ആദായനികുതിയിളവുകള്‍ കൊണ്ടു ശ്രദ്ധനേടിയ കേന്ദ്രബജറ്റ്, പക്ഷേ, രാജ്യത്തെ മറ്റു പല മേഖലകളെയും നേരിട്ടും പരോക്ഷമായും ബാധിക്കും. ഇടത്തരക്കാരെ കൈയിലെടുക്കാന്‍ പതിവിലും ഒരുപടികൂടി കടന്ന് 12ലക്ഷം രൂപവരെ വരുമാനമുള്ളവരെ ആദായനികുതിയില്‍നിന്നൊഴിവാക്കിയതുസ്വാഗതാര്‍ഹമായി. ശമ്പളക്കാരായവര്‍ക്കു സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍കൂടിയുണ്ടെങ്കില്‍ പുതിയ സ്‌കീമില്‍ 12.75ലക്ഷം രൂപവരെയുള്ള വരുമാനത്തിനു നികുതി വേണ്ട.
ലക്ഷ്യം വോട്ടുകളാണെങ്കിലും വിപ്ലവകരമായ തീരുമാനമാണിത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റനികുതിയിളവാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൃത്യവും തന്ത്രപരവുമായ പൊളിറ്റിക്കല്‍ മാസ്റ്റര്‍ സ്‌ട്രോക്കുകളിലൊന്നാണു നികുതിയിളവ്.
ബിഹാറില്‍ ഈ വര്‍ഷം നവംബറില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബുധനാഴ്ച നടന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലും ജയിക്കുകയെന്ന രാഷ്ട്രീയലക്ഷ്യം ബജറ്റില്‍ മറയില്ലാതെ പ്രതിഫലിച്ചു ഡല്‍ഹിയില്‍ ബിജെപിക്കു തുടര്‍ച്ചയായ ആറാം പരാജയം ഒഴിവാക്കാന്‍ ഏതറ്റം വരെയും പോകാന്‍ പ്രധാനമന്ത്രി മോദി തീരുമാനിച്ചി രുന്നു. ശമ്പളക്കാരും അല്ലാത്ത വരുമായ മധ്യവര്‍ഗ വോട്ടര്‍മാര്‍ വളരെ കൂടുതലുള്ള നഗരമാണു ഡല്‍ഹി.
നികുതി കുറച്ചു മധ്യവര്‍ഗത്തെകൈയിലെടുക്കുകയും ഒപ്പം, മധ്യവര്‍ഗത്തില്‍നിന്നുള്ള നികുതിവരുമാനം കൂട്ടുകയും ചെയ്യുകയെന്ന തന്ത്രവും കേന്ദ്രസര്‍ക്കാരിനുണ്ട്. അമേരിക്കയില്‍ 1980 കളില്‍ റൊണാള്‍ഡ് റെയ്ഗനും ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ടേമിലും 1980 കളില്‍ ബ്രിട്ടണില്‍ മാര്‍ഗരറ്റ് താച്ചറും ഈ വഴി പരീക്ഷിച്ചു വിജയിച്ചിരുന്നുവെന്ന് സാമ്പത്തികവിദഗ്ധനായ ടി.സി. മാത്യു ചൂണ്ടിക്കാട്ടുന്നു.
ആദായനികുതിയും ഉത്പന്നവിലകളും കുറച്ചതുവഴി ജനങ്ങളുടെ പോക്കറ്റില്‍ കൂടുതല്‍ പണമെത്തി. വിപണിയില്‍ വില്പനയും ഇതുവഴി ഫാക്ടറികളില്‍ ഉത്പാദനവും കൂടി. തൊഴിലവസരങ്ങള്‍ വര്‍ധിക്കാന്‍ ഇതു കാരണമായി. അമേരിക്കയിലും ബ്രിട്ടനിലും സാമ്പത്തികവളര്‍ച്ചയ്ക്കും പുരോഗതിക്കും ഉപകരിച്ച നയം, പക്ഷേ, അതേപടി ഇന്ത്യയില്‍ ആവര്‍ത്തിച്ചിട്ടില്ല. സാമ്പത്തികമാന്ദ്യം നേരിടാനായി സാധാരണക്കാരുടെ പോക്കറ്റില്‍ കൂടുതല്‍ പണം ഉണ്ടാകുകയെന്ന ഡിമാന്‍ഡ് ഉത്തേജകനയത്തിന്റെ ഭാഗം കൂടിയാണ് നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ച നികുതിയി ളവ്. മധ്യവര്‍ഗത്തിന്റെ വാങ്ങല്‍ ശേഷി (പര്‍ച്ചേസിങ് പവര്‍) കൂടുന്നതുവഴി സാമ്പത്തികവളര്‍ച്ചയ്ക്ക് ഉപകരിക്കുമെന്ന സിമ്പിള്‍ തത്ത്വം. ഒപ്പം ജിഎസ്ടി അടക്കമുള്ള സര്‍ക്കാരിന്റെ നികുതിവരുമാനം കൂടുന്നതിനു സഹായിക്കുന്നതാണു നയമെന്നതില്‍ സംശയം വേണ്ടാ.
ഇടത്തരം വരുമാനക്കാരുടെ ക്രയശേഷി കൂടുകയും വിപണിയില്‍നിന്നു സാധനങ്ങള്‍ വാങ്ങാന്‍ കൂടുതല്‍ പണം കിട്ടുകയും ചെയ്യുമെങ്കിലും ജിഎസ്ടി, എക്‌സൈസ് കസ്റ്റംസ് തുടങ്ങിയവയിലൂടെ ജനത്തിന്റെ പണം നികുതിയായി സര്‍ക്കാര്‍ തിരിച്ചെടുക്കുന്ന സ്ഥിതിയാണ് ഇന്ത്യയില്‍. പന്ത്രണ്ടു ലക്ഷംരൂപവരെ വാര്‍ഷികവരുമാനമുള്ളവര്‍ക്ക് ഏപ്രില്‍മുതല്‍ നികുതി നല്‍കേണ്ടതില്ലെന്ന പ്രഖ്യാപനത്തിലൂടെ ഒരുലക്ഷം കോടിയുടെ വരുമാനനഷ്ടമാണു ധനമന്ത്രി ബജറ്റില്‍ എടുത്തു പറയുന്നത്. എന്നാല്‍, ബജറ്റിന്റെ വിശദമായ വരുമാനം കാണിക്കുന്ന റെസീപ്റ്റ്‌സ് ബജറ്റ് പരിശോധിച്ചാല്‍ വ്യക്തമാകുന്നത് മധ്യവര്‍ഗക്കാരായ വ്യക്തികളില്‍ നിന്നാണു സര്‍ക്കാര്‍ അടുത്ത സാമ്പത്തികവര്‍ഷം കൂടുതല്‍ നികുതി പ്രതീക്ഷിക്കുന്നതെന്നാണ്. ആദായനികുതി മുന്‍ ഡയറക്ടര്‍ ജനറലും പാലാക്കാരനുമായ ഡോ. സക്കീര്‍ തോമസ് ഇക്കാര്യം വിശദമാക്കിയിട്ടുണ്ട്.
ഒരു ലക്ഷം കോടി രൂപയുടെ നികുതിയിളവു പ്രഖ്യാപിച്ചെങ്കിലും അടുത്ത സാമ്പത്തിക വര്‍ഷം ഇതേ മധ്യവര്‍ഗക്കാരില്‍ നിന്നുള്ള ആദായനികുതി വരുമാനം കുറയില്ലെന്നതാണു ശ്രദ്ധേയം. 2024-25 സാമ്പത്തികവര്‍ഷത്തില്‍ 38.53 ലക്ഷം കോടി രൂപയാണു മൊത്തം നികുതിവരുമാനമായി ബജറ്റില്‍ പറയുന്നത്. മൊത്തം 42.70 ലക്ഷം കോടി രൂപയാണ്
അടുത്ത വര്‍ഷം ഈയിനത്തില്‍ നികുതിവരുമാനം പ്രതീക്ഷിക്കുന്നത്. അതായത്, 4.17 ലക്ഷം കോടി രൂപ കൂടുതല്‍! പത്തു ശതമാനം വര്‍ധന. മാജിക് അല്ലിത്.
നടപ്പുസാമ്പത്തികവര്‍ഷത്തിലെ വ്യക്തിഗത ആദായനികുതി (പേഴ്‌സണല്‍ ഇംകം ടാക്‌സ്) വരുമാനം 12.5 ലക്ഷം കോടി രൂപയാണ്. മൊത്തം നികുതിവരുമാനത്തിന്റെ ഏകദേശം മൂന്നിലൊന്ന്. ആദ്യമായാണ് വ്യക്തികളില്‍നിന്നുള്ള ആദായനികുതി ഇത്രയധികം
കൂടുന്നത്. ഇന്ത്യയിലെ നികുതിവരുമാനത്തിന്റെ മൂന്നിലൊന്നും സാധാരണക്കാരും ചെറുകിട, ഇടത്തരം ബിസിനസുകാരും ഉള്‍പ്പെടെയുള്ള വ്യക്തികളില്‍നിന്നാണെന്നു ചുരുക്കം. ഈ വര്‍ഷത്തെക്കാളും 14 ശതമാനം കൂടുതല്‍ (14.38 ലക്ഷം കോടി രൂപ) ആണ് അടുത്ത സാമ്പത്തികവര്‍ഷം വ്യക്തിഗത ആദായനികുതിയായി സര്‍ക്കാര്‍ സ്വരൂപിക്കുന്നത്.
കുറെയധികം പേര്‍ നികുതിയില്‍നിന്നൊഴിവാകുമെങ്കിലും പുതിയതും നിലവിലുള്ളതുമായി ആദായനികുതി നല്‍കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടാകുമെന്നു കരുതാം. 2023-24 ല്‍ 10.4 കോടി പേരായിരുന്നു ആദായനികുതി അടച്ചതെന്ന് പ്രത്യക്ഷനികുതിബോര്‍ഡിന്റെ കണക്കിലുണ്ട്. ഒരു പതിറ്റാണ്ടുമുമ്പുണ്ടായിരുന്നതിന്റെ ഇരട്ടിയാണിത്. നികുതി നല്‍കുന്ന വ്യക്തികളുടെ നികുതികളിലും വര്‍ധനയുണ്ടാകുമെന്നു കേന്ദ്രം പ്രതീക്ഷിക്കുന്നു.
ഫലത്തില്‍, ധനമന്ത്രി പ്രഖ്യാപിച്ച നികുതിനഷ്ടമല്ല; മറിച്ച്, വ്യക്തിഗത ആദായനികുതിദായകരില്‍നിന്ന് 1.22 ലക്ഷം കോടി രൂപയുടെ വരുമാനവര്‍ധനയാണു കേന്ദ്രത്തിന്റെതന്നെ ബജറ്റു രേഖയില്‍ പറയുന്നത്. അതായത്, ഒരു ലക്ഷം കോടി കുറഞ്ഞാലും സര്‍ക്കാരിനു ചുരുങ്ങിയത് 22 ലക്ഷം രൂപ ഈയിനത്തില്‍ വരുമാനം കൂടും.ഇക്കാര്യം പക്ഷേ, മന്ത്രിയും സര്‍ക്കാരും പറയില്ലെന്നുമാത്രം.
എന്നാല്‍, കമ്പനികളുടെ ആദായനികുതി (കോര്‍പ്പറേഷന്‍ ടാക്‌സ്) നടപ്പുവര്‍ഷത്തില്‍ 10.82 ലക്ഷം കോടിമാത്രമേ സര്‍ക്കാര്‍ കണക്കാക്കിയിട്ടുള്ളൂ.
പത്തുശതമാനം മാത്രം വളര്‍ച്ച. ജിഎസ്ടി ഇനത്തിലെ നടപ്പുവര്‍ഷത്തെ വരുമാനം 10.61 ലക്ഷം കോടിയാണ്. അടുത്ത സാമ്പത്തികവര്‍ഷം ജിഎസ്ടിയില്‍നിന്ന് 11.78 ലക്ഷം കോടി പ്രതീക്ഷിക്കുന്നു.
വിദ്യാഭ്യാസം, ആരോഗ്യം എന്നിവയിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന മൂലധനച്ചെലവുകളിലും കാര്യമായ വര്‍ധനയില്ലെന്നതാണു കേന്ദ്രബജറ്റിലെ നിരാശാജനകമായ കാര്യം. 2024-25 ല്‍ പ്രതീക്ഷിക്കുന്ന മൂലധനച്ചെലവു വെറും 11.21 ലക്ഷം കോടി രൂപയാണ്. ഇതുപോലും ചെലവഴിക്കാനിടയില്ല. നടപ്പുവര്‍ഷം 11.11 ലക്ഷം കോടി എസ്റ്റിമേറ്റ് ചെയ്തിരുന്നെങ്കിലും പുതിക്കിയ കണക്കില്‍ അത് 10.18 ലക്ഷം കോടിയായി കുറഞ്ഞു. ഫലത്തില്‍ പ്രതീക്ഷിച്ചതിലും 93,000 കോടി രൂപ കുറവ്.
കുടിവെള്ളവിതരണം പോലുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ മുതല്‍മുടക്കു കുറഞ്ഞാല്‍ രാജ്യവും ജനതയും കഷ്ടത്തിലാകും. ലാഭമുണ്ടെങ്കിലേ സ്വകാര്യ മേഖല മുതല്‍മുടക്കൂ. വ്യവസായം, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി അടക്കം പല പ്രധാന മേഖലകളിലും കോര്‍പറേറ്റ് കുത്തകകള്‍ അമിതലാഭം ഉണ്ടാക്കുന്നതിന്റെ പ്രയാസം രാജ്യത്തെ പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കുമാണ്. ജനങ്ങളില്‍നിന്നു നികുതി പിരിക്കാനും വന്‍കിടകുത്തകകളെ പ്രോല്‍സാഹിപ്പിക്കാനുമാകരുത് സര്‍ക്കാരുകള്‍. സാധാരണക്കാരെയും കര്‍ഷകരെയും നികുതിയില്‍ നിന്നൊഴിവാക്കി അവന്റെ ജീവിതം ലളിതവും ശോഭനവുമാകുന്ന നല്ലകാലം എന്നെങ്കിലും ഉണ്ടാകേണ്ടതുണ്ട്.
രാജ്യത്തെ മൊത്തം ആഭ്യന്തരോത്പാദന(ജിഡിപി)വളര്‍ച്ച പ്രതീക്ഷിച്ചതുപോലെ ഉയരാത്തതു വലിയ വെല്ലുവിളിയാണ്. അടുത്ത 20 വര്‍ഷക്കാലം തുടര്‍ച്ചയായി എട്ടു ശതമാനത്തിലേറെ ജിഡിപി വളര്‍ന്നാലേ 2027 ല്‍ വികസിതഭാരതമെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനാകൂവെന്നു സര്‍ക്കാരിന്റെ സാമ്പത്തികസര്‍വേയില്‍ പറയുന്നുണ്ട്. നടപ്പുവര്‍ഷം എട്ടുശതമാനം പ്രതീക്ഷിച്ചിരുന്നതിനു പകരം വെറും 6.4 ശതമാനമാണ് കിട്ടിയത്. അടുത്ത സാമ്പത്തികവര്‍ഷവും 6.3 മുതല്‍ 6.8 വരെയേ സര്‍ക്കാരിനു പ്രതീക്ഷപോലുമുള്ളൂ. രാജ്യത്തെ കര്‍ഷകരുടെ വരുമാനം 2025 ല്‍ അഞ്ചു വര്‍ഷം മുമ്പത്തേതിനേക്കാള്‍ ഇരട്ടിയാകുമെന്ന വാഗ്ദാനം പാഴായി.
മോഹനവാഗ്ദാനങ്ങളും സര്‍ക്കാരിന്റെ പ്രവര്‍ത്തനമികവും തമ്മിലുള്ള അന്തരം ഭാവിപുരോഗതിക്കു പ്രശ്‌നമാണ്. യാഥാര്‍ഥ്യ ബോധത്തോടെയുള്ള സാമ്പത്തിക, സാമൂഹിക വളര്‍ച്ച ഉറപ്പാക്കുകയാണു സര്‍ക്കാരുകള്‍ ചെയ്യേണ്ടത്. പക്ഷേ, രാഷ്ട്രീയനേട്ടങ്ങള്‍ക്കും ഭരണം പിടിക്കുന്നതിനുമായുള്ള രാഷ്ട്രീയക്കാരുടെ കള്ളക്കളികളാണു രാജ്യത്തിന്റെ ദുരന്തം.