പഠനമൊക്കെ കഴിഞ്ഞ്, ജോലി തേടി വിദേശങ്ങളിലേക്കു പോകുന്നവരെപ്പറ്റി ഞാനൊരിക്കല്‍ എഴുതുകയുണ്ടായി. അതിനുശേഷം എനിക്കു വിദേശത്തു പോകേണ്ട സാഹചര്യമുണ്ടായി. അവിടെ ജോലി ചെയ്യുന്ന കുറേ മലയാളികളെ കാണാനും പരിചയപ്പെടാനും സാധിച്ചു. നല്ല ജോലിയൊക്കെ ലഭിച്ചെങ്കിലും അവരില്‍ ചിലരെങ്കിലും അസ്വസ്ഥരാണെന്ന് എനിക്കു മനസ്സിലായി. കാരണം, പ്രായമായ മാതാപിതാക്കള്‍ തനിച്ചാണു മിക്ക വീടുകളിലും. കേരളത്തിലങ്ങോളമിങ്ങോളം ജാതിമതഭേദമെന്യേ അധികം മക്കളും വിദേശത്താണ്. ചില മാതാപിതാക്കള്‍ മക്കളുടെകൂടെ പോകാറുമുണ്ട്. പ്രായമായവരുടെകൂടെ ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവരുണ്ട്. ബന്ധുക്കളുടെ കൂടെ പാര്‍ക്കുന്നവര്‍, പത്തു, പതിനഞ്ചു കുടുംബങ്ങള്‍ ഒന്നിച്ചു താമസിക്കുന്നവര്‍ ഇങ്ങനെ വിവിധങ്ങളായ രീതികളിലൂടെ ബാക്കിയുള്ളവര്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു.
ഞാനിവിടെ പറയാന്‍ വന്നത് വിദേശത്തു താമസിക്കുന്നവരുടെ ഭക്തിയെപ്പറ്റിയാണ്. അവിടെയൊക്കെ ഇംഗ്ലീഷും മലയാളവും കുര്‍ബാനകളുണ്ട്. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവുമെല്ലാം കുര്‍ബാനകളുണ്ട്. സീറോ മലബാര്‍ സഭയുടെ പള്ളികളുണ്ട്. ലത്തീന്‍കുര്‍ബാന നടക്കുന്ന പള്ളികളുമുണ്ട്.
സീറോമലബാര്‍സഭയുടെ പള്ളികളിലെല്ലാം സിനഡു നിശ്ചയിച്ച കുര്‍ബാനക്രമമാണ്. വളരെ ഭക്തിയോടെയാണ് വിശ്വാസികള്‍ കുര്‍ബാനയില്‍ പങ്കെടുക്കുന്നത്. ബഹുമാനപ്പെട്ട വികാരിയച്ചന്റെ നിര്‍ദേശപ്രകാരമാണ് കാര്യങ്ങളെല്ലാം നടത്തുന്നത്. ഞങ്ങളൊരു ഇടവകദിനാഘോഷത്തില്‍ പങ്കെടുത്തു. ഏതാണ്ടു പതിനെട്ടു കൂട്ടായ്മകളുണ്ടായിരുന്നു. ഓരോ കൂട്ടായ്മയുടെയും പരിപാടികള്‍ വളരെ നിലവാരം പുലര്‍ത്തുന്നവയായിരുന്നു. വൈകുന്നേരം അഞ്ചുമണിയോടെ പരിപാടി തുടങ്ങി, സ്‌നേഹവിരുന്നോടെ സമാപിച്ചു. അതുപോലെ, ഒക്‌ടോബര്‍മാസത്തിലെ കൊന്തനമസ്‌കാരത്തെപ്പറ്റി പറയാതിരിക്കാന്‍ വയ്യ. എല്ലാ ദിവസവും ഓരോ ഭവനത്തില്‍വച്ച് കൊന്തനമസ്‌കാരം നടത്തി. ഇംഗ്ലീഷ് സംസാരിക്കുന്ന നാടായ ഓസ്‌ട്രേലിയായില്‍ മലയാളത്തില്‍ കൊന്തയുടെ രഹസ്യങ്ങളും ലുത്തിനിയായുമൊക്കെ ചൊല്ലുന്നതുകേട്ടപ്പോള്‍ എനിക്കു സന്തോഷവും അഭിമാനവും തോന്നി. നമ്മുടെ കൊച്ചുകേരളത്തിലെ ട്രെയിനിങ് എത്ര നന്നായിരുന്നു!
ചെറുപ്പത്തില്‍ അപ്പന്റെയോ അമ്മയുടെയോ കൈപിടിച്ചു പള്ളിയില്‍ പോയിട്ടുള്ളതും സണ്‍ഡേ സ്‌കൂള്‍ ട്രെയിനിങ്ങും ഒന്നും അവര്‍ മറന്നിട്ടില്ല. എന്നാല്‍, അവരുടെ മക്കള്‍ അവിടെ ജനിച്ചുവളരുന്നവരാണ്. അവര്‍ക്ക് അത്രത്തോളം ജാഗ്രതയില്ലെന്നാണ് എനിക്കു തോന്നുന്നത്. എങ്കിലും, മാതാപിതാക്കള്‍ മക്കളെ പ്രാര്‍ഥനകളിലെല്ലാം പങ്കെടുപ്പിക്കുന്നുണ്ട്. കൊന്തനമസ്‌കാരത്തിനുശേഷം എല്ലാ വീടുകളിലും ഭക്ഷണവും ക്രമീകരിക്കും. കുറച്ചുസമയം എല്ലാവരുംകൂടിയിരുന്നു സംസാരിച്ചതിനുശേഷമാണു പോകുന്നത്. മലയാളികളെല്ലാംകൂടി മലയാളം സംസാരിച്ചു പിരിയുന്നതു കണ്ടപ്പോള്‍ എനിക്കേറെ സന്തോഷം തോന്നി.
പരസ്പരസഹായത്തിനു മനസ്സു കാണിക്കുന്നവരാണ് അധികവും. നാടും വീടും വിട്ട് അവിടെയെത്തിയപ്പോള്‍ ഇനി നമ്മള്‍ 'മലയാളികള്‍' ഒന്നാണെന്ന ചിന്ത മിക്കവരിലുമുണ്ട്. കേരളത്തില്‍ വരുമ്പോള്‍ കാണിക്കാത്ത വിനയവും സ്‌നേഹവും പരസ്പരബഹുമാനവുമെല്ലാം അവിടെയുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. എന്തായാലും, നമ്മുടെ കുട്ടികള്‍ ഉത്സാഹിച്ചു പഠിക്കണം. അവരെ ദൈവവിചാരത്തില്‍ വളര്‍ത്തണം. നല്ല വിദ്യാഭ്യാസവും കഴിവുകളുമുണ്ടെങ്കില്‍ മാത്രമേ എവിടെയാണെങ്കിലും നല്ല ജോലി ലഭിക്കൂ.
നാട്ടില്‍നിന്നു പോയവരെല്ലാം ഉയര്‍ന്ന ജോലിയില്‍ സുഖമായി കഴിയുകയാണെന്ന ധാരണ മിഥ്യയാണ്. മിക്കവരും വളരെ കഷ്ടപ്പെട്ടാണു ജോലി ചെയ്തു ജീവിക്കുന്നത്. ഭാഷയുടെ പ്രശ്‌നമുണ്ട്. നല്ല ശമ്പളം ലഭിച്ചാല്‍ ടാക്‌സ് കൂടുതലാണ്. സ്വന്തമായി വീടു വാങ്ങിയില്ലെങ്കില്‍ ശമ്പളം അധികം ബാലന്‍സു കാണില്ല. കുട്ടികളുടെ വിദ്യാഭ്യാസം, ഭക്ഷണച്ചെലവ് ഇതെല്ലാം കഴിയുമ്പോള്‍ മെച്ചപ്പെട്ട ജോലിയാണെങ്കില്‍പ്പോലും മിച്ചം വരില്ല. ഇനിയൊരു വീട് സ്വന്തമായി വാങ്ങിയാല്‍ത്തന്നെ മാസാമാസം അതിന്റെ കടം അടച്ചുതീര്‍ക്കണം. ഇങ്ങനെ നോക്കിയാല്‍ പ്രവാസികളും വളരെ കഷ്ടപ്പെട്ടാണു ജീവിക്കുന്നതെന്നു മനസ്സിലാക്കാം. രണ്ടുവര്‍ഷം കൂടുമ്പോഴോ, അതു കഴിഞ്ഞോ നാട്ടില്‍ മാതാപിതാക്കളെ കാണാന്‍ വരാന്‍ പണം കരുതിവയ്ക്കണം. നാട്ടില്‍വന്നാല്‍ പണച്ചെലവു കൂടും. വിദേശത്തു നല്ല വരുമാനമുള്ളവരല്ലേ എന്നാണു മാതാപിതാക്കളുടെയും ബന്ധുക്കളുടെയുമെല്ലാം വിചാരം. ചുരുക്കത്തില്‍, വിദേശത്താണെങ്കിലും കേരളത്തിലാണെങ്കിലും ദൈവഭക്തിയോടെയും അമിതമായ പ്രൗഢി കാണിക്കാതെയും ജീവിക്കുകയെന്നതാണ് പരമപ്രധാനമായ വസ്തുത.