവര്‍ക്കായി മംഗളഗാനങ്ങള്‍ പാടുന്നുണ്ടാവും!
   കുകുടുംബമാകുന്ന കുസുമവനിയില്‍നിന്നു പിഴുതെടുക്കപ്പെട്ട ഒരു പാരിജാതച്ചെടി കണക്കെ മകനോ മകളോ സുവിശേഷവേലയ്ക്കായി വീടുവിട്ടിറങ്ങുമ്പോള്‍ ഹൃദയമലരില്‍നിന്ന് ഒരുരുദളം ഇറുത്തെടുക്കപ്പെടുന്നതിന്റെ നൊമ്പരമായിരിക്കും അവരനുഭവിക്കുന്നത്. എങ്കിലും, പരിശുദ്ധനായവന്റെ പൂത്താലത്തില്‍ പൂജാദ്രവ്യമായി പ്രതിഷ്ഠിക്കപ്പെടാനും, തമ്പുരാന്റെ തിരുസ്സന്നിധിയില്‍ തൈലം തീരാതെ തെളിഞ്ഞുകിടക്കുന്ന തൂക്കുവിളക്കാകാനുമാണ് അവര്‍ വേര്‍തിരിക്കപ്പെടുന്നത് എന്ന തിരിച്ചറിവ് കരളിന്റെ കരിനിലത്തു കെട്ടിക്കിടന്ന സങ്കടങ്ങള്‍ക്കുമീതേ മഞ്ഞുപാടയാകാറുണ്ട്. വീടിന്റെ കടമ്പ കടന്ന് കര്‍ത്തൃസേവനത്തിന്റെ കടലോരത്തേക്കു തങ്ങളുടെ കുഞ്ഞുങ്ങള്‍ കാലടികള്‍ വയ്ക്കുമ്പോള്‍ ജന്മമേകിയവരുടെ മിഴിയിണകള്‍ അറിയാതെ ഈറനണിയുന്നത് ഇടനെഞ്ചില്‍ പെയ്തിറങ്ങിയ കദനങ്ങളാലല്ല; മറിച്ച്, അവരുടെ ജീവിതസാഫല്യത്തിന്റെ നിര്‍വൃതിയില്‍നിന്നു നിര്‍ഗളിക്കുന്ന ആനന്ദാശ്രുക്കളാലാണ്. അന്നുമുതല്‍ വിശുദ്ധിയുടെ വസ്ത്രം അവരണിയുന്ന നാള്‍ വിരലിലെണ്ണി അവര്‍ കാത്തിരിക്കാറുണ്ട്. അതിനായി മിഴിനീര്‍ധാരയില്‍ നനഞ്ഞ നൊവേനപ്പുസ്തകങ്ങളും ജപമാലയും മാറോടണച്ചു മുറുകെപ്പിടിച്ച കുരിശുരൂപവുമായി ഇരവുപകലുകള്‍ അവര്‍ കഴിയാറുണ്ട്. അവരുടെ അസാന്നിധ്യം വീട്ടില്‍ സൃഷ്ടിക്കുന്ന ഭാരപ്പെടുത്തുന്ന ശൂന്യത പുഞ്ചിരിയാല്‍ മറയ്ക്കാന്‍ പണിപ്പെടുന്നുണ്ട്. മക്കളുടെ തിരുപ്പട്ടശുശ്രൂഷയിലും സഭാവസ്ത്രസ്വീകരണത്തിലുമൊക്കെ പങ്കുകൊള്ളുമ്പോള്‍ നിറഞ്ഞുതുളുമ്പുന്ന മാതൃപിതൃനയനങ്ങളാണ് ഭൂമിയില്‍ ഏറ്റവും ഭാഗ്യപ്പെട്ടവ!
ഓര്‍ക്കണം, വ്രതങ്ങളെടുത്തും വിശുദ്ധവസ്ത്രങ്ങളുടുത്തും വീടും നാടും വിട്ട് സമര്‍പ്പണവഴിയിലൂടെ സഞ്ചരിക്കുന്നവര്‍ മാത്രമല്ല സമര്‍പ്പിതര്‍. സമാനവിധത്തിലല്ലെങ്കിലും, തങ്ങള്‍ നൊന്തുപെറ്റു വളര്‍ത്തിയ സന്താനങ്ങളെ സഭാസേവനത്തിനായി സസന്തോഷം ദാനമേകുന്ന മാതാപിതാക്കളും സുവിശേഷശുശ്രൂഷയിലെ സഹപ്രവര്‍ത്തകര്‍തന്നെയാണ്. അവരും വന്ദ്യരാണ്; അഭിവന്ദ്യരാണ്. സമര്‍പ്പിതരുടെസഞ്ചാരം സദാ സഹനത്തിലൂടെയും സാഹസികതയിലൂടെയുമാണ്. അക്കാരണത്താല്‍ത്തന്നെ, അവരുടെ അപ്പനമ്മമാര്‍ അനുനിമിഷം കരളിന്റെ കല്ലടുപ്പില്‍ വ്യാകുലങ്ങളുടെ കെടാത്ത കനലുകളുമായി കഴിഞ്ഞുകൂടുന്നവരാണ്. 
കുഞ്ഞുന്നാളില്‍ കൈകാലുകള്‍ വളരുന്നതു കണ്ട് ആനന്ദിച്ചിരുന്ന അവര്‍ പിന്നീട് കൈകാലുകള്‍ തളരുന്നുണ്ടോ എന്നോര്‍ത്ത് ആകുലപ്പെടുന്നുണ്ട്. തങ്ങളുടെ മരണക്കിടക്കയില്‍ ദാഹത്തോടെ മക്കളെ തിരയുമ്പോള്‍, അരികിലെത്താന്‍ കഴിയാതെപോയ അകലെയുള്ള അച്ചന്‍ മകനെയും, കന്യാസ്ത്രീമകളെയുമൊക്കെ പലപ്പോഴും നഷ്ടമായിപ്പോകുന്നവരാണവര്‍. കണ്ണടഞ്ഞ നേരംവരെ സ്വപ്നങ്ങള്‍ സ്വരുക്കൂട്ടി സ്വയം പണിത അള്‍ത്താരയില്‍ എന്റെ ആദ്യകുര്‍ബാനയര്‍പ്പണം കൊതിതീരാതെ കണ്ടുകൊണ്ടുകിടന്ന വയോധികനായ ഒരു വത്സലപിതാവും, വാര്‍ദ്ധക്യത്തിന്റെ വല്ലായ്മകളെ വകവയ്ക്കാതെ എന്നും വെളുക്കുംമുമ്പേ ഉണര്‍ന്ന് നിരന്തരം എനിക്കുവേണ്ടി ഉള്ളുരുകി പ്രാര്‍ഥിച്ചിരുന്ന ഒരമ്മയും, കരുതലുള്ള കൂടപ്പിറപ്പുകളും എനിക്കു കൈവന്ന പുണ്യങ്ങളാണ്. എന്റെ ജീവിതപവിത്രതയെക്കാള്‍ ഉപരിയായി അവരുടെയൊക്കെ പ്രാര്‍ഥനകളാണ് പൗരോഹിത്യപാതയില്‍ പാഥേയമായി പ്രതിദിനം എനിക്കു നല്കപ്പെടുന്നതും, വീഴ്ചകളില്‍ വിശ്വാസത്തോടെയും, പ്രതിസന്ധികളില്‍ പ്രത്യാശയോടെയും മനമിടറാതെ മുന്നേറാന്‍ എന്നെ പ്രാപ്തനാക്കുന്നതും. കന്യാസ്ത്രീയാകാന്‍ കടിഞ്ഞൂലിനെയും, പുരോഹിതനാകാന്‍ ആറ്റുനോറ്റുണ്ടായ ആണ്‍തരിയെയും കര്‍ത്താവിന്റെ കരതലങ്ങളിലേക്കു വ്യവസ്ഥകളില്ലാതെ വച്ചുകൊടുക്കുന്ന അപ്പനമ്മമാരുടെ അര്‍പ്പണമനോഭാവത്തെ ആധുനികലോകത്തില്‍ ആര്‍ക്കൊക്കെ അനുകരിക്കാനാവും? പിഞ്ചുകുഞ്ഞ് പിച്ചവയ്ക്കുംമുമ്പേ പൈലറ്റാക്കാനും, എഴുതിത്തുടങ്ങുംമുമ്പേ എഞ്ചിനീയറാക്കാനും, മൂളിത്തുടങ്ങുംമുമ്പേ മൂന്നുകോടി നേടുന്ന സ്റ്റാര്‍സിംഗര്‍ ആക്കിത്തീര്‍ക്കാനുമൊക്കെയല്ലേ ഇന്ന് മാതാപിതാക്കള്‍ മത്സരിക്കുന്നത്?
ഒറീസ്സയില്‍ ഒരുരുപറ്റം ശത്രുക്കളുടെ ശരമുനകളാല്‍ രക്തസാക്ഷിത്വം വരിച്ച അരുള്‍ദാസച്ചനോ, അച്ചനായി അഞ്ചുവര്‍ഷം ആകുന്നതിനുമുമ്പേ ആന്ധ്രായില്‍ അക്രമികളുടെ കത്തിക്കുത്തുകളേറ്റ് പ്രാണന്‍പോയ പാണ്ടിപ്പള്ളിയച്ചനോ, ആളിപ്പടര്‍ന്ന അഗ്നിയില്‍ സ്വന്തം കുരുന്നുമക്കളോടൊപ്പം ചുട്ടുചാമ്പലാക്കപ്പെട്ട ഗ്രഹാം സ്റ്റെയിന്‍സിനോ, വണ്ടിയില്‍നിന്നു വലിച്ചിറക്കപ്പെട്ട് വയറ്റിലും വക്ഷസ്സിലും വെട്ടുകളേറ്റ് വഴിയോരത്തു വീണുമരിച്ച സിസ്റ്റര്‍ റാണി മരിയയ്‌ക്കോ ഒക്കെ ഒരിക്കല്‍കൂടി പിറവി കൊടുക്കാന്‍ ഇന്നത്തെ എത്ര ഗര്‍ഭപാത്രങ്ങള്‍ക്കു ശേഷിയുണ്ട്? എത്ര അപ്പന്മാര്‍ക്ക് ആത്മധൈര്യമുണ്ട്? സഹനങ്ങളെ സാമോദം സ്വീകരിച്ചും, കഷ്ടതകളുടെ കാഞ്ഞിരക്കനികള്‍ കടിച്ചുതിന്നും, വിളിച്ചവനുവേണ്ടി വചനവേല ചെയ്യുന്ന തങ്ങളുടെ ഓമനമക്കള്‍ ആക്രമിക്കപ്പെടുമ്പോഴും, അടച്ചവഹേളിക്കപ്പെടുമ്പോഴും, അടിസ്ഥാനരഹിതമായി ആരോപിതരാകുമ്പോഴും, ചില ചന്തച്ചാനലുകളിലെ അന്തിച്ചര്‍ച്ചകളില്‍ കരിവാരിത്തേയ്ക്കപ്പെടുമ്പോഴുമൊക്കെ മനം നുറുങ്ങുന്ന അവരുടെ മാതാപിതാക്കള്‍, സഹോദരങ്ങള്‍. അവരുടെ നോവുകളും നഷ്ടങ്ങളും അവര്‍ക്കുമാത്രം സ്വന്തം. പെറ്റമ്മയുടെ പരിലാളനയുടെ പാല്‍രുചി നാവിന്റെ നനവില്‍ നുണഞ്ഞിറക്കുകയും, അപ്പന്റെ കരുതലിന്റെ കരസ്പര്‍ശം അയവിറക്കുകയും ചെയ്ത ആര്‍ക്കുംതന്നെ അങ്ങനെയുള്ളവരുടെ വേദനകളെ കണ്ടില്ലെന്നു നടിക്കാന്‍ കെല്പുണ്ടാവുകയില്ല. 
ഓര്‍ക്കണം, പുണ്യശീലരായ സമര്‍പ്പിതരെ പാലൂട്ടിയ മാതൃസ്തനങ്ങളെയും, പരിപാലിച്ച പിതൃകരങ്ങളെയും കുറിച്ചായിരിക്കും പണ്ടൊരുവള്‍ പരിശുദ്ധമറിയത്തെ പുകഴ്ത്തിപ്പാടിയ ഈരടികള്‍ (ലൂക്കാ 11:27) ഇനി വരുംതലമുറ ആവര്‍ത്തിക്കുക. നമ്മുടെ പ്രാര്‍ഥനകളില്‍ സഭയിലെ സകല സമര്‍പ്പിതരെയും അവരുടെ മാതാപിതാക്കളെയും അനുസ്മരിക്കാം. തിരുസ്സഭയില്‍ കൂടുതല്‍ ദൈവവിളികള്‍ക്കായി വിളവിന്റെ നാഥനെ വിളിച്ചപേക്ഷിക്കുന്നതോടൊപ്പം അവിടുത്തെ തിരുഹിതത്തിനു സ്വയം സമര്‍പ്പിച്ച് സഹകരിക്കാന്‍ സന്നദ്ധരായ അനേകം അപ്പനമ്മമാര്‍ ഉണ്ടാകുന്നതിനായി പ്രാര്‍ഥിക്കുകയും ചെയ്യാം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)