ചങ്ങനാശേരി: ന്യൂനപക്ഷ മാനേജുമെന്റുകള്‍ക്കു ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് സീറോ മലബാര്‍ സഭയുടെ ഉന്നത വിദ്യാഭ്യാസത്തിനായുള്ള സിനഡല്‍ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. യുജിസി റെഗുലേഷന്‍സ് 2025 കരടുരേഖ വിശകലനം ചെയ്യുന്നതിനായി സീറോ മലബാര്‍ സിനഡിന്റെ വിദ്യാഭ്യാസത്തിനായുള്ള കമ്മീഷന്‍ ചങ്ങനാശേരി സെന്റ് ബര്‍ക്കുമാന്‍സ് കോളജില്‍ സംഘടിപ്പിച്ച സിമ്പോസിയം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
ന്യൂനപക്ഷാവകാശങ്ങള്‍ ധ്വംസിക്കുന്നതിനൊപ്പം പാവപ്പെട്ടവരെ അവഗണിക്കുന്ന നിലപാടുകള്‍ക്കു പുതിയ കരടില്‍ സാധ്യത കാണുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ മുഖ്യപ്രഭാഷണം നടത്തി. ഉന്നതവിദ്യാഭ്യാസമേഖലയെ ദുര്‍ബലപ്പെടുത്തുന്നതും തകര്‍ക്കുന്നതുമായ നിഗൂഢ അജണ്ട പുതിയ കരടില്‍ കാണുന്നതായും ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ നിഷേധിക്കപ്പെടാന്‍ പാടില്ലെന്നും ആര്‍ച്ചുബിഷപ് പറഞ്ഞു. നിയമനത്തിന് അവകാശമില്ലെങ്കില്‍ സ്ഥാപനങ്ങള്‍ നടത്തിയിട്ടെന്തു കാര്യമെന്നും മാര്‍ തോമസ് തറയില്‍ ചോദിച്ചു.
സഭയും സമുദായവും നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും മനസ്സിലാക്കാനും ചര്‍ച്ച ചെയ്യാനും സഭാംഗങ്ങള്‍ തയ്യാറാകണമെന്നും ആധുനികയുഗത്തില്‍ ഉന്നതവിദ്യാഭ്യാസരംഗത്ത് അനിവാര്യമായ മാറ്റങ്ങള്‍ക്കു സഭ സജ്ജമാകണമെന്നും തലശ്ശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അഭിപ്രായപ്പെട്ടു.
സിനഡല്‍ കമ്മീഷന്‍ സെക്രട്ടറി എസ്ബി കോളജ് പ്രിന്‍സിപ്പല്‍ ഫാ. റെജി പ്ലാത്തോട്ടം, ജനറല്‍ എജ്യുക്കേഷന്‍ സെക്രട്ടറി ഫാ. ഡൊമിനിക് അയലൂപ്പറമ്പില്‍, കൂത്തുപറമ്പ് നിര്‍മലഗിരി കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജോബി ജേക്കബ് എന്നിവര്‍ വിഷയാവതരണം നടത്തി.
സീറോ മലബാര്‍ സഭയുടെ വിവിധ കോളജുകളില്‍നിന്നുള്ള മാനേജര്‍മാര്‍, പ്രിന്‍സിപ്പല്‍മാര്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.