എല്ലാം നവീകരിക്കപ്പെടുകയാണ്... പുതിയ രീതികള്‍... പുതിയ ദിശകള്‍...
ഒപ്പം, ലഹരിയുടെ വഴികളും മാറുന്നു. യുവതലമുറ വലിച്ചുപുകച്ച് ലഹരിയെ ഉള്ളിലെത്തിക്കുന്നില്ല. കൈത്തണ്ടയില്‍ സിറിഞ്ചുകളാഴ്ത്തി മുറിപ്പാടുകളാല്‍ വികൃതമാക്കി അവര്‍ ഉന്മാദം തേടുന്നില്ല. ഗുളികയായും സ്റ്റാമ്പുകളായും അവര്‍ ഉന്മാദത്തിന്റെ ഉന്നതികള്‍ തേടുന്നു. നാശത്തിന്റെ ഇരുള്‍ക്കയത്തിലേക്കു കൂപ്പുകുത്തുമ്പോഴും ലഹരിയുടെ വിറങ്ങലിപ്പില്‍ അവര്‍ സ്വയം മറക്കുന്നു.
കുട്ടികളുടെയും യുവാക്കളുടെയും ഇടയില്‍ മദ്യപാനം കുറയുകയും സിന്തറ്റിക് ഡ്രഗ്‌സ് അഥവാ രാസലഹരിയോടുള്ള അമിതാസക്തി അപകടകരമാംവിധം വര്‍ധിക്കുകയും ചെയ്യുന്നുവെന്ന് എക്‌സൈസ് ഡിപ്പാര്‍ട്ടുമെന്റ് കണക്കുകള്‍ നിരത്തി വെളിപ്പെടുത്തുന്നു. എം.ഡി.എം.എ., എല്‍.എസ്.ഡി, മെറ്റാംഫിറ്റാമിന്‍ തുടങ്ങിയവയുടെ വിപണനത്തിലും ഉപഭോഗത്തിലും 2024 ല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 300 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്നത് നടുക്കുന്ന കാര്യമാണ്. നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്ട് (എന്‍.ഡി.പി.എസ്) പ്രകാരമുള്ള കേസുകള്‍ ഒരു വര്‍ഷത്തിനിടയില്‍ ഇരട്ടിയായി എന്നത് കേരളത്തിലെ യുവതലമുറയുടെ മാരകലഹരിയിലേക്കുള്ള പ്രയാണം എത്ര അപകടകരമായ വേഗത്തിലാണെന്നു സൂചിപ്പിക്കുന്നു. മുമ്പൊക്കെ വിദേശരാജ്യങ്ങളില്‍നിന്ന് കള്ളക്കടത്തായി എത്തിച്ചുകൊണ്ടിരുന്ന ഇത്തരം രാസലഹരികളുടെ ഉത്പാദനകേന്ദ്രങ്ങള്‍ ഇപ്പോള്‍ നമ്മുടെ അയല്‍സംസ്ഥാനങ്ങളില്‍ത്തന്നെയുണ്ട്. നമ്മുടെ സാമ്പത്തികതലസ്ഥാനം എന്ന നിലയില്‍നിന്ന് എറണാകുളം കേരളത്തിന്റെ ലഹരിതലസ്ഥാനമായി മാറിക്കഴിഞ്ഞു. സംസ്ഥാനത്ത് ഏറ്റവുമധികം ലഹരിക്കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത് എറണാകുളംജില്ലയില്‍നിന്നാണ്. ഇക്കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടയില്‍ 8567 എന്‍ഡിപിഎസ് കേസുകള്‍ എറണാകുളംജില്ലയില്‍മാത്രം രജിസ്റ്റര്‍ ചെയ്തതില്‍ 6436 എണ്ണവും കൊച്ചിനഗരത്തില്‍നിന്നുമാത്രമാണ്. ലഹരി ഉപയോഗിച്ചതിന് 6191 കേസുകളാണു രജിസ്റ്റര്‍ ചെയ്തത്. എറണാകുളത്തിനു തൊട്ടുപിന്നില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളാണ്. ഏറ്റവും കുറവ് പത്തനംതിട്ടജില്ലയിലാണ്. 291 കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തത്. ഇത്തരം കേസുകളുമായി ബന്ധപ്പെട്ട 1980 പേരെയാണ് എറണാകുളം റൂറല്‍ പൊലീസ് കഴിഞ്ഞ പത്തു മാസത്തിനിടെ അറസ്റ്റു ചെയ്തത്. 2022 ല്‍ രാജ്യത്തെ എന്‍ഡിപിഎസ് അറസ്റ്റുകളുടെ 29.4 ശതമാനം നടന്നത് കേരളത്തിലാണെന്നു രേഖകള്‍ പറയുമ്പോള്‍ കേരളയുവത്വം എത്ര വേഗത്തിലാണ് നാശത്തിലേക്കു നിപതിക്കുന്നതെന്നു ബോധ്യമാകുന്നു.
എന്തുകൊണ്ട് രാസലഹരി?
പഞ്ചാബ് കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രാസലഹരിവിനിയോഗം നടക്കുന്നത് കേരളത്തിലാണ്. ഉപയോഗിക്കാനും സൂക്ഷിക്കാനും വിപണനം നടത്താനുമുള്ള സൗകര്യവും കൂടുതല്‍ സമയം നീണ്ടുനില്‍ക്കുന്ന ലഹരിയുമാവണം രാസലഹരിയുടെ ഉപഭോഗം വര്‍ധിക്കാന്‍ ഇടയാക്കിയത്. കൊക്കയിന്‍, ഹെറോയിന്‍ മുതലായവ കൊക്കോ, പോപ്പി ചെടികളില്‍നിന്ന് ഉത്പാദിപ്പിക്കുമ്പോള്‍ എംഡിഎംഎ രാസസംശ്ലേഷണത്തിലൂടെ ലബോറട്ടറികളില്‍ സൃഷ്ടിക്കപ്പെടുന്നവയാണ്. ചില രാസത്വരകങ്ങള്‍ കൂട്ടിച്ചേര്‍ത്തു മാരകമായവിധം ലഹരി വര്‍ധിപ്പിക്കാനുമാവും. സാധാരണരീതിയില്‍ എം.ഡി.എം.എയുടെ ലഹരി 7-8 മണിക്കൂര്‍വരെ നിലനില്‍ക്കും. എന്നാല്‍, 'മാക്‌സ് ജെല്ലി എക്സ്റ്റസി' എന്ന പേരില്‍ അറിയപ്പെടുന്ന എംഡിഎംഎയുടെ ഒരു മൈക്രോ ഗ്രാം ഉപയോഗിച്ചാല്‍ അതിന്റെ ലഹരി 48 മണിക്കൂറോളം നീണ്ടുനില്‍ക്കും. അളവിലോ ഉപയോഗക്രമത്തിലോ നേരിയരീതിയില്‍ വരുന്ന മാറ്റംപോലും മരണത്തിലേക്കു നയിക്കും എന്നതു മറ്റൊരു കാര്യം.
മറ്റൊരു രാസലഹരിയായ എല്‍എസ്ഡി ആസിഡ്, ലൂബി എന്നൊക്കെ വിവിധ പേരുകളില്‍ അറിയപ്പെടുന്നു. സ്റ്റാമ്പ് രൂപത്തില്‍ സൂക്ഷിച്ചുവയ്ക്കാനും ഒളിപ്പിച്ചുവയ്ക്കാനും ഏറെ സൗകര്യപ്രദമാണ് ഇത്. കഴിഞ്ഞവര്‍ഷം 2385.1 ഗ്രാം എംഡിഎംഎയാണ് എക്‌സൈസ് വകുപ്പു പിടികൂടിയത്. 14992 ഗ്രാം ഹെറോയിനും 3484 കിലോഗ്രാം കഞ്ചാവും പൊലീസ് പിടികൂടിയതിനു പുറമേയാണിത്. പിടിക്കപ്പെടാത്ത ലഹരിമരുന്നിന്റെ അളവ് എത്ര ഭീകരമായിരിക്കും!
ലഹരിവഴിയിലെ കുട്ടികളും സ്ത്രീകളും
ലഹരിവഴികളില്‍ കുടുങ്ങിപ്പോയ സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണത്തില്‍ ഇരട്ടി വര്‍ധനയുണ്ടായെന്ന് കണക്കുകള്‍ ഉദ്ധരിച്ച് എക്‌സൈസ് അധികൃതര്‍ പറയുന്നു. കഴിഞ്ഞവര്‍ഷം ലഹരിക്കടത്തിനും ഉപയോഗത്തിനുമെതിരേ നൂറിലേറെ സ്ത്രീകളുടെ പേരില്‍ കേസ് ചാര്‍ജു ചെയ്തപ്പോള്‍ നൂറ്റമ്പതോളം കൗമാരക്കാരുടെ പേരില്‍ കേസെടുക്കുകയുണ്ടായി. 18-25 പ്രായപരിധിയില്‍പ്പെട്ടവര്‍ക്കെതിരേ 6377 കേസുകളാണ് ചാര്‍ജു ചെയ്തത്. പിടിക്കപ്പെട്ട കേസുകള്‍മാത്രമാണ് ഇതെന്ന് ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കട്ടെ. മയക്കുമരുന്നുവിപണനത്തില്‍ കണ്ണികള്‍ പിടിക്കപ്പെടാതിരിക്കാന്‍ അതിവിദഗ്ധമാര്‍ഗങ്ങളാണ് അവലംബിക്കുന്നത്. ആവശ്യക്കാരനില്‍നിന്ന് ക്യു ആര്‍ കോഡുവഴി ഒരു വ്യക്തി പണം കൈപ്പറ്റുന്നു. ആവശ്യക്കാരന് ചരക്ക് എത്തിച്ചുനല്‍കുന്നത് മറ്റൊരാളാവും. സ്ത്രീകളുടെമേല്‍ കര്‍ശനപരിശോധന ഉണ്ടാവില്ലെന്ന ആനുകൂല്യം മുതലെടുത്താണ് മയക്കുമരുന്നുലോബി അവരെ വിപണനത്തിനുപയോഗിക്കുന്നത്. ഭാര്യാഭര്‍ത്താക്കന്മാര്‍ എന്ന നിലയില്‍ ഹോട്ടലുകളില്‍ റൂമെടുത്ത് മയക്കുമരുന്നുകൈമാറ്റവും അനാശാസ്യപ്രവര്‍ത്തനവും പലരും തൊഴിലാക്കുന്നു. പതിനെട്ടുവയസ്സ് കഴിഞ്ഞ പെണ്‍കുട്ടികള്‍ക്കുള്ള നിയമത്തിന്റെ ആനുകൂല്യങ്ങളും അവര്‍ മുതലാക്കുന്നു.
മയക്കുമരുന്നുലഭ്യത
കേരളത്തിലെ മയക്കുമരുന്നുവിപണനലോബി ബംഗളൂരു, ചെന്നൈ, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ വിതരണക്കാരില്‍നിന്നാണ് മുഖ്യമായും മയക്കുമരുന്നു വാങ്ങുന്നത്. ഇവിടങ്ങളില്‍ നിരവധി അനധികൃത രാസലഹരിനിര്‍മാണകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്.
മരുന്നുനിര്‍മാണശാലകള്‍, ഗവേഷണലബോറട്ടറികള്‍ എന്നൊക്കെയുള്ള പേരിലാണ് ഇവയില്‍ പലതും പ്രവര്‍ത്തിക്കുന്നത്. വിദേശത്തുനിന്നു കള്ളക്കടത്ത് നടത്തുന്നത് താരതമ്യപ്പെടുത്തിയാല്‍ ഇതിനു റിസ്‌ക് കുറവാണ്. കേരളത്തിലെ കഞ്ചാവുകൃഷിയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ആന്ധ്ര, ഒഡിഷ എന്നിവിടങ്ങളില്‍നിന്നാണ് ഇപ്പോള്‍ കേരളത്തിലേക്കു കഞ്ചാവ് വരുന്നത്. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ മുതലായ രാജ്യങ്ങളില്‍നിന്ന് കൂടുതല്‍ മയക്കുമരുന്ന് കേരളതീരത്ത് എത്തുന്നുണ്ട്. 2024 ഏപ്രില്‍ 19 ന് അറബിക്കടലില്‍ ഇന്ത്യന്‍നാവികസേന പിടിച്ചെടുത്ത 300 കോടിയുടെ മയക്കുമരുന്ന് പാക്കിസ്ഥാനില്‍നിന്നു കേരളത്തിലേക്കുള്ളതായിരുന്നു. ഗുജറാത്ത് മുന്ദ്ര തുറമുഖത്തുനിന്നു പിടിച്ചെടുത്തത് 21000 കോടിയുടെ ഹെറോയിന്‍ ആയിരുന്നു. അറബിക്കടലും ഇന്ത്യന്‍ മഹാസമുദ്രവും ചേര്‍ന്നുകിടക്കുന്ന തീരദേശസംസ്ഥാനം എന്ന നിലയിലാണ് മയക്കുമരുന്നുലോബിക്ക് കേരളം പ്രിയപ്പെട്ടതാവുന്നത്. കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കുള്ളിലാണ് അന്താരാഷ്ട്രമയക്കുമരുന്നുമാഫിയ കേരളത്തില്‍ ഗണ്യമായ സ്വാധീനം ഉറപ്പിച്ചത്.
യുവത്വവും ദേശവും തകരുന്നു
ലഹരിക്ക് അടിമയായ വ്യക്തിക്കൊപ്പം തകര്‍ച്ച നേരിടുന്നത് കുടുംബവും സമൂഹവും രാജ്യവും ഒന്നാകെയാണ്. മയക്കുമരുന്നുവിപണി പ്രധാനമായും ലക്ഷ്യംവയ്ക്കുന്നത് കുട്ടികളെയാണ്. ലഹരി ഉപഭോഗം അവരില്‍ ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങളാണുണ്ടാക്കുന്നത്. ശാരീരികപ്രതിരോധശേഷി തകരാറിലാവുകയും മസ്തിഷ്‌കവളര്‍ച്ചയ്ക്കും വികാസത്തിനും വിഘാതം സംഭവിക്കുകയും ചെയ്യുന്നു. ഓര്‍മക്കുറവ്, വിഷാദരോഗം, അമിതോത്കണ്ഠ, അനിയന്ത്രിതക്രോധം എന്നിവയും അനന്തരദോഷഫലങ്ങളും അവരെ കാത്തിരിക്കുന്നു. ഒപ്പംതന്നെ, സാമൂഹികബന്ധങ്ങളില്‍നിന്നുള്ള ഒറ്റപ്പെടലും സംഭവിക്കുന്നു. രാജ്യത്തെയും സമൂഹത്തെയും മുന്നോട്ടുനയിക്കുന്നത് ഉത്പാദനോന്മുഖമായ ഒരു തലമുറയാണ്. ആ തലമുറയുടെ തളര്‍ച്ച രാജ്യത്തിന്റെ വളര്‍ച്ച പിന്നോട്ടടിക്കുന്നു. ഇത്തരുണത്തിലാണ് പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ചൂണ്ടിക്കാണിച്ച നാര്‍ക്കോട്ടിക് ജിഹാദ് എന്ന വിഷയം കൂടുതല്‍ ഗൗരവത്തില്‍ കാണേണ്ടിയിരിക്കുന്നത്. എംഡിഎംഎയുടെയൊക്കെ വിവിധ രൂപങ്ങളിലുള്ള ലഹരിവസ്തുക്കള്‍ വിലയേറിയതാണ്. ആദ്യമൊക്കെ സൗജന്യനിരക്കില്‍ നല്‍കുന്ന കച്ചവടക്കാര്‍ കുട്ടികള്‍ ഇതിന് അടിമകളായെന്നു കാണുമ്പോള്‍ പണത്തിനായി പിടിമുറുക്കുന്നു. പണലഭ്യത ഇല്ലാതാവുകയും മയക്കുമരുന്നില്ലാതെ ജീവിക്കാനാവാത്ത അവസ്ഥ സംജാതമാവുകയും ചെയ്യുന്നതോടെ കുട്ടികള്‍ മോഷണവും കൊള്ളയും തുടങ്ങി കൊലപാതകങ്ങളില്‍വരെ എത്തിച്ചേരുന്നു.
ലഹരിവിമോചനനടപടികള്‍
രാസലഹരിവസ്തുക്കള്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലുള്‍പ്പെടെ എത്തിച്ചേരുന്നതു തടയാന്‍ തക്കവിധത്തില്‍ കേസുകള്‍ ചാര്‍ജു ചെയ്യുന്ന രീതിയില്‍ സര്‍ക്കാര്‍ മാറ്റം കൊണ്ടുവന്നു. ലഹരിക്കടത്തിന് ഉയര്‍ന്ന ശിക്ഷ ലഭിക്കാന്‍ മുന്‍കാലകുറ്റകൃത്യങ്ങള്‍കൂടി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തുകയും ലഹരിക്കടത്തുകുറ്റം ചെയ്യുന്നവരുടെ ഡാറ്റബാങ്ക് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ആവര്‍ത്തിക്കുന്നവരെ കരുതല്‍തടങ്കലിലാക്കാനും പിറ്റ്‌നിയമം (പ്രിവന്‍ഷന്‍ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇന്‍ നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട്) ഉപയോഗിച്ച് കരുതല്‍തടങ്കലില്‍ പാര്‍പ്പിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ ലഹരിയുപയോഗത്തെക്കുറിച്ച് യോദ്ധാവ്, ചിരി (കേരള പൊലീസ്), വിമുക്തി, നേര്‍വഴി (എക്‌സൈസ്), ദിശ (ആരോഗ്യവകുപ്പ്), ചൈല്‍ഡ് ലൈന്‍ എന്നിവിടങ്ങള്‍വഴി പരാതി നല്‍കാന്‍ സംവിധാനമുണ്ട്.
ലഹരിയടിമകളുടെ പുനരധിവാസത്തിനായി എക്‌സൈസ് ഡിപ്പാര്‍ട്ടുമെന്റിന്റെ ചുമതലയില്‍ 2016 ല്‍ ആരംഭിച്ച വിമുക്തിമിഷന്‍ സജീവമായി മുന്നോട്ടുപോകുന്നുണ്ട്. മിഷന്റെ കീഴില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഓരോ ഡി അഡിക്ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നു. 18 വയസ്സില്‍ താഴെയുള്ള 4557 കുട്ടികളാണ് ഇതുവഴി പുനരധിവാസത്തിന് അയയ്ക്കപ്പെട്ടത്. 2018 ഒക്ടോബര്‍ മുതല്‍ 1,19,560 പേര്‍ ഇതുവഴി ലഹരിമുക്തചികിത്സ തേടി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പാലാ വിമുക്തി ഡി അഡിക്ഷന്‍ സെന്ററില്‍ ചികിത്സ തേടിയത് 19,023 പേര്‍!
ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് ലഹരി നശിപ്പിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിന്റെ വലുപ്പമാണ്. എങ്കിലും, പല മാതാപിതാക്കളും കുട്ടികളുടെ മയക്കുമരുന്നാസക്തിക്കു ചികിത്സാസഹായം തേടാന്‍ മടി കാണിക്കുന്നു. സമൂഹത്തില്‍ തങ്ങളുടെ സല്‍പ്പേരിനു കളങ്കമുണ്ടായേക്കാമെന്ന് അവര്‍ ഭയക്കുന്നു. മാതാപിതാക്കളെ വെറുക്കുന്ന കുട്ടികള്‍ മയക്കുമരുന്നുമാഫിയയുടെ കെണിയില്‍ വീണേക്കാമെന്നും പുനരധിവാസത്തില്‍ മാതാപിതാക്കളുടെ പങ്കു നിര്‍ണായകമാണെന്നും വിമുക്തിചുമതലയുള്ള ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ ബി.എ. പ്രദീപ് പറയുന്നു.
താത്കാലികമായി ഉണ്ടാകുന്ന അഭിമാനബോധത്തെക്കാള്‍ വലുതാണ് മുന്നോട്ടുള്ള കുട്ടികളുടെ ഭാവി എന്ന് മാതാപിതാക്കന്മാരും ചിന്തിക്കേണ്ടിയിരിക്കുന്നു. കുഞ്ഞുങ്ങള്‍ വീണുപോയേക്കാം; പക്ഷേ, ആ വീഴ്ചയില്‍നിന്നു കൈപിടിച്ചുയര്‍ത്തി മുന്നോട്ടുകുതിക്കാനുള്ള ചാലകശക്തിയാകേണ്ടത് മാതാപിതാക്കന്മാര്‍തന്നെയാണ്.
'കടമകള്‍ക്കു കനംവച്ചതോര്‍ക്കുക,
കനവുകള്‍ നല്ല കവിതയായ്ത്തീര്‍ക്കുക,
ജീവിതം സുഖലഹരിയായിത്തീര്‍ക്കുവാന്‍
ഹൃദയകുതിരയെ കടിഞ്ഞാണില്‍ മുറുക്കുക.'