ചെന്താമര അറസ്റ്റിലായെന്ന വാര്‍ത്ത കൊട്ടിഘോഷിച്ചാണ് ജനുവരി 29 ലെ പത്ര, ദൃശ്യമാധ്യമങ്ങള്‍ ഉണര്‍ന്നത്. ഒരു നാടിനെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ കൊടുംകുറ്റവാളി പിടിയിലായത് ആ നാടിനുമാത്രമല്ല, കേരളത്തിനു മുഴുവനും ആശ്വാസവാര്‍ത്തയായി. നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ രണ്ടു രാത്രിയും രണ്ടുപകലും നീണ്ട പരിശ്രമത്തിനൊടുവിലാണ് വനത്തില്‍നിന്നു പിടികൂടിയത്. രണ്ടുപേരെ അതിക്രൂരമായി വെട്ടിക്കൊന്നശേഷം ഒളിവില്‍പ്പോയ പ്രതിയെ കുടുക്കാന്‍ പൊലീസിനൊപ്പം അക്രമാസക്തരായ നാട്ടുകാരും രാപകലെന്യേ വനത്തിലാകെ അരിച്ചുപെറുക്കി പരിശോധിച്ചതിനൊടുവിലാണ് രാത്രി വൈകി പ്രതി പിടിയിലാകുന്നത്.
പാലക്കാട് നെന്മാറ പോത്തുണ്ടിയില്‍ ജനുവരി 27 നു രാവിലെയാണ് സുധാകരനെയും അമ്മ ലക്ഷ്മിയെയും അയല്‍വാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019 ല്‍ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങിയ സമയത്താണ് ഇരട്ടക്കൊല നടത്തിയത്. ചെന്താമരയും ഭാര്യയും മക്കളും അകന്നു കഴിയുന്നതിനുത്തരവാദി സജിതയും കുടുംബവുമാണെന്ന സംശയരോഗമാണ് അവരെ വകവരുത്താന്‍ പ്രതിയെ പ്രകോപിപ്പിച്ചതെന്നാണ് അനുമാനം. അതിന്റെ പിന്നില്‍ അന്ധവിശ്വാസങ്ങള്‍ കെട്ടുപിണഞ്ഞുകിടപ്പുണ്ടെന്നാണു നിഗമനം.
പൊലീസിന്റെ അനാസ്ഥയാണു വീട്ടുകാരും നാട്ടുകാരും ഒന്നടങ്കം ആരോപിക്കുന്നത്. ഇടക്കാലജാമ്യത്തിലിറങ്ങിയ പ്രതി നെന്മാറ പഞ്ചായത്തുപരിധിയില്‍ പ്രവേശിക്കരുതെന്ന പാലക്കാട് അഡീഷണല്‍ സെഷന്‍ കോടതിയുടെ ഉത്തരവുലംഘിച്ച് തൊട്ടടുത്ത വീട്ടില്‍ ഒന്നരമാസമായി താമസിക്കുകയായിരുന്നു. സുധാകരന്റെ കുടുംബത്തെ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നു കാണിച്ച് സുധാകരനും മകള്‍ അഖിലയും ഒപ്പം നാട്ടുകാരില്‍ പലരും നെന്മാറ പൊലീസില്‍ പരാതി നല്കിയിട്ടും പൊലീസ് ഗൗനിച്ചില്ല. കേസെടുത്ത് കോടതിയില്‍ റിപ്പോര്‍ട്ടു ചെയ്തു ജാമ്യം റദ്ദാക്കാനുള്ള നടപടികള്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായില്ല എന്നത് ഗുരുതരവീഴ്ചയാണ്. ഇരട്ടക്കൊലയ്ക്കു കാരണമായ പൊലീസ് വീഴ്ചയില്‍ നെന്മാറ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡു ചെയ്തു. പ്രതി ജാമ്യവ്യവസ്ഥ ലംഘിച്ച വിവരം കോടതിയെ ധരിപ്പിക്കാതിരുന്നതും പ്രതിയില്‍നിന്നു ഭീഷണിയുണ്ടെന്ന വീട്ടുകാരുടെ പരാതി ഗൗനിക്കാതിരുന്നതും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ നിരുത്തരവാദിത്വമായി വിലയിരുത്തുന്നു.
നിരന്തരമുള്ള കൊലപാതകക്കഥകള്‍കേട്ട് കേരളം ഞെട്ടിവിറച്ചുനില്‍ക്കുകയാണ്. ഒരു വശത്ത് വിദ്യാഭ്യാസദാര്‍ശനികകേരളത്തെപ്പറ്റി വാഴ്ത്തിപ്പറയുമ്പോഴും, മറുവശത്ത് സാംസ്‌കാരികച്യുതി പടര്‍ന്നുപിടിച്ച നാടിന്റെ ഗതികേടിനെയോര്‍ത്തു നാം പരിതപിക്കേണ്ടിയും വരുന്നു. ഒരുളുപ്പുമില്ലാതെ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ചു ചെയ്യാനുള്ള പൈശാചികപ്രവണത നമ്മുടെ ആളുകളില്‍ പെരുകുന്നുണ്ടെങ്കില്‍, നാടിന്റെ നന്മയും പൈതൃകസുകൃതങ്ങളും എവിടെപ്പോയി എന്ന് നെഞ്ചില്‍ കൈവച്ചു ചോദിക്കേണ്ടിയിരിക്കുന്നു. നമ്മുടെ മൂല്യവിചാരങ്ങളും സാംസ്‌കാരികോന്നതിയും എവിടെയാണു ചോര്‍ന്നുപോയതെന്നു ചോദിച്ചേ പറ്റൂ.
മൂന്നുപേരെ അതിപൈശാചികമായി വെട്ടിക്കൊന്ന കൊടുംകുറ്റവാളി പിടിയിലാകുമ്പോഴും അയാള്‍ക്കു യാതൊരു ഭാവഭേദങ്ങളുമില്ല. ചെയ്ത തെറ്റിനെപ്പറ്റി പശ്ചാത്താപമോ കുറ്റബോധമോപോലുമില്ലായെന്നുമാത്രമല്ല; ഭാര്യ, മകള്‍, മരുമകന്‍ എന്നിവരെക്കൂടി കൊല്ലാനായിരുന്നു പദ്ധതിയെന്നാണു പ്രതിയുടെ മൊഴി. പൈശാചികതയ്ക്കുമേല്‍ പൈശാചികതയെന്നല്ലാതെ മറ്റെന്താണ് ഈ നിലപാടിനെ വിശേഷിപ്പിക്കാനുള്ളത്!
നവോത്ഥാന കേരളത്തില്‍ കൊടുംപകയും കുറ്റകൃത്യങ്ങളും പെരുകുന്ന വാര്‍ത്തകള്‍ കൂടെക്കൂടെ കേള്‍ക്കേണ്ടിവരുന്നതു ലജ്ജാകരമാണ്. സാമൂഹികമാധ്യമങ്ങളിലൂടെ വളരുന്ന സൗഹൃദങ്ങള്‍ പിന്നീട് കുറ്റകൃത്യമായി പരിണമിക്കുന്നതും സംസ്ഥാനത്തു കൂടിവരികയാണ്. പ്രണയപ്പകയുടെയും പ്രണയച്ചതിയുടെയും പ്രണയക്കൊലയുടെയും കഥകള്‍ കേട്ട് ഓരോ ദിവസവും നമ്മുടെ നാടു നടുങ്ങുകയാണ്. തിരുവനന്തപുരം കഠിനംകുളത്ത് ആതിരയെന്ന യുവതി സമൂഹമാധ്യമപ്രണയത്തിന്റെ ഇരയും രക്തസാക്ഷിയുമായി മാറിയത് ഇക്കഴിഞ്ഞ ദിവസമാണ്. ഇന്‍സ്റ്റഗ്രാമിലൂടെ വളര്‍ന്ന പ്രണയം പകയായി പരിണമിച്ചതാണ് കൊലയില്‍ കലാശിച്ചത്.
മനുഷ്യത്വം മരവിച്ചുപോകുന്ന ഒരുതരം തലതിരിഞ്ഞ ചിന്തകള്‍ ആധുനികയുവത്വത്തെ വല്ലാതെ വറുതിയിലാക്കുന്നുണ്ട്. നേരും നെറിയുമില്ലാത്ത പുത്തന്‍ഭ്രമങ്ങളിലേക്കുള്ള ആവേശങ്ങളാണ് സമൂഹമാധ്യമങ്ങളേറെയും വിളമ്പുന്നത്. ശരിയും തെറ്റും തിരിച്ചറിയാനാവാതെ യുക്തിവിചാരങ്ങളെ ഭ്രാന്തുപിടിപ്പിക്കുന്ന രാസലഹരിയുടെ മദോന്മത്തകാലം യുവാക്കളെ വല്ലാതെ ത്രസിപ്പിക്കുന്നുണ്ട്. ക്രമസമാധാനത്തകര്‍ച്ചയ്ക്കു പൊലീസിന്റെ ജാഗ്രതക്കുറവിനെ നോക്കി പഴിച്ചിട്ടുമാത്രം കാര്യമില്ല. ക്രമവും ചിട്ടയും അച്ചടക്കവും നാമോരോരുത്തരില്‍നിന്നും ആരംഭിക്കട്ടെ. പൊളിച്ചെഴുത്തുവേണ്ടത് മനുഷ്യമനസ്സുകള്‍ക്കാണ്, മനോഭാവങ്ങള്‍ക്കാണ്. അത് മറ്റാരില്‍നിന്നുമല്ല, എന്നില്‍നിന്നുതന്നെയാണ് തുടങ്ങേണ്ടതെന്ന് ഓരോ വ്യക്തിയും നിശ്ചയിച്ചാല്‍ വിജയം ഉറപ്പ്, സമാധാനവും ഉറപ്പ്.