കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് കേരളത്തില്‍ സ്വകാര്യസര്‍വകലാശാലകള്‍ തുറക്കുന്നതിനുള്ള കരടു ബില്ലിന് 2025 ഫെബ്രുവരി 10 ന് ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി. കേരളത്തില്‍ പ്രൈവറ്റ് യൂണിവേഴ്സിറ്റികള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ പച്ചക്കൊടി കാട്ടാന്‍ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടു പിന്നിട്ടു. 2011 മുതല്‍ ഗൗരവമായ ചര്‍ച്ചകള്‍ ആരംഭിച്ചതാണ്. 2015 ല്‍ ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ ഇതിനായി പ്രത്യേകം പഠനസമിതിയെ പ്രഖ്യാപിച്ചു സാധ്യതകള്‍ തേടി. എം.ജി. യൂണിവേഴ്സിറ്റിയുടെ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് ചെയര്‍മാനായ പത്തംഗസമിതി 2015 സെപ്റ്റംബറില്‍ സര്‍ക്കാരിന് എട്ട് അധ്യായങ്ങളുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേരളത്തിലെ ഉന്ന തവിദ്യാഭ്യാസമേഖലയില്‍ ആഗോളകാഴ്ചപ്പാടോടെ വരുത്തേണ്ട അടിയന്തരമാറ്റങ്ങളെക്കുറിച്ചു റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹി, കര്‍ണാടക, യു.പി., ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ വിവിധ സ്വകാര്യസര്‍വകലാശാലകള്‍ സന്ദര്‍ശിച്ചു പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്. ഈ റിപ്പോര്‍ട്ടിനെ എതിര്‍ത്തു പുറന്തള്ളിയവരാണ് ഇന്ന് ഇതേ നിര്‍ദേശങ്ങള്‍ പൊടിതട്ടിയെടുത്ത് മറ്റൊരു രൂപത്തില്‍ പഴയ വീഞ്ഞ് പുതിയ തോല്‍ക്കുടത്തിലെന്നപോലെ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന വിരോധാഭാസവും നിലനില്ക്കുന്നു.
കരിഓയിലും കരണത്തടിയും
2016 ജനുവരി 29 ന് സംഘടിപ്പിക്കപ്പെട്ട ആഗോളവിദ്യാഭ്യാസസമ്മേളനത്തിനെതിരേ ഉന്നതവിദ്യാഭ്യാസമേഖലയില്‍ സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിക്കില്ലെന്നും രാജ്യാന്തരയൂണിവേഴ്സിറ്റികളെ കേരളത്തില്‍ കാലുകുത്തിക്കില്ലെന്നും മുദ്രാവാക്യങ്ങള്‍ മുഴക്കി അരങ്ങേറിയ എസ്എഫ്‌ഐയുടെ സമരകൈയാങ്കളി കേരളവിദ്യാഭ്യാസചരിത്രത്തിലെ കറുത്ത അധ്യായമായി നിലനില്‍ക്കുന്നു. ഉന്നതവിദ്യാഭ്യാസരംഗത്ത് ആഗോളകാഴ്ചപ്പാടോടുകൂടിയ സമഗ്രമാറ്റം ലക്ഷ്യംവച്ച് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ സംഘടിപ്പിച്ച സെമിനാര്‍ അലങ്കോലമാക്കി കൗണ്‍സില്‍ വൈസ്ചെയര്‍മാന്‍ ടി.പി. ശ്രീനിവാസനെ
സമ്മേളനപ്രവേശനകവാടത്തിനു പുറത്തുവച്ച് അടിച്ചുതാഴെയിട്ട് അക്രമം അഴിച്ചുവിട്ടു. പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയില്‍ നൂതനകാഴ്ചപ്പാടോടെ പരിഷ്‌കരണം നടത്താന്‍ എടുത്ത നടപടികള്‍ വിദ്യാര്‍ഥിചാവേറുകളെവച്ച് അട്ടിമറിച്ചവര്‍ സ്വകാര്യസര്‍വകലാശാലകളെ ഇന്നു വാനോളം പുകഴ്ത്തി സഹര്‍ഷം സ്വാഗതം ചെയ്യുമ്പോള്‍ ഇന്നലെകളില്‍ ഇതിനെതിരേ നടന്ന പ്രക്ഷോഭങ്ങള്‍ എന്തിനു വേണ്ടിയായിരുന്നുവെന്ന ചോദ്യം പൊതുസമൂഹത്തില്‍നിന്നുയരുന്നതു സ്വാഭാവികം.
ചര്‍ച്ചകളുടെ തുടര്‍ച്ച 2021 മുതല്‍ പലതവണ ഉന്നതവിദ്യാഭ്യാസവകുപ്പുമന്ത്രി നിയമസഭയില്‍ സ്വകാര്യസര്‍വകലാശാലകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നു പ്രഖ്യാപിച്ചു. 2023 നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെ മുഖ്യമന്ത്രിമാരും മന്ത്രിമാരും നടത്തിയ നവകേരളസദസ്സില്‍ പലയിടങ്ങളിലായി സ്വകാര്യസര്‍വകലാശാലകള്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ വേഗത്തില്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. 2024 ഫെബ്രുവരിയില്‍ സംസ്ഥാനധനമന്ത്രി ബജറ്റുപ്രസംഗത്തില്‍ ഉന്നതവിദ്യാഭ്യാസമേഖലയില്‍ വിദേശ-സ്വകാര്യ യൂണിവേഴ്‌സിറ്റികള്‍ ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു പരാമര്‍ശിച്ചതിന്റെ പേരില്‍ പാര്‍ട്ടി സംവിധാനത്തിന്റെയുള്‍പ്പെടെ വിവിധ കോണുകളില്‍നിന്ന് എതിര്‍പ്പുകള്‍ ഏറ്റുവാങ്ങി. ഈ പശ്ചാത്തലത്തില്‍ നിന്നുവേണം മന്ത്രിസഭ അംഗീകരിച്ച സ്വകാര്യസര്‍വകലാശാലാബില്ലിനെ പൊതുസമൂഹം കാണാനും വിലയിരുത്താനും.
പങ്കാളിത്തം നിഷേധിക്കാനാവുമോ?
കേരളത്തിന്റെ ഈ വിദ്യാഭ്യാസമുന്നേറ്റത്തിന്റെ ഏറ്റവും വലിയ ചാലകശക്തി സ്വകാര്യവിദ്യാഭ്യാസമേഖലയാണ്. രാഷ്ട്രീയഭരണനേതൃത്വങ്ങളുടെ നിരന്തരമായ അക്രമങ്ങളും ഭീഷണികളും നേരിടേണ്ടിവന്നിട്ടുണ്ടെങ്കിലും സാക്ഷര കേരളത്തിന്റെ വിദ്യാഭ്യാസചരിത്രം തിരുത്തിയെഴുതി ലോകത്തിന്റെ അതിര്‍ത്തികളിലേക്കു മലയാളിമക്കളെ കൈപിടിച്ചുയര്‍ത്തി ജീവിതം കരുപ്പിടിപ്പിച്ചത് സംസ്ഥാനത്തെ സ്വകാര്യവിദ്യാഭ്യാസഏജന്‍സികള്‍തന്നെ. ഈ രംഗത്ത് കേരളത്തിലെ ക്രൈസ്തവസമൂഹം വഹിച്ച പങ്കാളിത്തത്തിനു പകരംവയ്ക്കാന്‍ കാലങ്ങള്‍ കഴിഞ്ഞിട്ടും മറ്റൊരു സംവിധാനമില്ലെന്നുള്ളതും പരമാര്‍ഥം. വിദ്യാഭ്യാസമേഖലയുടെ, പ്രത്യേകിച്ച് ഉന്നതവിദ്യാഭ്യാസത്തിന്റെ സാര്‍വത്രികപ്രവേശനത്തിനു സംസ്ഥാനസര്‍ക്കാരിന്റെ സാമ്പത്തികപ്രതിസന്ധിയില്‍ പരിമിതവിഭവങ്ങള്‍മാത്രമുള്ളപ്പോള്‍ സ്വകാര്യദാതാക്കളുടെ പങ്കാളിത്തവും ഇടപെടലും അനിവാര്യമാണ്. ആധുനികകാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കും സാങ്കേതികമുന്നേറ്റങ്ങള്‍ക്കുമനുസരിച്ചു സമയബന്ധിതമായി ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിക്കാനും നിക്ഷേപമിറക്കി മത്സരിക്കാനും സര്‍ക്കാര്‍സംവിധാനങ്ങള്‍ പരാജയപ്പെടുമ്പോള്‍ കേരളത്തിന്റെ മനുഷ്യവിഭവശേഷിയെ രാജ്യാന്തരഗുണനിലവാരത്തിനനുസരിച്ചു മത്സരക്ഷമത കൈവരിച്ചു ശക്തിപ്പെടുത്താനും, പുതുതലമുറയുടെ നാടുവിട്ടുള്ള ഒഴുക്കിനെ തടഞ്ഞുനിര്‍ത്തി അവരെ ആകര്‍ഷിക്കുന്ന പുതുജനറേഷന്‍ കോഴ്സുകള്‍ ആരംഭിക്കാനും വിദ്യാഭ്യാസമേഖലയില്‍ സ്വകാര്യനിക്ഷേപത്തെ പ്രോത്സാഹിപ്പിക്കണമെന്നും സ്വാശ്രയ സ്ഥാപനങ്ങള്‍ അനിവാര്യമാണെന്നും സ്വകാര്യസര്‍വകലാശാലകള്‍ ഇന്നിന്റെ ആവശ്യമെന്നുമുള്ള ഇടതുപക്ഷസര്‍ക്കാരിന്റെ വൈകിയുദിച്ച ബുദ്ധി വിശ്വാസത്തിലെടുത്തു നിക്ഷേപകര്‍ വരുമോ?
സ്വാശ്രയം-സംരക്ഷണമില്ല
സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയില്‍ പണം മുടക്കാന്‍ സ്വകാര്യവ്യക്തികളും മതസമുദായസംഘടനകളും മുന്നോട്ടുവന്നതുകൊണ്ടുമാത്രമാണ് കേരളത്തിലെ ഗ്രാമങ്ങളില്‍പ്പോലും സ്‌കൂളുകളും കോളജുകളുമുണ്ടായത്. സര്‍ക്കാര്‍മാത്രം പണംമുടക്കി ഫീസില്ലാതെയും കുറഞ്ഞഫീസിലും ഏതാനും സ്ഥാപനങ്ങള്‍മാത്രം നടത്തിയിരുന്നെങ്കില്‍ കേരളത്തിന്റെ സാക്ഷരതയും സാധ്യതകളും എവിടെയെത്തുമായിരുന്നുവെന്ന് ഊഹിക്കാമല്ലോ. സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ ഇന്ന് ഈ നിലയിലെങ്കിലും പിടിച്ചുനില്‍ക്കുന്നതിന്റെ അടിസ്ഥാനകാരണം സ്വാശ്രയ, സ്വകാര്യവിദ്യാഭ്യാസസ്ഥാപനങ്ങളുടെ നിക്ഷേപത്തിലൂടെ പടുത്തുയര്‍ത്തിയ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലെ, നിസ്വാര്‍ഥസേവനങ്ങളിലൂടെ ഉയര്‍ന്ന യോഗ്യതകള്‍ നേടി തലമുറകള്‍ രാജ്യാന്തരതലത്തില്‍ ജോലി തോടിപ്പോയതുകൊണ്ടാണ്. പക്ഷേ, സ്വാശ്രയവിദ്യാഭ്യാസമേഖലയെ മാഫിയകളെന്നും വിദ്യാഭ്യാസക്കച്ചവടക്കാരെന്നും ആക്ഷേപിച്ച് രാഷ്ട്രീയചാവേറുകളെവച്ച് കല്ലെറിയാനും കൂച്ചുവിലങ്ങിടാനും സ്ഥാപനങ്ങള്‍ തല്ലിത്തകര്‍ക്കാനും മത്സരിച്ചെതിര്‍ത്തവരിപ്പോള്‍ സ്വകാര്യസര്‍വകലാശാലകള്‍ എന്ന ആശയം മുന്നോട്ടുവയ്ക്കുമ്പോള്‍ രണ്ടുവട്ടം ആലോചിക്കാതെ എടുത്തുചാടുന്നത് അപകടമാണ്. ഇന്നും സ്വാശ്രയസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ കൂട്ടിലടയ്ക്കാന്‍ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസഭരണസംവിധാനങ്ങള്‍ ശ്രമിക്കുമ്പോള്‍ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്കും രാഷ്ട്രീയ അജണ്ടകള്‍ക്കും അടിപ്പെട്ട് സ്വകാര്യസര്‍വകലാശാല വിജയിപ്പിച്ചെടുക്കാന്‍ കേരളത്തില്‍ അത്ര എളുപ്പമല്ല. സര്‍ക്കാരിന്റെ സ്വകാര്യ സര്‍വകലാശാലപ്രഖ്യാപനത്തില്‍ ആത്മാര്‍ഥയുണ്ടെങ്കില്‍ ആദ്യം വേണ്ടത് സംസ്ഥാനത്തെ നിലവിലുള്ള സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സംരക്ഷണവും പ്രവര്‍ത്തനസ്വാതന്ത്ര്യവും ഉറപ്പുവരുത്തുകയാണ്.
കേരളത്തില്‍നിന്ന് അന്യസംസ്ഥാനങ്ങളിലേക്കു യുവത്വം ഒഴുകുമ്പോള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്കു വിദ്യാര്‍ഥികള്‍ കടന്നുവരാതെ നിലവില്‍ നിയന്ത്രണങ്ങളും നിരോധനങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നത് സംസ്ഥാനം ഭരിക്കുന്നവര്‍ അറിയാതെയാണോ? 50:50 എന്ന ഫോര്‍മുലയില്‍ കേരളത്തിലെ സ്വാശ്രയവിദ്യാഭ്യാസമേഖലയെ കൂട്ടിലടച്ചവര്‍ 60 ശതമാനം വിദ്യാര്‍ഥികളെ കേരളത്തിനുപുറത്തുനിന്നാകാമെന്നു സ്വകാര്യയൂണിവേഴ്സിറ്റികളോടു പറയുന്നതില്‍ എന്തു ന്യായീകരണം? സര്‍ക്കാരിന്റെ ഒരു സാമ്പത്തികസഹായവുമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്വാശ്രയസ്ഥാപനങ്ങളെ വിവരാവകാശത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന വിവരക്കേടിന് സര്‍ക്കാരിന് ഉത്തരമുണ്ടോ? സ്വകാര്യയൂണിവേഴ്സിറ്റിക്ക് ഫീസ് സ്വന്തമായി നിശ്ചയിക്കാം. അതേ രീതിയില്‍ പണംമുടക്കി സ്വാശ്രയവിദ്യാഭ്യാസസ്ഥാപനം നടത്തുന്നവര്‍ക്കു സര്‍ക്കാര്‍ ഫീസ് നിശ്ചയിക്കുന്ന വിരോധാഭാസം കാണാതെ പോകുന്നതെന്ത്?
എയ്ഡഡ് പ്രതിസന്ധികള്‍
സ്വകാര്യസര്‍വകലാശാലയ്ക്കു സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സാമ്പത്തിക സഹായം അഥവാ എയ്ഡ് ഉണ്ടാവില്ല. അതേസമയം, ചില എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് മാനേജ്മെന്റുകള്‍ക്കു സര്‍ക്കാര്‍ സാമ്പത്തിക സഹായം വേണ്ടെന്നുവച്ച് മെഡിക്കല്‍ ശാസ്ത്രസാങ്കേതികമേഖലയിലെ കോഴ്സുകളിലേക്കു തിരിഞ്ഞ് സ്വകാര്യ സര്‍വകലാശാലകളായി മാറാനുള്ള സാധ്യതകളും പരിഗണിക്കേണ്ടതാണ്. എയ്ഡഡ് കോളജുകള്‍ എയ്ഡഡ് പദവി നിലനിര്‍ത്തിക്കൊണ്ട് സ്വകാര്യ സര്‍വകലാശാലയായി മാറണമെങ്കില്‍ സര്‍ക്കാരിന്റെ നയപരമായ തീരുമാനമുണ്ടാകണം. പ്രത്യേകിച്ച് സര്‍ക്കാര്‍ശമ്പളം ലഭിക്കുന്ന എയ്ഡഡ് അധ്യാപകരെ ഏതു രീതിയില്‍ സ്വകാര്യ സര്‍വകലാശാലയില്‍ ഉള്‍പ്പെടുത്തുമെന്നത് ചോദ്യചിഹ്നമാണ്.
സ്വയംഭരണമാണ്; എന്തുനേട്ടം?
സ്വയംഭരണസ്ഥാപനങ്ങളെന്നു യുജിസി പ്രഖ്യാപിച്ച സ്വാശ്രയസ്ഥാപനങ്ങളില്‍ നിയന്ത്രണം മുഴുവന്‍ സര്‍ക്കാരിന്. ഉദാഹരണം സ്വാശ്രയ എഞ്ചിനീയറിങ് കോളജുകള്‍. സ്വയംഭരണകോളജുകള്‍ക്ക് സ്വതന്ത്രമായി അഡ്മിഷന്‍ നടത്താം. പക്ഷേ, കേരളത്തില്‍മാത്രം പറ്റില്ല. അഡ്മിഷനും ഫീസും സര്‍ക്കാര്‍ നിശ്ചയിക്കും. സാങ്കേതികയൂണിവേഴ്സിറ്റിയുടെ കൈകടത്തല്‍ വേറേയും. 2023 ലെ യുജിസി റെഗുലേഷന്‍ പ്രകാരം സ്വയംഭരണ കോളജുകള്‍ക്കു യൂണിവേഴ്സിറ്റിയില്‍ അഫിലിയേഷന്‍ ഫീസില്ല. കേരളത്തിലെ സാങ്കേതികയൂണിവേഴ്സിറ്റി അഫിലിയേഷന്‍ ഫീസ് എന്ന പേരുമാറ്റി മറ്റൊരു പേരില്‍ പണം ഈടാക്കുന്ന പദ്ധതി നടപ്പിലാക്കുന്നു. സര്‍ക്കാരിന്റെയും യൂണിവേഴ്സിറ്റികളുടെയും പീഡനങ്ങള്‍ നിരന്തരം തുടരുമ്പോഴാണ് സ്വകാര്യ സര്‍വകലാശാലകള്‍ക്കു പച്ചക്കൊടി കാട്ടിയിരിക്കുന്നത്. കേരളത്തില്‍ നിലവിലുള്ള സ്വാശ്രയ-സ്വയംഭരണ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിനുള്ള ആത്മാര്‍ഥസമീപനമാണ് സര്‍ക്കാര്‍ ആദ്യം സ്വീകരിക്കേണ്ടത്.
കോര്‍പ്പറേറ്റുകളുടെ കൈകളിലേക്ക്
സ്വകാര്യസര്‍വകലാശാലകളിലൂടെ സംസ്ഥാനസര്‍ക്കാര്‍ ലക്ഷ്യമിടുന്നത് നിലവിലുള്ള വിദ്യാഭ്യാസ ഏജന്‍സികളെക്കാളുപരി രാജ്യത്തെ വന്‍കിട കോര്‍പ്പറേറ്റുകളുടെ കടന്നുവരവാണ്. കോര്‍പ്പറേറ്റുകള്‍ നിക്ഷേപമിറക്കുമ്പോള്‍ വിദ്യാഭ്യാസത്തിനപ്പുറം ബിസിനസ്സ് ലക്ഷ്യങ്ങള്‍ വേറേയുണ്ടാകുമെന്നുറപ്പ്. 2012 ല്‍ 190 സ്വകാര്യസര്‍വകലാശാലകള്‍ ഇന്ത്യയിലുണ്ടായിരുന്നെങ്കില്‍ ഇപ്പോഴത് 430 പിന്നിട്ടു. പ്രമുഖ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ തങ്ങളുടെ സാമൂഹിക ഉത്തരവാദിത്വഫണ്ട് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കായി മാറ്റിവച്ച് പുതിയ സാമ്രാജ്യം കെട്ടിപ്പടുക്കുന്നു. ഇത് ഇന്ത്യയുടെമാത്രം പ്രത്യേകതയല്ല. ലോകത്തെവിടെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ വന്‍വ്യവസായികള്‍ സ്വാധീനിക്കുന്ന സാഹചര്യമുണ്ട്. സാങ്കേതികവിദ്യ ഓട്ടോമൊബൈല്‍ രംഗത്തെ വന്‍ സാമ്രാജ്യഉടമയായ ഇലോണ്‍ മസ്‌ക്‌പോലും സ്വന്തം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്ഥാപിച്ചിരിക്കുന്നു. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസമേഖലയില്‍ പിടിമുറുക്കുമ്പോള്‍ നിലവിലുള്ള സര്‍ക്കാര്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാകുമെന്നുറപ്പ്.
തങ്ങളുടെ സ്വകാര്യ സര്‍വകലാശാലകളുടെ മറവില്‍ വന്‍കിടതോട്ടങ്ങള്‍ ഇക്കൂട്ടര്‍ ഏറ്റെടുക്കാം. വിദ്യാഭ്യാസസ്ഥാപനങ്ങളോടൊപ്പം ടൗണ്‍ഷിപ്പുകളും വ്യാപാരസമുച്ചയങ്ങളും ആരംഭിച്ചെന്നിരിക്കാം. ടൂറിസംസാധ്യതകളും കണ്ടെത്താം. പക്ഷേ, ഇതിനായി ഭൂമി തരംമാറ്റിയെടുക്കാന്‍ സര്‍ക്കാരിന് നിയമഭേദഗതി നടത്തേണ്ടിവരും. മികച്ച പഠനസൗകര്യങ്ങളും അത്യാധുനിക കോഴ്സുകളും ആരംഭിച്ച് ആരോഗ്യസാങ്കേതികരംഗത്ത് വിദഗ്ധരെ സൃഷ്ടിക്കാന്‍ സ്വകാര്യ സര്‍വകലാശാലകള്‍ അവസരമുണ്ടാക്കാം. കോര്‍പ്പറേറ്റുകള്‍ വിദ്യാഭ്യാസമേഖലയില്‍ എത്തുമ്പോള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാനും സാധ്യതയുണ്ട്. എന്നാല്‍, വന്‍കിടകോര്‍പ്പറേറ്റുകള്‍ക്ക് സംസ്ഥാനവിദ്യാഭ്യാസമേഖലയെ സര്‍ക്കാര്‍ തീറെഴുതിക്കൊടുക്കുമ്പോള്‍ തകര്‍ന്നടിയുന്നത് തലമുറകളായി അറിവുപകരുന്ന എയ്ഡഡ്, സ്വാശ്രയമേഖലകളാണെന്നുള്ളത് മറക്കരുത്. സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസമേഖലയില്‍ നിരവധി സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ സാധ്യതാപഠനം നടത്തി സ്വകാര്യസര്‍വകലാശാലകള്‍ കടന്നുവരുമോയെന്ന ആശങ്കയുമുണ്ട്.
അവകാശവാദവുമായി സര്‍ക്കാര്‍
യുജിസി സ്വയംഭരണപദവികള്‍ നല്കിയിരിക്കുന്ന ഉന്നതനിലവാരമുള്ള സ്വാശ്രയ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളില്‍പ്പോലും സര്‍ക്കാരിന്റെ ഇടപെടലുകളും കൈകടത്തലുകളും നിരന്തരം ആവര്‍ത്തിക്കുമ്പോള്‍, സംസ്ഥാനത്തിന്റെ സ്വകാര്യവിദ്യാഭ്യാസമേഖലയില്‍ യാതൊരു സുരക്ഷിതത്വവുമില്ലാതെ വ്യക്തികളും ഏജന്‍സികളും നിക്ഷേപമിറക്കുന്നത് ആത്മഹത്യാപരമായിരിക്കും.
ഇരുപത് പ്രമുഖ സ്വകാര്യ സര്‍വകലാശാലകള്‍ സംസ്ഥാനത്ത് കാമ്പസ് ആരംഭിക്കുന്നതിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അവകാശവാദമുയര്‍ത്തുന്നു. ആരോഗ്യ, നിയമ, സാങ്കേതിക, പഠന മേഖലകളാണിവര്‍ ലക്ഷ്യംവയ്ക്കുന്നത്. ടൗണ്‍ഷിപ്പുകളും പിന്നാമ്പുറത്തിലുണ്ട്. വിമാന, റെയില്‍ സൗകര്യമുള്ള ജില്ലകളിലാവും സ്വകാര്യ നിക്ഷേപം എത്തിച്ചേരുക.
താമസസൗകര്യംമുതല്‍ വിനോദകേന്ദ്രങ്ങള്‍വരെ ഉള്‍പ്പെടുത്തിയുള്ള വിദ്യാഭ്യാസടൗണ്‍ഷിപ്പുകള്‍ കൂടുതല്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുമെന്നും നിക്ഷേപവും തൊഴില്‍സാധ്യതകളുമുണ്ടാകുമെന്നുമാണ് സംസ്ഥാനസര്‍ക്കാരിന്റെ പ്രതീക്ഷ. സ്വകാര്യവത്കരണത്തിനും ആഗോളകുത്തകകള്‍ക്കും വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കുമെതിരേ ഇന്നലകളില്‍ മുഷ്ടിചുരുട്ടി സമരരംഗത്തിറങ്ങി രക്തക്കളം സൃഷ്ടിച്ച് വിദ്യാഭ്യാസമേഖലയൊന്നാകെ കാലങ്ങളോളം സ്തംഭിപ്പിച്ച് നൂറുകണക്കിനു വിദ്യാര്‍ഥികളുടെ ഭാവിയും ജീവിതവും ജീവനും പന്താടിയ ഇടതുപക്ഷകമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ സ്വകാര്യവത്കരണത്തിനും വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കും പരവതാനി വിരിക്കുന്നത് പ്രതീക്ഷയേകുന്നു. പറ്റിപ്പോയ പാളിച്ചകളും തെറ്റുകളും ഏറ്റുപറഞ്ഞുള്ള ഈ മനംമാറ്റവും നയംമാറ്റവും ലക്ഷ്യത്തിലെത്തുമോ? കാത്തിരുന്നു കാണാം.
കവര്‍സ്റ്റോറി
സ്വകാര്യസര്‍വകലാശാലാ ബില്‍ : ഉന്നതവിദ്യാഭ്യാസത്തിന് പുത്തന്‍പാത തുറക്കുമോ?
