ഖജനാവ് കാലി. അതിനാല്‍ പണച്ചെലവുള്ള ഒരു കാര്യവും ഏറ്റെടുക്കാന്‍ പറ്റില്ല. ഇതാണ് കേരളസര്‍ക്കാരിന്റെ ധനസ്ഥിതി. ഈ ദൈന്യം മുഴുവന്‍ കാണിക്കുന്നതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച സംസ്ഥാനബജറ്റ്.
സംസ്ഥാനം നേരിടുന്ന രൂക്ഷമായ ധനഞെരുക്കത്തിന്റെ തീക്ഷ്ണമായ ഘട്ടത്തെ കേരളം അതിജീവിച്ചിരിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് മന്ത്രി ബജറ്റ്പ്രസംഗം ആരംഭിച്ചത്. പക്ഷേ, അത് ഒരു മേനിവര്‍ത്തമാനമോ വെറുതെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ പൊള്ള അവകാശവാദമോ ആകാം.
ഒന്നും മാറിയില്ല
കാര്യങ്ങള്‍ക്കൊന്നും മാറ്റമില്ല എന്നതുതന്നെ സത്യം. കമ്മി കുറഞ്ഞിട്ടില്ല, കടം കുറഞ്ഞിട്ടില്ല, മൂലധനനിക്ഷേപം വര്‍ധിച്ചിട്ടില്ല. നിലവിലുള്ള ചെലവിനങ്ങള്‍ പലതിലും വലിയ കുടിശ്ശിക ശേഷിക്കുന്നു. പുതിയ ആനുകൂല്യങ്ങള്‍ ഒന്നും പ്രഖ്യാപിക്കാന്‍ കഴിഞ്ഞിട്ടില്ല.
എന്താണു കേരളം നേരിടുന്ന പ്രശ്‌നം? വരവിനെക്കാള്‍ വളരെ കൂടുതലാണു ചെലവ്. അതാണു
പ്രശ്‌നം. റവന്യൂച്ചെലവ് റവന്യൂവരവിനെക്കാള്‍ വളരെ കൂടുതല്‍. തന്മൂലം മൂലധനച്ചെലവിനുമാത്രമല്ല, റവന്യൂച്ചെലവിലെ കമ്മി നികത്താനും കടം എടുക്കേണ്ടിവരുന്നു.
വരവും ചെലവും എങ്ങനെ?
റവന്യൂ വരവ് എന്നാല്‍ ആനുകാലികമായി ലഭിക്കുന്ന നികുതിവരുമാനവും വിവിധ ഫീസുകളും ചാര്‍ജുകളും സര്‍ക്കാര്‍ നടത്തുന്ന കമ്പനികളിലും കോര്‍പ്പറേഷനുകളിലുംനിന്നുള്ള ലാഭവീതവും മറ്റുമാണ്. ശമ്പളം, പെന്‍ഷന്‍, പലിശ, സാധാരണ ഭരണച്ചെലവുകള്‍ എന്നിവയാണു റവന്യൂച്ചെലവില്‍ വരുന്നത്.
സര്‍ക്കാരിന് ആസ്തി ഉണ്ടാക്കുന്ന ചെലവുകളെ മൂലധനച്ചെലവ് എന്നു വിളിക്കുന്നു. അതിനു വരുമാനം കണ്ടെത്തുന്നത് കടമെടുത്തും മുന്‍കാലത്തു നല്‍കിയ കടങ്ങള്‍ തിരിച്ചു കിട്ടിയും സര്‍ക്കാരിന്റെ ഏതെങ്കിലും ആസ്തി വിറ്റും മറ്റുമാണ്.
മൂലധനച്ചെലവിനു കടമെടുക്കുന്നതു സാധാരണമാണ്. അതുപയോഗിച്ച് ഉണ്ടാക്കുന്ന ആസ്തികളില്‍നിന്നു ഭാവിയില്‍ വരുമാനം കിട്ടും. എന്നാല്‍, റവന്യൂച്ചെലവില്‍നിന്നു ഭാവിയില്‍ ഒന്നും കിട്ടാനില്ല. അതുകൊണ്ടാണ് റവന്യൂച്ചെലവിനായി കടം എടുക്കരുതെന്നു പറയുന്നത്. ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കാനോ സിനിമാ കാണുന്നതിനോ കടമെടുക്കുന്നതു
പോലെയാണു റവന്യൂച്ചെലവിനു കടമെടുക്കുന്നത്. ഭാവിയില്‍ അതു വലിയ ബാധ്യതയാകും.
ശമ്പളം, പെന്‍ഷന്‍, പലിശസംസ്ഥാനസര്‍ക്കാരിന്റെ റവന്യൂ വരുമാനത്തിന്റെ സിംഹഭാഗവും മൂന്നു കാര്യങ്ങള്‍ക്കാണു ചെലവാക്കുന്നത്. ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയ്ക്ക്.
അടുത്ത വര്‍ഷം പ്രതീക്ഷിക്കുന്ന ശമ്പളച്ചെലവ് 44,114.35 കോടി രൂപയാണ്. റവന്യൂച്ചെലവിന്റെ 24.58 ശതമാനവും റവന്യൂവരവിന്റെ 28.06 ശതമാനവും വരും ഇത്. പെന്‍ഷന്‍ചെലവ് 29,959.83 കോടി രൂപ. റവന്യൂച്ചെലവിന്റെ 17.73 ശതമാനമാണിത്. പലിശ നല്‍കാന്‍ 31,823.72 കോടി രൂപ വേണം. ഈ മൂന്നു ചെലവുകളും ചേരുമ്പോള്‍ 1,05,397.90 കോടി രൂപ.
സംസ്ഥാനം പ്രതീക്ഷിക്കുന്ന റവന്യൂ വരവ് 1,52,351.67 കോടി രൂപയാണ്. റവന്യൂ ച്ചെലവ് 1,79,476.20 കോടിയും.
മുന്‍പറഞ്ഞ മൂന്നു ചെലവുകളും കൂടുമ്പോള്‍ റവന്യൂ
ച്ചെലവിന്റെ 58.73 ഉം റവന്യൂവരുമാനത്തിന്റെ 69.18 ഉം ശതമാനം വരും. 2023-24 ല്‍ ഈ മൂന്നും കൂടി ചെലവിന്റെ 63.92 ഉം വരവിന്റെ 73.24 ഉം ശതമാനം എത്തിയിരുന്നതാണ്. അവിടെനിന്നു ഗണ്യമായി താഴ്ത്താന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷേ, ഇനിയൊരു ശമ്പളപരിഷ്‌കരണം നടന്നാല്‍ വീണ്ടും അവസ്ഥ മോശമാകും. അതുകൊണ്ടാകും ശമ്പളപരിഷ്‌കാരകാര്യം ബജറ്റില്‍ പറ
യാത്തത്.
കുടിശ്ശികകള്‍ പറയാതെ
വരുമാനത്തിന്റെ 70 ശതമാനത്തോളം മൂന്നു വലിയ ഇനങ്ങളില്‍മാത്രം ചെലവാക്കുമ്പോള്‍ ശേഷിക്കുന്നതു 30 ശതമാനംമാത്രം. അതുകൊïുവേണം ആരോഗ്യം, കൃഷി, വ്യവസായം, വിദ്യാഭ്യാസം, പിന്നാക്കക്ഷേമം, ക്രമസമാധാനം തുടങ്ങിയവിവിധ വകുപ്പുകളുടെയും കിഫ്ബിപദ്ധതിയില്‍ പെടാത്ത മരാമത്തുപണികളുടെയും മറ്റും ചെലവുകള്‍ നിര്‍വഹിക്കാന്‍. അവകള്‍ പലതും കുടിശ്ശികയിട്ടിട്ടാണു ബജറ്റ്
തയ്യാറാക്കുന്നത്. മരാമത്തു കോണ്‍ട്രാക്ടര്‍മാര്‍ക്ക് 16,000 കോടി, ശമ്പളപരിഷ്‌കരണ കുടിശ്ശിക 15,000 കോടി, ക്ഷേമപെന്‍ഷന്‍ കുടിശ്ശിക 3400 കോടി
തുടങ്ങിയ വലിയ കുടിശ്ശികകളും ഉച്ചക്കഞ്ഞി പദ്ധതി, സ്‌കോളര്‍ഷിപ്പുകള്‍, വിവിധ ഗ്രാന്റുകള്‍ തുടങ്ങിയ ചെറിയ കുടിശ്ശികകളും പറയാതെയാണു ബജറ്റ് വരവുചെലവും കമ്മിയും കാണിച്ചിരിക്കുന്നത്.
2 024-25 ല്‍ റവന്യൂ കമ്മി സംസ്ഥാന ജിഡിപി (ജിഎസ്ഡിപി) യുടെ 2.29 ഉം ധനകമ്മി 3.51 ഉം ശതമാനമാകും. 2025-26 ല്‍ റവന്യൂകമ്മി 1.90 ഉം ധനകമ്മി 3.16 ഉം ശതമാനമായി കുറയും എന്നു ബജറ്റ് രേഖകളില്‍ പറയുന്നു. കുടിശ്ശികകള്‍ എങ്ങും കാണിക്കാതെ തയ്യാറാക്കിയതാണു ബജറ്റ്. അറിയപ്പെടുന്ന കുടിശ്ശികകളും ബാധ്യതകളും പെടുത്തിയാല്‍ ധനകമ്മി അഞ്ചുശതമാനമെങ്കിലും ആകും എന്നാണു പൊതുധനകാര്യവിദഗ്ധര്‍ പറയുന്നത്.
നാലു കാരണങ്ങള്‍
എന്തുകൊണ്ട് ഇങ്ങനെ വരുന്നു? ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടാം. ഒന്ന്: റവന്യൂ കമ്മി ദശകങ്ങളായി ഉണ്ട്. അതുമൂലം കടമെടുപ്പിന്റെ ഗണ്യമായ ഭാഗം വരുമാനമുണ്ടാക്കാത്ത ദൈനംദിനചെലവുകള്‍ക്കു പോയി. അതില്‍നിന്ന് ഒന്നും കിട്ടിയില്ല.
രണ്ട്: ഉയര്‍ന്ന റവന്യൂകമ്മിമൂലം മൂലധനനിക്ഷേപം കുറഞ്ഞുവന്നു. ആദായം ഉണ്ടാക്കാവുന്ന പദ്ധതികള്‍ ഉണ്ടായില്ല.
മൂന്ന്: ചെലവുകള്‍ കൂടുന്നതനുസരിച്ച് നികുതി, നികുതിയിതര വരുമാനം വര്‍ധിപ്പിക്കാന്‍ ഗവണ്‍മെന്റുകള്‍ ശ്രമിച്ചില്ല. നികുതിവരുമാനവളര്‍ച്ച 1980 കള്‍ മുതല്‍ 2017-18 വരെ പ്രതിവര്‍ഷം ഒമ്പതു ശതമാനത്തിലധികം ആയിരുന്നു. പിന്നീടത് ഒമ്പതു ശതമാനത്തിലും താഴെയായി. ഇതു തിരുത്താന്‍ ബോധപൂര്‍വമായ നടപടി ഉണ്ടായില്ല.
നാല്: കേന്ദ്രനയങ്ങള്‍മൂലവും സംസ്ഥാനത്തിന്റെ വരുമാനം കുറഞ്ഞു. ജിഎസ്ടി വന്നതോടെ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും സംസ്ഥാന ആവശ്യത്തിനനുസരിച്ചു നികുതി ചുമത്താനുള്ള സാധ്യത ഇല്ലാതായി. പെട്രോളിയം ഉത്പന്നങ്ങള്‍ക്കു കേന്ദ്രം സ്‌പെഷല്‍ ഡ്യൂട്ടികളും സെസും മറ്റുംവഴി പരമാവധി നികുതി ചുമത്തുന്നതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് അധികനികുതി ചുമത്തല്‍ ബുദ്ധിമുട്ടായി. സാമൂഹികസൂചകങ്ങളില്‍ കേരളം വലിയ പുരോഗതി നേടിയതിനാല്‍ ധനകാര്യകമ്മീഷന്‍ വഴിയുള്ള നികുതിവിഹിതം കുത്തനേ കുറയുകയും ചെയ്തു.
പരമാവധി പിഴിഞ്ഞിട്ടും
ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിനു വരുമാനവര്‍ധനയ്ക്കു ശേഷിക്കുന്ന മേഖലകള്‍ മോട്ടോര്‍ വാഹനനികുതി, സ്റ്റാമ്പ് ഡ്യൂട്ടി - രജിസ്‌ട്രേഷന്‍ ഫീസ്, മദ്യത്തിനുള്ള എക്‌സൈസ് ഡ്യൂട്ടിയും വില്പന നികുതിയും, പെട്രോളിയം ഉത്പന്നങ്ങളുടെ വാറ്റ്, ഭൂനികുതി, വിനോദനികുതി, തൊഴില്‍നികുതി, കെട്ടിടനികുതി എന്നിവയാണ്. ഇവയെല്ലാംതന്നെ സാധ്യമായതിന്റെ പരമാവധി നിരക്കിലാണ്. കൂട്ടാന്‍ പഴുതില്ല. അതുകൊണ്ടാണ് ഭൂനികുതി അമ്പതു ശതമാനം വര്‍ധിപ്പിച്ചപ്പോള്‍ കര്‍ഷകര്‍ ഏറെ രോഷം പ്രകടിപ്പിച്ചത്. കൃഷി ആദായകരമല്ലാതായി മാറിക്കഴിഞ്ഞ അവസരത്തില്‍ ഭീമമായ വര്‍ധന പ്രഖ്യാപിച്ചത് വേണ്ടത്ര രാഷ്ട്രീയവിവേകമില്ലാത്ത പ്രവൃത്തിയായി.
വരുമാനപ്രതീക്ഷ പാളി
കഴിഞ്ഞ വര്‍ഷം ബജറ്റില്‍ കണക്കാക്കിയ വരുമാനവളര്‍ച്ച ഒരു കാര്യത്തിലും ഉണ്ടായില്ല. റവന്യൂവരുമാനം 11.38 ശതമാനം വര്‍ധിച്ച് 1,38,655 കോടി രൂപ ലഭിക്കുമെന്നു പ്രതീക്ഷിച്ചു. കിട്ടുന്നത് 1,32,930 കോടി രൂപ. വര്‍ധന കേവലം 6.78 ശതമാനം. സംസ്ഥാനത്തിന്റെ തനതുനികുതി 14.2 ശതമാനം കൂടി 84,883 കോടി ആകുമെന്നു കരുതി. കിട്ടുന്നത് 81,627 കോടി രൂപ. വര്‍ധന 9.82 ശതമാനം. ജിഎസ്ടി 35,875 കോടി പ്രതീക്ഷിച്ചിടത്ത് 33,582 കോടി മാത്രം.
എന്നാല്‍, കേന്ദ്രത്തില്‍നിന്നുള്ള നികുതിവിഹിതം പ്രതീക്ഷയിലും കൂടുതല്‍ കിട്ടി. 23,882 കോടി കരുതിയിടത്ത് 25,550 കോടി ലഭിക്കും. 17.5 ശതമാനം വര്‍ധന. എന്നാല്‍, കേന്ദ്രത്തില്‍നിന്ന് 11,533 കോടി രൂപ ഗ്രാന്റായി പ്രതീക്ഷിച്ചിടത്ത് ലഭിക്കുന്നത് വെറും 7847 കോടി രൂപ.
സാമ്പത്തികവളര്‍ച്ച കുറഞ്ഞു
ബജറ്റില്‍ പ്രതീക്ഷിച്ചത്ര വരുമാനം കിട്ടാത്തതിനു മുഖ്യകാരണം സംസ്ഥാനത്തു സാമ്പത്തികവളര്‍ച്ച കുറഞ്ഞതാണ്. സംസ്ഥാനജിഡിപി (ജിഎസ്ഡിപി) 13,11,437 കോടിയാകുമെന്നു കരുതിയത് 12,75,412 കോടിമാത്രമായി. 14.43 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചിടത്ത് 11.28 ശതമാനംമാത്രം. രാജ്യത്തു മൊത്തം വളര്‍ച്ചാനിരക്ക് കുറഞ്ഞതിന്റെ ഭാഗമാണിതെന്നു പറഞ്ഞു ധനമന്ത്രി കൈ കഴുകിയേക്കും. ഏതായാലും, ബജറ്റില്‍ നടത്തിയ ആത്മപ്രശംസ അപ്രസക്തമാണെന്നു പറയാതെ പറയുന്നതാണ് വളര്‍ച്ചയിലെ തളര്‍ച്ച.
കടപ്പത്രം ഇറക്കി സമാഹരിക്കുന്ന 34,507 കോടി രൂപ അടക്കം മൊത്തം 45,038.52 കോടി രൂപയാണ് അടുത്ത വര്‍ഷം ധനക്കമ്മി. അടുത്ത വര്‍ഷം മാര്‍ച്ച് 31 ആകുമ്പോള്‍ സംസ്ഥാനത്തിന്റെ കടം 4,81,997.62 കോടിയായി ഉയരും. അതു സംസ്ഥാന ജിഡിപിയുടെ 33.77 ശതമാനം ആയിരിക്കും. ഈ മാര്‍ച്ച് 31 ന് കടത്തിന്റെ അനുപാതം 34.22 ശതമാനമാണ്. തുക 4,36,387 കോടി രൂപ.
മുനിസിപ്പല്‍ ബോണ്ടുകള്‍
മുനിസിപ്പല്‍ ബോണ്ടുകള്‍വഴി ധനസമാഹരണം നടത്തുമെന്നു ബജറ്റില്‍ പറഞ്ഞു. കുറേക്കാലമായി പലരും നിര്‍ദേശിക്കുന്ന മാര്‍ഗമാണത്. കര്‍ശനമായ ധനകാര്യ അച്ചടക്കം പാലിക്കാത്ത നഗരസഭകള്‍ ഇത്തരം ബോണ്ടുകള്‍ ഇറക്കുന്നതിലെ അപായസാധ്യത വലുതാണ്. വേണ്ടത്ര ഗൃഹപാഠം ചെയ്തുമാത്രം ചെയ്യേണ്ട കാര്യത്തില്‍ അതുണ്ടായതായി കാണുന്നില്ല.
സഹകരണഭവനനിര്‍മാണപദ്ധതിപോലുള്ള ആശയങ്ങള്‍ എത്രമാത്രം പ്രായോഗികമാണെന്നു പഠിക്കുന്നതു നല്ലതാണ്. സഹകരണമേഖലയില്‍ തുടങ്ങിയ പല വ്യവസായങ്ങളുടെയും വ്യാപാരങ്ങളുടെയും അനുഭവങ്ങളില്‍നിന്നു പാഠം പഠിക്കേണ്ടതാണ്.