തുലാവര്‍ഷം തകര്‍ത്തടിച്ചു പെയ്തുകൊണ്ടിരിക്കുന്നു. ഇടിയും മിന്നലും ഭീതിദമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. ഉരുള്‍പൊട്ടി മലവെള്ളം ഇരമ്പിപ്പാഞ്ഞുവരുന്നു. നദീതീരത്തുള്ള വടവൃക്ഷത്തില്‍ ഒരു സംഘം വാനരന്മാര്‍ ചാടിമറിഞ്ഞു തിമിര്‍ത്താടുന്നു. അതിലൊരുത്തന്‍ നദിയിലേക്കു ചാഞ്ഞുകിടന്ന ചില്ലയില്‍ തൂങ്ങി അഭ്യാസം കാണിക്കാന്‍ തുടങ്ങി. പക്ഷേ, അവന്റെ പിടിവിട്ട് നദിയില്‍ പതിച്ചു. കുത്തൊഴുക്കില്‍പ്പെട്ട അവന്‍ കൈയും കാലുമടിച്ച്, ഒഴുകിയൊഴുകി കാണാമറയത്തായി. കുരങ്ങന്മാരെല്ലാം പേരിച്ചരണ്ടു മരച്ചില്ലകളില്‍ അള്ളിപ്പിടിച്ചിരിപ്പായി. കുറെനേരം ആ ഇരുപ്പിരുന്നു. വീണ്ടും തനിസ്വഭാവം പുറത്തെടുത്തു. മരച്ചില്ലകളിലൂടെ അഭ്യാസമാരംഭിച്ചു. ഒരുത്തന്‍, മറ്റവന്‍ അഭ്യാസം കാണിച്ച ചില്ലയില്‍ ചാടിമറിയാന്‍ തുടങ്ങി. പിടിവിട്ട് അവനും വെള്ളത്തില്‍...!
അവന്റെയും കഥ കഴിഞ്ഞു. വീണ്ടും മൗനം...! പിന്നെയും ചാടിമറിച്ചില്‍...! എന്തിന്? സംഘത്തിലെ രണ്ടെണ്ണമൊഴികെ എല്ലാം മലവെള്ളത്തില്‍ ചാടിച്ചത്തു!
ഇന്നിപ്പോള്‍, ഇതിന്റെ തനിയാവര്‍ത്തനമല്ലേ നമ്മള്‍ കാണുന്നത്? നമ്മുടെ കുട്ടികള്‍ ഓരോരോ 'വെള്ളപ്പാച്ചി'ലിലകപ്പെട്ടു ചാകുന്നു; അല്ലെങ്കില്‍, ചത്തതിനൊക്കുമേ ജീവിച്ചിരിക്കലും! മദ്യത്തിലും മയക്കുമരുന്നിലുമകപ്പെട്ടു നശിക്കുന്ന ഇളംതലമുറയുടെ സംഖ്യ ഭീതിദമാംവിധം വര്‍ധിച്ചുവരുന്നു. 'ഡ്രിങ്‌സും' 'ഡ്രഗ്‌സും' ഭീകരന്മാരായ വില്ലന്മാരായി നമ്മുടെ കുഞ്ഞുങ്ങളെ വേട്ടയാടുന്നു. മദ്യപിച്ച്, പെറ്റ തള്ളയെ കുത്തിക്കൊല്ലുന്ന ചെറുപ്പക്കാരന്‍! 9-ാം ക്ലാസുകാരനെ ബസിലുള്ള പ്ലസ്‌വണ്‍കാരന്‍ കുത്തിപ്പരിക്കേല്പിക്കുന്നു. പ്ലസ്‌വണ്‍വിദ്യാര്‍ഥി സഹപാഠിയെ കുത്തിക്കൊല്ലുന്നു! പതിന്നാലുകാരന്‍ പതിനാറു വയസ്സുകാരി സഹോദരിയെ ഗര്‍ഭിണിയാക്കുന്നു! പ്ലസ്ടുവിദ്യാര്‍ഥിനിയെ നാലുപേര്‍ ചേര്‍ന്നു പീഡിപ്പിക്കുന്നു! മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ചതിനു പ്രിന്‍സിപ്പലിനെ കുത്തിമലര്‍ത്തുമെന്നു ഭീഷണിപ്പെടുത്തുന്നു. കേട്ടാല്‍ ഞെട്ടിത്തരിച്ചുപോകുന്ന സംഭവപരമ്പരകള്‍! ഒന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. ആണ്ടിലൊന്നോ മാസത്തിലൊന്നോ ആഴ്ചയിലൊന്നോ ഒന്നുമല്ല; അനുദിനം ഇത്തരത്തിലുള്ള വാര്‍ത്തകളേ കേള്‍ക്കാനുള്ളൂ. ഇന്റലിജന്‍സ് റിപ്പോര്‍ട്ടനുസരിച്ച്, ലഹരിമാഫിയയില്‍പ്പെട്ട സ്‌കൂളുകളുടെ എണ്ണം 1057 ആണ്! ഇത് ഔദ്യോഗികകണക്ക്. കണക്കില്‍പ്പെടാത്ത എത്രയെത്ര കേസുകള്‍!
ആരാണ് ഉത്തരവാദികള്‍? കുട്ടികള്‍മാത്രമാണോ കുറ്റക്കാര്‍? പ്രതിപ്പട്ടികയില്‍ ഒന്നാം സ്ഥാനത്തു നില്ക്കുന്നത് വീടാണ്. രണ്ടാം സ്ഥാനത്ത് 'വിദ്യാലയം.' മൂന്നാംസ്ഥാനത്ത് 'സമൂഹം.' മനഃശാസ്ത്രം ഇത് ആധികാരികമായി സ്ഥിരീകരിക്കുന്നു. സുപ്രസിദ്ധ മനഃശാസ്ത്രജ്ഞന്‍ പിയാഷേ പ്രയോഗിക്കുന്ന മൂന്നു സാങ്കേതികപദങ്ങളാണ്: . Nature 2. Nurture 3. Environment. ജന്മസിദ്ധമായി ലഭിക്കുന്ന സിദ്ധിയെയാണ് നേച്ചര്‍കൊണ്ടുദ്ദേശിക്കുന്നത്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, മാതാപിതാക്കളില്‍നിന്നു ലഭിക്കുന്ന സിദ്ധിയാണിത്. വീട്ടിലും 'നേച്ചറി'നൊപ്പം 'നേര്‍ച്ചറും' 'എണ്‍വയണ്‍മെന്റും' ഉണ്ട്. ശൈശവാവസ്ഥയില്‍ വീടാണു കുഞ്ഞിനെല്ലാം. ശാരീരിക, ബൗദ്ധിക, മാനസിക, വൈകാരികതലങ്ങളിലെല്ലാമുള്ള വികാസമാരംഭിക്കുന്നതു വീട്ടിലാണ്. അവിടെയുണ്ടാകുന്ന താളപ്പിഴ കുഞ്ഞിന്റെ ഭാവിജീവിതത്തെ മുഴുവന്‍ ബാധിക്കും. മാതാപിതാക്കളിലെ നന്മയും തിന്മയും ഒരുപോലെ, കുട്ടിയില്‍ പ്രതിഫലിക്കും. പരിചരണവും പരിപാലനവും പരിലാളനവുമൊക്കെ കൊടുക്കുന്നതോടൊപ്പം പരിശീലനവും കുഞ്ഞിനു കൊടുക്കാന്‍ മാതാപിതാക്കളും കുടുംബാംഗങ്ങളെല്ലാവരും ശ്രദ്ധിച്ചെങ്കില്‍മാത്രമേ കുഞ്ഞിന്റെ വ്യക്തിത്വവികസനം ഭാസുരമാകുകയുള്ളൂ.
വീടുകഴിഞ്ഞാല്‍പ്പിന്നെ വിദ്യാലയമാണ് ഏറ്റവും പ്രധാനപ്പെട്ട പരിശീലനകേന്ദ്രം. വീട്ടിലെ പരിമിതമായ ചുറ്റുവട്ടത്തില്‍നിന്നു വളരെ വിശാലമായ ഒരന്തരീക്ഷത്തിലേക്കാണു കുട്ടി പറിച്ചുനടപ്പെടുന്നത്. ശൈശവദശയില്‍നിന്നു ബാല്യത്തിന്റെ ഒന്നാംഘട്ടത്തിലേക്കു പ്രവേശിക്കുകയാണു പ്രൈമറിതലത്തിലെത്തുന്ന കുട്ടി. പ്രൈമറിതലം പിന്നിട്ട് അപ്പര്‍പ്രൈമറിയിലേക്കു കടക്കുന്ന കുട്ടി ബാല്യത്തിന്റെ രണ്ടാം ഘട്ടത്തിലേക്കു പ്രവേശിക്കുന്നു. തുടര്‍ന്ന്, കുട്ടി കൗമാരപ്രവേശകഘട്ടത്തിലേക്കു പ്രവേശിക്കുന്നു. സാധാരണഗതിയില്‍ ഈ കാലഘട്ടംവരെ വലിയ കോളിളക്കമൊന്നും കുട്ടികളിലുണ്ടാകാറില്ല. പിന്നെ, വീട്ടിലെയും സ്‌കൂളിലെയും സാഹചര്യമനുസരിച്ചുള്ള ജയാപജയങ്ങള്‍ ഉണ്ടാകാം.
കൗമാരത്തെ രണ്ടു ഘട്ടങ്ങളായി മനഃശാസ്ത്രജ്ഞന്മാര്‍ തിരിക്കാറുണ്ട്. ഒന്നാംഘട്ടത്തെ ഏര്‍ലി അഡോളസെന്‍സ് അല്ലെങ്കില്‍ ഏര്‍ലി ടീനേജ് എന്നും, രണ്ടാംഘട്ടത്തെ ലേറ്റ് അഡോളസന്‍സ് അല്ലെങ്കില്‍ ലേറ്റ് ടീനേജ് എന്നുമാണ് ആ വേര്‍തിരിവ്. ഒന്നാം ഘട്ടത്തില്‍ കുട്ടി പ്രത്യുത്പാദനശേഷിയിലേക്കു പ്രവേശിക്കുന്നു. ആണ്‍കുട്ടിയില്‍ നിദ്രാസ്ഖലനവും പെണ്‍കുട്ടിയില്‍ മെന്‍സ്ട്രുവേഷനും ആരംഭിക്കുന്നു. ഈ ഘട്ടത്തില്‍ വൈകാരികവേലിയേറ്റം ശക്തമാകുന്നു. രണ്ടാം ഘട്ടമാകുമ്പോള്‍ അതിന്റെ ഉച്ചസ്ഥായിയിലെത്തുന്നു. ജീവിതപങ്കാളിയെ തേടുന്നതിനുള്ള ഉത്കടമായ ആഗ്രഹാഭിലാഷങ്ങളും ഭാവിജീവിതത്തെപ്പറ്റിയുള്ള ചിന്തകളുമെല്ലാംകൊണ്ടു കലുഷിതമായ ഒരവസ്ഥയിലാണു കൗമാരക്കാര്‍. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും സംഘര്‍ഷാത്മകവും നിര്‍ണായകവുമായ ഒരു ഘട്ടമാണിത്. ക്രൈസിസ് പീരിയഡ് എന്നാണു മനഃശാസ്ത്രജ്ഞന്മാര്‍ ഇതിനെ വിളിക്കുന്നത്. 'ക്രിനൈന്‍' എന്ന ഗ്രീക്കുവാക്കില്‍നിന്നാണ് ഈ പദം വരുന്നത്. 'ക്രിനൈന്‍' എന്ന ക്രിയാരൂപത്തിന്റെ അര്‍ഥം നിര്‍ണായകമായ ഒരു തീരുമാനം എടുക്കുക എന്നാണ്. വിശ്വവിഖ്യാതമനഃശാസ്ത്രജ്ഞനായ എറിക് എച്ച്. എറിക്‌സണ്‍ ഈ കാലഘട്ടത്തെ 'തകിടംമറിച്ചിലിന്റെ കാലം' എന്നാണു വിശേഷിപ്പിക്കുന്നത്. യൂത്ത് സൈക്കോളജിയുടെ പിതാവ് എന്നറിയപ്പെടുന്ന സ്റ്റാന്‍ലി ഹാള്‍ ഈ ഘട്ടത്തെപ്പറ്റി പറയുന്നത്, 'സമ്മര്‍ദത്തിന്റെയും പിരിമുറുക്കത്തിന്റെയും കാലം' എന്നാണ്.
പ്രശ്‌നകലുഷിതമായ കൗമാരത്തില്‍ താങ്ങും തണലുമായി നില്‌ക്കേണ്ട വീടും വിദ്യാലയവും കൃത്യനിര്‍വഹണത്തില്‍ ദയനീയമായി പരാജയപ്പെടുന്ന സ്ഥിതിവിശേഷമാണിന്നുള്ളത്. ജീവിതസാഹചര്യങ്ങള്‍ പൊതുവില്‍ ഈ പരാജയങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. ഇടതുവലതുവ്യത്യാസമില്ലാതെ രാഷ്ട്രീയസംവിധാനങ്ങള്‍ നിഷേധാത്മകമായ നിലപാടാണു സ്വീകരിക്കുന്നത്. വിദ്യാലയങ്ങള്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പണിപ്പുരകളായി മാറിയിരിക്കുന്നു. വിദ്യാലയങ്ങള്‍ വിദ്യാഭ്യാസകേന്ദ്രങ്ങളല്ല, രാഷ്ട്രീയാഭ്യാസകേന്ദ്രങ്ങളായി മാറിയിരിക്കുന്നു. പേന പിടിക്കേണ്ട കൈകളില്‍ വടിയും വാളും വെട്ടുകത്തിയും കഠാരയുമൊക്കെയാണുള്ളത്. കലാമത്സരം കൈയാങ്കളിമത്സരമായി മാറുന്നു. വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി പരസ്പരം തല്ലിച്ചതയ്ക്കുന്നു.
മദ്യ-മയക്കുമരുന്നു മാഫിയാകളുടെ പ്രവര്‍ത്തനകേന്ദ്രങ്ങളായി മാറുന്നു വിദ്യാലയങ്ങള്‍. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും നിയന്ത്രണമവകാശപ്പെട്ട് അധികാരത്തിലേറുന്ന സര്‍ക്കാരുകള്‍ അവയുടെ ലഭ്യതയും വ്യാപനവും വര്‍ധിപ്പിക്കാനുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത് എന്നു തോന്നിപ്പോകുന്നു. റേറ്റിങ് വര്‍ധിപ്പിച്ച് പണം പിടുങ്ങാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന സാമൂഹികസമ്പര്‍ക്കമാധ്യമങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണി വളരെ വലുതാണ്. ഡ്രിങ്ക്‌സും ഡ്രഗ്‌സും സെക്‌സും കൗമാരക്കാരെ അഡിക്റ്റ്‌സ് ആക്കി മാറ്റുന്നു! ഇവ വിദ്യാര്‍ഥികളെ ക്രിമിനലുകളും ഗുണ്ടകളുമാക്കി മാറ്റുന്നു. ഇവര്‍ക്കൊക്കെ പരിരക്ഷ നല്കുന്ന സംവിധാനമാണോ സര്‍ക്കാര്‍ എന്നുപോലും തോന്നിപ്പോകുന്നു.
യുവതലമുറയ്ക്ക് അഭയവും ആശ്രയവുമാകേണ്ട വീടും വിദ്യാലയവും സമൂഹവും കൃത്യനിര്‍വഹണത്തില്‍ അമ്പേ പരാജയപ്പെടുന്ന ദയനീയമായ സ്ഥിതിവിശേഷമാണിന്നുള്ളത്. മാതാപിതാക്കളെയും പൊതുജനങ്ങളെയും ആദരിച്ചും ബഹുമാനിച്ചുമാണ് പണ്ട് കുട്ടികള്‍ വളര്‍ന്നിരുന്നതെങ്കില്‍, ഇന്നു കുട്ടികളെ ഭയന്നാണു മാതാപിതാക്കളും ഗുരുജനങ്ങളും ജീവിക്കുന്നത്. മക്കളുടെ ഇഷ്ടത്തിനു വിരുദ്ധമായി എന്തെങ്കിലും പറയാനോ പ്രവര്‍ത്തിക്കാനോ ധൈര്യപ്പെടാത്ത മാതാപിതാക്കളും ഗുരുജനങ്ങളുമാണിന്നുള്ളത്. ഒരു കാര്യം ഉറപ്പാണ്, പറയേണ്ട കാര്യങ്ങള്‍ പറയേണ്ട ആളുകള്‍ പറയേണ്ട സമയത്ത് പറയേണ്ടതുപോലെ പറയാതിരിക്കുകയും, ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്ത് ചെയ്യേണ്ടതുപോലെ ചെയ്യാതിരിക്കുകയും ചെയ്താല്‍ ആയിരം പേര്‍ ആയിരം തവണ ആവര്‍ത്തിച്ചുപറഞ്ഞാലും ചെയ്താലും ഒരു പ്രയോജനവും ഉണ്ടാവില്ല. വെള്ളം ഒഴുകിപ്പോയിട്ടു ചിറകെട്ടിയിട്ട് എന്തു പ്രയോജനം?
മാതാപിതാക്കളുടെയും സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും പരിഗണനയ്ക്കായി വിദ്യാര്‍ഥികളുടെ അടിപിടി തടയുന്നതിനിടയില്‍ ചൂരല്‍ പ്രയോഗിച്ചതിന്റെ പേരില്‍ രണ്ടുദിവസം പൊലീസ് സ്റ്റേഷനില്‍ കഴിയേണ്ടിവരികയും 15,000 രൂപ നഷ്ടപരിഹാരം നല്കുകയും ചെയ്യേണ്ടിവന്ന ഹയര്‍ സെക്കന്‍ഡറി അധ്യാപകന്റെ ഒരു പോസ്റ്റ് ഇവിടെ ചേര്‍ക്കട്ടെ:
' ഇത്രയും വര്‍ഷങ്ങള്‍കൊണ്ടു നേടാനാവാത്ത തിരിച്ചറിവുകള്‍ രണ്ടുദിവസംകൊണ്ടു സമ്മാനിച്ച വിദ്യാര്‍ഥിസമൂഹത്തിനും രക്ഷിതാക്കള്‍ക്കും രാഷ്ട്രീയനേതാക്കള്‍ക്കും നന്ദി...! അധികാരങ്ങളും അവകാശങ്ങളുമില്ലാത്ത, ഉത്തരവാദിത്വങ്ങള്‍മാത്രം പേറേണ്ടിവരുന്ന കോമാളിവേഷമാണ് അധ്യാപകന്റേത് എന്ന തിരിച്ചറിവു നല്കിയ രണ്ടു ദിനങ്ങള്‍..! കുട്ടികള്‍ തമ്മില്‍ത്തല്ലുന്നതു കണ്ടാലും വഴിതെറ്റി നടക്കുന്നതു കണ്ടാലും പഠിച്ചാലും പഠിച്ചില്ലെങ്കിലും കോപ്പിയടിച്ചാലും സ്‌കൂള്‍ തല്ലിപ്പൊളിച്ചാലും കഞ്ചാവു വലിച്ചാലും കരണംകുത്തി മറിഞ്ഞാലും കണ്ണും കാതുമടച്ച് ഒരു ഗൂഢസ്മിതത്തോടെ ശമ്പളം എണ്ണിനോക്കി വീട്ടില്‍ പോയാല്‍ മതി പുതിയ യുഗത്തിലെ അധ്യാപകന്‍ എന്ന പുതിയ പാഠം പകര്‍ന്നുകിട്ടിയ രണ്ടു ദിനങ്ങള്‍! സ്‌കൂളിലെ കുട്ടികളെ സ്വന്തം മക്കളെപ്പോലെ കരുതി അവരെ നേര്‍വഴി നടത്താന്‍ ശ്രമിച്ച ഒരു പാവം പ്രിന്‍സിപ്പലിനെ കുരുതികൊടുത്ത കുട്ടികളേ, മാതാപിതാക്കളേ, ഞങ്ങള്‍ അധ്യാപകര്‍ക്കു തെറ്റുപറ്റി! നിങ്ങളെ സ്വന്തം മക്കളെപ്പോലെ കണ്ടതു തെറ്റ്. നിങ്ങളെ തിരുത്താന്‍ ശ്രമിച്ചത് അതിലേറെ തെറ്റ്! ആണ്‍കുട്ടികളും പെണ്‍കുട്ടികളും ക്ലാസിലിരുന്നു മദ്യപിച്ചതും തെറ്റായ സൗഹൃദങ്ങളിലേക്കു പോകുന്നതും ശരിയല്ലെന്നു ബോധ്യപ്പെടുത്താനും തിരുത്താനും നടപടിയെടുത്തത് ബാലാവകാശ-മനുഷ്യാവകാശലംഘനമാണെന്നു തിരിച്ചറിയാന്‍ ഞങ്ങള്‍ അധ്യാപകര്‍ക്കു കഴിഞ്ഞില്ല. മാപ്പ്. മക്കളേ മാപ്പ്!''
ഇതില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. ഒരു വിശകലനത്തിന്റെയോ വിശദീകരണത്തിന്റെയോ ആവശ്യമില്ല. ഉദ്ദേശ്യശുദ്ധിയും ആത്മാര്‍ഥതയും ഉത്തരവാദിത്വബോധവും ത്യാഗമനോഭാവവും കഠിനാധ്വാനവും എല്ലാം കൈമുതലായുള്ള യഥാര്‍ഥഗുരുഭൂതന്റെ ചങ്കിലെ ചോരയില്‍ ചാലിച്ചെഴുതിയ ഈ വിലാപകാവ്യം ആരുടെയെങ്കിലും കണ്ണു തുറപ്പിച്ചിരുന്നെങ്കില്‍..! മക്കളും മാതാപിതാക്കളും രാഷ്ട്രീയക്കാരും ഭരണക്കാരും മദ്യമയക്കുമരുന്നു മാഫിയാത്തലവന്മാരും സോഷ്യല്‍മീഡിയ പ്രവര്‍ത്തകരും ഈ ദീനരോദനം ഒന്നു കേട്ടിരുന്നെങ്കില്‍...! പേരുകേട്ട പൊലീസ് മേധാവി ഋഷിരാജ്‌സിങ്ങിന്റെ വാക്കുകളോടെ ലേഖനം അവസാനിപ്പിക്കുന്നു: ''പഴയകാലത്തെപ്പോലെ കുട്ടികള്‍ക്കുമേല്‍ ടീച്ചേഴ്‌സിനുള്ള അധികാരം പുനഃസ്ഥാപിച്ചുകൊടുക്കാന്‍ മാതാപിതാക്കള്‍ തയ്യാറുണ്ടോ? എങ്കില്‍, കുട്ടികളെ അവര്‍ നേരേയാക്കിത്തരും!''