•  6 Feb 2025
  •  ദീപം 57
  •  നാളം 47
ലേഖനം

മനക്കരുത്തെന്ന മറുമരുന്ന്

ഫെബ്രുവരി 4 : ലോകകാന്‍സര്‍ദിനം

    അര്‍ബുദരോഗിയായിരുന്ന ഒരാളെ സന്ദര്‍ശിക്കാനും പ്രാര്‍ഥിക്കാനും പോയ ഒരനുഭവം ഇന്നും ഓര്‍മയിലുണ്ട്. വീട്ടില്‍ ചെന്നപ്പോള്‍ അവിടെ രോഗിയും കുടുംബാംഗങ്ങള്‍ എല്ലാവരുമുണ്ട്. തികച്ചും ശോകമൂകമായ അന്തരീക്ഷം. പരിചിതമെങ്കിലും ചിരിമറന്ന മുഖങ്ങളായിരുന്നുന്നുഅവിടെ അധികവും. ചിലര്‍ വെറുതെ പുഞ്ചിരിക്കാന്‍ പാടുപെടുന്നപോലെ തോന്നി. എന്നാല്‍, നിരാശയുടെ ഇരുള്‍നിറഞ്ഞ ആ വീടിനുള്ളില്‍ രോഗിയായ ആ വ്യക്തിയുടെ മുഖംമാത്രം വളരെ ശാന്തവും പ്രസന്നവുമായിരുന്നു. പ്രത്യാശയുടെ പ്രകാശം അവിടെ തെളിഞ്ഞുനിന്നിരുന്നു. അര്‍ബുദത്തിന്റെ അസഹ്യമായ വേദനയുടെയും അസ്വസ്ഥതകളുടെയുമൊക്കെ നടുവിലും സുസ്‌മേരവദനനായിക്കഴിയാന്‍ അയാള്‍ക്കു സാധിക്കുന്നതില്‍ എനിക്ക് അദ്ഭുതം തോന്നി. 
    മറ്റുള്ളവരെയൊക്കെ മാറ്റിനിര്‍ത്തി അല്പനേരം അയാളുമായി ഞാന്‍ സംസാരിച്ചു. എന്റെ ആശ്വാസവാക്കുകളെക്കാള്‍ എത്രയോ ശ്രേഷ്ഠവും പ്രതീക്ഷാനിര്‍ഭരവുമായിരുന്നു അയാളുടെ സംസാരം! 'ശാരീരികമായി എത്ര വയ്യെന്നാകിലും മനസ്സുപതറാതെ ഞാന്‍ പിടിച്ചുനില്ക്കും... ഞാന്‍ തളര്‍ന്നാല്‍ ഈ വീടുതന്നെ ഇടിഞ്ഞുവീഴും... ഇവിടെ ബാക്കിയുള്ളവര്‍ അത്രയ്ക്കു തകര്‍ന്നവരാണ്... അവരെ സമാധാനിപ്പിക്കാനാണ് എനിക്കേറെ പ്രയാസം...' എന്നിങ്ങനെ അയാള്‍ പറഞ്ഞ ഓരോ വാക്കിനും വ്യാധിയെ സധൈര്യം നേരിടാനുള്ള അയാളുടെ നിശ്ചയദാര്‍ഢ്യത്തിന്റെ ധ്വനിയുണ്ടായിരുന്നു. മാസങ്ങളായി ഭയം കാര്‍ന്നുതിന്നുകൊണ്ടിരുന്ന ആ കുടുംബത്തിന് അതിജീവനത്തിന്റെ കരുത്തുപകരാന്‍ ആ രോഗിയുടെ മനോഭാവവും പരിശ്രമവും പര്യാപ്തമാകട്ടെ എന്ന പ്രാര്‍ഥനയോടെ ഞാന്‍ പടിയിറങ്ങി.
    വൈദ്യശാസ്ത്രം ഇത്രമാത്രം വളര്‍ന്നിട്ടും കാന്‍സര്‍പോലുള്ള ചില രോഗങ്ങള്‍ക്കുമുമ്പില്‍ അത് ഇന്നും മുട്ടുമടക്കിത്തന്നെ നില്ക്കുന്നു. മനുഷ്യനിര്‍മിതങ്ങളായ മരുന്നുകളുടെ സൗഖ്യശേഷിക്കപ്പുറത്തേക്ക് ഇത്യാദി ദീനങ്ങള്‍ വ്യാപിച്ചിരിക്കുന്നു. അതിവിദഗ്ധമായ ചികിത്സാസൗകര്യങ്ങള്‍ ലഭിക്കുന്നവര്‍പോലും പിന്നീട് ശയ്യാവലംബരാകുന്നു എന്നത് അനിഷേധ്യമായ യാഥാര്‍ഥ്യം. അതുകൊണ്ടുതന്നെ, വല്ലാത്ത ഭീതിയും നൈരാശ്യവുമാണ് ഈവിധ രോഗങ്ങള്‍ മനുഷ്യമനസ്സുകളില്‍ നിക്ഷേപിക്കുന്നത്. അത് രോഗികളുടെ മാനസികഭദ്രതയുടെതന്നെ അസ്തിവാരം കിളയ്ക്കും. അര്‍ബുദരോഗം സ്ഥിരീകരിക്കപ്പെടുന്ന നിമിഷംതന്നെ രോഗികള്‍ ശാരീരികവും മാനസികവുമായി ദുര്‍ബലരാകുന്നതിന്റെ കാരണവും ഇതുതന്നെ. 'ജീവിതം തീര്‍ന്നു' എന്നുള്ള മിഥ്യാധാരണയിലേക്ക് അവര്‍ അറിയാതെ വഴുതിവീഴുന്നു. അതോടെ, അവരുടെ കുടുംബത്തിന്റെതന്നെ ഊര്‍ജം ക്ഷയിക്കുകയും അവിടെയുണ്ടായിരുന്ന ആഹ്ലാദങ്ങളും ആഘോഷങ്ങളും അന്യമായിപ്പോവുകയും ചെയ്യുന്നു. 'കാന്‍സറിനെ ചിരിച്ചുതോല്പിച്ചവര്‍' എന്ന് സമ്പത്തും സൗകര്യങ്ങളുമുള്ള ചുരുക്കം ചിലരെ ലോകം വിളിക്കുമ്പോഴും ചിരിക്കാന്‍പോലും ശേഷിയില്ലാത്ത നിര്‍ധനരോഗികളാണ് സമൂഹത്തില്‍ സിംഹഭാഗവും എന്ന വസ്തുത വിസ്മരിക്കരുത്.
    ഒന്നിനും അടിപ്പെടാതെ എന്തിനെയും അതിജീവിക്കാനാണ് മനുഷ്യരുള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ പരിശ്രമിക്കുക. അര്‍ബുദംപോലുള്ള വ്യാധികള്‍ ഉളവാക്കുന്ന ശാരീരിക, മാനസികാസ്വസ്ഥതകളില്‍നിന്നും അവയ്ക്ക് ഇരകളാകുന്നവരെ അതിജീവിക്കാന്‍ സഹായിക്കേണ്ടത് അവരുടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും കടമയാണ്. രോഗബാധിതര്‍ക്കു സമാശ്വാസവും സാന്ത്വനവും സ്വന്തമാക്കാന്‍ സാധിക്കുന്ന തരത്തിലുള്ള അന്തരീക്ഷം അവരുടെ കുടുംബങ്ങളില്‍ സൃഷ്ടിക്കുന്നതില്‍ ഭവനാംഗങ്ങള്‍ എല്ലാവരുംതന്നെ ബദ്ധശ്രദ്ധരാകണം. അവര്‍ക്ക് സമയാസമയങ്ങളില്‍ വൈദ്യസഹായം ഉറപ്പുവരുത്തുന്നതോടൊപ്പം അവരുടെ മാനസികവും വൈകാരികവുമായ സുസ്ഥിതിക്ക് ആവശ്യമായതൊക്കെയും കഴിവിനൊത്തു ലഭ്യമാക്കിക്കൊടുക്കണം. ശാരീരികബുദ്ധിമുട്ടുകളും വല്ലായ്മകളും മനസ്സിനെ മരവിപ്പിക്കാതെയും മടുപ്പിക്കാതെയും സൂക്ഷിക്കണം. മനസ്സിന്റെ തകര്‍ച്ചയാണ്        മാരകരോഗങ്ങള്‍മൂലമുണ്ടാക്കുന്ന തളര്‍ച്ചയെക്കാള്‍ കൂടുതല്‍ ഹാനികരം. ആകയാല്‍, കുടുംബാംഗങ്ങളുടെയും രോഗികളുമായി അടുത്ത് ഇടപഴകുന്നവരുടെയും സംസാരശൈലിയും സമീപനരീതിയുമൊക്കെ അങ്ങേയറ്റം സൗമ്യവും മധുരവുമായിരിക്കണം. ആത്മബലത്തിന്റെയും ശുഭാപ്തിവിശ്വാസത്തിന്റെയും പടികള്‍ കയറാന്‍ അപ്പോള്‍ അവര്‍ പ്രാപ്തരാകും. ഓര്‍ക്കണം, വാക്കുകള്‍ക്കാണ് വൈദ്യത്തെക്കാള്‍ സൗഖ്യശേഷിയും, വാക്കത്തിയേക്കാള്‍ സംഹാരശേഷിയും. രോഗികളാകുന്നത് ആരുടെയും കുറ്റംകൊണ്ടല്ല. അതുകൊണ്ടുതന്നെ, ഒരു രോഗിയും ഒരിടത്തും ഒറ്റപ്പെടാന്‍ പാടില്ല. രോഗികളുടെ സുഖാവസ്ഥയ്ക്കും ദുരവസ്ഥയ്ക്കുമൊക്കെ അവരുള്‍പ്പെടുന്ന സമൂഹത്തിനും ഒരു പരിധിവരെ ഉത്തരവാദിത്വമുണ്ട്. കാന്‍സര്‍രോഗികള്‍പോലുള്ളവരെ പഴുത്തയിലകള്‍ ആയി തഴഞ്ഞുകളയാതെ സാമൂഹികകൂട്ടായ്മയോടു ചേര്‍ത്തുനിര്‍ത്താന്‍ സകലസംവിധാനങ്ങള്‍ക്കും കഴിയണം. സാമ്പത്തികപരാധീനതകളുള്ള രോഗികള്‍ക്ക് സൗജന്യചികിത്സ സാധ്യമാക്കാന്‍ ഭരണകൂടങ്ങള്‍ സന്നദ്ധമാകണം. 
    അര്‍ബുദരോഗത്തെ ചുറ്റിപ്പറ്റിയുള്ള ചിന്തകളും ആകുലതകളും പേറി ഓരോ വര്‍ഷവും ഫെബ്രുവരി നാല് എത്തുമ്പോള്‍ മനം നിറയ്ക്കാന്‍ ചില വലിയ അവബോധങ്ങള്‍കൂടി അതു ബാക്കിവയ്ക്കുന്നുണ്ട്. അവയില്‍ ആദ്യത്തേത്, നമ്മുടെ അനുദിനജീവിത, ഭക്ഷണശീലങ്ങളെപ്പറ്റിയുള്ളതുതന്നെ. ശരീരത്തിന്റെ ആരോഗ്യത്തെയും ക്ഷേമത്തെയും പ്രതികൂലമായി ബാധിക്കുന്ന ആഹാരവസ്തുക്കളും, സ്വഭാവദൂഷ്യങ്ങളും പാടേ ഉപേക്ഷിക്കാന്‍ നാം തയ്യാറാകണം. സമയലാഭവും സൗകര്യവും എളുപ്പവുംമാത്രം ലക്ഷ്യമാക്കി വിപണികളില്‍നിന്നു നാം വാങ്ങിക്കഴിക്കുന്നവ പലതും പുറമേ ആകര്‍ഷണീയമാണെങ്കിലും അകമേ ആപത്കരമാണ്. ആധുനികമനുഷ്യനെ ആവരണംചെയ്തുനില്ക്കുന്ന മരണസംസ്‌കാരത്തിന്റെ പ്രഥമവും പ്രകടവുമായ ഘടകങ്ങളില്‍ ഒന്നാണ് ഫാസ്റ്റ്ഫുഡ്‌വിഭവങ്ങള്‍ എന്ന യാഥാര്‍ഥ്യം ആരും മറന്നുപോകരുത്. ജീവനെ വിലമതിക്കുക, പ്രോത്സാഹിപ്പിക്കുക, പരിപോഷിപ്പിക്കുക. അതിനു ഭീഷണിയുയര്‍ത്തുന്ന സകലതില്‍നിന്നും സുരക്ഷിതമായ അകലം സൂക്ഷിക്കുക. 
    രണ്ടാമത്തേത്, അര്‍ബുദരോഗികളായി കഴിയുന്നവര്‍ക്കുണ്ടാകേണ്ട മനോധൈര്യത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചുള്ള ബോധ്യമാണ്. മരുന്നുകളുടെ സൗഖ്യദായകശേഷി ഒരേസമയം അവയിലെ ശാസ്ത്രീയമായ ഔഷധക്കൂട്ടുകളെയും രോഗിയുടെ മാനസികസ്ഥിതിയെയും ആശ്രയിച്ചാണിരിക്കുക എന്നു നിരീക്ഷിക്കുന്നതില്‍ തെറ്റില്ലെന്നു തോന്നുന്നു. മരുന്നും മനസ്സും ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നു ചുരുക്കം. അക്കാരണത്താല്‍ത്തന്നെ, ശാരീരികമായ രോഗം മനസ്സിനെ ഒരുതരത്തിലും ബാധിക്കാതിരിക്കാന്‍ അവര്‍ ശ്രദ്ധിക്കണം. മനസ്സാണു ശരീരത്തിനു കരുത്തു പകരുന്നത്. ആത്മവീര്യം അസ്തമിക്കുമ്പോള്‍ നിരാശയുടെയും നഷ്ടബോധത്തിന്റെയും നിഴലുകള്‍ പരക്കും. അവ ശിഷ്ടായുസ്സിനെ ആകമാനം അന്ധകാരമയമാക്കും. ആകയാല്‍, മനക്കരുത്തെന്ന മറുമരുന്ന് സദാ കൂടെക്കരുതുകതന്നെ വേണം.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)