മനുഷ്യക്കുഞ്ഞുങ്ങളെ കൈകാലുകള്‍ ചേര്‍ത്തു തോര്‍ത്തുകൊണ്ട് കട്ടിലില്‍ ബന്ധിക്കുക...
വിവസ്ത്രരാക്കുക... കോമ്പസും ഡിവൈഡറും ഉപയോഗിച്ച് പച്ചമാംസം കുത്തിക്കീറുക...
ദേഹം വേദനയാല്‍ പിടഞ്ഞുവെട്ടി കണ്‍മഴിച്ചു വാ പിളര്‍ത്തുമ്പോള്‍ കണ്ണിലും വായിലും ലോഷന്‍ ഒഴിക്കുക... കുത്തിക്കീറിയ മുറിവുകളിലും രഹസ്യഭാഗങ്ങളിലും ലോഷനൊഴിച്ച്... ബ്ലേഡുകൊണ്ടു വരഞ്ഞ്...പ്രാണനൊടുങ്ങുമെന്ന ഭീതിയില്‍ നെഞ്ചകം പിളര്‍ന്നുള്ള കരച്ചില്‍ കേട്ടുള്ള ലഹരിയില്‍ പാട്ടുവച്ചു ഡാന്‍സ് ചെയ്യുന്നവര്‍...
ദേഹം വരഞ്ഞുകീറപ്പെട്ട് പാതിബോധത്തില്‍ അലറിക്കരയുന്ന അവന്റെ ജനനേന്ദ്രിയത്തില്‍ ഡംബല്‍ എടുത്തുവയ്ക്കല്‍....ഇതൊന്നും ഒരു രക്തരൂഷിത
സൈക്കോ കില്ലര്‍ സിനിമയുടെ തിരക്കഥയിലെ ഭാഗങ്ങളല്ല; പൈശാചികോന്മാദത്തില്‍ സ്വയം മറന്ന് കൗമാരം കടക്കാത്ത നരാധമന്മാരായ അഞ്ചു പേര്‍ തങ്ങളുടെ കുഞ്ഞനുജന്മാരായ കുട്ടികളോടു ചെയ്ത ക്രൂരതയുടെ ഏറ്റവും സഭ്യമായ വര്‍ണനയാണ്. പാതി വേരറ്റ ബോധത്തില്‍ വേദനയുടെ ദീനതയില്‍ അലറിക്കരയുന്ന നിമിഷങ്ങളുടെ വീഡിയോ പകര്‍ത്തി വീണ്ടും അവരത് ആസ്വദിച്ചു. ആധുനികകൗമാരത്തിനു മനസ്സും മനുഷ്യത്വവും കൈമോശം വന്നുവെന്നോ?
കോട്ടയം ഗവണ്‍മെന്റ് നേഴ്‌സിങ് കോളജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ അതിക്രൂര റാഗിങ്ങിനാണ് ഇരയായത്. കഴിഞ്ഞ നവംബറില്‍ ആരംഭിച്ച റാഗിങ്ങിന്റെ ഉള്ളുലയ്ക്കുന്ന കഥകള്‍ പുറത്തുവരുന്നത് ഇപ്പോഴാണ്. 2024 ഡിസംബര്‍ മൂന്നിനു ചിത്രീകരിച്ച വീഡിയോയില്‍ കാണുന്ന ദൃശ്യങ്ങള്‍ കരളുരുക്കുന്നതാണ്. ഇടുക്കിസ്വദേശിയായ ലിബിന്റെ പരാതിയില്‍ അഞ്ചു സീനിയര്‍ വിദ്യാര്‍ഥികളെ ഗാന്ധിനഗര്‍ പൊലീസ്അറസ്റ്റുചെയ്തു. പട്ടികജാതി - വര്‍ഗ വിഭാഗക്കാര്‍ക്കുള്ള മൂന്നുവര്‍ഷ ജനറല്‍ നേഴ്‌സിങ് കോഴ്‌സ് വിദ്യാര്‍ഥികളാണ് റാഗിങ് നേരിട്ടവരും പ്രതികളും. കോട്ടയം മൂന്നിലവ് കീരിപ്ലാക്കല്‍ സാമുവല്‍ ജോണ്‍സണ്‍, വയനാട് പുല്‍പ്പള്ളി ഞാവലത്ത് എന്‍.എസ്. ജീവ, മലപ്പുറം പയ്യനാട് കച്ചേരിപ്പടി വീട്ടില്‍ സി. റിജില്‍ജിത്ത്, വണ്ടൂര്‍ കരുമാരപ്പറ്റ കെ.പി. രാഹുല്‍രാജ്, കോട്ടയം കോരുത്തോട് നെടുങ്ങാട്ട് എന്‍.വി. വിവേക് എന്നിവരാണ് അറസ്റ്റിലായത്. അഞ്ചുപേരെയും അന്വേഷണ വിധേയമായി കോളജില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു. തുടര്‍പഠനം തടഞ്ഞുകൊണ്ട് നേഴ്‌സിങ് കൗണ്‍സില്‍ സര്‍ക്കാരിനു കത്തു നല്‍കി. അറസ്റ്റിലായ അഞ്ചു പ്രതികളില്‍ 20 ല്‍ താഴെ പ്രായമുള്ള മൂന്നു പേരെ കാക്കനാട് ജില്ലാ ജയിലിനോടനുബന്ധിച്ചുള്ള ബോസ്റ്റല്‍ സ്‌കൂളിലേക്കും മറ്റു രണ്ടുപേരെ കോട്ടയം സബ്ജയിലിലേക്കും മാറ്റി. തുടരന്വേഷണത്തിനായി പ്രതികളെ അഞ്ചുദിവസം കസ്റ്റ
ഡിയിലാവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. സംഭവത്തില്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടതനുസരിച്ച് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. സംസ്ഥാന-ദേശീയ മനുഷ്യാവകാശക്കമ്മീഷനുകള്‍ കേസെടുത്തു.പൊറുക്കാനാവാത്ത അലംഭാവം
റാഗിങ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്ച കണ്ടെത്തിയതിനെത്തുടര്‍ന്ന് കോളജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ എ.ടി. സുലേഖയെയും വാര്‍ഡന്റെ ചുമതലയുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ അജീഷ് പി. മാണിയെയും സസ്‌പെന്‍ഡ് ചെയ്തു. അനുവദിക്കാനാവാത്ത അലംഭാവമാണ് അധികൃതരില്‍നിന്നുണ്ടായതെന്നു പറയാതെവയ്യ. മെഡിക്കല്‍ കോളജ് കാര്‍ഡിയോളജി ബ്ലോക്കിനു സമീപം കാമ്പസിനുള്ളില്‍ത്തന്നെയാണ് വിദ്യാര്‍ഥികള്‍ ക്രൂരറാഗിങ്ങിന് ഇരയായ ഹോസ്റ്റല്‍. ഒരു മുറിയില്‍ മൂന്നു വിദ്യാര്‍ഥികള്‍ക്കുവീതം 30 പേര്‍ക്കു താമസിക്കാവുന്ന ഈ ഹോസ്റ്റലില്‍ ഇപ്പോള്‍ ജനറല്‍ നേഴ്‌സിങ് വിഭാഗത്തിലെ 15 കുട്ടികളാണുള്ളത്. മറ്റുള്ള കുട്ടികള്‍ക്ക് റാഗിങ് സംബന്ധിച്ച് അറിവുണ്ടായിരുന്നുവെന്നും എന്നാല്‍, സീനിയര്‍ വിദ്യാര്‍ഥികളെ ഭയന്നാണ് വിവരം പുറത്തുപറയാതിരുന്നതെന്നും ഗാന്ധിനഗര്‍ എസ്.എച്ച്. ഒ.ടി. ശ്രീജിത്ത് പറഞ്ഞു. പീഡനവിവരം അറിഞ്ഞില്ലെന്നും നിലവിളിയൊന്നും കേട്ടില്ല എന്നുമാണ് ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴി. റാഗിങ് നടന്ന മുറിയുടെ തൊട്ടടുത്ത റൂമില്‍ താമസിക്കുന്ന അസിസ്റ്റന്റ് വാര്‍ഡന്‍ ഒന്നുമറിഞ്ഞിട്ടില്ലെന്നു പറയുന്നതില്‍ അസ്വാഭാവികതയുണ്ട്. ഉപജീവനത്തിനുള്ള ഒരു വെറും ജോലിമാത്രമായി അധ്യാപകവൃത്തിയെ കാണുന്നതിലൂടെ സംഭവിച്ച അപചയം വളരെ വലുതാണ്. സ്വന്തം മക്കളായി അധ്യാപകര്‍ വിദ്യാര്‍ഥികളെ നെഞ്ചോടു ചേര്‍ത്തു പിടിച്ചിരുന്ന കാലം കടന്നുപോയിരിക്കാം. അടുത്ത മുറികളില്‍ താമസിക്കുന്ന വിദ്യാര്‍ഥികളും തങ്ങള്‍ ഒന്നുമറിഞ്ഞില്ലെന്ന നിലപാടാണെടുത്തത്. അപരനില്‍ അവനവനെ കാണുന്ന സഹജീവിദര്‍ശനം ഡിജിറ്റല്‍ യുഗതലമുറയില്‍ കൈമോശം വന്നു കഴിഞ്ഞെന്ന് ഉറപ്പിച്ചുതുടങ്ങേണ്ട കാലമായെന്നു തോന്നുന്നു. അനീതിക്കെതിരേ പ്രതികരിക്കാനുള്ള ആര്‍ജവം കൈമോശം വരുന്ന ഒരു തലമുറ രാഷ്ട്രത്തിന്റെ മുന്നോട്ടുപോക്കിന് അത്ര അനുയോജ്യമല്ല. പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു ജനതയ്ക്ക് തങ്ങളുടെ അവകാശങ്ങള്‍പോലും ഔദാര്യമായി കൈപ്പറ്റാനാണു വിധി. പക്ഷേ, ഒന്നോര്‍ക്കാം, മറച്ചുവയ്ക്കുംതോറും ഈ ക്രൂരത വലുതായിക്കൊണ്ടേയിരിക്കും.
രാഷ്ട്രീയധാര്‍ഷ്ട്യത്തിന്റെ വിളവെടുപ്പോ?
പൂക്കോട് ഗവണ്‍മെന്റ് വെറ്ററിനറി കോളജ് വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ത്ഥന്‍ റാഗിങ്ങിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തിട്ട് ഫെബ്രുവരി 18 ന് ഒരു വര്‍ഷം തികഞ്ഞു. ആ കേസ് എങ്ങുമെത്തിയിട്ടില്ല. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, സിദ്ധാര്‍ത്ഥന്റെ ആത്മഹത്യയ്ക്കു കാരണക്കാരായ റാഗിങ്പ്രതികളും കോട്ടയം നേഴ്‌സിങ് കോളജ് കേസിലെ പ്രതികളും ഒരേ സംഘടനയുടെ പ്രവര്‍ത്തകരാണ്! സംഘടനയുടെ സംസ്ഥാന സെക്രട്ടറിയാണ് പ്രതികളിലൊരാളായ രാഹുല്‍രാജ്. ബാക്കിയുള്ളവര്‍ പ്രവര്‍ത്തകരും. സിദ്ധാര്‍ത്ഥന്റെ കേസില്‍ വഴിവിട്ട ഇടപെടലുകള്‍ ഉണ്ടായെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. എന്തുചെയ്താലും തങ്ങളെ രക്ഷിക്കാന്‍ ആളുണ്ടെന്ന രാഷ്ട്രീയ മാടമ്പിത്തരത്തിന്റെ ധാര്‍ഷ്ട്യമാണോ ഈ ക്രൂരതകള്‍? റാഗിങ്ങുമായി ബന്ധപ്പെട്ടു വിദ്യാര്‍ഥികള്‍ പരസ്യപ്രതികരണം നടത്തരുതെന്നും മാധ്യമങ്ങളോടു സംസാരിക്കരുതെന്നും എന്തെങ്കിലുമുണ്ടെങ്കില്‍ തന്റെ മൊബൈല്‍ നമ്പര്‍ നല്കണമെന്നും നേഴ്‌സിങ് കോളജ് ചെയര്‍ പേഴ്‌സണ്‍ വിദ്യാര്‍ഥികള്‍ക്കു വാട്‌സ്ആപ്പ് സന്ദേശം അയച്ചത് ഇത്തരുണത്തില്‍ ശ്രദ്ധിക്കണം. പ്രതികള്‍ അംഗങ്ങളായ സ്റ്റുഡന്‍സ് നേഴ്‌സസ് അസോസിയേഷനാണ് യൂണിയന്‍ ഭരിക്കുന്നത്. രാഷ്ട്രീയം = ഗുണ്ടായിസം + ക്രൂരത എന്ന സമവാക്യം കുട്ടികളുടെ മനസ്സില്‍ പാകിക്കിളിര്‍പ്പിച്ച് നേട്ടം കൊയ്യാനുള്ള രാഷ്ട്രീയ കുതന്ത്രങ്ങള്‍ ഇനി എവിടെച്ചെന്ന് അവസാനിക്കും? കുട്ടിക്ക്രിമിനലുകളുടെ അഭയസ്ഥാനമായി മാറുകയാണോ നവയുഗരാഷ്ട്രീയം? കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളെ റാഗ് ചെയ്ത 11 സീനിയര്‍ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു കേസ് പോലീസിനെ കൈമാറിയതും ഈ മാസമാണ്.
മാലാഖമാര്‍ ചെകുത്താന്മാര്‍ ആകുന്നുവോ?
വെള്ളയുടുപ്പിട്ട മാലാഖമാരായി ആതുരസേവനത്തിന്റെ ആശ്വാസം പകരേണ്ട കരങ്ങളാണു മനസ്സാക്ഷി വിറങ്ങലിക്കുന്ന ക്രൂരതകള്‍ ചെയ്തുകൂട്ടിയെന്നതു ദൗര്‍ഭാഗ്യകരമായിപ്പോയി. അന്യന്റെ വേദന ലഹരിയായിക്കാണുന്ന ആര്‍ദ്രത വറ്റിയ മനസ്സുകളില്‍ ആതുരസേവനത്തിന്റെ നിര്‍വചനം എന്തായിരിക്കും? തങ്ങള്‍ ചെയ്ത ക്രൂരതയുടെ വീഡിയോ ചിത്രീകരിച്ചു കണ്ടാസ്വദിക്കത്തക്കവിധം അവരില്‍ ലഹരിയുടെ ഉന്മാദവും നിറഞ്ഞിരുന്നു. എല്ലാ ആഴ്ചയും പ്രതികള്‍ക്കു മദ്യം വാങ്ങാനുള്ള തുക നല്‌കേണ്ടത് ജൂനിയര്‍ വിദ്യാര്‍ഥികളായിരുന്നു. മദ്യലഹരിയില്‍ കാണിച്ചുകൂട്ടുന്ന പേക്കൂത്തുകളൊന്നും ആരും അറിഞ്ഞില്ലെന്നു പറയുമ്പോഴാണ് കരുണ വറ്റിയ മനസ്സുകള്‍ കര്‍ണങ്ങളെ സ്വയം ബധിരമാക്കുന്നതാണെന്ന് നാം തിരിച്ചറിയുന്നത്.
വിവരമില്ലെന്ന് മുഖ്യമന്ത്രി
കേരളത്തിലെ റാഗിങ് കേസുകള്‍ സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ലെന്ന മുഖ്യമന്ത്രിയുടെ മറുപടി കേരളത്തെ ഞെട്ടിക്കുന്നതാണ്. 2016 മുതല്‍ ഇതുവരെ കേരളത്തിലെ കോളജ് കാമ്പസുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണമെത്ര എന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ ചോദ്യത്തിനാണ് വിവരങ്ങള്‍ ലഭ്യമല്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി മറുപടി നല്കിയത്! ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയുടെ മറുപടിയിലെ ഉത്തരവാദിത്വമില്ലായ്മ ഞെട്ടലോടെയാണ് കേരളം കേട്ടത്. കേസുകളുടെ എണ്ണം പറഞ്ഞാല്‍ അതില്‍ സ്വീകരിച്ച നടപടികളും വെളിപ്പെടുത്തേണ്ടിവരും എന്നതാവും മുഖ്യമന്ത്രിയെ പിന്നോട്ടു വലിച്ചത്. വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ശക്തമായ സമരവുമായി ഇപ്പോള്‍ രംഗത്തുണ്ട്. പക്ഷേ, എത്ര നാള്‍? ശ്രദ്ധ തിരിക്കാനായി സര്‍ക്കാര്‍ പുതിയൊരു വിഷയമുണ്ടാക്കിക്കൊടുക്കും. അവര്‍ അതിനു പിന്നാലെ പോകും. പതിവ് വേലകളുടെ ആവര്‍ത്തനംതന്നെ.
റാഗിങ് മാനസികവൈകല്യമോ?
വല്യേട്ടന്‍ മനോഭാവത്തില്‍ തങ്ങള്‍ക്കു കീഴ്‌പെടത്തക്കവിധമുള്ള ഇരകളെ കണ്ടെത്തുകയും അവരെ വേദനിപ്പിക്കുന്നതിലും ചൂഷണം ചെയ്യുന്നതിലും നിര്‍വൃതി കണ്ടെത്തുകയും ചെയ്യുന്നത് ഒരു മാനസികവൈകല്യമാണ്. അടിസ്ഥാനപരമായ വ്യക്തിത്വവൈകല്യമാണ് ഈ മാനസികാവസ്ഥയ്ക്കു നിദാനം. മറ്റുള്ളവരെ ആക്രമിക്കുന്നതിലും വേദനിപ്പിക്കുന്നതിലും ആനന്ദം കണ്ടെത്തുന്ന മനഃസ്ഥിതിക്ക് ചികിത്സ കൂടിയേ തീരൂ.
നിയമങ്ങള്‍ കര്‍ശനം പക്ഷേ...
റാഗിങ്ങിനെതിരേ കര്‍ശനനിയമങ്ങള്‍ നിലവിലുണ്ട്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റാഗിങ് കമ്മിറ്റികള്‍ രൂപീകരിക്കണമെന്നാണ് ചട്ടം. ഈ കമ്മിറ്റിയില്‍ അധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും പ്രതിനിധികളെ കൂടാതെ പ്രദേശത്തെ സന്നദ്ധപ്രവര്‍ത്തകന്‍, തദ്ദേശസ്ഥാപനത്തിന്റെ പ്രതിനിധി എന്നിവരും ഉണ്ടാവണം. റാഗിങ് പ്രതിരോധനടപടികള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് യുജിസിയുടെ നിര്‍ദേശവും ഉണ്ട്. എന്നാല്‍, പലയിടങ്ങളിലും യുജിസി മാര്‍ഗരേഖയിലുള്ള കാര്യങ്ങള്‍ പാലിക്കുന്നില്ല എന്നത് ദയനീയമാണ്. റാഗിങ് പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ നടപടിയെടുത്തില്ലെങ്കില്‍ സ്ഥാപനമേധാവിക്കെതിരേയും കേസെടുക്കണമെന്നാണ് ചട്ടം. ഓരോ മാസവും ലഭിച്ച റാഗിങ് പരാതികളും അതിലെടുത്ത നടപടികളും വ്യക്തമാക്കി കോളജ് പ്രിന്‍സിപ്പല്‍മാര്‍ അഞ്ചാം തീയതിക്കുമുമ്പായി വൈസ് ചാന്‍സലര്‍ക്കും വൈസ് ചാന്‍സലര്‍ എല്ലാ മാസവും ഗവര്‍ണര്‍ക്കും റിപ്പോര്‍ട്ട് നല്‌കേണ്ടതാണ്.
എന്നിട്ടും ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ലെന്ന് മുഖ്യമന്ത്രി പറയുന്നതില്‍ ദുരൂഹതയുണ്ട്.
ഭാവി നശിപ്പിക്കുന്ന റാഗിങ്
കേസില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയാല്‍ രണ്ടുമാസംമുതല്‍ രണ്ടു വര്‍ഷംവരെ സസ്‌പെന്‍ഡ് ചെയ്യാനോ കോളജില്‍നിന്ന് പുറത്താക്കാനോ റാഗിങ് കമ്മിറ്റിക്ക് അധികാരമുണ്ട്. രണ്ടര ലക്ഷം രൂപവരെ പിഴയും ജയില്‍വാസവുമാണ് ശിക്ഷ. ഇതോടെ ഇവരുടെ പഠനം നിലയ്ക്കുകയും ഭാവി നഷ്ടപ്പെടുകയുമാണു പതിവ്. എന്നിട്ടും ഇത് ആവര്‍ത്തിക്കുന്നത് പല കേസുകളും തെളിയാതെ പോകുന്നതുകൊണ്ടും ഭീഷണിപ്പെടുത്തി പലരെക്കൊണ്ടും കേസ് പിന്‍വലിപ്പിക്കുന്നതുകൊണ്ടുമാണ്. എങ്കിലും മറച്ചുവയ്ക്കാതെ ഈ ക്രൂരതയ്‌ക്കെതിരേ വിദ്യാര്‍ഥികളും സമൂഹവും ഒറ്റക്കെട്ടായി മുന്നേറേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു. ഇല്ലെങ്കില്‍ ഇനി അടുത്തത് സംഭവിക്കുന്നത് നമ്മുടെ കുടുംബത്തിലാവാം.
ലേഖനം
റാഗിങ് ക്രൂരത ! ഈ പേക്കൂത്ത് ആരവസാനിപ്പിക്കും?
