•  6 Feb 2025
  •  ദീപം 57
  •  നാളം 47
ലേഖനം

കാത്തിരിപ്പിന്റെ ആത്മീയതയാണു വേണ്ടത്

    ഞാനും  മരണവും  ഒരു തമാശക്കഥ വായിച്ചുകൊണ്ടു കിടന്നു എന്നു നിസ്സാരമായി കുറിച്ചിട്ടത് ബഷീറാണ്. ഇടവും വലവും നില്ക്കുന്ന ജീവിതമരണങ്ങള്‍ക്കിടയിലൂടെയാണ് മനുഷ്യന്റെ കുതിപ്പുകളും കിതപ്പുകളും. അതറിഞ്ഞു ജീവിക്കുന്നവരും അതു മറന്നുജീവിക്കുന്നവരും ഒട്ടേറെ പാഠങ്ങള്‍ ഓരോ ദിവസവും നമുക്കായി കുറിച്ചിടുന്നുണ്ട്. ജീവിതത്തിനു വല്ലാതെ വേഗമേറുമ്പോള്‍ എന്തിന്റെയൊക്കെയോ സൗന്ദര്യവും സന്തോഷവും നമുക്കു നഷ്ടമാകുന്നില്ലേ? അതുകൊണ്ടല്ലേ വേഗം എന്നത് ഹിംസയാണ് (Speed is violence)-എന്നു പറയുന്നത്. അമിതവേഗത്തിലോടുന്ന വാഹനങ്ങളും വേകുവോളവും ആറുവോളവും കാത്തുനില്‌ക്കേണ്ടതില്ലാത്ത ഫാസ്റ്റ്ഫുഡുകളും 'പെട്ടെന്നുതീരുന്ന' കുര്‍ബാനകളും ട്രാഫിക് ബ്ലോക്കുകളില്‍ തുടരെ മുഴങ്ങുന്ന അസഹിഷ്ണുതയുടെ ഹോണടികളും ഒക്കെ ഇന്നത്തെ ജീവിതത്തിന്റെ ഭാഗമാണ്. പാച്ചിലിന്റെ ഈ സംസ്‌കാരത്തെ പരിപോഷിപ്പിക്കുന്നതിനാവശ്യമായ എല്ലാ ചേരുവകളും ഒരുക്കി വിപണി കൗശലത്തോടെ കാത്തിരിക്കുന്നു. എങ്കിലും, അറിഞ്ഞോ അറിയാതെയോ ബദലായി മാറുന്ന ചില മനുഷ്യരുടെ സാന്നിധ്യം നമുക്ക് അഭയമോ ആശ്വാസമോ ആണ്. അങ്ങനെയുള്ള ഒരുവന്‍ അവശേഷിപ്പിച്ചുപോയ ചെറുവെളിച്ചത്തിലിരുന്നാണ് ഇതു കുറിക്കുന്നത്.
    സാജുമോന്‍ എന്നായിരുന്നു അവന്റെ പേര്. പാലാ സെന്റ് തോമസ് കോളജില്‍ ബി.എ. മലയാളം പഠിക്കാന്‍ പത്തു വര്‍ഷംമുമ്പ് എത്തിയ വിദ്യാര്‍ഥി. നാലോ അഞ്ചോ മാസങ്ങള്‍ക്കുള്ളില്‍ കോളജിനാകെ അവന്‍ സുപരിചിതനായി മാറിയത്, പാഠ്യപാഠ്യേതരരംഗങ്ങളിലെ അസാമാന്യമായ പ്രതിഭാവിലാസംകൊണ്ടൊന്നുമായിരുന്നില്ല. എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങളുടെ മാന്ത്രികച്ചെപ്പുമായിട്ടായിരുന്നു അവന്റെ യാത്ര. മുന്നില്‍ കിട്ടുന്നത് ആരാണെങ്കിലും, എത്ര തിരക്കിട്ടുപോകുന്നവരാണെങ്കിലും സാജുമോന്‍ അവരെ പിടിച്ചുനിര്‍ത്തും. ഇടിച്ചുകയറി പരിചയപ്പെടും. വീട്ടുവിശേഷങ്ങള്‍ തിരക്കും. പിന്നെ തന്റെ വിശേഷങ്ങള്‍ ഓരോന്നോരോന്നായി പറഞ്ഞുതുടങ്ങും. ഡിഗ്രിവിദ്യാര്‍ഥിയാണെങ്കിലും ശിശുസഹജമായ നിഷ്‌കളങ്കതയില്‍ സ്‌നാനം ചെയ്‌തെടുക്കപ്പെട്ട വാക്കും നോട്ടവുമായിരുന്നു അവന്റേത്. മാറിടം ഇടവകപ്പള്ളിയും അവിടെ വന്നുപോയിട്ടുള്ള വൈദികരും സിസ്റ്റേഴ്‌സും മിഷന്‍ലീഗും യുവജനസംഘടനകളും മിഷന്‍പിരിവിനുപോക്കും പുല്‍ക്കൂടുനിര്‍മാണവും പാതിരാക്കുര്‍ബാനയും ഉള്‍പ്പെടെ സാജുമോന്‍ എന്നും പറഞ്ഞിരുന്ന വിശേഷങ്ങളില്‍ തെളിഞ്ഞിരുന്നത് സഭയോടും ക്രിസ്തുവിനോടുമുള്ള ഒരു പതിനെട്ടു വയസ്സുകാരന്റെ 'അസ്ഥിക്കുപിടിച്ച' സ്‌നേഹമായിരുന്നു.
വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കാന്‍ തനിക്കു ചുറ്റും ആരെങ്കിലും എപ്പോഴും ഉണ്ടാകണമെന്ന് ഒരുതരം വാശിയോടെ അവന്‍ ആഗ്രഹിച്ചു. കാമ്പസിന്റെ പല വഴികളില്‍ ഏതൊക്കെയോ ആവശ്യങ്ങള്‍ക്കുവേണ്ടി പരക്കം പാഞ്ഞുപോകുന്നവര്‍ എതിര്‍ദിശയില്‍ സാജുമോന്‍ വരുന്നതുകണ്ട് പലപ്പോഴും ഒന്നു പതറിയിട്ടുണ്ടാവും. എങ്കിലും ആ നിഷ്‌കളങ്കതയെ എല്ലാവരും ചേര്‍ത്തുപിടിച്ചു. അധ്യാപകരും അനധ്യാപകരും വിദ്യാര്‍ഥികളും സാജുമോന്റെ അടുത്തെത്തുമ്പോള്‍ ജീവിതത്തിന്റെ ഓട്ടപ്പാച്ചിലുകള്‍ മറന്നുതുടങ്ങി. പറഞ്ഞുതീരാത്ത വിശേഷങ്ങളിലൂടെയും പങ്കുവയ്ക്കപ്പെട്ട മിഠായിത്തരികളിലൂടെയും അവന്റെ ഇഷ്ടയിടങ്ങളിലൊന്നായ കാന്റീന്‍പരിസരങ്ങളിലെ 'നില്പുസമ്മേളന'ങ്ങളിലൂടെയും കണ്ടുമുട്ടിയ എല്ലാവരുടെയും മനസ്സില്‍ സാജുമോന്‍ പ്രിയപ്പെട്ടവനായി. 2014 ലെ ഓണാഘോഷത്തില്‍ മഹാബലിയായ സാജുമോന്റെ പിന്നാലെ കാമ്പസ് ഒന്നടങ്കം ആര്‍പ്പുവിളികളുമായി നീങ്ങിയത് ഇന്നും ഓര്‍മയിലുണ്ട്.
   ആ വര്‍ഷത്തെ ക്രിസ്മസ്‌രാത്രിയില്‍ കൂട്ടുകാര്‍ക്കൊപ്പം ഉണ്ണീശോയെയും നെഞ്ചോടുചേര്‍ത്ത് അവന്‍ വീടുകള്‍ കയറിയിറങ്ങുകയായിരുന്നു. ഇടയ്‌ക്കെപ്പോഴോ കാലിടറിവീണു. ഉണ്ണിയേശുവിന്റെ രൂപം നിലത്തുവീണു ചിതറി. അവന്‍ വല്ലാതെ സങ്കടപ്പെട്ടിട്ടുണ്ടാവും. ജീവിതത്തിലാദ്യമായി ചുറ്റുമുള്ളവര്‍ക്കു നടുവില്‍ അവന്‍ നിശ്ശബ്ദനായി നിന്നു. ആരൊക്കെയോ ആശ്വസിപ്പിച്ചു. കൂട്ടുകാരന്റെ ബൈക്കിന്റെ പിന്നിലിരുന്ന് വീടിന്റെ മുറ്റംവരെ എത്തി. അമ്മയുടെ കൈകളില്‍ കുഴഞ്ഞുവീണ് അവന്‍ യാത്രയായി. കൊവിഡ് കാലത്തിനു മുമ്പുള്ള അവിശ്വസനീയമായ മരണങ്ങളില്‍ ഇന്നും വല്ലാതെ അസ്വസ്ഥമാക്കുന്ന ഒന്നാണ് സാജുമോന്റെ വേര്‍പാട്.
    കൂട്ടുകാര്‍ക്കൊപ്പം രണ്ടുപകലും ഒരു രാത്രിയും ചെലവിട്ടു. അവന്‍ പണിതൊരുക്കിയ പുല്‍ക്കൂടിനു മുന്നിലൂടെയായിരുന്നു പ്രിയപ്പെട്ട ഇടവകപ്പള്ളിയിലേക്ക് അവസാനമായി സാജുമോന്‍ എത്തിയത്.
    എവിടെവച്ചു കണ്ടാലും പിടിച്ചുനിര്‍ത്തി വര്‍ത്തമാനം പറയും. പുള്ളിക്കാരന് പള്ളിയായിരുന്നു എല്ലാം. വീട്ടില്‍ കാണുന്നതിനെക്കാള്‍ കൂടുതല്‍ സമയം പള്ളിപ്പരിസരത്താവും ഉണ്ടാവുക. സാജുമോന്റെ നാട്ടുകാരില്‍ ഹൈന്ദവനായ ഒരു മനുഷ്യന്‍ അന്നു പറഞ്ഞതോര്‍ക്കുന്നു. നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ തുടയ്ക്കാന്‍ ശ്രമിക്കാതെ നിസ്സഹായമായ ഒരു ചിരിയുടെ അകമ്പടിയോടെ അയാള്‍ ഇത്രയുംകൂടി കൂട്ടിച്ചേര്‍ത്തു: ''ഒരിക്കല്‍ പരിചയപ്പെട്ടാല്‍ പിന്നെ പിടിവിടുവിച്ചു പോരാന്‍ വല്യ പാടാണ്.'' ശരിയാണ്, ഇപ്പോഴാണത് ശരിക്കും ബോധ്യപ്പെട്ടത്.
മിണ്ടാന്‍ മറന്നും നോക്കാന്‍ മടിച്ചും മൊബൈലില്‍ തോണ്ടിയിരിക്കുന്ന മനുഷ്യക്കൂട്ടങ്ങളെ കാണുമ്പോഴൊക്കെയും സാജുമോനെ ഓര്‍മ വരും. ഓട്ടത്തിനിടയില്‍ ഒന്നു നില്‍ക്കാനും എന്തെങ്കിലുമൊന്നു മിണ്ടാനും നാളെക്കാണുമ്പോള്‍ ഇന്നലെത്തേതുപോലെതന്നെ ഹൃദ്യമായി പുഞ്ചിരിക്കാനും അല്പനേരമെങ്കിലും ക്ഷമയോടെ പലതിനുംവേണ്ടി കാത്തിരിക്കാനും പഠിപ്പിച്ച ഒരാള്‍.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)