കാട്ടുതീ കാടിനെ വിഴുങ്ങിയാലും കാടുകള്‍ വീണ്ടും ജനിക്കും നാട്ടുകാര്‍ നാടൊഴിഞ്ഞാലോ നാടും കാടും അപ്രത്യക്ഷമാകും.
പച്ചപ്പുകള്‍ വാടിത്തുടങ്ങിയ വലിയ വനപ്രദേശം. ആ പ്രദേശത്തിന്റെ ഒത്ത നടുവിലെ അനേകം കുന്നുകളും പുഴകളും വയലുകളും എല്ലാമുള്ള ഫലഭൂയിഷ്ഠമായ കൃഷിയിടം. അവയിലൊന്നിലെ വലിയ വീട്. വീടിന്റെ വിശാലമായ നടുമുറ്റത്ത് കുട്ടിക്കൊമ്പന്‍ കേശവേന്ദ്രന്‍ എങ്ങനെ കയറിപ്പറ്റിയെന്ന് ആര്‍ക്കുമറിയില്ല. എങ്ങനെയും കേശവേന്ദ്രനെ തുരത്തണം. വീടിന്റെ വിലപ്പിടിപ്പുള്ള ചില്ലലമാരകളും പുസ്തകങ്ങളും ശീതളപാനീയങ്ങളും ധാന്യങ്ങളും ഫലമൂലാദികളും വാഴക്കുലകളുടെ സമൃദ്ധിയറിയിക്കുന്ന അടുക്കളസ്റ്റോറും എല്ലാമടങ്ങിയ തനിക്കിണങ്ങിയ ഈ മഹാമാളില്‍നിന്നിറങ്ങില്ല എന്ന നിശ്ചയത്തിലാണു കുട്ടിക്കൊമ്പന്‍ കേശവേന്ദ്രന്‍.
പഠിച്ച പണി പതിനെട്ടും പലരും, എന്തിന്, വനപാലകര്‍വരെ പരീക്ഷിച്ചു. എല്ലാ ശ്രമവും വിഫലം. കൂട്ടത്തിലെ കുറുമ്പനായ എട്ടാംക്ലാസുകാരന്‍ അനൂപ് മുന്നോട്ടുവന്നു. വലിയ ഒരു വടം ഒരു മിനിലോറിയില്‍ ഉടക്കിയിട്ട് അവന്‍ ലോറി ഡ്രൈവറോടു പറഞ്ഞു: ''ഞാന്‍ ലോറിയില്‍ കയറും. പറയുമ്പോള്‍ ലോറി ഓടിച്ചുകൊള്ളണം.'' അധികം പ്രായമില്ലാത്ത, അമിതവലുപ്പമില്ലാത്ത കുട്ടിക്കൊമ്പന്‍ കേശവേന്ദ്രന്റെ മുമ്പിലേക്കു ശര്‍ക്കര പുരട്ടിയ വലിയ വടം അനൂപ് എറിഞ്ഞുകൊടുത്തു. പല്ലുകളും തുമ്പിക്കൈയും മാത്രമല്ല, കൈകാലുകളും ഉപയോഗിച്ച് അവന്‍ വടത്തില്‍ കടിച്ചുപിടിച്ചു. അവന്‍ പിടിവിട്ടില്ല. ലോറി സാവധാനം നീങ്ങി. മിനുസമുള്ള നടുമുറ്റത്തറയിലൂടെ കുട്ടിക്കൊമ്പന്‍ കേശവേന്ദ്രന്‍ നിരങ്ങി നിരങ്ങി വീടിന്റെ വിശാലമായ വാതില്‍വഴി പുറത്തായി. വനപാലകര്‍ സ്‌നേഹത്തോടെ കൊമ്പനെ വിളിച്ചു. പഴവും ശര്‍ക്കരയും പനയോലകളും വടത്തില്‍ കെട്ടിയിടാന്‍ നാട്ടുകാര്‍ മത്സരിച്ചു. നാട്ടില്‍നിന്നു കുട്ടിക്കൊമ്പന്‍ കേശവേന്ദ്രന്‍ കാട്ടിലെത്തി. പക്ഷേ, എന്തുചെയ്യാന്‍! നാട്ടിലെ മഹാമാളില്‍ പൊറുത്തുപഠിച്ച കുട്ടിക്കൊമ്പന്‍ വളര്‍ന്നിട്ടും വലുതായിട്ടും കാട്ടില്‍ക്കഴിയാന്‍ ഇഷ്ടപ്പെടുന്നില്ല. നാട്ടില്‍ത്തന്നെ വസിക്കണം.
''നാടിന്റെ നന്മ രുചിച്ചുപോയാല്‍
നാട്ടുകാര്‍ നാടുവിട്ടോടുകില്ല.''