പാലാ രൂപതയുടെ സാമൂഹികക്ഷേമപ്രവര്ത്തനസംഘടനയായ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ഡയമണ്ട് ജൂബിലി, രൂപതയുടെ പ്ലാറ്റിനം ജൂബിലിയാഘോഷിക്കുന്ന ഈ വര്ഷംതന്നെയെന്നത് സവിശേഷകരവും സന്തോഷകരവുമായ ഒരു കാര്യമാണ്.
171 ഇടവകപ്പള്ളികളാല് അനുഗൃഹീതമായ പാലാ രൂപതയിലാകെ ഉപവിയിലധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് പി.എസ്.ഡബ്ല്യു.എസ്. ആരംഭകാലത്തു നേതൃത്വം നല്കിപ്പോന്നത്. ദുര്‍ബലജനവിഭാഗങ്ങള്‍ക്ക് ആശ്വാസമേകാനുള്ള വിവിധ പദ്ധതികളും പരിപാടികളും സംഘടിപ്പിച്ചുപോന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്കരിച്ച വിവിധ പദ്ധതികളുടെ പ്രയോജനം സാധാരണക്കാരിലെത്തിക്കാനും സൊസൈറ്റിക്കു സാധിച്ചിരുന്നു.
പാലാ രൂപത അടിസ്ഥാനപരമായി കാര്‍ഷികമേഖലയാണ്. ഇവിടുത്തുകാര്‍ പ്രധാനമായും ആശ്രയിക്കുന്നത് റബ്ബറിനെയാണ്. ആയതുകൊണ്ട്, റബ്ബര്കര്ഷകര് നേരിട്ട കടുത്ത വിലത്തകര്‍ച്ചയ്ക്കു മുമ്പിലാണ് പാലാ രൂപത കര്‍ഷകബാങ്ക് എന്ന കര്ഷകശക്തീകരണപദ്ധതി ആരംഭിച്ചത്. ഇടവകപ്പള്ളികള്തോറും പത്തുമുതല്‍ ഇരുപതുവരെ കര്‍ഷകര്‍ അംഗങ്ങളായ അയല്‍ക്കൂട്ടങ്ങള്‍ 'കര്‍ഷകദള'ങ്ങള് എന്ന പേരില്‍ രൂപീകരിക്കുകയുണ്ടായി. കര്‍ഷകദള ഫെഡറേഷനുകളും ഇടവകകള്‍തോറും ആരംഭിച്ചു. അവയുടെ നേതൃത്വത്തില്‍ കര്‍ഷകരില്‍ സംരംഭകത്വശേഷി വളര്‍ത്താനുള്ള വിവിധ പരിശീലനപരിപാടികള്‍ സംഘടിപ്പിച്ചു.
കാഞ്ഞിരമറ്റം, മൂഴൂര്‍, വയല, മാന്‍വെട്ടം, വെള്ളിയാമറ്റം, വെള്ളികുളം, പാലാ, ചേര്‍പ്പുങ്കല്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ കാര്ഷികമൂല്യവര്ധിതസംരംഭങ്ങള് വളര്‍ന്നുവന്നു. ചക്ക, കപ്പ, പഴവര്‍ഗങ്ങള്‍ തുടങ്ങിയവ സംസ്കരിച്ചു മൂല്യവര്ധിതോത്പന്നങ്ങളാക്കുന്നതിനൊപ്പം അരിപ്പൊടി, കറിപൗഡറുകള്‍, മുളക്, മല്ലി, മഞ്ഞള്‍ തുടങ്ങിയവയും ശുദ്ധമായ നാടന്വെളിച്ചെണ്ണയും ഉത്പാദിപ്പിച്ചു വിപണിയിലിറക്കുന്നു.
കര്‍ഷകര്‍ ഒറ്റയ്ക്കും കൂട്ടായും ഉത്പാദിപ്പിക്കുന്ന കാര്‍ഷികവിളകള്‍, ഉത്പന്നങ്ങള്‍ എന്നിവയുടെ വിപണനത്തിനായി ഇടവകപ്പള്ളികളോടുചേര്ന്ന് സണ്‍ഡേ മാര്‍ക്കറ്റുകള്‍ എന്ന പേരില്‍ ഗ്രാമവിപണികള് പ്രവര്‍ത്തിക്കുന്നു. കൂടാതെ, പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി നേതൃത്വം നല്കുന്ന അഗ്രിമ കര്‍ഷകമാര്‍ക്കറ്റ് പാലാ, ചേര്‍പ്പുങ്കല്‍, മുട്ടുചിറ എന്നിവിടങ്ങളിലുണ്ട്. നാനൂറ് കര്‍ഷകര്‍ അംഗങ്ങളായി എട്ടുവര്‍ഷംമുമ്പ് ആരംഭിച്ച അഗ്രിമ കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റിനോടു ചേര്‍ന്ന് അഗ്രിമ കാര്ഷികനേഴ്സറി, ഇക്കോ ഷോപ്പ് തുടങ്ങിയവയും പ്രവര്‍ത്തിക്കുന്നു.
ഗുണമേന്മയുള്ള ഹൈബ്രിഡ് പച്ചക്കറിത്തൈകള്മുതല് വൈവിധ്യമാര്‍ന്ന വിദേശഫലവൃക്ഷത്തൈകള്വരെ അഗ്രിമ നഴ്സറിയില്‍ ലഭ്യമാണ്. കൂടാതെ, ജൈവവളം, ഗ്രോബാഗ്, കീടനാശിനികള്‍, ചെടിച്ചട്ടികള്‍, കാര്‍ഷികോപകരണങ്ങള്‍ തുടങ്ങി മാലിന്യസംസ്കരണയൂണിറ്റുവരെ ഇവിടെനിന്നു ലഭിക്കുന്നു. ഗ്രാമീണ കര്‍ഷകക്കൂട്ടായ്മകളുടെ മായം കലരാത്ത ഭക്ഷ്യോത്പന്നങ്ങളും വൈവിധ്യമാര്‍ന്ന ചെറുധാന്യ ഉത്പന്നങ്ങളും ഇതരഭക്ഷ്യവസ്തുക്കളും ഇക്കോഷോപ്പിലുണ്ട്. കോഴി കാട മുയല് മത്സ്യക്കുഞ്ഞുങ്ങള്‍, തീറ്റകള്‍, കൂടുകള്‍ തുടങ്ങിയവയും അഗ്രിമയില്‍ ലഭിക്കും. വീടുകളിലും സ്ഥാപനങ്ങളിലും മത്സ്യക്കുളങ്ങളും ആവശ്യാനുസരണം നിര്‍മിച്ചുനല്‍കുന്നതിനൊപ്പം സി.സി.ടി.വി. ക്യാമറ, സൗണ്ട് സിസ്റ്റം തുടങ്ങിയവയും 'അഗ്രിടെക് ടീം' ഇന്‍സ്റ്റാള്‍ ചെയ്തു നല്കിവരുന്നു.
പി.എസ്.ഡബ്ല്യു.എസ്. പ്രൊമോട്ടു ചെയ്യുന്ന പാലാ സാന്തോം ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി പാലാ മുണ്ടുപാലത്ത് ഹോള്‍ട്ടി കള്‍ച്ചര്‍ മിഷന്റെ സഹായത്തോടെ അഗ്രിമ സെന്‍ട്രല്‍ നേഴ്സറിയും ഫ്രൂട്സ് വില്ലേജും യാഥാര്‍ഥ്യമാക്കുന്നു. സംസ്ഥാന കൃഷിവകുപ്പ് എസ്.എഫ്.എ.സി.യിലൂടെ അനുവദിച്ച പാലാ സാന്തോം എഫ്.പി.ഒ. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഗ്രാന്റോടെ സാന്തോം ഫുഡ് പ്രൊഡക്ട് വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ്.
സംസ്ഥാന കൃഷിവകുപ്പ് കോട്ടയം ജില്ലയ്ക്കുള്ള 'കേരള ഗ്രോ സ്റ്റോര്‍' പാലാ സാന്തോം എഫ്.പി.ഒ.യ്ക്ക് അനുവദിച്ചത് പാലാ സെന്റ് തോമസ് പ്രസിനു സമീപം രൂപതയുടെ കെട്ടിടത്തിലാണു പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള കര്‍ഷകക്കൂട്ടായ്മകളുടെ സൊസൈറ്റി പ്രൊമോട്ടു ചെയ്യുന്ന പാലാ ഹരിതം എഫ്.പി.ഒ. കര്‍ഷകരില്‍നിന്നു തേന്‍ സമാഹരിച്ച് സംസ്കരിച്ച് മൂല്യവര്ധിതോത്പന്നമാക്കി വിപണിയിലിറക്കുന്നു.
പി.എസ്.ഡബ്ല്യു.എസ്. പ്രൊമോട്ടു ചെയ്യുന്ന കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസര്‍ കമ്പനി ഈ രംഗത്തെ ഇതര കൂട്ടായ്മകള്‍ക്കു മാതൃകയായി മാറിയിരിക്കുന്നു. വിവിധ രൂപതകള്‍, ജില്ലകള്‍, സംസ്ഥാനങ്ങള്‍ എന്നുവേണ്ട, വിദേശരാജ്യങ്ങളില്‍ നിന്നുവരെയുള്ളവര്‍ ഗ്രാമതലത്തിലെ കര്ഷകസംരംഭകമാതൃക കാണാന്‍ ഇവിടം സന്ദര്‍ശിക്കുന്നു.
കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകളുടെ സംയുക്തസംരംഭമായ ജല്‍ ജീവന് മിഷന് പ്രവര്‍ത്തനങ്ങള്‍ കോട്ടയം ജില്ലയിലെ പതിനൊന്നു പഞ്ചായത്തുകളില്‍ പൂര്‍ത്തീകരിക്കാന്‍ പി.എസ്.ഡബ്ല്യു.എസിനു സാധിച്ചു.
വിത്തുമുതല്‍ വിപണിവരെ കര്‍ഷകര്‍ക്കൊപ്പംനിന്ന് വളര്‍ച്ചയുടെ പടവുകള്‍ കയറുകയാണ് ഫാ. തോമസ് കിഴക്കേലിന്റെ നേതൃത്വത്തില്‍ വജ്രജൂബിലിയാഘോഷിക്കുന്ന പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി. ഇതിന്റെ പി.ആര്.ഒ. ആയി ഡാന്റീസ് കൂനാനിക്കല്‍ പ്രവര്‍ത്തിക്കുന്നു.
- ജോസഫ് കുമ്പുക്കന്‍