കോട്ടയം: സുറിയാനിഭാഷയുടെ പഠനം അപ്പസ്‌തോലിക പിതാക്കന്മാരുടെ തനതായ അനുഭവങ്ങളും ക്രിസ്തീയപാരമ്പര്യത്തിന്റെ ആഴത്തിലുള്ള ദര്‍ശനങ്ങളും അനാവരണം ചെയ്യുന്നതാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പും പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചാന്‍സലറുമായ മാര്‍ റാഫേല്‍ തട്ടില്‍. വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയും പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തുന്ന അന്തര്‍ദേശീയ സുറിയാനി ദൈവശാസ്ത്ര സിമ്പോസിയം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ റാഫേല്‍ തട്ടില്‍.
ക്രിസ്തുമതത്തിന്റെ പിള്ളത്തൊട്ടിലായ സെമിറ്റിക് സംസ്‌കാരത്തിലും ഭാഷയിലും രൂപംകൊണ്ട ആരാധനക്രമപാരമ്പര്യമാണ് പൗരസ്ത്യസുറിയാനി ആരാധനക്രമം. സ്വന്തമായി ഒരു സംസ്‌കാരവും പാരമ്പര്യവും ആചാരാനുഷ്ഠാനങ്ങളും നമുക്കുണ്ടെന്നും അവയുടെ വ്യതിരിക്തത നഷ്ടപ്പെട്ടുപോകാതെ സംരക്ഷിക്കേണ്ടതാണെന്ന ബോധ്യം സുറിയാനിക്കത്തോലിക്കാസമൂഹത്തിനുണ്ടാകണമെന്നും മാര്‍ റാഫേല്‍ തട്ടില്‍ ഓര്‍മിപ്പിച്ചു.
സെമിനാരി കമ്മീഷന്‍ ചെയര്‍മാനും ചങ്ങനാശേരി ആര്‍ച്ചുബിഷപ്പുമായ മാര്‍ തോമസ് തറയില്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി പ്രഫസറും സുറിയാനി ഭാഷാപണ്ഡിതനുമായ ഡോ. സെബാസ്റ്റ്യന്‍ ബ്രോക്കിന്റെ ആശംസ വായിച്ചു. സെന്റ്‌തോമസ് അപ്പസ്‌തോലിക് സെമിനാരി റെക്ടര്‍ ഫാ. ഡോ. സ്‌കറിയ കന്യാകോണില്‍, പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഫാ. ഡോ. പോളി മണിയാട്ട് എന്നിവര്‍ പ്രസംഗിച്ചു.
മൂന്നു ദിവസങ്ങളിലായി നടന്ന അന്തര്‍ദേശീയ സുറിയാനി സിമ്പോസിയത്തില്‍ സുറിയാനിപൈതൃകത്തോടു ബന്ധപ്പെട്ട പരമ്പരാഗതക്രൈസ്തവകലകളുടെ അവതരണവും നടന്നു. സുറിയാനിപാരമ്പര്യത്തിന്റെ ദൈവശാസ്ത്രപരവും സാംസ്‌കാരികവുമായ കാര്യങ്ങള്‍ അപഗ്രഥിക്കുന്ന 15 പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
മാര്‍ത്തോമ്മാശ്ലീഹായുടെ പൈതൃകം പിന്തുടരുന്ന ആറു വ്യത്യസ്ത സഭാക്കൂട്ടായ്മകളില്‍നിന്നായി ദൈവശാസ്ത്രജ്ഞരും ദൈവശാസ്ത്ര വിദ്യാര്‍ഥികളുമടക്കം അഞ്ഞൂറോളം പേര്‍ പങ്കെടുത്തു.
പ്രാദേശികം
സുറിയാനിഭാഷ ക്രിസ്തീയപാരമ്പര്യത്തിന്റെ പ്രകാശദീപം: മാര്‍ റാഫേല്‍ തട്ടില്‍
