ഗുണ്ടായിസം അതിന്റെ ബീഭത്സരൂപം പൂണ്ടു കലിയിളകി കലാപാന്തരീക്ഷം സൃഷ്ടിക്കുന്ന ഒരു കാലത്താണു നാം ജീവിക്കുന്നത്. ഭയത്തിന്റെയും അക്രമത്തിന്റെയും നിഴലാട്ടങ്ങള്‍ രാപകല്‍വ്യത്യാസമില്ലാതെ നമ്മെ വേട്ടയാടുന്നുണ്ടെങ്കില്‍, അതു ഗുണ്ടകള്‍ വാഴുന്ന നാടായി നമ്മുടെ കേരളം അധഃപതിച്ചതിന്റെ പരിണതഫലമാണെന്നു ലജ്ജയോടെ പറയേണ്ടിവരുന്നു. കോപവും കലഹവും ചതിയും വഞ്ചനയുമൊക്കെ കലാപത്തീയായി പടരാന്‍ നിമിഷനേരം മതി. അത്രമാത്രം വിദ്വേഷചിന്തകള്‍ മനുഷ്യമനസ്സുകളെ കീഴടക്കിയിരിക്കുന്നു. വിചാരം നഷ്ടപ്പെട്ട മനുഷ്യന്‍ ഞൊടിയിടകൊണ്ടാണ് അക്രമത്തിന്റെ ആയുധമേന്തി ചോരസംസ്‌കാരത്തിന്റെ അധിപതിയാകുന്നത്. ഗുണ്ടാവിളയാട്ടം ചന്തസ്ഥലങ്ങളിലും പൊതുനിരത്തുകളിലുമെന്നല്ല, കാമ്പസുകളിലും ജനപ്രതിനിധിസഭകളിലും ആരാധനാലയങ്ങളിലുംവരെ കാണേണ്ടിവന്നിരിക്കുന്നു. ആരും ആരെയും കുറ്റപ്പെടുത്തിയിട്ടോ പഴിചാരിയിട്ടോ കാര്യമില്ല. പഠന-പരിശീലനപ്രക്രിയകളിലുള്‍പ്പെടെ എവിടെയൊക്കെയോ ഗുരുതരമായ പിഴവുകള്‍ നമുക്കു സംഭവിക്കുന്നുണ്ട്. മനുഷ്യത്വം വറ്റിപ്പോയിരിക്കുന്നു. ദൈവഭയം അസ്തമിച്ചുതുടങ്ങിയിരിക്കുന്നു. മൂല്യശോഷണം സംഭവിച്ചുകൊണ്ടേയിരിക്കുന്നു. തകരാറുകള്‍ അടിയന്തരമായി പരിശോധിച്ചു പ്രതിരോധവും ചികിത്സയും ശുദ്ധീകരണവും ഉത്തരവാദിത്വപ്പെട്ടവര്‍ നല്‍കേണ്ടിയിരിക്കുന്നു.
ഒരു മയക്കുമരുന്നുഭ്രാന്തന്റെ ചവിട്ടേറ്റ് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ജീവന്‍ പൊലിഞ്ഞുപോയ ദാരുണവാര്‍ത്തകേട്ടു കേരളം ഞെട്ടിത്തരിച്ചിരിക്കുകയാണ്! സര്‍ക്കാരിനെ നോക്കുകുത്തിയാക്കി ഗുണ്ടായിസം അഴിഞ്ഞാടിയതും അതു പാതിരാക്കൊലപാതകത്തില്‍ കലാശിച്ചതും ഫെബ്രുവരി മൂന്നിന് കോട്ടയം തെള്ളകത്താണ്. കോട്ടയം വെസ്റ്റ് പൊലീസ്‌സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ശ്യാംപ്രസാദിനെയാണ് എം.സി. റോഡിലെ തട്ടുകടയ്ക്കു മുന്നിലിട്ട് ഒരു സാമൂഹികദ്രോഹി ചവിട്ടിക്കൊന്നത്. വഴിയരുകിലെ തര്‍ക്കത്തില്‍ ഉത്തരവാദിത്വത്തോടെ ഇടപെട്ട ഒരു ക്രമസമാധാനപാലകന്റെ സ്ഥിതി ഇതാണെങ്കില്‍, ഒരു സാധാരണക്കാരന്റെ സുരക്ഷിതത്വത്തിന് ഈ കേരളത്തില്‍ എന്തു വിലയാണുള്ളത്?
ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ സ്വന്തം അമ്മാവന്‍ ജീവനോടെ കിണറ്റിലെറിഞ്ഞുകൊന്ന സംഭവത്തിന്റെ ഉള്ളുലച്ചിലില്‍നിന്ന് കേരളം മുക്തമായിട്ടില്ല. മഞ്ചേരിയില്‍ പിഞ്ചുകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നശേഷം അമ്മ തൂങ്ങിമരിച്ച സംഭവവും ഒരേ ദിവസ(ജനുവരി 30)മാണുണ്ടായത്. പാലക്കാട് ജാമ്യത്തിലിറങ്ങിയ പ്രതി അയല്‍ക്കാരായ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയിട്ടു ദിവസങ്ങളേ ആയുള്ളൂ. ആലപ്പുഴയില്‍ പ്രായം ചെന്ന മാതാപിതാക്കളെ വീട്ടില്‍ പൂട്ടിയിട്ട് കത്തിച്ചുകൊന്നെന്ന കേസും ഈയിടെ അരങ്ങേറിയത് ഈ 'സാംസ്‌കാരികകേരള'ത്തിലാണെന്നത് ഞെട്ടലോടെമാത്രമേ കേള്‍ക്കാനാവൂ.
സഹജീവിസ്‌നേഹം മരവിച്ചുപോയ ഒരു സമൂഹത്തിലാണു നാം ജീവിക്കുന്നതെന്നു തോന്നിപ്പോകുന്നു. കാരണം, എന്തു ക്രൂരതയും എവിടെയും ആരോടും കാണിക്കാമെന്ന ധാര്‍ഷ്ട്യം മനുഷ്യനെ മദിക്കുന്നുണ്ട്. പൊതുവിടങ്ങളില്‍ നമ്മുടെ കുട്ടികളും സ്ത്രീകളും സുരക്ഷിതരല്ലെന്ന സ്ഥിതിവിശേഷം സംജാതമായതോടെ അവര്‍ അനുഭവിക്കുന്ന പരിഭ്രാന്തിയും ആശങ്കകളും പറഞ്ഞറിയിക്കാനാവാത്തതാണ്. അച്ഛനമ്മമാരും കൂടപ്പിറപ്പുകളുമുള്‍പ്പെടെ കാവലാളാകേണ്ടവരും ക്രിമിനലുകളായി വേഷമിടുമ്പോള്‍ കേരളം അക്ഷരാര്‍ഥത്തില്‍ അരക്ഷിതത്വത്തിന്റെ നടുക്കയത്തിലാണെന്നു ഞെട്ടലോടെ തിരിച്ചറിഞ്ഞേ പറ്റൂ.
ക്രമസമാധാനം തകര്‍ക്കുന്ന മട്ടിലേക്കു ക്രിമിനല്‍ഗുണ്ടകളുടെ അരങ്ങേറ്റം കേരളത്തില്‍ വ്യാപകമായിരിക്കുന്നു. മയക്കുമരുന്നുമാഫിയ കേരളത്തില്‍ പിടിമുറുക്കിയിട്ടു കാലങ്ങേളറെയായെങ്കിലും, അതിനു തടയിടാനോ വേരോടെ പിഴുതെറിയാനോ അല്ല, പകരം, ലഹരിലഭ്യതയ്ക്കാണു സര്‍ക്കാര്‍വൃത്തങ്ങള്‍ ശ്രമിക്കുന്നതെന്നതു വേദനയോടെമാത്രമേ കേള്‍ക്കാനാവൂ. കേരളത്തിന്റെ സമാധാനജീവിതം കെടുത്തുന്ന മയക്കുമരുന്നുഗുണ്ടകളെ നിലയ്ക്കുനിര്‍ത്താന്‍ സര്‍ക്കാരിനല്ലാതെ മറ്റാര്‍ക്കാണു സാധിക്കുന്നത്? നിയമവും നീതിവാഴ്ചയുമുള്ള ഒരു ജനാധിപത്യരാജ്യത്ത് പൗരാവകാശത്തോടും അന്തസ്സോടുംകൂടി മനുഷ്യരായി ജീവിക്കാനുള്ള സ്വാതന്ത്ര്യം വേണം. മനുഷ്യനെ ഭ്രാന്തുപിടിപ്പിക്കുന്ന വര്‍ഗീയതയെയും തീവ്രവാദങ്ങളെയുമൊക്കെ നാട്ടില്‍നിന്നു കുടിയിറക്കിയേ പറ്റൂ. പോയകാലത്തെ നവോത്ഥാനനന്മകളുടെ പെരുമ അയവിറക്കിക്കൊണ്ടിരുന്നാല്‍ മാത്രംപോരാ, സമകാലികസമൂഹത്തെ വായിക്കാനും തിരുത്താനും പ്രതിരോധശക്തിയാകാനും സര്‍ക്കാരും സമൂഹവും ഒത്തൊരുമിച്ചു പരിശ്രമിക്കുകതന്നെ വേണം.