''സാറേ, ക്ലാസെടുക്കാന്‍ വാ.'' സ്റ്റാഫ്‌റൂമിന്റെ വാതില്‍ക്കല്‍ വന്ന് ഏഴാം ക്ലാസിലെ രണ്ടു കുട്ടികള്‍ ക്ഷണിക്കുകയാണ്. ഇതു പതിവുള്ളതല്ലല്ലോ. ഡ്രില്‍മാഷിനെ വിളിക്കാന്‍ എല്ലാ ക്ലാസിലെയും കുട്ടികള്‍ തിരക്കിട്ടു വരാറുണ്ട്. ഒറ്റനിമിഷവും നഷ്ടപ്പെടുത്താതെ മാഷിനെയുംകൂട്ടി മടങ്ങാന്‍ വ്യഗ്രതപ്പെടാറുമുണ്ട്. പക്ഷേ, മറ്റധ്യാപകരെ ക്ഷണിച്ചുകൊണ്ടുപോകാന്‍ കുട്ടികള്‍ ഒരിക്കലും വന്നിട്ടില്ല. ഇപ്പോഴിതാ, സയന്‍സ് പഠിപ്പിക്കുന്ന സാറിനെ ക്ഷണിക്കാന്‍ കുട്ടികള്‍ എത്തിയിരിക്കുന്നു!
ഇതിലെന്തോ സൂത്രമുണ്ടെന്നു മനസ്സില്‍ തോന്നിയെങ്കിലും പുസ്തകമെടുത്ത് അവര്‍ക്കു പിന്നാലെ മാഷ് ക്ലാസ്സിലെത്തി ആണ്‍കുട്ടികളും പെണ്‍കുട്ടികളും പഠിക്കാന്‍ തയ്യാറായിരിക്കുകയാണ്. ടെക്‌സ്റ്റ് ബുക്ക് മുന്നില്‍ത്തന്നെ നിവര്‍ത്തിവച്ചിട്ടുണ്ട്. ഏഴാമത്തെ അധ്യായമാണ് ഇപ്പോള്‍ പഠിപ്പിക്കുന്നത്. കുട്ടികളുടെ മുഖത്തെ ആകാംക്ഷയും കൗതുകവും വായിച്ചെടുത്ത മാഷിനു കാര്യം മനസ്സിലായി. 'മനുഷ്യശരീരം ഒരു വിസ്മയം' എന്നതാണ് ഏഴാം അധ്യായം. മനുഷ്യവര്‍ഗത്തിന്റെ ശാരീരികധര്‍മങ്ങളും ആരോഗ്യശീലങ്ങളുമൊക്കെ കുട്ടികള്‍ക്കിണങ്ങുംവിധം പരിചയപ്പെടുത്തുന്ന പ്രസ്തുത അധ്യായത്തിന്റെ അവസാനഭാഗത്തെ ഉപശീര്‍ഷകങ്ങള്‍ കൗമാരവും ആരോഗ്യവും, ആര്‍ത്തവം, കൗമാരകാലത്തെ ഭക്ഷണം, ലൈംഗികചൂഷണം എന്നിവയാണ്.
പാഠഭാഗം വായിച്ചോ എന്ന ചോദ്യത്തിന് ഉവ്വെന്ന ഉത്തരം കിട്ടി. മാഷ് പഠിപ്പിക്കുന്നതിനുമുമ്പേ കുട്ടികള്‍ പാഠം വായിച്ചുമനസ്സിലാക്കുന്ന അപൂര്‍വമായ അനുഭവം. കണ്ണിമയ്ക്കാതെ കാതുകൂര്‍പ്പിച്ചു കാത്തിരിക്കുന്ന കുട്ടികള്‍ക്കുമുന്നില്‍ മാഷ് ക്ലാസ്സെടെുക്കാന്‍ തുടങ്ങി. അമര്‍ത്തിവച്ച ചിരികളും അര്‍ഥഗര്‍ഭമായ നോട്ടങ്ങളും അപ്രത്യക്ഷമായി. അറിയേണ്ട കാര്യങ്ങള്‍ പറയേണ്ട വിധത്തില്‍ മാഷ് പറഞ്ഞപ്പോള്‍ കുട്ടികളും അതിന്റെ ഗൗരവത്തില്‍ ഉള്‍ക്കൊണ്ടുവെന്ന് അവരുടെ പ്രതികരണങ്ങള്‍ തെളിയിച്ചു.
പണ്ടും ബയോളജിക്ലാസില്‍ ഇത്തരം കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, മിക്ക അധ്യാപകരും കുട്ടികള്‍ക്കു സ്വയം വായിച്ചുപഠിക്കാനുള്ള ഹോംവര്‍ക്കായി അവ നിശ്ചയിച്ചുനല്‍കി രക്ഷപ്പെടുകയാണുണ്ടായത്. ഇന്നു കാലം മാറി, കഥ മാറി. അന്നത്തെ പ്രീഡിഗ്രിക്കാരുടെ തരക്കാരാണ് ഇന്നത്തെ ഏഴാം ക്ലാസില്‍ ഇരിക്കുന്നത്. പഠിപ്പിക്കേണ്ടതുപോലെ പഠിപ്പിക്കാന്‍ അധ്യാപകര്‍ വിമുഖത കാണിച്ചാല്‍, കുട്ടികള്‍ എവിടെനിന്നെങ്കിലും എങ്ങനെയെങ്കിലും ഇതൊക്കെ പഠിച്ചെടുക്കും. ആ വഴികള്‍ അത്ര നന്നാവണമെന്നില്ല. അങ്ങനെയുള്ള ആപത്തുകള്‍ ഒഴിവാക്കണമെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പാഠഭാഗങ്ങള്‍ സിലബസില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. അതു വിദ്യാര്‍ഥികളിലേക്കു ശരിയാംവണ്ണം സന്നിവേശിപ്പിക്കാന്‍ അധ്യാപകര്‍ക്കു കഴിയണം.
ഒളിവും മറവുമില്ലാതെ, മടിയും പേടിയും കൂടാതെ, മസാലയും തമാശയും കലര്‍ത്താതെ, ശാസ്ത്രീയമായും മാന്യമായും ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശ്രദ്ധിക്കണം. സ്വന്തം മക്കളോടെന്നപോലെ ക്ലാസിലെ കുട്ടികളോട് ഇതേപ്പറ്റി സംസാരിക്കാനുള്ള ആര്‍ജവം കാണിച്ചാല്‍ മതി. അപ്പോള്‍ സത്യസന്ധത അധ്യാപനത്തിന്റെ മുഖമുദ്രയായി മാറും. വളര്‍ച്ചയുടെ ഘട്ടത്തില്‍ മുന്നേറുന്ന കുട്ടികള്‍ക്ക് ഈ പാഠഭാഗങ്ങളെല്ലാം സ്വന്തം കാര്യമാണ്. ഇതെല്ലാം ആരെയോ ബാധിക്കുന്നവയല്ല, എല്ലാം തങ്ങള്‍ അനുഭവിക്കുന്നതും അനുഭവിക്കേണ്ടതുമാണ്. അവ അറിയേണ്ടതുപോലെ, അറിയേണ്ടവരില്‍നിന്ന് അറിയാന്‍ അവകാശമുണ്ട്. വിദ്യാഭ്യാസാവകാശങ്ങളില്‍ ഇതും ഉള്‍പ്പെടുത്തുന്നുണ്ടെന്നതു മറക്കാതിരിക്കാം.
സ്വന്തം ശരീരത്തെക്കുറിച്ചും അതിന്റെ ധര്‍മങ്ങളെക്കുറിച്ചും അഭിമാനിക്കാനും, അതിനുതകുന്ന വിധത്തില്‍ ശരീരത്തെ പരിപാലിക്കാനുമുള്ള പരിശീലനം ക്ലാസുകളില്‍നിന്നു ലഭിക്കണം. നാണിച്ചുചിരിക്കുകയും പേടിച്ച് ഒളിച്ചിരിക്കുകയും ചെയ്യുന്ന കുട്ടികളല്ല, അറിഞ്ഞതില്‍ അഭിമാനിക്കുകയും വളര്‍ച്ച നേടുന്നതില്‍ ആഹ്ലാദിക്കുകയും ചെയ്യുന്ന മക്കളാണ് നമ്മുടെ ക്ലാസുമുറികളില്‍ രൂപപ്പെടേണ്ടത്. അവര്‍ സ്‌കൂളിനു പുറത്തും വീടിനു പുറത്തും സുരക്ഷിതവും ആരോഗ്യകരവുമായി ജീവിതം നയിക്കാന്‍ കരുത്തുനേടും.
ലേഖനം
കരുത്തു പകരുന്ന സ്‌കൂള്‍ കൗണ്‍സലിങ്
