•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

ജീവിതം മാറ്റിമറിക്കും വൃത്തിശാസ്ത്രം

    കണ്ണില്‍ കാണുന്നതെല്ലാം വാങ്ങിക്കൂട്ടി അതിന്റെ ഉപയോഗമോ ആവശ്യകതയോ പരിഗണിക്കാതെ ഭവനങ്ങള്‍  കുത്തിനിറയ്ക്കുന്ന ഒരു പ്രവണത ചിലപ്പോഴെങ്കിലും നാം ശ്രദ്ധിച്ചിരിക്കും. മിനിമലിസം - നാം നിത്യജീവിതത്തില്‍ സൃഷ്ടിച്ചെടുക്കേണ്ടുന്ന ഒരു ഒരു രൂപകല്പനയാണ്, തത്ത്വശാസ്ത്രമാണ്, ചിന്തയാണ്. ലളിതമായ ഒരു സൗന്ദര്യത്തിലേക്കു നമ്മുടെ ജീവിതങ്ങളെ അതു കൂട്ടിക്കൊണ്ടുപോകും. പ്രവര്‍ത്തനക്ഷമവും ഉപയുക്തവുമായ വസ്തുക്കള്‍മാത്രം ചേര്‍ത്തുവയ്ക്കുന്ന  ഒരു മനോഭാവം സൃഷ്ടിച്ചുകൊണ്ടു മനഃപൂര്‍വമായി അനാവശ്യസാധനങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞാല്‍ അതു ജീവിതത്തിനു വരുത്തുന്ന മാറ്റം ചില്ലറയല്ല. ഇത്തരം ഒരു സിദ്ധാന്തവും ചിന്തയും വ്യക്തികളെ അവര്‍ക്ക് അത്യാവശ്യമുള്ള അര്‍ഥവത്തായ കാര്യങ്ങളിലേക്കുമാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും മറ്റുള്ളവയെ തിരസ്‌കരിക്കാനും സഹായിക്കുന്നു.
    കുറച്ചുമാത്രം മതി എന്നു തീരുമാനിക്കുമ്പോള്‍  നാം നിത്യമുപയോഗിക്കുന്ന വസ്തുക്കളെക്കുറിച്ചു വ്യക്തമായ ബോധമുള്ളവരാകുന്നു. കൂടിക്കുഴഞ്ഞ് അലങ്കോലമായിക്കിടക്കുന്ന നമ്മുടെ ഇടങ്ങള്‍ കൂടുതല്‍ വൃത്തിയുള്ളതും സരളവും ഭംഗിയുള്ളതുമായിത്തീരുന്നു. സ്ഥാവരജംഗമവസ്തുക്കള്‍ വാരിക്കൂട്ടി അതിനിടയില്‍ ശ്വാസംമുട്ടി, കൂട്ടിലടയ്ക്കപ്പെട്ട തത്തയെപ്പോലെയല്ല നാം ജീവിക്കേണ്ടത്.
വേണ്ടുന്ന വസ്തുക്കളുടെ ലിസ്റ്റ് 
   ആദ്യമായി ചെയ്യേണ്ടുന്ന കാര്യം നാം നമ്മുടെ വീട്ടിലുള്ള അനാവശ്യസാധനങ്ങളുടെ ഒരു ലിസ്റ്റുണ്ടാക്കുക എന്നതാണ്. വര്‍ഷങ്ങളായി കൈകൊണ്ടുപോലും തൊടാത്ത സാധനങ്ങള്‍ ഉണ്ടെങ്കില്‍ അവയെല്ലാം വാരി പുറത്തേക്കിടുക. മറ്റാര്‍ക്കെങ്കിലും ഉപയോഗമുള്ളവ അവര്‍ക്കു ദാനമായി നല്‍കുകയും ചെയ്യാം. ബാക്കി കച്ചവടക്കാര്‍ക്കു കൊടുക്കാം.
     വസ്ത്രങ്ങള്‍, പഴയ ഫോട്ടോകള്‍, പുസ്തകങ്ങള്‍,  ഫര്‍ണിച്ചര്‍  എന്നിങ്ങനെ ഒരായിരം സാധനങ്ങള്‍ കാണും നമുക്ക്. വലിയ ഭാണ്ഡങ്ങളില്‍ തുണിയും പഴയ ബെഡ്‌ഷെറ്റുകളും പാത്രങ്ങളും നിറച്ചു സ്ഥലം കാലിയാക്കിയവരുടെ ധാരാളം അനുഭവകഥകളുണ്ട്. മാറ്റം ആഗ്രഹിക്കുന്നെങ്കില്‍ അത് ഒറ്റയടിക്കുതന്നെ പ്രാവര്‍ത്തികമാക്കുന്നതാണുചിതം. തീരുമാനമെടുത്തു കഴിഞ്ഞാല്‍ ഉടനടിതന്നെ ഇക്കാര്യം നടപ്പാക്കുക. മെല്ലെ നോക്കാം എന്ന തിയറി ഇവിടെ നടപ്പാവുകയില്ലെന്ന് അനുഭവസ്ഥര്‍  പറയുന്നു. 
    നമുക്കു വേണമെങ്കില്‍ ബാത്ത്‌റൂമില്‍നിന്നുതുടങ്ങാം. ഇവിടെ തീര്‍ന്ന ടൂത്ത്‌പേസ്റ്റ് ട്യൂബുകളും കാലഹരണപ്പെട്ട ബോഡിലോഷനും ക്രീമും ഒക്കെ കാണും. മരുന്നുകള്‍ സൂക്ഷിക്കുന്ന അലമാരയില്‍നിന്നു കാലഹരണപ്പെട്ട മരുന്നുകള്‍ മാറ്റാം. അതുപോലെ, അലമാരകളും വാര്‍ഡ്രോബുകളും തുറന്നാല്‍ നാം വര്‍ഷങ്ങളായി ഉപയോഗിക്കാത്ത പഴയ ടവ്വലുകളും ബെഡ്ഷീറ്റുകളും ഒക്കെ കാണും. ഇന്നത്തെക്കാലത്തു പഴയ വസ്ത്രമൊന്നും ആര്‍ക്കുംവേണ്ടായെന്നിരിക്കിലും അനാഥാലയങ്ങള്‍ക്കും മറ്റും ചിലപ്പോള്‍ ഇവയൊക്കെ ദാനം ചെയ്യാനായേക്കാം. 
    അടുക്കളയാണ് അലങ്കോലവസ്തുക്കളുടെ മറ്റൊരു കേന്ദ്രം. വര്‍ഷങ്ങളായി ഉപയോഗശൂന്യമായിക്കിടക്കുന്ന പാത്രങ്ങള്‍, ഉപകരണങ്ങള്‍, പഴയ മിക്‌സി, ഫ്രിഡ്ജ് ഇതൊക്കെ നമുക്കു ഡിസ്‌പോസ് ചെയ്യാം. ഇന്നത്തെ ക്കാലത്തു വീടുകളില്‍ ധാരാളമായി കുമിഞ്ഞുകൂടുന്ന മറ്റൊരിനമാണ് ഇലക്ട്രോണിക്‌വേസ്റ്റ്. ഉപയോഗശൂന്യമായ ബാറ്ററികള്‍, റേഡിയോകള്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഇതൊക്കെ ഒരു മിനിറ്റുപോലും വച്ചുകൊണ്ടിരിക്കാതെ റീസൈക്ലിങ്ങിനും മറ്റുമായി നല്‍കുക. വീടു കാലിയാക്കുക. 
    അലങ്കോലവസ്തുക്കള്‍ ഒഴിവാക്കി ഭവനങ്ങള്‍ വൃത്തിയാക്കുന്നതിനെക്കുറിച്ചു പ്രതിപാദിക്കുന്ന നൂറിലധികം പുസ്തകങ്ങള്‍ ഇന്നു പ്രചാരത്തിലുണ്ട്. അതില്‍ 'ദി ലൈഫ്‌ചേഞ്ചിങ് മാജിക് ഓഫ് ടൈഡിങ് അപ്' (ജീവിതം മാറ്റിമറിക്കുന്ന അദ്ഭുതപ്രതിഭാസം-വൃത്തിയാക്കലിന്റെ മാജിക്) എന്നൊരു ശ്രദ്ധേയമായ പുസ്തകത്തിലൂടെ മാരികോണ്ടോ എന്നൊരു ജപ്പാന്‍കാരി വളരെ രസകരമായ ഒരു തത്ത്വം നമ്മുടെ മുമ്പില്‍ വയ്ക്കുന്നുണ്ട്. ഇതിന്റെ കോടിക്കണക്കിനു കോപ്പികള്‍ ലോകത്തെമ്പാടും വിറ്റഴിഞ്ഞുകൊണ്ടിരിക്കുന്നു. ഒട്ടനേകംപേര്‍ക്ക് അനാവശ്യവസ്തുക്കള്‍ ഉപേക്ഷിക്കാന്‍ പ്രചോദനം തരുന്നതാണ് ഈ പുസ്തകം. 'കോന്‍മാരി' എന്നാണ് ഗ്രന്ഥകാരി ഈ രീതിക്കു പേരിട്ടിരിക്കുന്നത്.
കോന്‍മാരി എന്നാലെന്ത്?
ഇതുവരെ നമ്മുടെ കണ്ണുകളില്‍ തിളങ്ങിനിന്ന വസ്തുക്കള്‍ക്കു യാതൊരു ഉപയോഗസാധ്യതയുമില്ലെങ്കില്‍ അവയെ വലിച്ചെറിയാം; പകരം ആവശ്യമുള്ളതിനെ ചേര്‍ത്തുവയ്ക്കാം എന്നതാണ് 'കോന്‍മാരി' രീതി. നാം യഥാര്‍ഥത്തില്‍ ഇഷ്ടപ്പെടുന്ന വസ്തുക്കള്‍മാത്രം വീട്ടില്‍ വയ്ക്കാനാണ് ഈ തത്ത്വശാസ്ത്രം നമ്മെ പഠിപ്പിക്കുന്നത്. അനാവശ്യവസ്തുക്കള്‍ ഒഴിവാക്കിക്കഴിഞ്ഞാല്‍ ബാക്കിവസ്തുക്കള്‍ നമുക്കു കുറെക്കൂടി മെച്ചമായി, അടുക്കും ചിട്ടയോടുംകൂടി സൂക്ഷിക്കാനാകും.
നമ്മുടെ മനോഭാവത്തിനു വരുന്ന മാറ്റമാണ് ഇവിടെ സര്‍വപ്രധാനമായ കാര്യം. തുടര്‍ച്ചയായി അനാവശ്യമായത് ഉപേക്ഷിക്കാനുള്ള ഒരു പക്വചിന്തയാണ് രൂപപ്പെടേണ്ടത്, അല്ലാതെ വല്ലപ്പോഴും നാം ചെയ്തുതീര്‍ക്കുന്ന ഒരു ശുചീകരണപ്രക്രിയകൊണ്ടു കാര്യമില്ല.
ഇനംതിരിച്ചുവേണം ശുചീകരണം 
    തുണികള്‍ നാം പലയിടങ്ങളിലായിരിക്കും വച്ചിരിക്കുക. അവയെല്ലാം ഒന്നിച്ചുകൂട്ടി, ഇനംതിരിച്ചു വേണ്ടവിധം അടുക്കിവയ്ക്കാം. ചിലതൊക്കെ നാം ഉപേക്ഷിക്കുമ്പോള്‍ ബാക്കിവരുന്നത് ഒരു നല്ല ഓര്‍ഡറില്‍ വയ്ക്കണം. വേണ്ടവിധം അലക്കിത്തേച്ചു മടക്കിവച്ചാല്‍ കുറെ സ്ഥലം ലാഭിക്കാനും സാധിക്കും. 
സാധനങ്ങള്‍ സൂക്ഷിക്കുമ്പോള്‍ അതില്‍ ഒരു സൗന്ദര്യവും ലാളിത്യവും കൊണ്ടുവരണം. ഒരേ ഇനത്തിലുള്ള വസ്തുക്കള്‍ എളുപ്പത്തില്‍ എടുക്കാന്‍ പറ്റുന്നവിധം ഭംഗിയായി ഇനംതിരിച്ച് ഒരേയിടത്തുതന്നെ വയ്ക്കണം. ഒരു സാധനം അന്വേഷിച്ചു വീട്ടിലെ എല്ലാ മുറികളിലും ഓടിനടക്കേണ്ട സ്ഥിതിയുണ്ടാവരുത്. ഉദാഹരണത്തിന്, അടുക്കളയില്‍ ഗ്ലാസ്സുകളെല്ലാം ഒരിടത്തും, സ്റ്റീല്‍പാത്രങ്ങളെല്ലാം മറ്റൊരിടത്തും വയ്ക്കുക.
ജീവിതത്തിനു വരുന്ന വ്യതിയാനം 
    വേണ്ടുന്നതും വേണ്ടാത്തതുമൊക്കെ യഥേഷ്ടം മാര്‍ക്കറ്റു ചെയ്യുന്ന ഒരു ഉപഭോക്തൃസംസ്‌കാരത്തിനു നടുവിലാണ് നാം ജീവിക്കുന്നത്. അപ്പോഴാണ് ഒരു 'മിനിമലിസ'ത്തിന്റെ പ്രസക്തി ഏറിവരിക. കാലഹരണപ്പെട്ടതിനെയൊക്കെ മാറ്റി അടുക്കും ചിട്ടയും  കൊണ്ടുവരുമ്പോള്‍ ജീവിതത്തില്‍ സമഗ്രമായ മാറ്റങ്ങള്‍ നമുക്കനുഭവപ്പെടും.
   വൃത്തിയുള്ളിടത്തു സുഖനിദ്ര സാധ്യമാകും എന്നതുമാത്രമല്ല ഗുണം. നമ്മുടെ മുന്‍ഗണനകള്‍ ക്രമീകരിക്കാനും സമയനിഷ്ഠയനുസരിച്ചു കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനും ഇതുപകരിക്കും. നല്ല മൂഡിലായിക്കൊണ്ടു കൂടുതല്‍ പ്രചോദനങ്ങള്‍ സൃഷ്ടിക്കാനും ക്രിയാത്മകമായ ചിന്തകളിലൂടെ ജീവിതം മെച്ചപ്പെടുത്താനും ഇതു വഴിതുറക്കും. കൃത്യമായ സ്ഥലനിഷ്ഠകളുണ്ടെങ്കില്‍  നേരത്തേ പറഞ്ഞതുപോലെ അന്വേഷിച്ചു നടന്നു കണ്ടെത്താനുള്ള വ്യഥകള്‍ ഇല്ലാതാകും, മനോസംഘര്‍ഷങ്ങള്‍ കുറയും. വൃത്തിയുള്ള ഭവനങ്ങളിലേക്കു സുഹൃത്തുക്കള്‍ക്കു കടന്നുവരാന്‍ താത്പര്യമുണ്ടാകുന്നതുവഴി നമ്മുടെ ബന്ധങ്ങളെ അരക്കിട്ടുറപ്പിക്കുകയും ചെയ്യാം.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)