ക്രിസ്മസും പുതുവത്സരവും ആഘോഷങ്ങളുടെ കാലമാണ്. ക്രിസ്മസ് കഴിഞ്ഞതോടെ കല്യാണങ്ങളുടെ തിരക്കായി. പുതുവര്‍ഷത്തില്‍ വിവാഹം കഴിക്കാന്‍ ചിലരെങ്കിലും കാത്തിരിക്കുകയായിരുന്നു. ഏതായാലും ജാതിമതഭേദമെന്യേ ആരു കല്യണം വിളിച്ചാലും ഞാന്‍ പോകുന്ന പതിവുണ്ട്. പഠിപ്പിച്ച കുട്ടികളും, കൂടെ ജോലി ചെയ്തിരുന്ന അധ്യാപകരും മറ്റു ബന്ധുക്കളുമൊക്കെയായിരിക്കും അവരുടെ മക്കളുടെ കല്യാണം വിളിക്കുന്നത്. എല്ലാവരെയും കാണാനും സംസാരിക്കാനും ബന്ധങ്ങള്‍ പുതുക്കാനും കിട്ടുന്ന അവസരം.
ക്രിസ്മസ് കഴിഞ്ഞ് നാളിതുവരെ ആറു കല്യണങ്ങളില്‍ പങ്കെടുത്തു. രണ്ടു ഹിന്ദുക്കല്യാണവും മൂന്നു ക്രൈസ്തവവിവാഹവും ഒരു മുസ്ലീം നിക്കാഹും. വധൂവരന്മാര്‍ അണിഞ്ഞൊരുങ്ങി പുതിയൊരു ജീവിതത്തിലേക്കു പ്രവേശിക്കുന്നതിന്റെ പ്രാരംഭമാണല്ലോ വിവാഹാഘോഷം. കത്തോലിക്കര്‍ക്കാകട്ടെ അതൊരു കൂദാശാസ്വീകരണവുമാണ്.
ഹിന്ദു ആചാരപ്രകാരമുള്ള കല്യാണങ്ങളില്‍ വധുവിനെ നാം കാണുന്നത്, ഈറന്‍മുടിയില്‍ നിറയെ മുല്ലപ്പൂ ചൂടി, ആഭരണങ്ങളൊക്കെ അണിഞ്ഞ്, നമ്മുടെ നാടിന്റെ തനതുവേഷമായ സെറ്റുമുണ്ടിലാണ്. അതിനുശേഷം വരന്‍ നല്‍കുന്ന പുടവ അണിയുന്നു. മുസ്ലീം മണവാട്ടി സര്‍വാഭരണവിഭൂഷിതയായി ഒപ്പനയ്ക്ക് ഒരുങ്ങിയതുപോലെ വര്‍ണ്ണാഞ്ചിതമായ വസ്ത്രത്തില്‍ തലയില്‍ തട്ടവുമിട്ടു പ്രത്യക്ഷയാവുന്നു.
എന്നാല്‍, കല്യാണത്തിനൊരുങ്ങിവരുന്ന ക്രിസ്ത്യാനിപ്പെണ്‍കുട്ടികളെ കാണുമ്പോള്‍ പലപ്പോഴും സങ്കടം തോന്നാറുണ്ട്. കാരണം, ശരീരഭാഗങ്ങള്‍ അനാവൃതമാക്കി വേഷം കെട്ടാനാണു പലര്‍ക്കും താത്പര്യം. ആ 'കെട്ടിയെഴുന്നള്ളത്ത്' കാണാനും കമന്റടിക്കാനും വേറെ കുറെപ്പേരും. ഈ കോലംകെട്ടലൊക്കെ പെണ്‍കുട്ടിയുടെയും മാതാപിതാക്കളുടെയും ആഗ്രഹത്തെക്കാള്‍ ബ്യൂട്ടിപാര്‍ലറുകാരുടെ ലീലാവിലാസങ്ങളാണത്രേ.
പാവം പെണ്‍കുട്ടി! അവള്‍ ജീവിതത്തില്‍ അന്നേവരെ ഇട്ടിട്ടില്ലാത്ത ഒരുതരം ഗൗണ്‍. തലയിലെ നെറ്റ് വധുവിന്റെ പിറകിലൂടെ ഒരു മീറ്ററോളം നീണ്ടുകിടക്കുന്നു. കൈയും മാറും പിന്‍വശവും മറ്റും മാന്യമായി മറച്ച ഗൗണാണെങ്കില്‍ പോട്ടെന്നു വയ്ക്കാം. പക്ഷേ, ആദ്യമായി ഗൗണ്‍ ഇടുന്നതിന്റെയും സ്വന്തം മേനി മറ്റുള്ളവര്‍ കാണുന്നതിന്റെയും ആകുലതയിലും ജാള്യത്തിലും ഒരു വധു കൈയിലിരിക്കുന്ന പൂച്ചെണ്ടുകൊണ്ട് മാറുമറയ്ക്കാന്‍ കഷ്ടപ്പെടുന്നത് ഈയിടെ കണ്ടു. ഒരുതരത്തില്‍ പറഞ്ഞാല്‍, മദാമ്മമാരുടെ ഡ്രസ്‌കോഡ് നമ്മള്‍ എന്തിനാണിങ്ങനെ അനുകരിച്ചുകൊണ്ടു നടക്കുന്നത്? നമ്മുടെ സാരിയും ബ്ലൗസും നല്ലതല്ലേ? ഏതു ശരീരപ്രകൃതിക്കാര്‍ക്കും യോജിക്കുന്ന വസ്ത്രമല്ലേ അത്? മാതാപിതാക്കളും വിവാഹിതരാകാന്‍ പോകുന്ന പെണ്‍കുട്ടികളും ഒന്നു ശ്രദ്ധിക്കുന്നതു നല്ലതാണ്. വിദേശത്തു ജോലി ചെയ്യുന്ന മകളെ, അവിടുത്തെ ഡ്രസ് അണിയിച്ചു കല്യാണം കഴിപ്പിക്കണമെന്നാണ് ചിലര്‍ പുലമ്പുന്ന ന്യായം!
ഞാന്‍ കുറച്ചുനാള്‍ വിദേശത്തുണ്ടായിരുന്നു. അവിടെ ഏതു വേഷത്തിലും പള്ളിയില്‍ വരാം. മലയാളംപള്ളികളിലൊക്കെ സാരിയുടുക്കുന്നവര്‍ ധാരാളമാണ്. എവിടെച്ചെന്നാലും മലയാളി മലയാളിതന്നെ. പത്രത്തില്‍ ഞാന്‍ വിവാഹഫോട്ടോകള്‍ കാണാറുണ്ട്. ചില ഫോട്ടോയില്‍ വരന്‍ മുണ്ടും ഷര്‍ട്ടും ധരിച്ച് തോളത്ത് കവണിയുമിട്ടു നില്‍ക്കുന്നു. വധു സാരിയിലും. അതാണു നമ്മുടെ മാതൃക. നമ്മുടെ നല്ല മാതൃകകള്‍ നഷ്ടപ്പെടുത്തണോ? മറ്റുള്ളര്‍ പഴയ മാതൃകകള്‍ പിന്‍തുടരുമ്പോള്‍ നാമെന്തിന് മദാമ്മമാരുടെ ഡ്രസ് തേടി അലയണം! വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യത്തില്‍പ്പെട്ടതാണെങ്കിലും ദൈവാലയങ്ങളിലും വിവാഹവേദികളിലും വീട്ടിലും വിദ്യാലയങ്ങളിലുമൊക്കെ അല്പംകൂടി മാന്യത പാലിക്കുന്നതു നല്ലതാണെന്ന കാര്യം ആരും മറക്കരുത്.