നിഖ്യാസൂനഹദോസിന്റെ 1700-ാം വര്‍ഷം പ്രമാണിച്ച് നിഖ്യാസൂനഹദോസിനെയും നിഖ്യാവിശ്വാസപ്രമാണത്തെയുംകുറിച്ചുള്ള ഒരു പഠനപരമ്പര 4
സൂനഹദോസുകള്‍ അഥവാ സിനഡുകള്‍ സഭാചരിത്രത്തിലെ നാഴികക്കല്ലുകളാണ്. വിശ്വാസം പതറുകയും വെല്ലുവിളിക്കപ്പെടുകയും ചെയ്യുന്ന അവസരങ്ങളില്‍ വിശ്വാസികളെ ക്രിസ്തീയതയിലുറപ്പിക്കാനും വിശ്വാസജീവിതം ത്വരിതപ്പെടുത്താനും ഉത്തരവാദിത്വപ്പെട്ട സഭാധികാരികള്‍ വിളിച്ചുകൂട്ടുന്നവയായിരുന്നു സൂനഹദോസുകള്‍. വിശ്വാസസംരക്ഷണത്തിനുള്ള ഏറ്റവും ശക്തമായ മാര്‍ഗങ്ങളായിരുന്നു അവ. അതിനാല്‍, സൂനഹദോസുകള്‍ക്ക് ചരിത്രത്തില്‍ വലിയ സ്ഥാനമാണുള്ളത്.
ഒന്നാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിമുതല്‍ മൂന്നാം നൂറ്റാണ്ടിന്റെ അവസാനംവരെ പൊതുവെ മതമര്‍ദനങ്ങളുടെ കാലമായിരുന്നതിനാല്‍ ഈശോയുടെ പഠനങ്ങള്‍ക്കനുസൃതമായ ഒരു ജീവിതംമാത്രമായിരുന്നു ആദിമക്രൈസ്തവരുടെ ലക്ഷ്യം. ഈശോയ്ക്കുവേണ്ടി ജീവിച്ചു മരിക്കുകയായിരുന്നു അവരുടെ ക്രൈസ്തവ ജീവിതസാഫല്യം. എന്നാല്‍, നാലാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ സഭയ്ക്കു സ്വാതന്ത്ര്യം കിട്ടിയതോടെയാണ് ദൈവശാസ്ത്രസംബന്ധമായ വിഷയങ്ങളെപ്പറ്റി ചിന്തിക്കാനും ചര്‍ച്ചചെയ്യാനും തുടങ്ങിയത്. ആദ്യചിന്തകളും സംശയങ്ങളും ത്രിത്വത്തെ സംബന്ധിച്ച് അഥവാ ത്രിത്വത്തിലെ മൂന്നാളുകളെ സംബന്ധിച്ചായിരുന്നു; അതിലും പ്രത്യേകമായി വചനമായി അവതരിച്ച, ചരിത്രത്തില്‍ ജീവിച്ച ക്രിസ്തുവിനെ സംബന്ധിച്ച്. അങ്ങനെയുണ്ടായ ചിന്തകളില്‍നിന്നുരുത്തിരിഞ്ഞ അബദ്ധപഠനങ്ങള്‍ക്കാണ് ആദ്യകൗണ്‍സിലുകള്‍ ഉത്തരം കൊടുത്ത് ക്രൈസ്തവദൈവശാസ്ത്രത്തിന് അടിത്തറപാകിയത്. സത്യവിശ്വാസസംരക്ഷണമായിരുന്നു സൂനഹദോസുകളുടെ പരമപ്രധാനമായ ലക്ഷ്യം.
1. സാര്‍വത്രികസൂനഹദോസുകള്‍
ക്രൈസ്തവവിശ്വാസത്തെയും സഭാനടപടികളെയുംപറ്റി ചര്‍ച്ചചെയ്തു തീരുമാനമെടുക്കാന്‍ മാര്‍പാപ്പായുടെ അധ്യക്ഷതയില്‍ വിളിച്ചുകൂട്ടുന്ന മെത്രാന്മാരുടെയും താദൃശസഭാധികാരമുള്ളവരുടെയും ഒരു സമ്മേളനമാണ് സാര്‍വത്രികസൂനഹദോസ്. തീരുമാനങ്ങള്‍ക്കു മാര്‍പാപ്പാ അംഗീകാരം കൊടുക്കുമ്പോഴേ അവയ്ക്കു നിയമസാധുത ഉണ്ടാവുകയുള്ളൂ. ഇത്തരം സൂനഹദോസില്‍ പങ്കെടുക്കാന്‍ അവകാശമുള്ളവര്‍ കര്‍ദിനാള്‍മാര്‍ (മെത്രാന്മാരല്ലാത്ത കര്‍ദിനാള്‍മാരുള്‍പ്പെടെ), പാത്രിയാര്‍ക്കീസുമാര്‍, മെത്രാപ്പോലീത്താമാരും മെത്രാന്മാരും (സ്ഥാനീയമെത്രാന്മാരുള്‍പ്പെടെ), ആബട്ടുമാര്‍, പ്രധാനസഭകളുടെ സുപ്പീരിയര്‍ ജനറാള്‍മാര്‍ എന്നിവരാണ്. സാഹചര്യമനുസരിച്ച് മാര്‍പാപ്പായ്ക്ക് ഇതിലേക്ക് അംഗങ്ങളെ ക്ഷണിക്കാവുന്നതാണ്. അര്‍ഹതപ്പെട്ട അംഗങ്ങളുടെ അഭാവത്തില്‍ പകരക്കാരായി (proxies) വരുന്നവര്‍ക്കു സമ്മേളനങ്ങളില്‍ പങ്കെടുക്കാമെങ്കിലും സാധാരണഗതിയില്‍ വോട്ടു ചെയ്യാന്‍ അവകാശമില്ല. സമ്മേളനങ്ങളില്‍ ചര്‍ച്ചചെയ്യപ്പെടേണ്ട കാര്യങ്ങള്‍ നേരത്തേ തീരുമാനിക്കുമെങ്കിലും സമ്മേളന അധ്യക്ഷന്മാരുടെ അനുവാദത്തോടെ ഏതംഗത്തിനും പുതിയ കാര്യങ്ങള്‍ ചര്‍ച്ചയ്ക്കു കൊണ്ടുവരാന്‍ അവകാശമുണ്ട്.
സാര്‍വത്രികസൂനഹദോസുകളുടെ തീരുമാനങ്ങള്‍ സഭയെ മുഴുവനും ബാധിക്കുന്നവയാകയാല്‍ സഭ മുഴുവന്റെമേലും ഇവയ്ക്ക് അധികാരമുണ്ട്. അതായത്, സൂനഹദോസുകളുടെ തീരുമാനങ്ങള്‍ സ്വീകരിക്കാന്‍ ഏതൊരു വിശ്വാസിയും കടപ്പെട്ടിട്ടുണ്ട്. ഈ വിശാല അര്‍ഥത്തില്‍ ഫ്രോജറ്റ് എന്ന ദൈവശാസ്ത്രജ്ഞന്‍ സാര്‍വത്രികസൂനഹദോസിനെ നിര്‍വചിക്കുന്നത് ഇപ്രകാരമാണ്: ലോകം മുഴുവനിലെയും സഭയെ സംബന്ധിക്കുന്ന കാര്യങ്ങള്‍ സഭയുടെ നന്മയ്ക്കായി ചര്‍ച്ചചെയ്തു തീരുമാനമെടുത്ത് നിയമമാക്കുന്നതിനുവേണ്ടി മാര്‍പാപ്പാ തന്റെ അധികാരമുപയോഗിച്ച് ലോകം മുഴുവനിലെയും മെത്രാന്മാരെ വിളിച്ചുകൂട്ടുന്ന ആഘോഷമായ സമ്മേളനമാണ് സാര്‍വത്രികസൂനഹദോസ്.'സഭയെ സംബന്ധിക്കുന്ന പ്രധാനപ്രശ്‌നങ്ങളെല്ലാം ചര്‍ച്ച ചെയ്യപ്പെടുന്ന സമ്മേളനമാകയാല്‍ ആ കാലഘട്ടത്തിലെ സഭയെ മനസ്സിലാക്കാനുള്ള ഏറ്റവും പറ്റിയ മാര്‍ഗമാണ് സൂനഹദോസുകളുടെ പഠനം. സാര്‍വത്രികസഭ സത്യവിശ്വാസത്തെ എങ്ങനെ കാത്തുസൂക്ഷിച്ചു മുമ്പോട്ടുകൊണ്ടുപോയി എന്ന് അറിയാന്‍ ഇത്തരം പഠനം നമ്മെ സഹായിക്കും. സാര്‍വത്രികസഭ നാളിതുവരെ കടന്നുപോന്ന വഴികള്‍ സാര്‍വത്രികസൂനഹദോസുകളിലൂടെ വ്യക്തമാകുന്നതാണ്.
2. പ്രാദേശികസൂനഹദോസുകള്‍
സാര്‍വത്രികസൂനഹദോസുകളില്‍നിന്നു വ്യത്യസ്തമാണ് പാത്രിയാര്‍ക്കല്‍, നാഷണല്‍, പ്രാദേശിക, രൂപതാ സിനഡുകള്‍. ഇവയും, അവ വിളിച്ചുകൂട്ടുന്ന അധികാരികളെയും അവയില്‍ പങ്കെടുക്കുന്ന അംഗങ്ങളെയും ആശ്രയിച്ച് വീണ്ടും വ്യത്യസ്തങ്ങളാണ്. ഇവയില്‍ പ്രധാനപ്പെട്ടവ പ്രാദേശികസൂനഹദോസുകളാണ്; കാരണം, അവയാണ് ആദ്യം സഭയില്‍ ഉണ്ടായത്. ഒരു പ്രദേശത്തെ മെത്രാന്മാര്‍ ആ പ്രദേശത്തെ മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ കൂടുന്ന സമ്മേളനമാണിത്. സഭാപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുന്നത് ഇത്തരം പ്രാദേശികസിനഡുകളിലായിരുന്നു. നിഖ്യായുടെ അഞ്ചാം കാനോനയും കാല്‍സിഡന്റെ 19-ാം കാനോനയും ഇത്തരം സിനഡുകള്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ കൂടണമെന്ന് അനുശാസിക്കുന്നുണ്ട്. അതിനു മുമ്പുതന്നെ നിലവിലിരുന്ന രീതിയായതുകൊണ്ടാണ് ഇത്തരം സിനഡുകള്‍ തുടര്‍ന്നും കൂടേണ്ടതാണെന്ന് ഈ രണ്ടു സാര്‍വത്രികസൂനഹദോസുകളും നിയമമാക്കിയത്. 533 ലെ ഓര്‍ലിയന്‍സ് കൗണ്‍സിലിന്റെ രണ്ടാം കാനോനയും ആ നൂറ്റാണ്ടിലെതന്നെ മറ്റു ചില കൗണ്‍സിലുകളും പ്രാദേശികസൂനഹദോസ് വര്‍ഷത്തിലൊരിക്കലെങ്കിലും കൂടിയിരിക്കണമെന്ന് അനുശാസിക്കുന്നുണ്ട്. ആറ്, ഏഴ് നൂറ്റാണ്ടുകളില്‍ പാശ്ചാത്യറോമാസാമ്രാജ്യത്തില്‍ കൂടിയ സമ്മേളനങ്ങള്‍ വര്‍ഷത്തിലൊരിക്കല്‍ രൂപതാസിനഡുകള്‍ വിളിച്ചുകൂട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
അഞ്ചാം നൂറ്റാണ്ടില്‍ ഗ്രീക്കുസഭയില്‍ ഒരു പ്രത്യേകതരം സിനഡ് രൂപപ്പെടുന്നുണ്ട്. എന്‍ഡമൂസ (endemusa)എന്നാണ് അവ അറിയപ്പെട്ടിരുന്നത്. കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കീസ് സഭയിലെ പ്രധാനപ്പെട്ട ഏതെങ്കിലും കാര്യം ചര്‍ച്ച ചെയ്യാനുണ്ടെങ്കില്‍ ആ സമയത്ത് കോണ്‍സ്റ്റാന്റിനോപ്പിള്‍പട്ടണത്തിലുള്ള മെത്രാന്മാരെ വിളിച്ചുകൂട്ടി അവരുടെ അഭിപ്രായം ആരാഞ്ഞിരുന്നു. കുറേനാള്‍ കഴിഞ്ഞപ്പോള്‍ ഇത്തരം സിനഡുകളില്‍ അവശ്യസമയത്തു പങ്കെടുക്കാനുള്ള സൗകര്യത്തിനായി കൂടുതല്‍ മെത്രാന്മാര്‍ വന്ന് ആ പട്ടണത്തില്‍ താമസിക്കുമായിരുന്നു. പാത്രിയാര്‍ക്കേറ്റുകള്‍ രൂപപ്പെട്ടതിനുശേഷം ഒരു പാത്രിയാര്‍ക്കീസ് തന്റെ പാത്രിയാര്‍ക്കേറ്റിലുള്ള എല്ലാ മെത്രാപ്പോലീത്താമാരെയും മെത്രാന്മാരെയും വിളിച്ചുകൂട്ടി നടത്തിയിരുന്ന സമ്മേളനങ്ങളാണ് പാത്രിയാര്‍ക്കല്‍ സൂനഹദോസ്. സിനഡില്‍ പങ്കെടുക്കാനുള്ള അവകാശം മെത്രാന്മാര്‍ക്കാണ്. അക്കാരണത്താല്‍, രൂപതാസിനഡുകളെ സിനഡുകള്‍ എന്ന് യഥാര്‍ത്ഥ അര്‍ഥത്തില്‍ വിളിക്കാനാവില്ല.
ഏഴാം നൂറ്റാണ്ടില്‍ സ്‌പെയിനില്‍ നടത്തിയിരുന്ന സിനഡുകളില്‍ മെത്രാന്മാരെ കൂടാതെ പ്രഭുക്കന്മാരെയും പങ്കെടുപ്പിച്ചിരുന്നു. ആ സിനഡുകളില്‍ എടുക്കുന്ന തീരുമാനങ്ങളില്‍ മെത്രാന്മാരും ആബട്ടുമാരും സുപ്പീരിയര്‍ ജനറല്‍മാരും പ്രഭുക്കന്മാരും ഒപ്പിട്ടിരുന്നു. ഇതിനെ mixed council എന്നാണ് ചരിത്രകാരന്മാര്‍ വിളിച്ചിരുന്നത്. പിന്നീട് ഫ്രാന്‍സിലും ഇത്തരം കൗണ്‍സിലുകള്‍ നടക്കുന്നുണ്ട്. ആഫ്രിക്കയിലെ മെത്രാന്മാരെല്ലാവരും ഒരുമിച്ചുകൂടിയിരുന്ന സമ്മേളനത്തിന് 'പൊതു'(plenary) കൗണ്‍സില്‍ എന്നാണ് പേരുകൊടുത്തിരിക്കുന്നത്. ഒന്നില്‍ കൂടുതല്‍ സഭാപ്രൊവിന്‍സുകളിലെ മെത്രാന്മാര്‍ ഒരു പേപ്പല്‍പ്രതിനിധിയുടെ അധ്യക്ഷതയില്‍ സമ്മേളിക്കുന്നതിനും പ്ലീനറി സിനഡ് എന്നാണു പറയുന്നത്. ഒരു പ്രദേശത്തെയോ ഒരു രാജ്യത്തെയോ മെത്രാന്മാര്‍ അവിടത്തെ സഭാധികാരിയുടെ അധ്യക്ഷതയില്‍ (നുണ്‍ഷ്യോ, കാര്‍ഡിനല്‍ തുടങ്ങിയവരുടെ) ഒരു പ്രത്യേക കാലയളവില്‍ ഒരുമിച്ചുകൂടുന്നതും സൂനഹദോസില്‍നിന്നു വ്യത്യസ്തമാണ്. ആ പ്രദേശത്തെ രൂപതകളുടെ പൊതുപ്രശ്‌നങ്ങളാണ് അവിടെ ചര്‍ച്ച ചെയ്യപ്പെടുന്നതെങ്കിലും, ഇത്തരം സമ്മേളനങ്ങളിലെ തീരുമാനങ്ങള്‍ക്കു നിയമസാധുതയില്ല അഥവാ അവ നിയമങ്ങളാകുന്നില്ല. ഇത്തരം സമ്മേളനങ്ങള്‍ മെത്രാന്മാരുടെ സമ്മേളനം episcopal conferences) എന്നാണ് ഇക്കാലത്ത് അറിയപ്പെടുന്നത്.
എല്ലാ സിനഡുകളുടെയും പ്രോഗ്രാം സാഹചര്യമനുസരിച്ചു വ്യത്യസ്തപ്പെട്ടിരിക്കും. സഭയുടെ ആന്തരികവും ബാഹ്യവുമായ പ്രശ്‌നങ്ങള്‍ സിനഡുകളില്‍ ചര്‍ച്ച ചെയ്യാവുന്നതാണ്. തീരുമാനം അര്‍ഹിക്കുന്ന പ്രാധാന്യമുള്ള ഏതു വിഷയവും ചര്‍ച്ച ചെയ്തു തീരുമാനമെടുത്ത് നിയമമാക്കാവുന്നതാണ്. സൂനഹദോസുകളിലെ തീരുമാനങ്ങള്‍ (ഡിക്രി) രണ്ടുതരത്തില്‍ പെടുന്നവയാണ്; വിശ്വാസം (dogma) സംബന്ധിക്കുന്ന കാര്യങ്ങളാണ് ഇവയില്‍ ഒന്നാമത്തേത്. സഭയുടെ നടത്തിപ്പ്, ആരാധന, സംവിധാനം തുടങ്ങിയവ സംബന്ധിച്ച തീരുമാനങ്ങളാണ് രണ്ടാമത്തെ തരം. രണ്ടാമത്തെ തരത്തിലുള്ള തീരുമാനങ്ങളാണ് കാനോനകള്‍ (canons) എന്ന പേരില്‍ അറിയപ്പെടുന്നത്.
ആദ്യകാലപ്രാദേശികസിനഡുകള്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നവയാണ്. പ്രാദേശികപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനായി സഭയുടെ ആദ്യകാലത്ത് പാശ്ചാത്യ, പൗരസ്ത്യപ്രദേശങ്ങളില്‍ പല സമ്മേളനങ്ങളും നടന്നു. കാലക്രമത്തില്‍ പല സഭകളും അവയുടെ ഡിക്രികള്‍ നിയമമായി സ്വീകരിച്ചിട്ടുണ്ട്.
പാശ്ചാത്യലോകത്ത് 197 ല്‍ റോമിലും 306 ല്‍ എല്‍വീരായിലും 314 ല്‍ ആള്‍സിലും സിനഡുകള്‍ നടന്നു. സ്‌പെയിനില്‍വച്ച് പല സിനഡുകള്‍ നടന്നു. ആഫ്രിക്കയിലെ കാര്‍ത്തേജില്‍ വച്ച് 251, 252, 254, 255, 256, 348, 390, 419, 525 എന്നീ വര്‍ഷങ്ങളില്‍ സിനഡുകള്‍ നടന്നു. ഇവയില്‍ 419 ലെ സിനഡിന്റെ കാനോനകള്‍ പ്രസിദ്ധങ്ങളാണ്. പൗരസ്ത്യറോമാസാമ്രാജ്യത്തിലെ സഭകളിലും പ്രാദേശികസിനഡുകള്‍ ആദ്യകാലങ്ങളില്‍ പലപ്പോഴായി നടന്നു. 314 ല്‍ അല്‍സീറ, 315 ല്‍ നെയോ-ചെസാറിയ, 330 ല്‍ ഗാംഗ്രാ, 341 ല്‍ അന്ത്യോക്യ, 342 ല്‍ ലവോദിക്യ, 343 ല്‍ സാര്‍ദിക്ക എന്നിവയായിരുന്നു അവ.
കോണ്‍സ്റ്റാന്റിനോപ്പിളില്‍വച്ച് പല പ്രാദേശികസൂനഹദോസുകള്‍ നടന്നു. 394 ല്‍ നെക്താരിയൂസിന്റെ കാലത്തു നടന്ന സിനഡും പ്രസിദ്ധമാണ്. ഇവയിലെ പല തീരുമാനങ്ങളും കാനോനകളായി ഇന്നും നിലനില്‍ക്കുന്നു. അലക്‌സാണ്ട്രിയായിലെ പീറ്റര്‍, തിമോത്തി, തെയോഫിലസ്, സിറിള്‍, ഗ്രിഗറി, അത്തനേഷ്യസ്, ബേസില്‍, ഗ്രിഗറി നിസ്സാ, ഗ്രിഗറി നസ്സിയാന്‍സന്‍ എന്നിവരുടെ പേരുകളിലാണ് ഇവയിലെ ചില കാനോനകള്‍ അറിയപ്പെടുന്നത്. പേര്‍ഷ്യന്‍സഭയിലെ മാര്‍ മരൂഥായുടെ കാനോനകള്‍ പ്രസിദ്ധമാണ്.
പേര്‍ഷ്യന്‍സഭയുടെ (പൗരസ്ത്യസുറിയാനിസഭയുടെ) കാനോനികസമാഹാരം Synodicon Orientaleഎന്ന പേരില്‍ പുസ്തകരൂപത്തില്‍ ലഭ്യമാണ്. പാശ്ചാത്യസുറിയാനിസഭയും പില്‍ക്കാലത്ത് അവരുടേതായ കാനോനികസമാഹാരം രൂപീകരിച്ചു. യാക്കോബായ ബാര്‍ എബ്രായ തയ്യാറാക്കിയ ഹൂദായകാനോന്‍'പ്രസിദ്ധമാണ്.
3. സിനഡ്-കൗണ്‍സില്‍-അസംബ്ലി
21 സൂനഹദോസുകളാണ് സാര്‍വത്രികസഭയില്‍ ഇതിനോടകം നടന്നിട്ടുള്ളത്. സാര്‍വത്രികസഭയെ ബാധിക്കുന്നതായതുകൊണ്ട് ഇവയെ സാര്‍വത്രികസൂനഹദോസുകള്‍ എന്നു വിളിക്കുന്നു. ഇവയെ സിനഡല്‍ കൗണ്‍സിലുകളെന്നും എക്യുമെനിക്കല്‍കൗണ്‍സിലുകളെന്നും പറയാറുണ്ട്. വ്യത്യസ്തവാക്കുകളാണെങ്കിലും സഭയെ മുഴുവന്‍ സംബന്ധിക്കുന്ന എന്ന അര്‍ഥത്തില്‍ ഇവ ഉദ്ദേശിക്കുന്നത് ഒന്നുതന്നെയാണ്. കൗണ്‍സില്‍, സിനഡ്, അസംബ്ലി എന്നീ പദങ്ങള്‍ പലപ്പോഴും ഒരേ അര്‍ഥത്തില്‍ മാറിമാറി ഉപയോഗിക്കാറുണ്ട്. ഈ വാക്കുകളുടെ ഉദ്ഭവവും ചരിത്രപശ്ചാത്തലവും വ്യത്യസ്തമാണെങ്കിലും ഇവയെല്ലാം ഉദ്ദേശിക്കുന്നതും അര്‍ഥമാക്കുന്നതും ഒന്നുതന്നെയാണ്. സിനഡ് എന്ന വാക്കാണ് കൂടുതലായി ഉപയോഗിച്ചുകാണുന്നത്.synodos (syn+hodos) എന്ന ഗ്രീക്കുപദത്തില്‍നിന്നാണ് സിനഡ് ഉണ്ടായത്. ഒന്നിച്ചുകൂടല്‍ എന്നാണ് ഇതിനര്‍ഥം.
സഭയുടെ ആദ്യകാലംമുതല്‍ മെത്രാന്മാര്‍ ഒന്നിച്ചുകൂടുന്നതിനെയാണ് സിനഡുകൊണ്ട് ഉദ്ദേശിച്ചിരുന്നത്. വൈദികരുടെ സമ്മേളനങ്ങള്‍ക്കോ മറ്റ് ഒത്തുചേരലുകള്‍ക്കോ ഈ വാക്ക് ഉപയോഗിക്കാറില്ല. സിനഡ് എന്ന ഗ്രീക്കു വാക്കിന് തത്തുല്യമായ ലത്തീന്‍വാക്കാണ് concilium. ഇതില്‍നിന്നാണ് കൗണ്‍സില്‍ എന്ന വാക്കുണ്ടായത്. ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി അധികാരപ്പെട്ടവര്‍ ഒരുമിച്ചുകൂടുന്നു എന്നാണ് ഇതിനര്‍ഥം. ഒരു പൊതുക്കാര്യത്തിനുവേണ്ടി ഒരുപറ്റം ആളുകള്‍ ഒത്തുചേരുമ്പോള്‍ അത് അസംബ്ലിയാകുന്നു. ലത്തീനിലുള്ള assimulare (ad+simul) (ഒരുമിച്ചു ചേര്‍ക്കുക) എന്നതാണ് ഇതിന്റെ മൂലം. അതിനാല്‍, ജനറല്‍ കൗണ്‍സില്‍, ജനറല്‍ അസംബ്ലി, എക്യുമെനിക്കല്‍ അസംബ്ലി, എക്യുമെനിക്കല്‍ സിനഡ് എന്നിവയെല്ലാം സാര്‍വത്രികസൂനഹദോസ് എന്ന അര്‍ഥത്തില്‍ത്തന്നെയാണ് ഉപയോഗിക്കുന്നത്.
പ്രാചീനമധ്യകാലഘട്ടങ്ങ
ളിലെ സൂനഹദോസുകളുടെ സാര്‍വത്രികസ്വഭാവം ഇന്നത്തേതില്‍നിന്നു തുലോം വ്യത്യസ്തമായിരുന്നു. എല്ലാറ്റിനും സാര്‍വത്രിക ecumenical) സ്വഭാവം കൃത്യമായി ഉണ്ടായിരുന്നതായി പറയാനാവില്ല; വിളിച്ചുകൂട്ടിയിരുന്നവര്‍ക്കും അങ്ങനെയൊരു ചിന്ത ഉണ്ടായിരുന്നോ എന്നും സംശയമുണ്ട്. ചിലപ്പോള്‍ അതിന്റെ ആവശ്യകത തോന്നിയിട്ടുണ്ടാകണമെന്നില്ല. കൗണ്‍സിലുകളുടെ തീരുമാനങ്ങള്‍ക്ക് മാര്‍പാപ്പാമാരുടെ അംഗീകാരം ആവശ്യമായിരുന്നില്ല; ചില അവസരങ്ങളില്‍ അംഗീകാരം ലഭിച്ചിട്ടുമില്ല. അക്കാലഘട്ടങ്ങളിലെ ചില സൂനഹദോസുകളുടെ രീതിയും നടത്തിപ്പും വളരെ വ്യത്യസ്തങ്ങളായിരുന്നുതാനും. അവയെല്ലാം കൃത്യമായ നിയമങ്ങള്‍ പാലിച്ചല്ല നടന്നതും അവസാനിച്ചതും. ദൈവശാസ്ത്രസ്‌കൂളുകളോ രാജാക്കന്മാരോ ആയിരുന്നു അത്തരം അവസരങ്ങളില്‍ കൗണ്‍സില്‍തീരുമാനങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്. പ്രാചീനകാലഘട്ടത്തിലെ എട്ടു സൂനഹദോസുകളുടെ സാര്‍വത്രികതയും നിയമസാധുതയും പൂര്‍ണമായും അംഗീകരിക്കുന്നത് 16-ാം നൂറ്റാണ്ടിന്റെ ആരംഭത്തോടുകൂടിമാത്രമാണ്.
(തുടരും)