•  27 Feb 2025
  •  ദീപം 57
  •  നാളം 50
ലേഖനം

മുല്ലപ്പെരിയാര്‍ അണക്കെട്ട് ജനങ്ങളുടെ ആശങ്കയകറ്റണം

മുല്ലപ്പെരിയാര്‍ അണക്കെട്ടിനു സുരക്ഷാഭീഷണിയുണ്ടെന്നത് ആശങ്ക മാത്രമാണ്. ആകാശം ഇടിഞ്ഞുവീഴുമെന്ന് ഒരു കാര്‍ട്ടൂണ്‍കഥാപാത്രം ഭയപ്പെടുന്നതുപോലെ. ഒന്നരവര്‍ഷത്തോളം ഈ ഭീഷണിക്കുകീഴില്‍ ഞാന്‍ താമസിച്ചിട്ടുണ്ട്. 135 വര്‍ഷത്തെ മഴക്കാലം അതിജീവിച്ച അണക്കെട്ടാണത്.

    മുല്ലപ്പെരിയാര്‍വിഷയവുമായി ബന്ധപ്പെട്ട് കോതമംഗലം സ്വദേശി ഡോ. ജോ ജോസഫ് നല്കിയ ഹര്‍ജി പരിഗണിച്ച സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ഋഷികേശ് റോയ് നടത്തിയ പരാമര്‍ശങ്ങളാണ് മുകളില്‍ കുറിച്ചത്.
     ജനുവരി 29-ാം തീയതി ബുധനാഴ്ചയിലെ ദിനപത്രങ്ങളില്‍ വന്ന ഈ വാര്‍ത്തയിലൂടെ കടന്നുപോയപ്പോള്‍ ഒരു കാര്യം എനിക്കു ബോധ്യമായി. സംസ്ഥാനസര്‍ക്കാരിനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കോ പൊതുപ്രവര്‍ത്തകര്‍ക്കോമാത്രമല്ല, സുപ്രീംകോടതി ജഡ്ജിമാര്‍ക്കുപോലും മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ചരിത്രത്തെക്കുറിച്ച് അറിവില്ലെന്ന യാഥാര്‍ഥ്യം. 1895 ഒക്‌ടോബര്‍ 10-ാം തീയതി ബ്രിട്ടീഷ്‌സര്‍ക്കാര്‍ കമ്മീഷന്‍ ചെയ്ത മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ചുതന്നെയാണോ ഇവരൊക്കെ അഭിപ്രായം പറയുന്നതെന്നു തോന്നിപ്പോകും. കമ്മീഷന്‍ ചെയ്തശേഷം  കഴിഞ്ഞവര്‍ഷം ഒക്‌ടോബര്‍ 10-ാം തീയതി അണക്കെട്ട് '129 വര്‍ഷത്തെ മഴക്കാലങ്ങളെ അതിജീവിച്ചു.' ഇപ്പോഴാകട്ടെ, 130-ാം വര്‍ഷത്തില്‍ എത്തിനില്ക്കുന്നു. അങ്ങനെയെങ്കില്‍ '135 വര്‍ഷത്തെ മഴക്കാലത്തിന്റെ' കണക്ക് ജഡ്ജിക്ക്  എവിടെനിന്നു കിട്ടി?
പെരിയാര്‍ പാട്ടക്കരാറും 
മുല്ലപ്പെരിയാര്‍ അണക്കെട്ടും

    ബ്രിട്ടീഷ്‌സര്‍ക്കാരിനു കീഴിലുള്ള  മദ്രാസ് പ്രസിഡന്‍സിയിലെ തേനി, ഡിണ്ടിഗല്‍, മധുര, ശിവഗംഗ, രാമനാഥപുരം എന്നീ അഞ്ചു ജില്ലകളിലെ ജലസേചനത്തിനും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുമായി ബ്രിട്ടീഷ്‌സര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതിയാണ് 'മുല്ലപ്പെരിയാര്‍ ജലസേചനപദ്ധതി.' ജലസമൃദ്ധമായ പെരിയാറിനെ അണകെട്ടി നിറുത്തി സംഭരിക്കുന്ന വെള്ളം ടണല്‍ നിര്‍മിച്ച് മദ്രാസ് പ്രസിഡന്‍സിയിലെ വൈഗനദിയിലേക്കു വഴിതിരിച്ചുവിടുന്ന പദ്ധതിയായിരുന്നു അത്. അപ്രകാരം അണകെട്ടി സംഭരിക്കുന്ന വെള്ളം 8,000 ഏക്കറോളം നിബിഡവനം മൂടിക്കളയുമെന്നു മനസ്സിലാക്കിയ തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീ വിശാഖം തിരുനാള്‍ ബ്രിട്ടീഷുദ്യോഗസ്ഥരുടെ ദുശ്ശാഠ്യത്തിനുമുമ്പില്‍ കീഴടങ്ങി കരാറില്‍ ഏര്‍പ്പെടാന്‍ സമ്മതിക്കുകയായിരുന്നു. കേട്ടുകേള്‍വിപോലുമില്ലാത്ത 999 വര്‍ഷത്തെ പാട്ടക്കരാറില്‍ ഒപ്പിടാനാണ് മഹാരാജാവ് നിര്‍ബന്ധിക്കപ്പെട്ടത്. ഉടമ്പടിയിലെ പല നിബന്ധനകളോടും വിയോജിപ്പുണ്ടായിരുന്നതിനാല്‍ കരാറില്‍ ഒപ്പിടാന്‍ ദിവാന്‍ വി. രാമയ്യങ്കാറിനോട് അദ്ദേഹം നിര്‍ദേശിക്കുകയായിരുന്നു.
    1886 ഒക്‌ടോബര്‍ 29 ലെ പെരിയാര്‍ പാട്ടക്കരാര്‍ പ്രകാരം 1887 ല്‍ നിര്‍മാണമാരംഭിച്ച അണക്കെട്ട്, എട്ടു വര്‍ഷത്തെ കഠിനാധ്വാനത്തിലൂടെയാണു പൂര്‍ത്തിയാക്കിയത്. ബ്രിട്ടീഷുകാരനായ ചീഫ് എഞ്ചിനീയര്‍ കേണല്‍ ജോണ്‍ പെന്നിക്വിക് നിര്‍മാണത്തിനു മേല്‍നോട്ടം വഹിച്ചു. നിര്‍മാണം പൂര്‍ത്തിയാക്കിയ അവസരത്തില്‍ 'അണക്കെട്ട് അമ്പതോ അറുപതോ വര്‍ഷം നില്ക്കുമായിരിക്കും' എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നുവെന്നു പറയപ്പെടുന്നുണ്ട്. കേണല്‍ പെന്നിക്വിക്കിന്റെ മരണശേഷവും മുല്ലപ്പെരിയാര്‍ അണക്കെട്ട് 114 വര്‍ഷത്തെ മഴക്കാലത്തെ അതിജീവിച്ചുകഴിഞ്ഞിരിക്കുന്നു.
വിചിത്രമായ പാട്ടക്കരാര്‍
    തിരുവിതാംകൂര്‍ മഹാരാജാവും ബ്രിട്ടീഷ് സര്‍ക്കാരും തമ്മില്‍ ഏര്‍പ്പെട്ട 1886 ഒക്‌ടോബര്‍ 29 ലെ പെരിയാര്‍ ലീസ് എഗ്രിമെന്റ് കാലഹരണപ്പെട്ടുവെന്നു തെളിയിക്കുകയാണ് മുല്ലപ്പെരിയാര്‍ കേസ് വിജയിക്കാനുള്ള ഏകപോംവഴി. അത്യന്തം വിചിത്രമെന്നു തോന്നുന്ന ഈ പാട്ടക്കരാറിനു നിശ്ചയിച്ചിട്ടുള്ള കാലാവധി 999 വര്‍ഷങ്ങള്‍! ബ്രിട്ടീഷ്ഭരണകാലത്തെ ഏതു പാട്ടക്കരാര്‍ പരിശോധിച്ചാലും അവയുടെ കാലാവധി 99 വര്‍ഷമാണ്. 999 വര്‍ഷക്കരാര്‍ ലോകത്ത് അസാധാരണമാണെന്ന് മുല്ലപ്പെരിയാര്‍ പ്രത്യേക സെല്ലിന്റെ അധ്യക്ഷനായിരുന്ന എം.കെ. പരമേശ്വരന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആദ്യ 999 വര്‍ഷം പിന്നിട്ടുകഴിയുമ്പോള്‍ ഇരുകൂട്ടര്‍ക്കും സമ്മതമാണെങ്കില്‍ നിലവിലുള്ള വ്യവസ്ഥകളിന്മേല്‍ മറ്റൊരു 999 വര്‍ഷംകൂടി കരാര്‍ പുതുക്കാവുന്നതാണെന്ന് എഴുതിവച്ചിട്ടുണ്ടത്രേ! അപ്പോള്‍ എ ഡി 3884 വരെ നീളുന്ന ഒരു കാലാവധിവരെ  പെരിയാര്‍ ലീസ് എഗ്രിമെന്റിനു പ്രാബല്യമുണ്ട്. എന്തൊരു വിരോധാഭാസമാണിത്? ഒരു അണക്കെട്ടിന്റെ പരമാവധി ആയുസ്സ് 75 വര്‍ഷമാണെന്ന് ലോക ഡാം സുരക്ഷാ അതോറിറ്റി  നിശ്ചയിച്ചിട്ടുണ്ട്. കാലാവധി കഴിഞ്ഞ അണക്കെട്ടുകള്‍ ഡീകമ്മീഷന്‍ ചെയ്യുകതന്നെവേണം. അപ്പോള്‍, 999 വര്‍ഷം നീളുന്ന പെരിയാര്‍ ലീസ് എഗ്രിമെന്റ് കരാറിന്റെ  രൂപീകരണസമയത്തുതന്നെ അസാധുവായി പരിഗണിക്കണം. അങ്ങനെ വരുമ്പോള്‍, കേരളമുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്‍ 29-10-1970 ല്‍ പുതുക്കിനല്കിയ കരാറും അസാധുവാകും. നിയമസഭയുടെയോ മന്ത്രിസഭയുടെയോ അനുവാദമില്ലാതെയാണ് അച്യുതമേനോന്‍ 1954 മുതല്‍ മുന്‍കാലപ്രാബല്യത്തോടെ പാട്ടക്കരാര്‍ പുതുക്കിനല്കിയത്.
തിരുവിതാംകൂര്‍ നാട്ടുരാജ്യവും  ബ്രിട്ടീഷ്‌സര്‍ക്കാരുമായി ഏര്‍പ്പെട്ട പാട്ടക്കരാര്‍ ഭാരതം സ്വാതന്ത്ര്യം നേടിയതോടെ റദ്ദാവുകയും, ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്റ് ആക്ട് 177-ാം വകുപ്പുപ്രകാരം നാട്ടുരാജ്യത്തെ ഉള്‍ക്കൊണ്ട സംസ്ഥാനവും ഭാരതസര്‍ക്കാരും തമ്മിലുള്ള കരാറായി മാറുകയും ചെയ്തു. ബ്രിട്ടീഷ് ഇന്ത്യയുടെ തുടര്‍ച്ച കേന്ദ്രസര്‍ക്കാരിലും തിരുവിതാംകൂറിന്റേത് കേരളസംസ്ഥാനത്തിലും നിക്ഷിപ്തമായി. കരാറിന്റെ ഒരു ഘട്ടത്തിലും കേരളസംസ്ഥാനവും തമിഴ്‌നാടും കക്ഷികളായിരുന്നില്ല.
ബലക്ഷയം ബാധിച്ച അണക്കെട്ട്
    നിര്‍മാണാവസരംമുതല്‍ കണ്ടുതുടങ്ങിയ ചോര്‍ച്ചകളടയ്ക്കാന്‍ 1922, 1930, 1935, 1950, 1954 വര്‍ഷങ്ങളില്‍ സിമന്റുപയോഗിച്ച് ഗ്രൗട്ടിങ് നടത്തിയതായി രേഖകളുണ്ട്. 1954 ലെ ഗ്രൗട്ടിങ്ങിനുമാത്രം 500 ടണ്‍ സിമന്റുപയോഗിച്ചു. അണക്കെട്ടിനു ബലക്ഷയമുണ്ടെന്നു കണ്ടെത്തിയ കേന്ദ്രവാട്ടര്‍ കമ്മീഷന്‍ ഇരുസംസ്ഥാനങ്ങളിലെയും വിദഗ്ധരായ എഞ്ചിനീയര്‍മാരുടെ അടിയന്തരയോഗം വിളിച്ചുചേര്‍ക്കുകയും  വിശദമായ പരിശോധനകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. 1979 നവംബര്‍  25-ാം തീയതി ചേര്‍ന്ന സംയുക്തസമ്മേളനത്തില്‍ ഹ്രസ്വകാലനടപടിയായി ബലപ്പെടുത്തലുകള്‍ തുടരാനും, ദീര്‍ഘകാലനടപടിയായി ഇപ്പോഴുള്ള അണക്കെട്ടിനു താഴെ പുതിയൊരെണ്ണം നിര്‍മിക്കാനും ധാരണയായി. തേക്കടിത്തടാകത്തിലെ ജലനിരപ്പ് 136 അടിയായി നിശ്ചയിച്ചത് ഈ സമ്മേളനത്തിലായിരുന്നു.
കേന്ദ്രവാട്ടര്‍ കമ്മീഷന്റെ നിര്‍ദേശമനുസരിച്ച് താഴെപ്പറയുന്ന രീതിയില്‍ മൂന്നു ബലപ്പെടുത്തലുകള്‍ ചെയ്തതായി തമിഴ്‌നാട് അവകാശപ്പെട്ടിട്ടുണ്ട്.
ഒന്ന്, ഒരു മീറ്ററിന് 12 ടണ്‍ കോണ്‍ക്രീറ്റു വീതം 374 മീറ്റര്‍ നീളത്തില്‍ ക്യാപ്പിങ് നടത്തി.
   രണ്ട്, 10 മീറ്റര്‍ ഘനത്തില്‍ കോണ്‍ക്രീറ്റുഭിത്തി കെട്ടി പുറംഭിത്തിക്ക് അധികബലം നല്കി.
   മൂന്ന്, 102 ഉരുക്കുസിലിണ്ടറുകള്‍ 10 അടിയോളം അടിപ്പാറയിലേക്കിറക്കി സിമന്റു നിറച്ച് കേബിള്‍ ആങ്കറിങ് നടത്തി. ഇത്തരം ബലപ്പെടുത്തലുകള്‍ നടത്തിയശേഷം ജലനിരപ്പ് 152 അടിയിലേക്ക് ഉയര്‍ത്തണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ച തമിഴ്‌നാടിനനുകൂലമായി 142 അടിയിലേക്ക് ജലനിരപ്പുയര്‍ത്താനുള്ള ഉത്തരവിറങ്ങി.
    അണക്കെട്ടിന്റെ അടിത്തട്ടില്‍നിന്ന് നൂറടി ഉയരത്തില്‍ നെടുനീളത്തിലുള്ള ഒരു വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ടെന്നു കണ്ടെത്തിയിട്ട് നാളുകളായി. ഇവിടെവച്ച് ജലഭാഗത്തേക്ക് അണക്കെട്ട് ഒടിഞ്ഞുനില്ക്കുന്നതായും പരിശോധനയില്‍ തെളിഞ്ഞുവെന്നും പറയപ്പെടുന്നു. ഡല്‍ഹിയിലെയും റൂര്‍ക്കിയിലെയും സാങ്കേതികവിദഗ്ധര്‍ അണക്കെട്ടിന്റെ മുകള്‍ഭാഗത്തുനിന്നു താഴേക്ക് വിവിധ സ്ഥലങ്ങളില്‍ ബോര്‍ഹോളുകള്‍ കുഴിച്ച് റിമോട്ട് ഓപ്പറേറ്റിങ് വീഹിക്കിള്‍ കടത്തിവിട്ടപ്പോള്‍ ഉപകരണം പൊള്ളയായ ഭാഗങ്ങളിലൂടെയാണു കടന്നുപോയതെന്നു തെളിഞ്ഞിട്ടുണ്ട്. ബാഹ്യഭാഗത്തു ചെയ്തിട്ടുള്ള പണികള്‍ ഒരു പുതിയ അണക്കെട്ടിന്റെ പ്രതീതി ജനിപ്പിക്കുമെങ്കിലും അകം പൊള്ളയായിത്തുടരുന്നത് അത്യന്തം അപകടകരമായ സ്ഥിതിവിശേഷമാണ്. വെള്ളം താഴ്ന്നുനില്ക്കുന്ന അവസരങ്ങളില്‍ ഡാമിനടുത്തേക്കു ബോട്ടുയാത്ര നടത്തിയിട്ടുള്ള വിനോദസഞ്ചാരികള്‍ അണക്കെട്ടിന്റെ ഉള്‍ഭാഗം നമ്മുടെ നാട്ടിലെ പഴയ കയ്യാലകള്‍ക്കു സമാനമാണെന്നു സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കാട്ടുകല്ലുകള്‍ അടുക്കിവച്ച ഒരു കല്‍ക്കെട്ടുമാത്രമായി അണക്കെട്ടു രൂപംപ്രാപിച്ചിരിക്കുന്നു. കല്ലുകളെ തമ്മില്‍ ചേര്‍ത്തുവച്ചിരുന്ന സുര്‍ക്കിമിശ്രിതത്തിന്റെ 60 ശതമാനവും ഒലിച്ചുപോയതായും കണ്ടെത്തി.
ജസ്റ്റിസ് ഋഷികേശ് റോയിയുടെ പരാമര്‍ശങ്ങളെ ഖണ്ഡിക്കുന്ന ഒരു ചോദ്യം നാലു വര്‍ഷംമുമ്പ് പരമോന്നതകോടതിയില്‍നിന്നുതന്നെ ഉണ്ടായിട്ടുള്ളത് ഇപ്പോള്‍ ഓര്‍ക്കുന്നു: ''125 വര്‍ഷം പഴക്കമുള്ള ബലക്ഷയം ബാധിച്ച അണക്കെട്ടിന്റെ അടിയില്‍കിടന്ന് നിങ്ങള്‍ ഉറങ്ങുകയാണോ? കേന്ദ്ര-കേരള-തമിഴ്‌നാടു സര്‍ക്കാരുകള്‍ അവസരത്തിനൊത്ത് ഉയരാത്തതെന്ത്?''
    അന്തര്‍സംസ്ഥാനതര്‍ക്കങ്ങളില്‍ മധ്യസ്ഥത വഹിക്കാനും പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താനും പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനും അധികാരമുണ്ടായിരിക്കേ, ഇക്കാര്യത്തില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കാന്‍ വൈകുന്നത് ആപത്കരമായ സ്ഥിതിവിശേഷമാണ്. യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത  നിലപാടു സ്വീകരിക്കുന്ന തമിഴ്‌നാട്ടിലെ നേതാക്കളെ അനുനയിപ്പിക്കാന്‍ പ്രധാനമന്ത്രിക്കു കഴിയും. ലോകം അവസാനിക്കുന്ന കാലംവരെയും തമിഴ്‌നാടിനു വെള്ളം നല്‍കാന്‍ നാം തയ്യാറാണ്; പക്ഷേ, ഏതു നിമിഷവും  തകര്‍ന്നുവീണേക്കും എന്നു ഭയപ്പെടുന്ന ഒരു അണക്കെട്ടിനു താഴെ ജീവിക്കുന്ന ലക്ഷക്കണക്കായ മനുഷ്യരും അവരുടെ ജീവജാലങ്ങളും വസ്തുവകകളും സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമല്ലേ?
     ഒന്നരവര്‍ഷത്തോളം ഈ ഭീഷണിക്കു കീഴില്‍ താമസിച്ചിരുന്നുവെന്നു പറയുന്ന ജസ്റ്റീസ് ഋഷികേശ് റോയി എവിടെയാണ് താമസിച്ചിരുന്നതെന്നു വ്യക്തമാക്കിയിട്ടില്ല. കേരളഹൈക്കോടതിയില്‍ ജഡ്ജിയായിരിക്കേ കൊച്ചിയില്‍ എവിടെയെങ്കിലും താമസിച്ചിട്ടുണ്ടാകാം. അതോ, അണക്കെട്ടിന്റെ താഴ്ഭാഗത്തെവിടെയെങ്കിലുമാകുമോ താമസിച്ചിട്ടുണ്ടാവുക? മുല്ലപ്പെരിയാര്‍ അണക്കെട്ട് ഏതെങ്കിലും ഒരുകാലത്തു തകരുന്നപക്ഷം വള്ളക്കടവുമുതല്‍ ഇടുക്കിഅണക്കെട്ടുവരെയും, കൊച്ചിയുള്‍പ്പെടെയുള്ള അനേകം പട്ടണങ്ങളും ഭൂമിയില്‍നിന്ന് അപ്രത്യക്ഷമാകും. മധ്യകേരളത്തെ ചെളിയില്‍ മുക്കി ഇല്ലായ്മ ചെയ്യാന്‍ കെല്പുള്ള ഒരു 'ജലബോംബാ'ണു തലയ്ക്കുമുകളില്‍ നില്ക്കുന്നതെന്ന യാഥാര്‍ഥ്യം വിസ്മരിച്ചുകൂടാ.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)