•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

വിലപിക്കുന്നവരുടെ കണ്ണീര്‍ തുടയ്ക്കാതെ എന്തു വികസനം?

   ഒരു കുടുംബത്തിന്റെ നടത്തിപ്പിനും പുരോഗതിക്കുമാവശ്യമായ പണം കുടുംബനാഥന്‍ വകയിരുത്തി നീക്കിവയ്ക്കുകയും; എന്നാല്‍, വീടിന്റെയും കുടുംബാംഗങ്ങളുടെയും അവസ്ഥ എന്നും കഷ്ടത്തിലാകുകയും ചെയ്യുന്നുവെങ്കില്‍ കുടുംബനാഥന്റെ ''ബജറ്റു വകയിരുത്തല്‍'' അര്‍ഥശൂന്യമല്ലേ? ഒരു കുടുംബത്തിന്റെ കാര്യംപോലെതന്നെയാണ് രാജ്യത്തിന്റെയും സംസ്ഥാനങ്ങളുടെയും ബജറ്റ് തയ്യാറാക്കലും. 
    ഓരോ വര്‍ഷവും ഖജനാവിലെ പണം വിവിധങ്ങളായ പദ്ധതികളിലേക്കും വകുപ്പുകളിലേക്കും വകയിരുത്തുന്നു. എന്നാല്‍, ഈ പണം രാജ്യത്തെ സാധാരണപൗരന്റെ ജീവിതസ്വപ്നങ്ങള്‍ക്കു ചിറകു നല്കുന്നില്ലെങ്കില്‍ എന്തു പ്രയോജനം? ജനത്തിന്റെ ഭക്ഷണ,പാര്‍പ്പിട,ആരോഗ്യ,പഠന,തൊഴില്‍,ധനാവശ്യങ്ങളുടെ ആരോഗ്യകരമായ പൂര്‍ത്തീകരണത്തിലേക്കുള്ള ചുവടുവയ്പുകളാകണം ബജറ്റുകളുടെ 'ജീവന്‍'. മനുഷ്യന്റെ വിഷമതകളെ അല്പമെങ്കിലും ശമിപ്പിക്കുന്നതാകണം ബജറ്റുനിര്‍ദേശങ്ങള്‍ എന്നു സാരം!
    കപടപരിസ്ഥിതിവാദികളുടെയും മൃഗസ്‌നേഹികളുടെയും പ്രസംഗത്തിനും പ്രവര്‍ത്തനത്തിനും ഓശാന പാടാന്‍ ഇവിടെ ആളുണ്ട്. എന്നാല്‍, സാധാരണമനുഷ്യരുടെ അതിജീവനവിഷയത്തില്‍ അധികാരികള്‍ക്ക് ഒരു ഉത്കണ്ഠയുമില്ല. വലിയവലിയ പ്രഖ്യാപനങ്ങള്‍ നടത്തുമ്പോഴും സാധാരണക്കാരുടെ അന്നത്തില്‍ കൈയിട്ടുവാരുന്ന രീതിയാണു കണ്ടുവരുന്നത്. ഉണ്ണാനും ഉടുക്കാനുമില്ലാതെ വിഷമിക്കുന്നവര്‍ക്ക് ടെക്‌നോളജികൊണ്ടെന്തു കാര്യം? വീടുകളിലെ ശുദ്ധജലലഭ്യത കാര്യക്ഷമമാക്കാതെ 'ചൊവ്വ'യില്‍ ജലാംശം കണ്ടെത്തുന്നതിനു ബജറ്റില്‍ തുക നീക്കിവയ്ക്കുന്നത് ആര്‍ക്കുവേണ്ടിയാണ്? ശാസ്ത്രവും മനുഷ്യര്‍ക്കുവേണ്ടിയാകേണ്ടേ?
    കുറവുകള്‍ കണ്ടെത്തി ജനജീവിതം കാര്യക്ഷമമാക്കുന്നതിലേക്ക് ഖജനാവ് ഉപയോഗപ്പെടുത്തണം. ജനങ്ങള്‍ക്കു സൗഭാഗ്യം നല്‍കുകയല്ല, സൗഭാഗ്യത്തിനുവേണ്ടി പരിശ്രമിക്കാനുള്ള പരിതഃസ്ഥിതി ഒരുക്കലാണ് ജനക്ഷേമചിന്തയെന്നത്. ജനാധിപത്യവും ജനക്ഷേമവും നേതാക്കള്‍ക്കു പ്രസംഗവിഷയവും 'ഖജനാവിന് അടുത്തുവരെ' എത്താനുള്ള മാര്‍ഗവുമാണെന്നു തോന്നിപ്പോകും.
    യാഥാര്‍ഥ്യബോധമുള്ള പ്രായോഗികനടപടികള്‍ക്കാണ് ധനവിനിയോഗം നടപ്പാക്കേണ്ടത്. കൈയിലുള്ളതുകൊണ്ട് ജീവിതം നടത്താനും അല്പം മിച്ചംവച്ച് ചുറ്റുമുള്ളവരുടെ ജീവിതത്തെ പച്ചപിടിപ്പിക്കാനും ഓരോ കുടുംബത്തിനും കഴിയണം. പഠനച്ചെലവും ചികിത്സച്ചെലവും സാധാരണക്കാരനു കൈയിലൊതുങ്ങുന്നതാകണം. 
    തൊഴിലെടുക്കുന്നവര്‍ക്ക് തൊഴിലും മാന്യമായ വേതനവും ലഭ്യമാകണം. നിര്‍ധനര്‍ക്കും നിസ്സഹായര്‍ക്കുംമാത്രമാകണം ആനുകൂല്യങ്ങള്‍ നല്‍കേണ്ടത്. യുവാക്കളുടെ 'നാടുവിടല്‍' മുഖ്യകരുതലാകണം. പഠനവും തൊഴിലും തൊഴില്‍സംസ്‌കാരങ്ങളും മാറണം. യുവാക്കളുടെ കൂട്ടത്തോടെയുള്ള പലായനത്തെ നമ്മുടെ നാട്ടിലെ ജീവിതനിലവാരം മെച്ചപ്പെടുത്തിക്കൊണ്ട് പരിഹരിക്കാനാകണം. നാടിന്റെ സംസ്‌കാരവും ചൈതന്യവും വളര്‍ച്ചയും നിലനില്പും താറുമാറാക്കുന്ന വിധത്തില്‍ യുവശക്തി നമുക്കു നഷ്ടമാകുന്നതോടൊപ്പം നാടിന്റെ സമ്പത്തും ചോരുകയാണ്.
    രാജ്യത്തെ ചിട്ടപ്പെടുത്തേണ്ട ഭരണനേതൃത്വത്തിന്റെ ആസൂത്രണപദ്ധതികള്‍ 'കടബാധ്യത'യുടെ കമ്മിബജറ്റുകളിലാണ് വേരൂന്നുന്നതെങ്കില്‍ അത് അപകടമാണ്. വരവറിഞ്ഞും മിച്ചംവച്ചും സംതൃപ്തിയോടെ സമ്പത്തിനെ കൈകാര്യം ചെയ്യുന്ന രീതി തീര്‍ച്ചയായും ധനതത്ത്വശാസ്ത്രത്തിന്റെ അടിത്തറയാണെന്നു മറക്കരുത്. നമ്മുടെ ബജറ്റുകള്‍ നിരന്തരം 'കടമെടുപ്പുശാസ്ത്ര'ത്തിലാകുന്നത് രാജ്യത്തിന്റെ ഭാവിക്കു നല്ലതല്ല; ആളോഹരി കടം വര്‍ധിക്കുമ്പോള്‍ വികസനം മുരടിക്കും; ഭാവികര്‍മപദ്ധതികള്‍ക്കു വീഴ്ചയുണ്ടാകും.
    നമുക്കിടയില്‍ എല്ലായ്‌പോഴും നിലനില്ക്കുന്ന ഒരു പ്രശ്‌നമാണു വിലക്കയറ്റം. എന്തിനെങ്കിലും അല്പം വില കുറഞ്ഞാല്‍ത്തന്നെ അത് കാര്‍ഷികോത്പന്നങ്ങള്‍ക്കായിരിക്കും. കര്‍ഷകന്‍ കൊടുക്കുന്നതിനു വിലയില്ല. വാങ്ങുന്നതിനു തീവില. പിന്നെങ്ങനെ വളര്‍ച്ച ത്വരിതപ്പെടും? ലോകത്തെ തീറ്റിപ്പോറ്റുന്നവര്‍ക്ക് എന്നും അവഗണനമാത്രം. തുച്ഛവരുമാനവും താങ്ങാനാകാത്ത ചെലവുംകൂടി പൊരുത്തപ്പെടാത്ത അവസ്ഥ.
ജനക്ഷേമം കാര്യക്ഷമമാകണമെങ്കില്‍ ജനപക്ഷത്തുനിന്നുകൊണ്ടുള്ള ബജറ്റുകളും തദ്വാരയുള്ള ആസൂത്രണങ്ങളും കൂടിയേ തീരൂ. ബജറ്റില്‍ രാഷ്ട്രീയവും സ്വജനപക്ഷപാതവും അധികാരമുറപ്പിക്കാനുള്ള തത്രപ്പാടുകളും ഉണ്ടാകാന്‍ പാടില്ല. പൊതുനന്മയായിരിക്കണം ലക്ഷ്യം. ബജറ്റിന്റെ ഗുണഭോക്താവ് ഇവിടുത്തെ ഓരോ വ്യക്തിയുമാണ്. വിപണിയുടെ ചലനം വ്യക്തികള്‍ക്കു നിലനില്പിനും വളര്‍ച്ചയ്ക്കും ഉതകുന്നതാകണം. നിത്യോപയോഗസാധനങ്ങള്‍ക്കു വില കൂടുകയും കംപ്യൂട്ടറിനും അനുബന്ധസാമഗ്രികള്‍ക്കും വില കുറയുകയും ചെയ്യുന്ന അവസ്ഥാവിശേഷം അംഗീകരിക്കാനാവില്ല.
    ആനുകൂല്യങ്ങളും സബ്‌സിഡികളും വായ്പാസംവിധാനങ്ങളുമൊക്കെ വ്യക്തികളെയും സമൂഹത്തെയും പുരോഗതിയിലേക്കു നയിക്കുന്നതും നാടിന്റെ വളര്‍ച്ചയില്‍ ഭാഗഭാക്കാകുന്നതില്‍ പൗരനെ സഹായിക്കുന്നതുമാകണം. ചെലവഴിച്ചു തീര്‍ക്കുന്നതും കൊടുത്തുതീര്‍ക്കുന്നതും മാത്രമാകുന്ന ധനവിനിയോഗം പദ്ധതികളെയും പൗരന്മാരെയും  വളര്‍ത്തില്ല. അതു ഖജനാവിന്റെ ചോര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്നല്ലാതെ തുടര്‍പദ്ധതികളെയും പ്രതിശീര്‍ഷവളര്‍ച്ചയെയും ഗുണകരമായി ബാധിക്കില്ലെന്നറിയണം. ധനതത്ത്വശാസ്ത്രത്തിന്റെ ചെപ്പടിവിദ്യകളാല്‍ സാധാരണജനത്തിനെ സ്വപ്നാടത്തിലാക്കരുത്! യഥാര്‍ഥജീവിതത്തില്‍ ദാരിദ്ര്യവും പട്ടിണിയും തൊഴിലില്ലായ്മയും പാര്‍പ്പിടമില്ലായ്മയും ശുദ്ധജലദാരിദ്ര്യവും  താങ്ങാനാവാത്ത ചികിത്സച്ചെലവും തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങള്‍ സാധാരണജനം അഭിമുഖീകരിക്കുന്നുണ്ട്. നമ്മുടെ രാഷ്ട്രീയപക്ഷപാതിത്വങ്ങളും ജാതിമതവര്‍ണവര്‍ഗചിന്തകളും അനാചാരങ്ങളും അഴിമതികളും അക്രമങ്ങളും സൈ്വരജീവിതത്തെ തകര്‍ക്കുന്നതൊക്കെയും മാറാതെയും മാറ്റാതെയും ബജറ്റിലെ സ്വപ്നപദ്ധതികള്‍ ജനത്തിന് അനുഭവവേദ്യമാകില്ല. സമഗ്രവളര്‍ച്ചയുടെ അനുഭവം ഓരോ വ്യക്തിക്കും ഉണ്ടാകണം.
    പെന്‍ഷന്‍കാരുടെ ടെന്‍ഷന്‍ ജീവിക്കാനുള്ള മോഹത്തിന്റെ പക്ഷത്തുനിന്നാകണം. ഉദ്യോഗസ്ഥര്‍ക്കും ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ നവീകരണത്തിനും ഖജനാവ് പ്രയോജനപ്പെടുത്തുമ്പോള്‍ കര്‍ഷകരെ മൃഗങ്ങള്‍ ചവിട്ടിമെതിക്കുന്നു... കൃഷികള്‍ നാശോന്മുഖമാകുന്നു... കുടുംബങ്ങള്‍ അനാഥമാകുന്നു; കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെയും കാര്‍ഷികമേഖലയും വിളകളും വിലമതിക്കപ്പെടാതെയും നമ്മുടെ നാടിന്റെ വികസനം സ്വപ്നം കാണുന്നത് വിഡ്ഢിത്തമാണ്. സമൂഹത്തെ 'പോറ്റുന്നതും തീറ്റുന്നതും' കര്‍ഷകരാണെന്ന് അറിയാമെങ്കിലും കണ്ടില്ലെന്നു നടിച്ച് ചൂഷണം ചെയ്യുന്ന 'ബജറ്റുനയം' തിരുത്തേണ്ട കാലം കഴിഞ്ഞു.
ഏതു വികസനത്തിന്റെയും അടിസ്ഥാന ഊര്‍ജം കൃഷിയും വിളകളുമാണ്. നാടന്‍വിഭവങ്ങളില്‍ 'ഫോറിന്‍ചിന്തകര്‍' ആകൃഷ്ടരാകുമ്പോഴും കര്‍ഷകരെ 'കല്ലെറിയുന്ന'തിന് തെല്ലും കുറവില്ല. നമ്മുടെ ധനതത്ത്വശാസ്ത്രം മാറണം; അടിസ്ഥാനവര്‍ഗത്തിന്റെ ഉന്നമനത്തിലൂന്നിയ നീക്കിവയ്പും വകയിരുത്തലും ഉണ്ടാകണം; ഒപ്പം, ധനവിനിയോഗം സംതൃപ്തമായ പുരോഗതി കൈവരിക്കുന്നുണ്ടോയെന്നും യുവജനതയ്ക്ക് ദേശസ്‌നേഹം വര്‍ധിക്കുന്നുണ്ടോയെന്നും ശ്രദ്ധിക്കണം.
'പഞ്ചായത്തുമുതല്‍ പാര്‍ലമെന്റുവരെ' എത്തുന്ന ഗാന്ധിയന്‍ഭരണചിന്തയെ ഗാന്ധിജിയുടെ സ്വപ്നമായ സ്വാശ്രയഭാരതമെന്ന ലക്ഷ്യത്തിലേക്കെത്തിക്കാന്‍ ബജറ്റുപോലുള്ള നിര്‍ണായകക്രമീകരണങ്ങളില്‍ രാഷ്ട്രീയക്കാര്‍ രാഷ്ട്രീയം മറന്നു ദേശസ്‌നേഹത്തില്‍ ശ്രദ്ധയൂന്നണം. പാതയോരത്ത് ഉറങ്ങുന്നവരെ മറന്ന് ചന്ദ്രനിലെയും പാതാളത്തിലെയും ഇതരഗ്രഹങ്ങളിലെയും ശാസ്ത്രപഠനങ്ങളെയും വിജയങ്ങളെയുംകുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നതുകൊണ്ട് എന്തുകാര്യം? വികസനം വിലപിക്കുന്നവരുടെ കണ്ണീര്‍ തുടയ്ക്കുന്നതാകണം.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)