•  30 Jan 2025
  •  ദീപം 57
  •  നാളം 46
നേര്‍മൊഴി

ഈ നാട് എന്തുകൊണ്ട് ഇങ്ങനെ?

    ഭരണത്തില്‍ ജനപങ്കാളിത്തം ഉറപ്പാക്കാനും ജനാധിപത്യത്തിന്റെ ഗുണഫലങ്ങള്‍ താഴെത്തട്ടിലെ ജനവിഭാഗങ്ങള്‍ക്കുകൂടി ലഭ്യമാക്കാനും ലക്ഷ്യംവച്ചു രൂപംകൊണ്ടതാണ് പഞ്ചായത്തുരാജ്. ഇന്ത്യയിലെ ഗ്രാമീണ അധികാരവികേന്ദ്രീകരണസംവിധാനമാണത്. ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് എന്ന സങ്കല്പത്തിന്റെയും ഗ്രാമസ്വരാജിലൂടെ പൂര്‍ണസ്വരാജ് എന്ന ദര്‍ശനത്തിന്റെയും പ്രായോഗികമായ രൂപമാണ് പഞ്ചായത്തുരാജ് സംവിധാനം.
അധികാരവികേന്ദ്രീകരണത്തെക്കുറിച്ച് ബല്‍വന്ത് റായി മേത്ത കമ്മിറ്റി സമര്‍പ്പിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ആരംഭിച്ചതാണ് പഞ്ചായത്തുരാജ്. 1959 ഒക്‌ടോബര്‍ രണ്ടിന് രാജസ്ഥാനിലെ നഗൗരില്‍ പഞ്ചായത്തുരാജ് സംവിധാനത്തിന് ആരംഭമായി. 1960 ജനുവരി 18 ന് എറണാകുളത്ത് കേരളത്തിലെ പഞ്ചായത്തുരാജ് ഭരണസംവിധാനം ഉദ്ഘാടനം ചെയ്തത് ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു. എന്നാല്‍, 73-ാം ഭരണഘടനാഭേദഗതിപ്രകാരമാണ് ഇന്ത്യയിലാകമാനം പഞ്ചായത്തു രാജ് ഭരണക്രമം നിലവില്‍ വന്നത്. 1993 ഏപ്രില്‍മാസത്തില്‍ രാഷ്ട്രപതി ഒപ്പുവച്ചതോടെ ത്രിതലപഞ്ചായത്ത് ഭരണസമ്പ്രദായം രാജ്യമൊട്ടാകെ പ്രാബല്യത്തില്‍ വന്നു.
'വികേന്ദ്രീകരണത്തിലൂടെ അധികാരം ജനങ്ങളിലേക്ക്' എന്ന തത്ത്വം യാഥാര്‍ഥ്യമാക്കുകയാണു തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ലക്ഷ്യം. ഓരോ പ്രദേശത്തിന്റെയും വികസനരീതി അവിടെയുള്ള ജനങ്ങളുടെ ആവശ്യത്തിനും താത്പര്യത്തിനും അനുഗുണമായി രൂപപ്പെടുത്തിയെടുക്കാനുള്ള ഏറ്റവും നല്ല സമ്പ്രദായമാണ് പഞ്ചായത്തുരാജ്.
   വിസ്തൃതമായ പ്രദേശങ്ങളുടെ ചുമതലയുള്ള എം.പി.മാര്‍ക്കും എം.എല്‍.എ. മാര്‍ക്കും എല്ലാ വിഭാഗം ജനങ്ങളുടെയും ആവശ്യങ്ങളെ കൃത്യസമയത്ത് അഭിസംബോധന ചെയ്യാന്‍ സാധിക്കുകയില്ല. ആ കുറവാണ് ത്രിതലപഞ്ചായത്തുസംവിധാനത്തിലൂടെ പരിഹരിക്കപ്പെടേണ്ടത്. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപ്പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിങ്ങനെ ഓരോ പ്രദേശത്തിന്റെയും ഘടനയും ആവശ്യങ്ങളും ജനസാന്ദ്രതയും കണക്കിലെടുത്ത് വികേന്ദ്രീകൃതഭരണക്രമം ചിട്ടപ്പെടുത്തിയിരിക്കുന്നു. 1997 മുതല്‍ കേരളത്തില്‍ ജനകീയാസൂത്രണപദ്ധതിപ്രകാരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. തദ്ദേശസ്വയംഭരണവകുപ്പില്‍നിന്നാണ് ഇതിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ഫണ്ടു ലഭിക്കുന്നത്. കേന്ദ്രഫണ്ടുകളും ഈ പദ്ധതിക്കു ലഭിക്കുന്നുണ്ട്. ഇതിനുപുറമേ തനതുഫണ്ടുകളുമുണ്ട്. ഈ ഫണ്ടുകള്‍ ശരിയായി ഉപയോഗിച്ചാല്‍ നാടിന്റെ മുഖച്ഛായ വലിയ തോതില്‍ മാറുമെന്നതില്‍ സംശയംവേണ്ട. എന്നാല്‍, ഇന്നത്തെ സ്ഥിതി അത്യന്തം ശോചനീയമാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന മാധ്യമറിപ്പോര്‍ട്ടുപ്രകാരം, 2024-25 വര്‍ഷത്തെ ത്രിതലപഞ്ചായത്തുസ്ഥാപനങ്ങളുടെ പദ്ധതിവിഹിതം  മിക്ക സ്ഥാപനങ്ങളിലും 20 ശതമാനത്തില്‍ താഴെമാത്രമാണ് ചെലവഴിച്ചിട്ടുള്ളത്. ഈ സാമ്പത്തികവര്‍ഷത്തില്‍ ഇനി ബാക്കിയുള്ള രണ്ടു മാസംകൊണ്ട് എങ്ങനെയാണ് ബാക്കിതുക ഫലപ്രദമായി വിനിയോഗിക്കാനാവുക? ഈ വര്‍ഷം ചെലവഴിക്കാനാകാത്ത തുക അടുത്ത സാമ്പത്തികവര്‍ഷത്തിലേക്കു മാറ്റാനാവുകയുമില്ല. അതിനര്‍ഥം ആ ഫണ്ട് ഉപയോഗിക്കാനാകാതെ നഷ്ടപ്പെട്ടുവെന്നുതന്നെയാണ്. വലിയ കോര്‍പ്പറേഷനുകള്‍ക്ക് നൂറു കോടിയിലധികമാണ് ഓരോ വര്‍ഷവും ഉപയോഗിക്കാവുന്ന ഫണ്ട്. ജില്ലാ പഞ്ചായത്തില്‍ അറുപതു കോടിയിലധികം പണം വികസനപ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കാന്‍ സാധിക്കും. പഞ്ചായത്തുകള്‍ക്കു പത്തുകോടിയോളം രൂപ ഫണ്ടുണ്ടാകും.
    ത്രിതലസ്ഥാപനങ്ങളുടെ ഫണ്ടുവിനിയോഗം ഫലപ്രദമായി നടപ്പാക്കാന്‍ കഴിയാത്തതിന്റെ ആദ്യത്തെ കാരണം അമിതമായ രാഷ്ട്രീയ ഇടപെടലുകളാണ്. യഥാര്‍ഥത്തില്‍, ത്രിതലപഞ്ചായത്തുസംവിധാനം വികസനസമിതികളായി വര്‍ത്തിക്കേണ്ടതാണ്. രണ്ടാമത്തെ കാരണം, ഈ സ്ഥാപനങ്ങളുടെ തലപ്പത്തു വരുന്നവരുടെ അജ്ഞതയും പിടിപ്പുകേടും കെടുകാര്യസ്ഥതയുമാണ്. രാഷ്ട്രീയപരിചയമുള്ളവരല്ല പലപ്പോഴും ത്രിതലപഞ്ചായത്തു  സാരഥികളാകുന്നത്. എന്നാല്‍, അവര്‍ക്കു പരിശീലനം നല്‍കാന്‍ തൃശൂരില്‍ 'കില' എന്ന സ്ഥാപനമുണ്ട്. ഉദ്യോഗസ്ഥര്‍ക്കും അവിടെയാണു പരിശീലനം. ആ പരിശീലനം നേടുന്നവര്‍ക്ക് വിജയകരമായി പ്രവര്‍ത്തിക്കാനാകും. എന്നാല്‍, വളരെ ചുരുക്കംപേരാണ് അതിന്റെ ഫലം ഉള്‍ക്കൊള്ളുന്നത്. വിവാഹം, മരണം, അടിയന്തരം, മറ്റു ചെറിയ ആഘോഷങ്ങള്‍ എന്നിവയിലൊക്കെ പങ്കെടുക്കാനുള്ള പദവിയാണ് മിക്കവര്‍ക്കും അവര്‍ വഹിക്കുന്ന സ്ഥാനമാനങ്ങള്‍.
    മൂന്നാമത്തെ കാരണം, മൂന്നും നാലും പേര്‍ക്കായി വീതം വച്ചു നല്‍കുന്ന പ്രസിഡന്റുപദവിയാണ്. ഭരണസ്ഥിരതയും ഭരണത്തുടര്‍ച്ചയുമില്ലാതെ വികസനം സാധ്യമല്ല. നാലാമത്തെ കാരണം, നേതൃശേഷിയില്ലാത്തവര്‍ ആ പദവിയിലെത്തുന്നുവെന്നതാണ്. ഉദ്യോഗസ്ഥരെ കൂടെ നിര്‍ത്താനും ജോലി ചെയ്യിക്കാനുമുള്ള  നേതൃശേഷി ഭരണസാരഥിക്കുണ്ടാകണം. ജനസേവനത്തിനും വികസനത്തിനുമായി രൂപംകൊണ്ട സംവിധാനം ഫലംചൂടിയേ മതിയാവൂ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)