കടുത്തുരുത്തി: സഭകള്‍ ഒത്തുകൂടേണ്ടതും കരം കോര്‍ക്കേണ്ടതും കാലികമായ ആവശ്യമാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോ മലബാര്‍സഭയുടെ ആതിഥേയത്വത്തില്‍ കെസിബിസി എക്യുമെനിക്കല്‍ കമ്മീഷന്റെയും കെസിസിയുടെയും നേതൃത്വത്തില്‍ കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന താഴത്തുപള്ളിയില്‍ നടന്ന ക്രൈസ്തവ ഐക്യപ്രാര്‍ഥനകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മേജര്‍ ആര്‍ച്ചുബിഷപ്.
ക്രിസ്തുവിന്റെ സഭ പക്വമാണെന്ന അടയാളമാണ് സഭകളുടെ കൂടിവരവും കൂട്ടായ സുവിശേഷപ്രഘോഷണവും കാണിക്കുന്നത്. നിഖ്യസുനഹദോസില്‍ പറഞ്ഞിരിക്കുന്നതുപോലെ ദൈവത്തെക്കുറിച്ചു പഠിപ്പിക്കാനുള്ള ജാഗ്രത പുലര്‍ത്തണമെന്നു സീറോ മലബാര്‍ സഭ എക്യുമെനിക്കല്‍ കമ്മീഷന്‍ ചെയര്‍മാനും പാലാ ബിഷപ്പുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. സഭൈക്യപ്രാര്‍ഥനകള്‍ക്ക് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു.
മൂവാറ്റുപുഴ ഭദ്രാസന മുന്‍ അധ്യക്ഷന്‍ അബ്രഹാം മാര്‍ യൂലിയോസ്, മലങ്കര മാര്‍ത്തോമ സുറിയാനിസഭ സഫ്രഗന്‍ മെത്രാപ്പോലീത്ത ജോസഫ് മാര്‍ ബര്‍ണബാസ്, മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ നിലക്കല്‍ ഭദ്രാസനാധ്യക്ഷന്‍ ജോഷ്വാ മാര്‍ നിക്കോദിമോസ്, മൂവാറ്റുപുഴ മേഖല മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ അന്തിമോസ്, സിഎസ്‌ഐ സഭ മധ്യകേരള മഹായിടവക ബിഷപ് ഡോ. സാബു കോശി മലയില്‍, മലങ്കര യാക്കോബായ സുറിയാനിസഭയില്‍ നിന്നുള്ള സലീബാ റമ്പാന്‍, മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയിലെ ദേവലോകം അരമനയിലെ റവ. യാക്കോബ് റമ്പാന്‍, മലബാര്‍ സ്വതന്ത്ര സുറിയാനി-തൊഴിയൂര്‍ സഭയിലെ റവ. സ്‌കറിയ ചീരന്‍, കെസിസി ജനറല്‍ സെക്രട്ടറി ഡോ. അഡ്വ. പ്രകാശ് പി. തോമസ്, സെന്റ് മേരീസ് ഫൊറോന താഴത്തുപള്ളി വികാരി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.
സീറോ മലബാര്‍ സഭയുടെ എക്യുമെനിക്കല്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. സിറില്‍ തോമസ് തയ്യില്‍, സെന്റ് മേരീസ് ഫൊറോന താഴത്തുപള്ളി വികാരി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, സഹവികാരിമാരായ ഫാ.മാത്യു തയ്യില്‍, ഫാ.ജോസഫ് ചീനോത്തുപറമ്പില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.