•  Published From Palai
  •  Contact Us
  •  Previous Issues
  •  8 May 2025
  •  ദീപം 58
  •  നാളം 9
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • സിനിമ
    • നേര്‍മൊഴി
    • നോവല്‍
    • ബാലനോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
    • പ്രതിഭ
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
എഡിറ്റോറിയല്‍

ഈ അന്ധവിശ്വാസികളെ ആരു തിരുത്തും?

  • ചീഫ് എഡിറ്റര്‍ & മാനേജിങ് ഡയറക്ടര്‍ : ഫാ. കുര്യന്‍ തടത്തില്‍
  • 20 February , 2025

    അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, മനുഷ്യനുള്ള കാലംതൊട്ടേ രൂപപ്പെട്ടുവന്നവയാണ്. വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളുംകൊണ്ടു കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു പ്രത്യേക മാനസികാവസ്ഥയില്‍ പണ്ഡിതപാമരഭേദമെന്യേ മനുഷ്യന്‍ വീര്‍പ്പുമുട്ടുന്നുവെന്ന പരമാര്‍ഥം നിഷേധിക്കാനാവാത്ത ഒരു വസ്തുതയാണ്. നവോത്ഥാനകേരളമെന്നു പറഞ്ഞ് നാം ഊറ്റംകൊള്ളുമ്പോഴും അതിന്റെ സാംസ്‌കാരികൗന്നത്യമോ ബൗദ്ധികപ്രഭാവമോ തൊട്ടുതീണ്ടിയിട്ടില്ലാത്ത ആശയങ്ങളും പെരുമാറ്റശീലങ്ങളും നമ്മെ വട്ടമിട്ടു പറക്കുന്നുണ്ട്. യുക്തിഭദ്രമായ ഒരു വിശ്വാസക്രമത്തിനും അച്ചടക്കത്തിനുമപ്പുറം, ഇന്നലെകളില്‍ കേരളം മണ്ണിനടിയിലേക്കു ചവിട്ടിത്താഴ്ത്തിയ കുറേ അനാചാരങ്ങളിലും ആഭിചാരക്രിയകളിലും നമ്മുടെ മനസ്സുടക്കുന്നുണ്ടെങ്കില്‍, സംശയിക്കേണ്ട, നമ്മുടെ ആത്മീയതയും സംസ്‌കാരവും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
    സുഖവും സന്തോഷവും സമ്പത്തും അധ്വാനമില്ലാതെ ആര്‍ജിക്കാനുള്ള മനുഷ്യാന്വേഷണങ്ങള്‍ക്കും അലച്ചിലുകള്‍ക്കും ശമനമില്ലാത്ത കാലമാണിത്. 'സമൃദ്ധിയുടെ ആത്മീയത' വിളമ്പി വിരുന്നൂട്ടു നടത്തുന്ന പ്രവചനക്കാരും ജ്യോത്സ്യന്മാരും വെളിച്ചപ്പാടുകളും ഉറഞ്ഞുതുള്ളുന്ന കലികാലംതന്നെയാണിത്. രോഗശാന്തിക്കും ശത്രുദോഷപ്പൊറുതിക്കും മറ്റും മനുഷ്യന്‍ നരബലിയടക്കമുള്ള ഏതു നീചകൃത്യത്തിനും വശംവദരാകുന്ന ഒരുതരം അടിമത്തത്തിന്റെ ഭീകരതയാണ് മനുഷ്യനെ ഭരിക്കുന്നതെന്നു പറയേണ്ടിവരും. അതേ, നമ്മുടെ കാഴ്ചപ്പാടുകള്‍ക്കും വിശ്വാസവീക്ഷണങ്ങള്‍ക്കും എവിടെയൊക്കെയോ തകരാറുണ്ടെന്ന് തുറന്നുസമ്മതിക്കുകതന്നെ വേണം.
പത്തനംതിട്ട ഇലന്തൂരിലും ഇടുക്കി കമ്പകക്കാനത്തും ഈയിടെ പാലക്കാട്ട് പോത്തുണ്ടിയിലും അരങ്ങേറിയ കൊലപാതകങ്ങള്‍ക്കു പ്രേരണയായത് അന്ധവിശ്വാസത്തിന്റെ ക്രൂരവിളയാട്ടങ്ങളാണെന്ന കണ്ടെത്തലുകള്‍ സ്വാഭാവികതയോടെ കേള്‍ക്കാന്‍ മലയാളി ഒരുപക്ഷേ, ശീലിച്ചിട്ടുണ്ടാവണം! അയല്‍പക്കത്തുള്ള മുടിനീളമുള്ള സ്ത്രീയാണ്, ഭാര്യയും മകളും തന്നെ വിട്ടുപോകാന്‍ കാരണമെന്ന പ്രവചനക്കാരന്റെ വാക്കുകളാണ് പകയുടെ തീക്കനലേറ്റ്  പോത്തുണ്ടിയിലെ ചെന്താമരയുടെ മനസ്സു പൊള്ളിച്ചത്. മൂന്നുപേരെ നിഷ്‌കരുണം കൊലപ്പെടുത്താനും രണ്ടുപേരെ വകവരുത്താനുംകൂടി പദ്ധതിയിട്ടത് അതിപൈശാചികതയിലേക്കു കാടുകയറാന്‍മാത്രം അയാളുടെ മനസ്സ് കൊടുംക്രൂരതയുടെ പ്രക്ഷുബ്ധഭൂമിയായതുകൊണ്ടാവാം. ഈയിടെ കേരളം ചര്‍ച്ച ചെയ്ത ഷാരോണിന്റെ കൊലയിലേക്കു പ്രതിയായ  ഗ്രീഷ്മയെ നയിച്ചതിന്റെ പല കാരണങ്ങളിലൊന്ന്, പ്രതിയുടെ ആദ്യഭര്‍ത്താവ് മരിക്കുമെന്ന പ്രവചനമാണ്.
അന്ധവിശ്വാസവും അനാചാരങ്ങളും പ്രചരിപ്പിച്ചു വന്‍തട്ടിപ്പു നടത്തി സാമ്പത്തികനേട്ടം കൊയ്യുന്നവര്‍ ഉത്തരേന്ത്യന്‍ ഉള്‍നാടുകളില്‍ മാത്രമല്ല, കേരളത്തിലും സര്‍വസാധാരണമാണ്. ദുര്‍മന്ത്രവാദികളെയും ആഭിചാരക്കാരെയും എതിര്‍ക്കാനോ അവരുമായി ശണ്ഠകൂടാനോ ആര്‍ക്കുമാവാത്തവിധം അവര്‍ ദിനംപ്രതി ശക്തിപ്പെട്ടുവരികയാണ്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വി.ഐ.പിമാരെയും നിയന്ത്രിക്കുന്നതും നയിക്കുന്നതും ജ്യോത്സ്യന്മാരും പ്രവചനക്കാരുമാണെന്നു പറഞ്ഞാല്‍ ഞെട്ടിയിട്ടു കാര്യമില്ല. അതില്‍ രാഷ്ട്രീയനേതാക്കള്‍ മാത്രമല്ല, സിവില്‍ ഉദ്യോഗസ്ഥരും ന്യായാധിപപ്രമുഖരുമൊക്കെയുണ്ട്. അവരുടെ ഇന്നലെകളെയും ഇന്നുകളെയും നാളെകളെയും കുറിച്ചു തീര്‍പ്പു കല്പിച്ചു പറയാന്‍മാത്രം പ്രബലരായി മാറിയിട്ടുണ്ട് ഇക്കൂട്ടര്‍. വിദ്യാഭ്യാസവും വിവരവുമുള്ളവര്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ ഒരു സാധാരണക്കാരന്റെ കാര്യം പറയേണ്ടതില്ലല്ലോ.
    അന്ധവിശ്വാസങ്ങളില്‍നിന്നും അനാചാരങ്ങളില്‍നിന്നും ശാപമോക്ഷം നേടുന്ന ഒരു മാനസികക്രമത്തിലേക്കു വളരാന്‍ നമ്മുടെ വിദ്യാഭ്യാസം കാരണമാകുന്നില്ലെങ്കില്‍ പിന്നെ അത് എന്താണ്? അന്ധവിശ്വാസനിര്‍മാര്‍ജനനിയമം മഹാരാഷ്ട്രയിലും കര്‍ണാടകയിലും ബീഹാറിലും അസമിലുമൊക്കെ പാസാക്കാന്‍ കഴിഞ്ഞിട്ടും പ്രബുദ്ധകേരളത്തിന് ഇതെന്തുപറ്റി? 2014 ല്‍ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ ഇത്തരമൊരു ബില്ല് കൊണ്ടുവരുമെന്നു പ്രഖ്യാപിച്ചെങ്കിലും ഫലം കണ്ടില്ല. ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമപരിഷ്‌കരണ കമ്മീഷന്‍ 2019 ല്‍ തയ്യാറാക്കിയ ദുര്‍മന്ത്രവാദ, ആഭിചാരക്രിയകള്‍ തടയല്‍ ബില്‍ ഇന്നും ഏതോ ഫയലില്‍ കുരുങ്ങിക്കിടക്കുകയാണ്. 
     വിശ്വാസവും അന്ധവിശ്വാസവും  തമ്മിലുള്ള അതിര്‍വരമ്പു നിശ്ചയിക്കാന്‍ എളുപ്പമല്ലെന്ന വാദമുന്നയിച്ച്  നമ്മുടെ ഭരണാധികാരികള്‍ എത്രനാള്‍ കൈകഴുകിയിരിക്കും? നരബലിയടക്കമുള്ള ആഭിചാരക്രിയകള്‍ക്ക് സാംസ്‌കാരികകേരളം സാക്ഷിയാകുമ്പോള്‍ സര്‍ക്കാര്‍ മൗനം പാലിച്ചിരിക്കുന്നത് കൊടുംക്രൂരതയാണ്. മതത്തിന്റെയും ദൈവത്തിന്റെയുംപേരില്‍ കൊലകളും അക്രമങ്ങളും അരങ്ങേറുന്നുണ്ടെങ്കില്‍ അതും നിശിതമായി വിമര്‍ശനവിധേയമാവണം. യഥാര്‍ഥത്തിലുള്ള ആത്മീയത മനുഷ്യത്വത്തിലേക്കുള്ള വളര്‍ച്ചയാണ്. അതു പാപരഹിതവും പരിശുദ്ധവുമായ വിശ്വാസജീവിതമാണ്. അത് ആരെയെങ്കിലും തകര്‍ക്കാനോ തരംതാഴ്ത്താനോ തച്ചുടയ്ക്കാനോ അല്ല, മനുഷ്യജീവിതത്തെ പടുത്തുയര്‍ത്തുന്നതാണെന്ന് പറഞ്ഞുവിശ്വസിപ്പിക്കേണ്ടിയിരിക്കുന്നു!

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)