•  6 Feb 2025
  •  ദീപം 57
  •  നാളം 47
ലേഖനം

തിരഞ്ഞെടുപ്പും പണപ്പിരിവുകളും

''ഏത്തക്കുലയൊന്നിന് 500 രൂപ'' കൈക്കാരന്‍ ലേലംവിളിയാരംഭിച്ചു. ''600 രൂപ'' ഒരാള്‍ കേറ്റിവിളിച്ചു. ''എണ്‍പതു കായുള്ള, രാസവളം ചേര്‍ക്കാതെ, നട്ടുനനച്ചു വളര്‍ത്തിയ വാഴക്കുല...'' 700, 800, 1000, 1500..., ഓരോരുത്തര്‍ കേറ്റിവിളിച്ചു. വാശിയേറിയ വിളി തുടര്‍ന്നുകൊണ്ടേയിരുന്നു. അവസാനം ആദ്യം കേറ്റിവിളിച്ചയാള്‍ കടത്തിവിളിച്ചു: 2000 രൂപ! ഒരുതരം രണ്ടു തരം മൂന്നു തരം. 2000 രൂപയ്ക്കു ലേലമുറപ്പിച്ചു. 2000 രൂപ രൊക്കം വാങ്ങി കൈക്കാരന്‍ തുക കണക്കില്‍ ചേര്‍ത്തു. മാസാവസാനം  ഇന്റേണല്‍ ഓഡിറ്റര്‍മാര്‍ പ്രസ്തുത തുക കണക്കില്‍ വന്നതായി ബോധ്യപ്പെട്ട് ഒപ്പിട്ടു. മാസത്തിരട്ടുയോഗത്തില്‍ കണക്കവതരിപ്പിച്ചു പാസാക്കി. രൂപതാകേന്ദ്രത്തില്‍ അയച്ച് അംഗീകാരം വാങ്ങി. അവസാനം എക്‌സ്റ്റേണല്‍ ഓഡിറ്റിങ്ങിനും സമര്‍പ്പിച്ച് സി.എ.ക്കാരന്റെ അംഗീകാരവും വാങ്ങി. ഒരു ഏത്തക്കുലയുടെ സഞ്ചാരവഴികള്‍! രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന കൊച്ചുപള്ളികള്‍ മുതല്‍ കോടികളുടെ ആസ്തിയുള്ള പള്ളികള്‍വരെ അവലംബിക്കേണ്ട നടപടിക്രമം ഇതാണ്.
    ക്രിസ്ത്യാനികളുടെ പള്ളികളിലും സ്ഥാപനങ്ങളിലും വലിയ ക്രമക്കേടുകളും അഴിമതികളും ഉണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ തത്പരകക്ഷികള്‍ കിണഞ്ഞുശ്രമിച്ചുകൊണ്ടാണിരിക്കുന്നത്.  അവിടങ്ങളില്‍ 'കണക്കും തൊപ്പീം' ഒന്നുമില്ലെന്നും ളോവയുടെ മറവില്‍ കത്തനാമ്മാര്‍ തട്ടിപ്പുനടത്തുന്നുണ്ടെന്നുമൊക്കെയുള്ള ആരോപണങ്ങളും ആക്ഷേപങ്ങളും നിലനില്ക്കുന്ന പശ്ചാത്തലത്തില്‍ സമാന്തരമായ ഒരു കണക്കിവിടെ ചേര്‍ക്കട്ടെ. കഴിഞ്ഞ ലോകസഭാതിരഞ്ഞെടുപ്പില്‍ ലഭിച്ച സംഭാവനകളുടെ തുക ഇങ്ങനെ.
   ബി.ജെ.പി. - 2,244 കോടി
   ബി.ആര്‍.എസ്. - 580 കോടി 
   കോണ്‍ഗ്രസ് - 289 കോടി
    വൈ.ആര്‍.എസ്. - 184 കോടി
    റ്റി.ഡി.പി. - 100 കോടി
    ഡി.എം.കെ. - 80 കോടി
   എ.എ.പി. - 11 കോടി
   സി.പി.എം. - 7.6 കോടി
    ഒരിടവകയില്‍ നേര്‍ച്ച വന്ന വാഴക്കുലയുടെ വരവുചെലവ് കണക്കുകള്‍ എത്ര കൃത്യം! എത്ര സുതാര്യം! പക്ഷേ, രാഷ്ട്രീയപ്പാര്‍ട്ടികളുടെ വമ്പന്‍തുകകളുടെ വരവും പോക്കും എങ്ങനെ? എങ്ങോട്ട്? ഒരെത്തുംപിടിയും കിട്ടില്ല. കോടികളുടെ വരവും ചെലവും രണ്ടു വരിയില്‍ ഒതുങ്ങും. വരവ് ഇത്ര; ചെലവ് ഇത്ര. തീര്‍ന്നു. ഇത് ഒരിടത്തും ബോധ്യപ്പെടുത്തേണ്ട ബാധ്യത ആര്‍ക്കുമില്ല. അറിയാനുള്ള അവകാശമോ? എല്ലാവര്‍ക്കുമുണ്ട്. പക്ഷേ, ആര്‍ക്കും കിട്ടുകേലാ. ആര്‍ക്കെങ്കിലും പരാതിയുണ്ടോ? ഭരണപക്ഷത്തിനുമില്ല പ്രതിപക്ഷത്തിനുമില്ല. പിരിവിന്റെ കാര്യത്തില്‍ ഇരുകൂട്ടരും ഒറ്റക്കെട്ടാണ്. തന്നെയുമല്ല, രാഷ്ട്രീയപ്പാര്‍ട്ടികളുടെ കണക്ക് ഓഡിറ്റിങ്ങിനു വിധേയമാക്കണമെന്ന് ഇന്ത്യന്‍ ഭരണഘടനയിലൊരിടത്തും 'എടുത്തു' പറയുന്നില്ലല്ലോ! അപ്പോള്‍പ്പിന്നെ, തിരഞ്ഞെടുപ്പിന്റെ കണക്കിന്റെ കാര്യം പറയാനുമില്ലല്ലോ!
തിരഞ്ഞെടുപ്പിനു ചെലവാക്കാവുന്ന തുകയെ സംബന്ധിച്ച് ചില മാര്‍ഗനിര്‍ദേശങ്ങളൊക്കെ തത്ത്വത്തിലുണ്ട്. പരിധി നിശ്ചയിച്ചു പ്രഖ്യാപിക്കുന്ന പതിവ് പണ്ടുണ്ടായിരുന്നു. ഇപ്പോള്‍ അതും ഉള്ളതായി അറിവില്ല. പരിധി നിശ്ചയിക്കുന്നതും നിശ്ചയിക്കാതിരിക്കുന്നതും ഒരുപോലെയാണെന്നു തിരഞ്ഞെടുപ്പുകമ്മീഷനു ബോധ്യപ്പെട്ടതുകൊണ്ടാവാം നിര്‍ദേശങ്ങള്‍ വയ്ക്കാത്തത്. തിരഞ്ഞെടുപ്പടുത്താല്‍പ്പിന്നെ ആഘോഷപരമ്പരകളല്ലേ അരങ്ങേറുന്നത്! തൃശൂര്‍ പൂരത്തിനു കുടമാറ്റം, വെടിക്കെട്ട്, ചെണ്ടമേളം മുതലായവയ്‌ക്കൊക്കെ മത്സരമുള്ളതുപോലെയാണല്ലോ ഓരോരോ വെറൈറ്റികള്‍ മിന്നിപ്പൊലിയുന്നത്. ബാനര്‍, പോസ്റ്റര്‍, ഫ്‌ളക്‌സ്, യൂണിഫോം എല്ലാറ്റിനും പണം വേണ്ടേ?
    അകന്നയൊരുക്കം, അടുത്തയൊരുക്കം, ഏറ്റവും അടുത്തയൊരുക്കം, കലാശക്കൊട്ട്... ഘട്ടംഘട്ടമായി ഓരോരോ പരിപാടികള്‍ മാറിവരും. കലാശക്കൊട്ടില്‍ പെരുന്നാളിനു തിരുസ്വരൂപം എഴുന്നള്ളിക്കുന്നതുപോലെയല്ലേ സ്ഥാനാര്‍ഥിയെ എഴുന്നള്ളിക്കുന്നത്. തുറന്ന വാഹനത്തില്‍... ഹംസരഥത്തില്‍... എന്തിന്, ജെസിബിയുടെ ബക്കറ്റില്‍പ്പോലും ഇരുത്തി... ഉയര്‍ത്തിയും താഴ്ത്തിയും പ്രയാണം മുന്നോട്ടുനീങ്ങും. സ്ഥാനാര്‍ഥി കൈയുയര്‍ത്തി ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്ത് ആദരമേറ്റുവാങ്ങും. വാദ്യമേളങ്ങള്‍ക്കൊപ്പിച്ച്, അണികള്‍ ആടിയും പാടിയും ചുവടുവച്ചും നൃത്തംചവിട്ടിയും ചാടിമറിഞ്ഞും കുടിച്ചുകൂത്താടിയും പ്രകടനം പൊടിപൂരമാക്കും. ഇപ്പോഴിതാ, ഒരു തിരഞ്ഞെടുപ്പുമാമാങ്കംകൂടി വരാന്‍ പോകുന്നു. പി.വി. അന്‍വര്‍ പൊട്ടിച്ച ബോംബ് അതിനു വഴിവച്ചിരിക്കുന്നു!  ബൈ ഇലക്ഷന്റെ കഷ്ടനഷ്ടങ്ങള്‍ തിട്ടപ്പെടുത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഈ സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. ഇക്കഴിഞ്ഞ ലോകസഭാതിരഞ്ഞെടുപ്പില്‍ മത്സരിച്ചത് 8,300 സ്ഥാനാര്‍ഥികള്‍! 86 ശതമാനം പേര്‍ക്കും (7190 പേര്‍) കെട്ടിവച്ച തുക നഷ്ടപ്പെട്ടു. ഇതുകൊണ്ട് ആര്‍ക്ക് എന്തു ഗുണമാണുണ്ടായത്?
തിരഞ്ഞെടുപ്പുകഴിഞ്ഞാല്‍പ്പിന്നെ പാര്‍ലമെന്റ്, നിയമസഭ സമ്മേളനങ്ങളാണല്ലോ. സമ്മേളനങ്ങളില്‍ എന്തെല്ലാമാണു നടക്കുന്നത്! കത്തിക്കുത്തും കൊലപാതകങ്ങളും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല എന്നു സമാധാനിക്കാം. ചര്‍ച്ച, സംവാദം, വാദപ്രതിവാദം, വാക്കേറ്റം, വാക്കൗട്ട്, കൈയാങ്കളി...! അങ്ങനെ കലാപരിപാടികള്‍ ഓരോന്നായി അരങ്ങേറുന്നു. ചര്‍ച്ചാവിഷയങ്ങളോ? ഭരണപ്രതിപക്ഷങ്ങളുടെ  വെട്ടിപ്പ്, തട്ടിപ്പ്, കള്ളക്കടത്ത്, അടിപിടി, കൊലപാതകം...!
    ഭരണപ്രതിപക്ഷങ്ങളുടെ ആരോപണപ്രത്യാരോപണങ്ങള്‍ കഴിഞ്ഞാല്‍പ്പിന്നെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ സമയമില്ല അഥവാ ഉണ്ടെങ്കില്‍ത്തന്നെ അതിനെന്തെങ്കിലും പ്രസക്തിയുള്ളതായി ഇരുകൂട്ടര്‍ക്കും തോന്നാറുമില്ല. മലയോരമേഖലയിലുള്ള മനുഷ്യരുടെ ദുരന്തങ്ങള്‍... കാട്ടാന, കാട്ടുപന്നി, കരടി, കടുവ, കുരങ്ങ് എല്ലാം സൈ്വരവിഹാരം നടത്തുന്നു, വിളവു നശിപ്പിക്കുന്നു.വളര്‍ത്തുമൃഗങ്ങളെ കൊന്നുതിന്നുന്നു. എത്രയോ മനുഷ്യര്‍ക്കാണു ജീവഹാനി സംഭവിക്കുന്നത്! ആരുടെ ഭരണകാലത്താണ് ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടത് എന്നതിനെ സംബന്ധിച്ച ഒരു വിലയിരുത്തലില്‍ ചര്‍ച്ച മിക്കവാറും അവസാനിക്കും. മരിച്ച കുടുംബത്തിനു നക്കാപ്പിച്ച നല്കി അടുത്ത കൊലപാതകത്തിനായി കാത്തിരിക്കുന്നു. കുട്ടനാടന്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, നിത്യോപയോഗവസ്തുക്കളുടെ തീപിടിച്ച വില, കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവ്, ശമ്പളം കിട്ടാത്തവരുടെയും പെന്‍ഷന്‍ കിട്ടാത്തവരുടെയും നിലവിളി, ഉച്ചക്കഞ്ഞി വിതരണം നടത്തി കൈക്കാശു മുഴുവന്‍ തീര്‍ന്ന് കടംകയറിയ പ്രഥമാധ്യാപകരുടെ പരിദേവനം... അങ്ങനെ എന്തെല്ലാം പ്രശ്‌നങ്ങള്‍! ഇവയൊന്നും അഡ്രസ് ചെയ്യാന്‍ ആര്‍ക്കും സമയമില്ല, താത്പര്യവുമില്ല. 
ഇലക്ഷന്‍ ജയിച്ചാല്‍പ്പിന്നെ ജനപ്രതിനിധികളുടെ നില ഭദ്രമായി. അവരുടെയും അവരുടെ തലമുറകളുടെയും കാര്യം സുരക്ഷിതമായി. ജനങ്ങള്‍ കണ്ണീരും കൈയുമായി തുടരുന്നു. ഭീമമായ ശമ്പളത്തിനു പുറമേ, കിമ്പളവും കൈമടക്കും കമ്മീഷനും എല്ലാമായി കുശാലേ കുശാല്‍! ഭരണം കൈയിലുണ്ടെങ്കില്‍ അണികളില്‍ തലയെടുപ്പുള്ളവരുടെ കാര്യവും സുരക്ഷിതമാണ്. ആവശ്യത്തിനും അനാവശ്യത്തിനും അക്രമത്തിനുപോലും സഹായഹസ്തം നീട്ടിക്കിട്ടും. 
വനഭൂമിതര്‍ക്കവും വയനാടുദുരന്തവും കീറാമുട്ടിയായി അവശേഷിക്കുന്നു. ഭരണപ്രതിപക്ഷഭേദമെന്യേ എല്ലായിടത്തും എത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും. വയനാടുദുരന്തമുണ്ടായപ്പോള്‍ എല്ലാ പാര്‍ട്ടിക്കാരും ഓടിയെത്തി കൂട്ടനിലവിളിയില്‍ പങ്കുചേര്‍ന്ന് കണ്ണീരൊലിപ്പിച്ചുകൊണ്ടു നടന്നുമറഞ്ഞു. പിന്നെ, തിരിഞ്ഞുനോക്കിയിട്ടില്ല. കൈവിടില്ലെന്നും ചേര്‍ത്തുപിടിക്കുമെന്നും കേന്ദ്രഗവണ്‍മെന്റും കേരളസര്‍ക്കാരും പറഞ്ഞിരുന്നു. പക്ഷേ, കേന്ദ്രസര്‍ക്കാരിനെക്കൊണ്ടു കൊടുപ്പിക്കാന്‍ കേരളസര്‍ക്കാരും, കേരളസര്‍ക്കാരിനെക്കൊണ്ടു കൊടുപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരും ശ്രമിച്ചുകൊണ്ടിരിക്കുന്നു. കൊടുപ്പിക്കാനല്ലാതെ കൊടുക്കാനാരുമില്ല. കേന്ദ്രം കേരളത്തിനു കൊടുക്കാനുള്ളത് പണ്ടേ കൊടുത്തെന്നും അതു വിതരണം ചെയ്യാതെ അതില്‍ കൈയിട്ടു വാരിയെന്നും കേന്ദ്രസര്‍ക്കാര്‍ ആരോപിക്കുന്നു. കേന്ദ്രം തന്നില്ലെന്നും തന്നാല്‍ കൊടുക്കാമെന്നുമുള്ള നിലപാടിലാണു കേരളസര്‍ക്കാര്‍.
മാസങ്ങള്‍ പിന്നിട്ടപ്പോള്‍ ഒരു വാര്‍ത്ത വന്നു. ടൗണ്‍ഷിപ്പിനുള്ള സ്ഥലം ഏറ്റെടുക്കാന്‍വേണ്ട എല്ലാ നടപടികളും പൂര്‍ത്തിയായിരിക്കുന്നുവെന്ന്. അനുമതി നല്കിയ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവു ചോദ്യം ചെയ്തുകൊണ്ട് ഹാരിസണ്‍ മലയാളം  ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നുവെന്ന് ഇപ്പോള്‍ കേള്‍ക്കുന്നു. കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും പാവപ്പെട്ട മനുഷ്യരെയിട്ടു തട്ടിക്കളിക്കുന്നു. ഏതായാലും, ഉദാരമതികളായ സുമനസ്സുകള്‍ സര്‍ക്കാര്‍ ആഹ്വാനം കേട്ട് കൈയയച്ചു സംഭാവനകള്‍ നല്കി. കോടികള്‍ എത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. പക്ഷേ, എന്തായി എന്നു ചോദിച്ചാല്‍ ഉത്തരമില്ല. 
പണ്ടു പള്ളിക്കൂടത്തില്‍ പഠിച്ച പാണ്ടന്റെയും മണിയന്റെയും കഥയാണ് ഓര്‍മയില്‍ വരുന്നത്. പാണ്ടനും മണിയനും സുഹൃത്തുക്കളായ രണ്ടു പൂച്ചകള്‍. അവര്‍ക്ക് ഒരപ്പം കിട്ടി. തുല്യമായി ഭാഗിക്കാന്‍ അവര്‍ നോക്കിയിട്ടു നടക്കുന്നില്ല. ആ വഴിയേ വന്ന കുരങ്ങച്ചന്‍ മാധ്യസ്ഥ്യം ഏറ്റെടുത്തു. കുരങ്ങച്ചന്‍ അപ്പം രണ്ടായി മുറിച്ചു. അപ്പോള്‍ ഒരു കഷണം അല്പം കൂടുതലായി. അതില്‍ ഒന്നു കടിച്ചു. അപ്പോള്‍ അതിന്റെ വലുപ്പം കുറഞ്ഞു. അന്നേരം, വലുപ്പം കൂടിയതില്‍ ഒന്നുകൂടി കടിച്ചു. അങ്ങനെ, കടിച്ചുകടിച്ച് അപ്പം കുരങ്ങച്ചാരുടെ വയറ്റിലായി. പിരിഞ്ഞുകിട്ടിയ തുക ഇതുപോലായിപ്പോയിരിക്കുന്നു. പാലാ രൂപതയില്‍നിന്നുതന്നെ രണ്ടു കോടി രൂപ കൊടുത്തിട്ടുണ്ട്. അതില്‍ ലേലം ചെയ്ത ഏത്തക്കുലയുടെ പങ്കും ഉണ്ട്. ഇടവകയുടെ ആകെ വരുമാനത്തിന്റെ 40 ശതമാനം അരമനവിഹിതമായി കൊടുക്കണം. അപ്പോള്‍ രണ്ടായിരം രൂപയുടെ 40 ശതമാനമായ 800 രൂപ അതിലുള്‍പ്പെട്ടിട്ടുണ്ട്! വയനാട്ടുകാര്‍ മറിയക്കുട്ടിച്ചേടത്തിയെപ്പോലെ ചട്ടിപ്പിരിവുമായിട്ടിറങ്ങേണ്ടിവരുമായിരിക്കും!
ഭരണപ്രതിപക്ഷനിഷ്പക്ഷഭേദമെന്യേ വരാന്‍പോകുന്ന തിരഞ്ഞെടുപ്പിന്റെ തിരക്കിലകപ്പെട്ടിരിക്കുന്നു. ഇതിനിടെ, പി.വി. അന്‍വര്‍ പൊട്ടിച്ച അമിട്ടിന്റെ ആഘാതവും പ്രത്യാഘാതവുമുണ്ട്. ചരടുമുറുക്കലും ചരടുവലികളും തുടരുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)