വത്തിക്കാന്‍സിറ്റി: മതാന്തരസംവാദങ്ങള്‍ക്കുള്ള ഡിക്കാസ്റ്ററിയുടെ (തിരുസംഘം) പ്രീഫെക്ടായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാടിനെ ഫ്രാന്‍സിസ് മാര്‍പാപ്പാ നിയമിച്ചു. വിവിധ മതങ്ങള്‍ക്കിടയില്‍ സൗഹാര്‍ദവും സഹകരണവും ഊട്ടിയുറപ്പിക്കുന്നതിനും സമാധാനത്തിനുള്ള സംഭാഷണങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനുമായി പ്രവര്‍ത്തിക്കുന്ന വത്തിക്കാന്‍ കാര്യാലയമാണിത്. ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഈ പദവിയിലെത്തുന്നത്.
സമാധാനപൂര്‍ണമായ ലോകം കെട്ടിപ്പടുക്കുന്നതില്‍ മതാന്തരസംവാദത്തിനുള്ള പങ്കിനെക്കുറിച്ച് തനിക്കു നല്ല ബോധ്യമാണുള്ളതെന്ന് മാര്‍ ജോര്‍ജ് കൂവക്കാട് പറഞ്ഞു. മതാന്തരസംഭാഷണം കേവലം മതങ്ങള്‍ തമ്മിലുള്ള സംഭാഷണമല്ല; മറിച്ച്, ദൈവവിശ്വാസത്തിന്റെ സൗന്ദര്യത്തിനു സാക്ഷ്യം വഹിക്കുന്നതാണെന്നും മതങ്ങള്‍ക്കിടയില്‍ സൗഹൃദമാണ് സ്വപ്നം കാണുന്നതെന്നും കര്‍ദിനാള്‍ പ്രതികരിച്ചു. മതിലുകളല്ല, പാലങ്ങള്‍ പണിയാന്‍ വിളിയും നിയോഗവും ലഭിച്ചിട്ടുള്ളവരാണ് ക്രിസ്ത്യാനികള്‍. മാര്‍പാപ്പയുമായി നടത്തിയിട്ടുള്ള വിദേശയാത്രകളും, ഇതരമതങ്ങള്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ താന്‍ നേരിട്ടുകണ്ട മതസൗഹാര്‍ദസ
മ്മേളനങ്ങളും സംഭാഷണങ്ങളും പുതിയ ദൗത്യനിര്‍വഹണത്തിന് ഊര്‍ജം പകരുന്നതാണെന്ന് കര്‍ദിനാള്‍ പ്രത്യാശ പ്രകടിപ്പിച്ചു.
കഴിഞ്ഞ നവംബറില്‍ അന്തരിച്ച കര്‍ദിനാള്‍ ആയൂസോ ഗിഷോഡിന്റെ പിന്‍ഗാമിയായാണ് ചങ്ങനാശേരി അതിരൂപതാംഗമായ കര്‍ദിനാള്‍ കൂവക്കാട് ചുമതലയേല്‍ക്കുന്നത്. ഫ്രാന്‍സിസ് പാപ്പായുടെ വിദേശയാത്രകളുടെ ചുമതല തുടര്‍ന്നും അദ്ദേഹം നിര്‍വഹിക്കും.