•  27 Feb 2025
  •  ദീപം 57
  •  നാളം 50
ലേഖനം

ലോകാരോഗ്യസംഘടന തകരുന്നുവോ?

    അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് എട്ടാം മണിക്കൂറില്‍ ഒപ്പിട്ട,ലോകാരോഗ്യസംഘടന(ണഒഛ)യില്‍നിന്നു പിന്‍വാങ്ങിയും സംഘടനയ്ക്കുള്ള ധനസഹായം നിര്‍ത്തിവച്ചുകൊണ്ടുമുള്ള, ലോകക്രമത്തെ മാറ്റിമറിക്കാനുതകുംവിധം നിര്‍ണായകമായ തന്റെ എക്‌സിക്യൂട്ടീവ് ഉത്തരവില്‍നിന്നു പിന്മാറാന്‍ അദ്ദേഹം ഇതേവരെ തയ്യാറായിട്ടില്ല എന്നത് നിരാശാജനകമായ ഒരു വാര്‍ത്തതന്നെയാണ്. പല ലോകരാജ്യങ്ങളുടെയും ആരോഗ്യമേഖലയ്ക്കു കനത്ത ആഘാതമേല്പിച്ചുകൊണ്ടാണ് തന്റെ മുന്‍ഭരണകാലത്തു നടപ്പാക്കാന്‍ സാധിക്കാതിരുന്ന നയം രണ്ടാംവരവിന്റെ ആദ്യദിനംതന്നെ അദ്ദേഹം പ്രാവര്‍ത്തികമാക്കിയത്. ലോകാരോഗ്യസംഘടനയുടെ സ്ഥാപകാംഗമായിരുന്ന യു.എസ്. അന്നുമുതല്‍ സംഘടനയുടെ അസംബ്ലിയിലും എക്‌സിക്യൂട്ടീവ് ബോര്‍ഡിലും സജീവപങ്കാളിത്തം വഹിച്ചിരുന്നു. അംഗത്വം പിന്‍വലിക്കുന്നതിന് ഒരു വര്‍ഷത്തെ നോട്ടീസ് പീരിയഡ് നല്‍കണമെന്നും സാമ്പത്തികബാധ്യതകള്‍ പൂര്‍ണമായി അടച്ചുതീര്‍ക്കണമെന്നുമായിരുന്നു ഡബ്ല്യു.എച്ച.്ഒ. സ്ഥാപനവേളയില്‍ യു.എസ്. തീരുമാനം. പിന്‍വാങ്ങല്‍ നടപ്പാക്കാന്‍ യു.എസ്. കോണ്‍ഗ്രസിന്റെ സമ്മതം വേണ്ടിവരുമെങ്കിലും ഇരുസഭകളിലെയും റിപ്പബ്ലിക്കന്‍ ആധിപത്യം ട്രംപിന്റെ തീരുമാനങ്ങളുടെ നടത്തിപ്പിനു സുഗമമായ വഴിയൊരുക്കും. തന്റെ  മുന്‍ഭരണകാലത്തിന്റെ അവസാനഘട്ടത്തില്‍ ട്രംപ് ഇങ്ങനെ ഒരു നടപടിയിലേക്കു കടന്നിരുന്നെങ്കിലും ജോ ബൈഡന്‍ ഭരണത്തില്‍ വന്നതോടെ അത് പുനഃസ്ഥാപിക്കുകയായിരുന്നു.
ട്രംപിന്റെ പിന്മാറ്റകാരണങ്ങള്‍
    രാജ്യാന്തര ആരോഗ്യപ്രതിസന്ധികളെ പ്രത്യേകിച്ച്, കൊവിഡ് - 19 വ്യാപനത്തെ നേരിട്ട ലോകാരോഗ്യസംഘടനയുടെ രീതി ഫലപ്രദമായില്ല എന്ന് ട്രംപ് ആരോപിക്കുന്നു. അംഗരാജ്യങ്ങളുടെ, പ്രത്യേകിച്ച് ചൈനയുടെ അനുചിതമായ രാഷ്ട്രീയസ്വാധീനങ്ങള്‍ക്ക് ഡബ്ല്യു.എച്ച.്ഒ. വഴങ്ങുന്നുവെന്നും ചൈനയുടെ ജനസംഖ്യയ്ക്ക് ആനുപാതികമായ തുക അവര്‍ നല്‍കുന്നില്ലെന്നുമാണ് ട്രംപിന്റെ വാദം. ചൈനയിലെ ജനസംഖ്യ 141 കോടിയും യു.എസ്. ജനസംഖ്യ 33.49 കോടിയുമാണെന്നിരിക്കേ, തങ്ങളുടെ ജനസംഖ്യയുടെ 300 ശതമാനം അധികമുള്ള ചൈന പക്ഷേ, ലോകാരോഗ്യസംഘടനയ്ക്കു നല്‍കുന്ന തുക 90 ശതമാനം കുറവാണെന്ന് വൈറ്റ് ഹൗസ് പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു. കൊവിഡ് 19 വൈറസ് വ്യാപനം തടയാന്‍ ലോകാരോഗ്യസംഘടന കാര്യമായി പ്രവര്‍ത്തിച്ചില്ലെന്നുമാത്രമല്ല, ചൈനയിലെ വൈറസ് വ്യാപനം സംഘടന മറച്ചുവച്ചുവെന്നും ട്രംപ് കുറ്റപ്പെടുത്തുന്നു.
ലോകാരോഗ്യസംഘടന
     അന്താരാഷ്ട്രതലത്തില്‍ പൊതുജനാരോഗ്യപ്രവര്‍ത്തനങ്ങള്‍ രൂപീകരിച്ച് ഏകോപിപ്പിക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ രാഷ്ട്രീയേതര ഏജന്‍സിയാണ് 194 അംഗരാജ്യങ്ങളുള്ള ലോകാരോഗ്യസംഘടന അഥവാ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍. ജനീവ ആസ്ഥാനമായി സംഘടന  രൂപംകൊണ്ട 1948 ഏപ്രില്‍ 7 തന്നെയാണ് ലോകാരോഗ്യദിനമായി ആചരിക്കുന്നത്. പകര്‍ച്ചവ്യാധികളെ ചെറുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍മാത്രമല്ല ലോകമെങ്ങും വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുക, ആരോഗ്യ അടിയന്തരാവസ്ഥകളില്‍ പ്രതികരിക്കുക തുടങ്ങി നിരവധി കാര്യങ്ങള്‍ ലോകാരോഗ്യസംഘടന കൈകാര്യം ചെയ്യുന്നുണ്ട്. വസൂരി നിര്‍മാര്‍ജനത്തില്‍ മുഖ്യപങ്കുവഹിച്ച സംഘടന പകര്‍ച്ചവ്യാധികളും മറ്റുമുണ്ടാകുമ്പോള്‍ വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുക, രാജ്യങ്ങള്‍ക്കു സാങ്കേതികസഹായം നല്കുക, ഗവേഷണങ്ങള്‍ക്കു നേതൃത്വം നല്കുക, ലോകവ്യാപക ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നിവയെല്ലാം ചെയ്തുവരുന്നു. പല ദരിദ്രരാജ്യങ്ങളിലും വാക്‌സിനേഷനു നേതൃത്വം നല്‍കുന്നത് ഡബ്ല്യു.എച്ച.്ഒ.ആണ്.
അമേരിക്കന്‍ പിന്മാറ്റം ഏല്പിക്കുന്ന ആഘാതം
      500 മുതല്‍ 600 വരെ മില്യന്‍ ഡോളര്‍ ഡബ്ല്യു.എച്ച.്ഒ. യ്ക്ക് എല്ലാ വര്‍ഷവും നല്‍കുന്ന അമേരിക്ക മറ്റു പ്രോജക്ടുകള്‍ക്കെല്ലാംകൂടി ഏകദേശം 1.3 ബില്യണ്‍ ഡോളര്‍  എന്ന ഭീമമായ തുകയാണ് സംഘടനയ്ക്കു സംഭാവന ചെയ്യുന്നത്. കൂടാതെ, എച്ച്‌ഐവി പ്രതിരോധപ്രവര്‍ത്തനഫണ്ടിന്റെ 75 ശതമാനവും ക്ഷയരോഗനിര്‍മാര്‍ജനഫണ്ടിന്റെ 50 ശതമാനവും അമേരിക്കയാണു വഹിക്കുന്നത്. അതിനും പുറമേ ഏകദേശം 830 മില്യണ്‍ ഡോളര്‍ സംഭാവന ചെയ്യുന്ന ബില്‍ & മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനടക്കം അമേരിക്കയിലെ നിരവധി പ്രസ്ഥാനങ്ങള്‍ ചേര്‍ന്ന് മില്യന്‍കണക്കിനു ഡോളറുകളാണ് ഡബ്ല്യു.എച്ച.്ഒ.യ്ക്കു നല്കുന്നത്. ദരിദ്രരാജ്യങ്ങളില്‍ ലോകാരോഗ്യസംഘടനയുടെ പ്രവര്‍ത്തനം മുന്നോട്ടുപോകുന്നത് സമ്പന്നരാജ്യങ്ങളുടെ സഹായത്താലാണെന്നിരിക്കേ, ആ സഹായം നിലയ്ക്കുന്നത് പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാനുള്ള ആഗോളശ്രമങ്ങളെ പരാജയപ്പെടുത്തുകയും ദുര്‍ബലരായ ജനങ്ങളെ അപകടത്തിലാക്കുകയും ചെയ്യും. ദരിദ്ര ആഫ്രിക്കന്‍രാജ്യങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നതില്‍ സംശയമില്ല. ഇന്ത്യയ്ക്ക് ഇതു വെല്ലുവിളിയാകുന്നില്ലെങ്കിലും പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ തുടങ്ങി നിരവധി ദരിദ്രരാജ്യങ്ങള്‍ക്ക് വലിയ ആഘാതമാകും. അമേരിക്ക പിന്മാറുമ്പോള്‍ ഡബ്ല്യു.എച്ച.്ഒ.യുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എല്ലാ അമേരിക്കന്‍ ഉദ്യോഗസ്ഥരെയും തിരിച്ചുവിളിക്കുന്നതോടെ വിദഗ്ധരായ ആരോഗ്യപ്രവര്‍ത്തകരുടെ നഷ്ടം നികത്താനുള്ള മനുഷ്യവിഭവശേഷി മറ്റു രാജ്യങ്ങളില്‍നിന്നു സംഘടന കണ്ടെത്തേണ്ടിവരും. അതത്ര എളുപ്പമല്ല. കൂടാതെ, യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനുമായി ഡബ്ല്യു.എച്ച.്ഒ.യ്ക്കുള്ള സഹകരണത്തെയും ഇത് പ്രതികൂലമായി ബാധിക്കും. അമേരിക്കയെയും ഈ പിന്മാറ്റം ദോഷകരമായി ബാധിക്കുമെന്നു കരുതപ്പെടുന്നു. അമേരിക്കയില്‍ പല രോഗങ്ങളും പടര്‍ന്നതു കുടിയേറ്റത്തൊഴിലാളികളിലൂടെയാണെന്നിരിക്കേ, ആഗോള ആരോഗ്യരംഗത്തെ ഒറ്റപ്പെടല്‍ മറ്റു രാജ്യങ്ങളില്‍നിന്നുള്ള രോഗവിവരങ്ങളുടെ പങ്കുവയ്ക്കലില്‍ യു.എസിനു തിരിച്ചടിയാവാം; പ്രത്യേകിച്ച്, കൊവിഡ് 19 പോലുള്ള ഭീകരദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍. വാര്‍ഷികഫ്‌ളൂ വാക്‌സിനുകള്‍ സൃഷ്ടിക്കുന്നതടക്കമുള്ള സന്ദര്‍ഭങ്ങളില്‍ യു.എസ്. ഒറ്റപ്പെട്ടേക്കാം. അമേരിക്കയുടെ ആഗോള ആരോഗ്യസഹകരണവും ആശങ്കയിലാകുന്നു. എന്നാല്‍, തങ്ങള്‍ കൂടുതല്‍ ഫലവത്തായതും സുതാര്യവുമായ ഒരു സംഘടനയ്ക്കു രൂപം നല്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. കൂടുതല്‍ അംഗരാജ്യങ്ങള്‍ ഡബ്ല്യു.എച്ച.്ഒ.യില്‍നിന്നു വിട്ടുപോകാനുള്ള പ്രവണതയ്ക്ക് ഇതു വഴിതുറന്നേക്കാം. തങ്ങള്‍ വിജയിച്ചാല്‍ ജര്‍മനി ലോകാരോഗ്യസംഘടനയില്‍നിന്നു പിന്മാറുമെന്ന് ഫെബ്രുവരി 23 നു നടക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയസാധ്യത പ്രവചിക്കപ്പെട്ട ജര്‍മനിയിലെ എഎഫ്ഡി പാര്‍ട്ടിയുടെ ചാന്‍സലര്‍ സ്ഥാനാര്‍ഥി ആലീസ് വീയ്ഡല്‍ പറയുന്നു. ലോകാരോഗ്യസംഘടനയ്ക്കു ഫണ്ടു നല്‍കുന്നതില്‍ രണ്ടാം സ്ഥാനക്കാര്‍ ജര്‍മനിയാണെന്നിരിക്കേ, ഇതു നിര്‍ണായകമായ തിരിച്ചടിയാവും.
ട്രംപിന്റെ വാദത്തിനു പിന്നില്‍
    2019 ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട കൊറോണ വൈറസ് മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു വ്യാപിക്കില്ലെന്ന് 2020 ജനുവരി 14 ന് ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിരുന്നുവെന്നതു സത്യമാണ്. മനുഷ്യര്‍ക്കിടയില്‍ വ്യാപനം നടക്കുമെന്ന തായ്‌വാന്റെ വാദം നിരാകരിച്ചുകൊണ്ടാണ് ചൈനീസ് അധികൃതരുടെ വാക്കുകള്‍ ശരിവച്ച് ലോകാരോഗ്യസംഘടന ഈ അബദ്ധപ്രഖ്യാപനം നടത്തിയത്. ജനുവരി 30 ന് ലോകമാകെ ആരോഗ്യാടിയന്തരാവസ്ഥ പ്രഖ്യാപിച്ച സംഘടന പക്ഷേ, യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതില്ല എന്നും പറഞ്ഞിരുന്നു. പിന്നീട് ആ നിലപാടിലും മാറ്റം വരുത്തേണ്ടിവന്നു. 2020 ഏപ്രിലില്‍ ജപ്പാന്‍ ഉപപ്രധാനമന്ത്രി താരോ അസോ, ഡബ്ല്യു.എച്ച.്ഒ. യുടെ പേരുമാറ്റി ചൈനീസ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ എന്നാക്കാം എന്നു പരിഹസിച്ചത് ഇത്തരുണത്തിലാണ്. അമേരിക്ക ഐക്യരാഷ്ട്രസഭയ്ക്കു നല്‍കുന്ന സാമ്പത്തികസഹായം നിര്‍ത്തിവയ്ക്കണമെന്നത് ഇസ്രായേലിന്റെ ഡിമാന്‍ഡുകൂടിയായിരുന്നു. ഒക്ടോബര്‍ 7 ആക്രമണത്തില്‍ പന്ത്രണ്ടോളം യു എന്‍ വോളണ്ടിയര്‍മാര്‍ പങ്കാളികളായി എന്നതും, 1200 ഹമാസ് ഭീകരര്‍ യു എന്‍ വോളണ്ടിയര്‍മാരായി ഗാസയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും ഇസ്രായേല്‍ കണ്ടെത്തിയിരുന്നു. ഒരു വോളണ്ടിയര്‍ക്ക് ഏകദേശം ഒന്നേകാല്‍ ലക്ഷം രൂപയായിരുന്നു ശമ്പളം. അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും ബംഗ്ലാദേശിലുമടക്കം സാമ്പത്തികസഹായങ്ങള്‍ ഭീകരപ്രവര്‍ത്തനങ്ങളിലേക്കു വഴിതിരിച്ചുവിട്ടതും ട്രംപിനെ പ്രകോപിപ്പിച്ചു.
വലിയ തുകകള്‍ വഴിമാറി ഭീകരപ്രവര്‍ത്തനത്തിനു സഹായകമാകുന്നതാണ് ഫ്രാന്‍സിനെയും ജര്‍മനിയെയുമൊക്കെ മാറിച്ചിന്തിപ്പിക്കുവാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.
ലോകാരോഗ്യസംഘടനയുടെ പ്രതികരണം
     ലോകാരോഗ്യസംഘടനയില്‍നിന്നു പിന്മാറാനുള്ള അമേരിക്കയുടെ നീക്കത്തില്‍ ഖേദിക്കുന്നു എന്നായിരുന്നു സംഘടനയുടെ ആദ്യപ്രതികരണം. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ആരോഗ്യത്തിനും ക്ഷേമത്തിനുംവേണ്ടി യു.എസ്. തീരുമാനം പുനഃ പരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനേം ഗബ്രിയോസിസ് പ്രത്യാശ പ്രകടിപ്പിച്ചു.
പ്രസിഡന്റ് 'ട്രംപിന്റെ നീക്കത്തെത്തുടര്‍ന്ന് ലോകാരോഗ്യസംഘടന ചെലവുചുരുക്കല്‍പ്രക്രിയയ്ക്കു തുടക്കം കുറിച്ചു. യുഎസ് പ്രഖ്യാപനം നമ്മുടെ സാമ്പത്തികസ്ഥിതി ഗുരുതരമാക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ സംഘടനാജീവനക്കാര്‍ക്കുള്ള കത്തില്‍ പറഞ്ഞു. ഗുരുതരമായ പ്രശ്‌നങ്ങളില്‍ ഇടപെടാതിരിക്കില്ല, എങ്കിലും, മുന്‍ഗണനകള്‍ പുതുക്കി നിശ്ചയിക്കുകയും യാത്ര ച്ചെലവുകളും പുതിയ നിയമനങ്ങളും കുറയ്ക്കുകയും ചെയ്യുമെന്നും കൂടുതല്‍ ചെലവുചുരുക്കല്‍ പദ്ധതികള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം ജീവനക്കാര്‍ക്കുള്ള സന്ദേശത്തില്‍ പറഞ്ഞു
    എന്തൊക്കെയായാലും, ലോകാരോഗ്യം ആഗോളാടിസ്ഥാനത്തില്‍ ക്രമപ്പെടുത്തുന്നതിന് ഒരു രാഷ്ട്രീയേതര രാജ്യാന്തരകൂട്ടായ്മ അനിവാര്യമാണ്. ഇല്ലെങ്കില്‍ ദരിദ്ര ആഫ്രിക്കന്‍ രാജ്യങ്ങളെയും അധിനിവേശ വെസ്റ്റ് ബാങ്ക്, യുക്രെയ്ന്‍ തുടങ്ങി അനേക യുദ്ധമേഖലകളെയും കാത്തിരിക്കുന്നത് വന്‍ദുരന്തമായിരിക്കും.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)