പാലാ: കുടുംബക്കൂട്ടായ്മ സഭയുടെ പ്രതിരോധശക്തിയാണെന്നും സഭയും സമുദായവും കുടുംബക്കൂട്ടായ്മയുടെ കൈകളില്‍ ഭദ്രമാണെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപത പ്ലാറ്റിനം ജൂബിലിയാഘോഷത്തിന്റെ ഭാഗമായി രൂപത കുടുംബക്കൂട്ടായ്മ വാര്‍ഷികം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
കുടുംബക്കൂട്ടായ്മ ഒരു അച്ചുപോലെയാണ്. കുടുംബമാകുന്ന അച്ചുകൂടത്തിലാണ് നമ്മുടെ കുഞ്ഞുങ്ങള്‍ വളരേണ്ടത്. അച്ചടക്കം കുടുംബത്തിലും ഇടവകയിലും സഭയിലും ഉണ്ടായാല്‍മാത്രമേ സഭയും കുടുംബവും വളരുകയുള്ളൂവെന്നും കുടുംബക്കൂട്ടായ്മ സ്‌നേഹത്തിന്റെ ചങ്ങലയാണെന്നും അദ്ദേഹം പറഞ്ഞു.
ളാലം സെന്റ് മേരീസ് പഴയപള്ളി ഹാളില്‍ നടന്ന സമ്മേളനത്തില്‍ രൂപത പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോസഫ് പയ്യാനിമണ്ഡപത്തില്‍ അധ്യക്ഷത വഹിച്ചു. കുടുംബക്കൂട്ടായ്മ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ ബൈബിള്‍പ്രതിഷ്ഠ നിര്‍വഹിച്ചു. രൂപത സിഞ്ചെല്ലൂസ് മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, ളാലം പഴയപള്ളി വികാരി ഫാ. ജോസഫ് തടത്തില്‍, കുടുംബക്കൂട്ടായ്മ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ആല്‍ബിന്‍ പുതുപ്പറമ്പില്‍, സിന്ധു ഷാജി ഇടയാനിക്കാട്ട്, ബാബു പോള്‍ പെരിയപ്പുറം എന്നിവര്‍ പ്രസംഗിച്ചു. രൂപതയിലെ 171 ഇടവകകളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.
ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തിയ കുടുംബക്കൂട്ടായ്മകള്‍ക്കുള്ള ഇടവക, ഫൊറോനതലട്രോഫികള്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിതരണം ചെയ്തു. എ വിഭാഗത്തില്‍ പയ്യാനിത്തോട്ടം സെന്റ് അല്‍ഫോന്‍സ ഇടവകയും ബി വിഭാഗത്തില്‍ കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവകയും സി വിഭാഗത്തില്‍ മുട്ടം സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയും ഡി വിഭാഗത്തില്‍ ഇലഞ്ഞി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് പോള്‍ ഫൊറോനയും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
രണ്ടാം സ്ഥാനം എ വിഭാഗത്തില്‍ മൂന്നാനി സെന്റ് പീറ്റേഴ്‌സ് പള്ളിയും ബി വിഭാഗത്തില്‍ ഉള്ളനാട് സേക്രഡ് ഹാര്‍ട്ട് പള്ളിയും സി വിഭാഗത്തില്‍ കുറിച്ചിത്താനം സെന്റ് തോമസ് പള്ളിയും ഡി വിഭാഗത്തില്‍ മുട്ടുചിറ ഹോളി ഹോസ്റ്റ് ഫൊറോന പള്ളിയും കരസ്ഥമാക്കി. മൂന്നാം സ്ഥാനം എ വിഭാഗത്തില്‍ ചൂണ്ടച്ചേരി സെന്റ് ജോസഫ് പള്ളിയും ബി വിഭാഗത്തില്‍ കുന്നോന്നി സെന്റ് ജോസഫ് പള്ളിയും സി വിഭാഗത്തില്‍ കാഞ്ഞിരമറ്റം മാര്‍ സ്സീവാ പള്ളിയും ഡി വിഭാഗത്തില്‍ കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോനയും നേടി.
സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തിയെഴുതിയ വ്യക്തികളെയും കുടുംബങ്ങളെയും ബൈബിള്‍ പാരായണം നടത്തിക്കൊണ്ടിരിക്കുന്ന ഇടവകകളെയും ചടങ്ങില്‍ ആദരിച്ചു. പാലാ രൂപത 75 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ പ്രതീകമായി 75 വയസ്സു തികഞ്ഞ മുന്‍ രൂപത പ്രസിഡന്റ് തോമസ് വടക്കന് മെമന്റോ സമ്മാനിച്ചു.