•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

ജനിച്ചവനും എന്നാല്‍ സൃഷ്ടിക്കപ്പെടാത്തവനും

നിഖ്യാസൂനഹദോസിന്റെ 1700-ാം വര്‍ഷം പ്രമാണിച്ച് നിഖ്യാസൂനഹദോസിനെയും നിഖ്യാവിശ്വാസപ്രമാണത്തെയുംകുറിച്ചുള്ള ഒരു പഠനപരമ്പര - 3
 
   കൗണ്‍സിലില്‍ പങ്കെടുത്ത ആരിയൂസ് തന്റെ പഠനങ്ങളില്‍ ഉറച്ചുനിന്നു. പതിനേഴുപേര്‍ അദ്ദേഹത്തിന്റെ പക്ഷത്തുണ്ടായിരുന്നു. അവരില്‍ പ്രമുഖന്‍ നിക്കോമേദിയായിലെ മെത്രാനായിരുന്ന എവുസേബിയൂസ് ആയിരുന്നു. വളരെ നീണ്ട ചര്‍ച്ചകളും വാഗ്വാദങ്ങളും നടന്നു. ആരിയൂസിനെ എതിര്‍ത്തവരില്‍ പ്രമുഖര്‍ അന്‍സീറാ (ഇപ്പോഴത്തെ അങ്കാറ)യിലെ മാര്‍സേലൂസ് മെത്രാനായിരുന്നു. ചെസറിയായിലെ എവുസേബിയൂസാണ് ആരിയൂസിനുള്ള ഉത്തരം കൃത്യമായി വിശ്വാസപ്രമാണത്തിന്റെ രീതിയില്‍ എഴുതിയുണ്ടാക്കി അവതരിപ്പിച്ചത്. പുത്രന്‍ പിതാവിനേക്കാള്‍ താഴെയല്ല എന്ന് അതില്‍ കൃത്യമായി അദ്ദേഹം സ്ഥാപിച്ചു. പുത്രന് പിതാവിന്റെതന്നെ 'സത്ത'യാണെന്നും സ്ഥാപിച്ചു. അവിടുന്ന് ദൈവത്തില്‍നിന്നുള്ള ദൈവവും, പ്രകാശത്തിന്റെ പ്രകാശവും, യഥാര്‍ഥദൈവവും, ജനിച്ചവനും, എന്നാല്‍ സൃഷ്ടിക്കപ്പെടാത്തവനുമാണെന്ന് എവുസേബിയൂസ് വാദിച്ചു. പിതാവിന്റെ സത്തതന്നെയാണു പുത്രന് (വീാീ ീൗശെീ)െ എന്ന് സംശയലേശമെന്യേ സ്ഥാപിച്ചു. തുടര്‍ന്ന്, ആരിയൂസിന്റെ പഠനങ്ങളെ ശപിച്ചു പുറംതള്ളി. നിഖ്യാവിശ്വാസപ്രമാണം എന്നു വിളിക്കുന്ന സഭയുടെ ഔദ്യോഗികപഠനം 325 ജൂണ്‍ 19 നാണ് അംഗീകരിച്ചത്. കൗണ്‍സിലില്‍ പങ്കെടുത്ത രണ്ടുപേര്‍ മാത്രമാണ് ഇത് അംഗീകരിക്കാതിരുന്നത്. അവരെയും ആരിയൂസിനോടൊപ്പം പുറത്താക്കി; ആരിയൂസിന്റെ പഠനങ്ങള്‍ കത്തിച്ചുകളഞ്ഞു. തുടര്‍ന്ന്, കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി നിഖ്യാവിശ്വാസപ്രമാണത്തെ രാജ്യത്തിന്റെ ഔദ്യോഗികനിയമമായി പ്രഖ്യാപിച്ചു നടപ്പിലാക്കി. 
1. നിഖ്യാ വിശ്വാസപ്രമാണം
   നിഖ്യായില്‍ സത്യവിശ്വാസത്തിന്റെ രത്‌നച്ചുരുക്കം രൂപീകൃതമായി. സത്യവിശ്വാസത്തിനെതിരേ ആഞ്ഞടിക്കുന്ന ഏതു കൊടുങ്കാറ്റിനെതിരേയും നിതാന്തജാഗ്രത പുലര്‍ത്തേണ്ടത് സഭാധികാരികളുടെ ഉത്തരവാദിത്വമാണ്. 'സത്യവിശ്വാസത്തിനു ഭംഗം വരാന്‍ പാടില്ല' എന്നും 'സത്യവിശ്വാസത്തില്‍ മായം ചേര്‍ക്കാന്‍ അനുവദിക്കരുത്' എന്നുമുള്ള ചിന്ത പിതാക്കന്മാരെ ഭരിച്ചിരുന്നതിനാല്‍ അവര്‍ ഒത്തുതീര്‍പ്പുകള്‍ക്കൊന്നും സന്നദ്ധരായിരുന്നില്ല. ഇന്നു നാം പ്രാര്‍ഥിക്കുന്ന നിഖ്യാവിശ്വാസപ്രമാണം സഭയുടെ അടിസ്ഥാനവിശ്വാസങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രാര്‍ഥനതന്നെയാണ്. അതിന്റെ ദൈവശാസ്ത്രപരമായ ആഴങ്ങളിലേക്കു നാം പലപ്പോഴും കടന്നുചെല്ലാറില്ല, ചിന്തിക്കാറുമില്ല. ആദ്യനൂറ്റാണ്ടുകളില്‍ ഒരാള്‍ മാമ്മോദീസാ സ്വീകരിക്കുന്നതിനുമുമ്പ് സഭയുടെ വിശ്വാസം ഏറ്റുപറയണമായിരുന്നു; തുടര്‍ന്ന്, അതനുസരിച്ചുള്ള ജീവിതവും. ഈ വിശ്വാസപ്രമാണത്തിലെ പല കാര്യങ്ങളുമായിരുന്നു അന്ന് അവര്‍ ഏറ്റുപറഞ്ഞിരുന്നത്; ഇന്നത്തെ രൂപത്തിലും ഭാവത്തിലും അല്ലായിരുന്നുവെന്നുമാത്രം. 
   ഇതിന്റെ അടിസ്ഥാനമായി നിലകൊള്ളുന്നത് ആരിയൂസിനു സഭ കൊടുത്ത മറുപടിയാണ്. ആരിയൂസിന്റെ തെറ്റായ ആശയങ്ങളെ ഇവിടെ തിരുത്തി സഭയുടെ ഔദ്യോഗികപഠനം വ്യക്തമാക്കുന്നു. സഭയുടെ വിശ്വാസസംബന്ധമായ എല്ലാ അടിസ്ഥാനകാര്യങ്ങളും ഇതില്‍ കാണില്ല; കാരണം നാലാം നൂറ്റാണ്ടിന്റെ, മതപീഡനം കഴിഞ്ഞുള്ള തൊട്ടടുത്ത കാലത്തിന്റെ പശ്ചാത്തലത്തില്‍ വേണം ഇതിനെ കാണാന്‍. ദൈവശാസ്ത്രവിശകലനം, വളര്‍ച്ച എന്നിവയെല്ലാം പിന്നീടാണല്ലോ ഉണ്ടാകുന്നത്. 
   ഈ വിശ്വാസപ്രമാണത്തില്‍ ശ്രദ്ധിക്കേണ്ട നാലു പ്രധാന ആശയങ്ങളാണുള്ളത്. അവ നാലും ആരിയൂസിനു കൊടുക്കുന്ന കൃത്യമായ ഉത്തരമാണ്. അവ യഥാക്രമം താഴെ കൊടുക്കുന്നു:
1. പുത്രന്‍ പിതാവില്‍നിന്നു ജനിച്ചവനാണ് 
(ex patre natum).
2. എല്ലാറ്റിനും മുമ്പുള്ളവന്‍/ യുഗങ്ങള്‍ക്കുമുമ്പേയുള്ളവന്‍ (ante omnia saeculum)ആണ്.
3. ജനിച്ചവനും എന്നാല്‍ സൃഷ്ടിക്കപ്പെടാത്തവനുമായ (genitum non fatum)  പുത്രന്‍ പിതാവിന്റെ സൃഷ്ടിയല്ല, പിതാവില്‍നിന്നു ജനിച്ചവനാണ്.
4. സാരാംശത്തില്‍ പിതാവിനോടു സമത്വമുള്ളവന്‍ (consubstantialem patri / homo ousios).. അതായത്, പുത്രന്‍ പിതാവിന്റെതന്നെ സത്തയാണ്.
'ഹോമോ ഉസിയോന്‍ തോ പാത്രി.' സത്തയില്‍ പിതാവിനോടു സമത്വമുള്ളവന്‍ എന്നത് അതേ വാക്കുകളില്‍ ബൈബിളില്‍ കാണുന്ന പ്രയോഗമല്ല. എന്നാല്‍, ഈ ആശയം വളരെ സ്പഷ്ടമായിത്തന്നെ വേദപുസ്തകത്തില്‍ കാണാം. 'ബര്‍ക്യാനാ', 'ബര്‍ഈസൂസ' എന്നീ പദങ്ങളാണ് സുറിയാനിയില്‍ കാണുന്നത്. തികച്ചും  വേദപുസ്തകാധിഷ്ഠിതമായ പദപ്രയോഗങ്ങള്‍കൊണ്ടൊരു വിശ്വാസപ്രമാണം ക്രോഡീകരിക്കുകയായിരുന്നു നിഖ്യായുടെ ആദ്യലക്ഷ്യം. എന്നാല്‍, അത് അസാധ്യമായിത്തീര്‍ന്നപ്പോള്‍ 'സമസത്ത' എന്ന പദം ഉപയോഗിച്ചു. തുല്യമായ സത്ത, ഒരേ സത്ത, ഒരേ സാരാംശം എന്നൊക്കെയാണ് ഇതിനര്‍ഥം. പിതാവും പുത്രനും ഒരാളല്ല, രണ്ടാളുകളാണ്; അതേസമയം, രണ്ടു സത്തയല്ല, ഒരേ സത്തയാണ് എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. 
2. കൗണ്‍സിലിലെ മറ്റു ചര്‍ച്ചാവിഷയങ്ങള്‍
ആരിയൂസിന്റെ അബദ്ധപ്രബോധനങ്ങള്‍ ചര്‍ച്ചചെയ്ത്, അതു തെറ്റാണെന്ന് കൗണ്‍സില്‍ അംഗങ്ങളെ ബോധ്യപ്പെടുത്തി, കൃത്യമായ ഉത്തരം സഭയുടെ ഔദ്യോഗികപഠനമായി പ്രഖ്യാപിക്കാന്‍ ഒരു മാസമെടുത്തു. മേയ് 20 ന് ആരംഭിച്ച കൗണ്‍സില്‍ ജൂണ്‍ 19 നാണ് ആര്യന്‍പ്രശ്‌നത്തിനു പരിഹാരമായി നിഖ്യാവിശ്വാസപ്രമാണം നിയമമാക്കിയത്. അടുത്ത ഒരു മാസം മറ്റു ചില ചെറിയ പ്രശ്‌നങ്ങളാണു ചര്‍ച്ചചെയ്തത്. ഉയിര്‍പ്പുതിരുനാള്‍ ഏതു ഞായറാഴ്ച ആചരിക്കണം എന്നതായിരുന്നു ഒരു വിഷയം. ഉയിര്‍പ്പുഞായര്‍ കണക്കാക്കുന്ന, ഇപ്പോള്‍ നിലനില്‍ക്കുന്ന രീതി, ഈ കൗണ്‍സിലിലാണ് നടപ്പിലാക്കിയത്. കത്തോലിക്കാസഭയില്‍ വിവിധ സഭകളില്‍ ഉയിര്‍പ്പുതിരുനാള്‍ ആദ്യനൂറ്റാണ്ടുകളില്‍ ഒരേ സമയത്തല്ല ആചരിച്ചിരുന്നത്. ആദ്യം ആചരിച്ചുതുടങ്ങിയ തിരുനാള്‍ ഇതായിരുന്നു. എന്നാല്‍, ഇത് എന്നായിരിക്കണമെന്ന കാര്യത്തില്‍ തര്‍ക്കങ്ങളുണ്ടായി. അലക്‌സാണ്ട്രിയന്‍സഭയില്‍ 19 വര്‍ഷചക്രവും റോമന്‍സഭയില്‍ 84 വര്‍ഷചക്രവുമാണ് ഉപയോഗിച്ചിരുന്നത്. ഞായറാഴ്ചയാണെങ്കില്‍ നീസാന്‍ മാസം 15-ാം തീയതിതന്നെ അലക്‌സാണ്ട്രിയായില്‍ ഉയിര്‍പ്പ് ആചരിക്കാമായിരുന്നു. മറ്റു സഭകളില്‍ 16 നുശേഷമേ അതു പാടുണ്ടായിരുന്നുള്ളൂ. അലക്‌സാണ്ട്രിയന്‍സഭയില്‍ മുമ്പോട്ട് ഏപ്രില്‍ 25 വരെയാകാം; റോമാസഭയില്‍ 21 വരെ മാത്രവും. 387 ല്‍ ഫ്രാന്‍സില്‍ മാര്‍ച്ച് 21 നും ഇറ്റലിയില്‍ ഏപ്രില്‍ 18 നും അലക്‌സാണ്ട്രിയായില്‍ ഏപ്രില്‍ 25 നും ഉയിര്‍പ്പ് ആചരിച്ചിരുന്നതായി വി. അഗസ്റ്റിന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
പില്‍ക്കാലത്ത് റോം കൂടുതല്‍ കൂടുതല്‍ അലക്‌സാണ്ട്രിയന്‍രീതി സ്വീകരിച്ചു. കൗണ്‍സില്‍ കാലത്ത്, അന്നത്തെ പ്രധാന പഠനകേന്ദ്രമായിരുന്ന അലക്‌സാണ്ട്രിയായിലെ മെത്രാനെയാണ് ഓരോ വര്‍ഷവും ഈസ്റ്റര്‍ഞായര്‍ എന്നായിരിക്കണം എന്നു കണക്കുകൂട്ടി കണ്ടുപിടിച്ച് അറിയിക്കാന്‍ നിഖ്യാകൗണ്‍സില്‍ ഉത്തരവാദിത്വപ്പെടുത്തിയത്. അലക്‌സാണ്ട്രിയായിലെ മെത്രാന്‍ ഇപ്രകാരം ഓരോ വര്‍ഷവും അറിയിക്കുന്നത് രാജ്യനിയമമായിരിക്കുമെന്നുകൂടി കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി നിഖ്യാ സൂനഹദോസില്‍ പ്രഖ്യാപിച്ചു. പിന്നീട് 525 ല്‍ ഡയനീഷ്യസ് എക്‌സിഗൂസ് അലക്‌സാണ്ട്രിയന്‍രീതി അനുസരിച്ച് റോമന്‍രീതി മാറ്റുകയും ഐകരൂപ്യം വരുത്തുകയും ചെയ്തു.
   വൈദികരും മെത്രാന്മാരും അവിവാഹിതരായിരിക്കണം എന്ന നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ഈ കൗണ്‍സില്‍ ശ്രമിച്ചു എന്നാണ് ഗ്രീക്കുസഭാചരിത്രകാരനായ സൊക്രാറ്റസ് പറയുന്നത്. വൈദികസ്ഥാനത്തുള്ളവര്‍ ബ്രഹ്‌മചര്യവ്രതം പാലിക്കണം, വൈവാഹികജീവിതം പാടില്ല എന്ന തരത്തില്‍ ഒരു നിയമം നിഖ്യായില്‍ പാസാക്കാന്‍ കൊര്‍ദോവയിലെ മെത്രാനായിരുന്ന ഹോസിയൂസാണ് ശ്രമിച്ചത്. എന്നാല്‍, തേയ്ബസിലെ മെത്രാനായിരുന്ന പഫ്‌നൂസിയൂസ് ഇതിനെ എതിര്‍ത്തു. ജീവിതകാലം മുഴുവന്‍ വളരെ താപസജീവിതം നയിക്കുകയും ബ്രഹ്‌മചാരിയായി ജീവിക്കുകയും വളരെ പീഡനങ്ങള്‍ സഹിക്കുകയും ചെയ്ത പഫ്‌നൂസിയൂസിനെ എതിര്‍ത്ത് നിയമം പാസാക്കാന്‍ ആരും മുതിര്‍ന്നില്ല. അദ്ഭുതപ്രവര്‍ത്തകനായ പഫ്‌നൂസിയൂസിനെ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി വളരെ ബഹുമാനിച്ചിരുന്നു. ഡയക്ലീഷ്യന്റെ മതപീഡനകാലത്ത് അദ്ദേഹത്തിന്റെ ഒരു കണ്ണ് നഷ്ടപ്പെട്ടിരുന്നു. കോണ്‍സ്റ്റന്റൈന്‍ചക്രവര്‍ത്തി ആ കണ്‍കുഴിയില്‍ ചുംബിച്ചിരുന്നു. 'അനാവശ്യമായ' ഭാരമേറിയ ഈ നുകം വൈദികരുടെമേല്‍ വയ്ക്കരുത്' എന്ന് പഫ്‌നൂസിയൂസ് പ്രസ്താവിച്ചു. അതിനാല്‍, വൈദികബ്രഹ്‌മചര്യം ഈ കൗണ്‍സിലില്‍ നിയമമാക്കിയില്ല. പകരം, പൗരസ്ത്യപാരമ്പര്യം തുടരാന്‍ തീരുമാനമായി. അതനുസരിച്ച്, വൈദികപട്ടം സ്വീകരിച്ചതിനുശേഷം ആരും വിവാഹം കഴിക്കാന്‍ പാടില്ല എന്ന നിയമം പൊതുവെ എല്ലാവരും അംഗീകരിച്ചു. 
   വിവാഹം കഴിച്ചശേഷം പട്ടം സ്വീകരിക്കുന്നവര്‍ ഭാര്യയെ ഉപേക്ഷിക്കാന്‍ പാടില്ല എന്നു തീരുമാനിച്ചു. ഗ്രീക്കുസഭയില്‍ ശെമ്മാശപട്ടം കിട്ടിയശേഷമാണ് വിവാഹം കഴിക്കുന്നത്. അതിനുമുമ്പു വേണമെങ്കില്‍ മെത്രാന്റെ അനുവാദം വാങ്ങിയിരിക്കണം. വിവാഹിതരായ വൈദികര്‍ക്ക് ആ സ്ഥിതി തുടരാന്‍ കൗണ്‍സില്‍ അവകാശം കൊടുത്തു. പില്‍ക്കാലത്ത്, പാശ്ചാത്യസഭ ബ്രഹ്‌മചര്യനിയമം കര്‍ക്കശമാക്കി. 'വൈദികസ്ഥാനത്തുള്ളവര്‍ വിവാഹജീവിതത്തില്‍നിന്ന് അകന്നിരിക്കണം; വിവാഹിതരാണെങ്കില്‍ ഭാര്യയില്‍നിന്ന് അകലണം' എന്ന നിയമം കൊണ്ടുവന്നു. ഗ്രീക്കുസഭ അത്തരം വിലക്കുകളൊന്നും നല്കിയില്ല. വൈദികര്‍ക്കു രണ്ടാം വിവാഹം ഗ്രീക്കുസഭയില്‍ അനുവദിച്ചിരുന്നില്ല. 
3. നിഖ്യാകൗണ്‍സിലിലെ കാനോനകള്‍
    നിഖ്യാവിശ്വാസപ്രമാണവും മറ്റു ചില കാര്യങ്ങളിലുള്ള തീരുമാനവും കൂടാതെ സഭാനടത്തിപ്പും  സഭാഭരണവും സംബന്ധിച്ച് 20 തീരുമാനങ്ങളാണ് ഈ കൗണ്‍സിലില്‍ എടുത്തത്. കൗണ്‍സിലിലെ ഈ തീരുമാനങ്ങളെ 'കാനോനകള്‍' എന്നാണു വിശേഷിപ്പിച്ചത്. നിയമം നടപ്പിലാക്കേണ്ടത്, യോജിച്ചവ എന്നൊക്കെയാണ് 'കാനോന' എന്ന ഗ്രീക്കുവാക്കിന് അര്‍ഥം. സഭയുടെ ജീവിതക്രമം സംബന്ധിച്ച് ചര്‍ച്ചചെയ്തു നടപ്പിലാക്കുന്ന തീരുമാനങ്ങള്‍ക്ക് അങ്ങനെ കാനോന എന്ന പദം അന്നുമുതല്‍ പ്രയോഗത്തില്‍ വന്നു. അതുവരെ ഉണ്ടായിരുന്ന മതപീഡനകാലത്തേതില്‍നിന്നു തുലോം വ്യത്യസ്തമായ ഒരു കാലം സഭയില്‍ ഉണ്ടാവുകയാണ്. മതപീഡനകാലത്ത് ഔദ്യോഗികമായി സമ്മേളിച്ച് പൊതുവായ തീരുമാനങ്ങള്‍ സഭാനടത്തിപ്പു സംബന്ധിച്ച് എടുക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ റോമന്‍ ചക്രവര്‍ത്തിയുടെതന്നെ നേതൃത്വത്തില്‍ മെത്രാന്മാര്‍ എല്ലാവരും ഒരുമിച്ചുകൂടി തീരുമാനങ്ങളെടുത്ത്, അവ കാനോനകളായി (നിയമങ്ങളായി)ത്തീര്‍ന്നു എന്നത് വലിയ കാര്യംതന്നെയാണ്. റോമാസാമ്രാജ്യം ക്രൈസ്തവമായിത്തീര്‍ന്നതോടെ ഈ കാനോനകളെല്ലാം (സഭാനിയമങ്ങള്‍) രാജ്യനിയമങ്ങള്‍തന്നെയായിത്തീര്‍ന്നു എന്നതാണ് ഇവയുടെ മറ്റൊരു പ്രത്യേകത. 
    നിഖ്യായില്‍ പ്രാബല്യത്തില്‍ കൊണ്ടുവന്ന ഇരുപതു കാനോനകള്‍ അന്നത്തെ വിവിധങ്ങളായ വിഷയങ്ങള്‍ സംബന്ധിക്കുന്നവയായിരുന്നു. 1, 2, 3, 9, 10, 17, 18, 20 കാനോനകള്‍ വൈദികരെയും മെത്രാന്മാരെയും സംബന്ധിച്ചും, 4, 5, 6, 7 എന്നിവ മെത്രാന്മാരുടെ അധികാരവിനിയോഗത്തെ സംബന്ധിച്ചും 15, 16 എന്നിവ ഒരു രൂപതയില്‍നിന്നു മറ്റൊരു രൂപതയിലേക്കുള്ള മെത്രാന്മാരുടെ സ്ഥലംമാറ്റത്തെ സംബന്ധിച്ചും, 8 നൊവേഷ്യന്‍പാഷണ്ഡികള്‍, കത്താരികള്‍, ലിചിനൂസിന്റെ കാലത്തെ മതത്യാഗികള്‍ എന്നിവരെ സംബന്ധിച്ചും, 19 പൗളിനിസ്റ്റുകള്‍ എന്നിവരെ സംബന്ധിച്ചുമായിരുന്നു. 
    ഇവയില്‍ രണ്ടാമത്തെ കാനന്‍ പറയുന്നത് ക്രിസ്തുമതത്തിനു സ്വാതന്ത്ര്യം കിട്ടിയശേഷം ക്രിസ്തുമതത്തിലേക്കു വരുന്നവരെപ്പറ്റിയാണ്. ഇവരില്‍ ചിലര്‍ അനുകൂലസാഹചര്യത്തെ മുതലെടുക്കാനായി ക്രിസ്ത്യാനികളാകുന്നവരാണ് എന്നാണ് ഈ കാനന്‍ പറയുക. അതിനാല്‍, അവരോടുള്ള സമീപനം സൂക്ഷിച്ചുവണം എന്നു കൗണ്‍സില്‍ പറയുന്നു. അവരില്‍നിന്നു വൈദികരെയോ മെത്രാന്മാരെയോ തിരഞ്ഞെടുക്കുന്നത് വളരെ നീണ്ടകാലത്തെ പരിശോധനയ്ക്കുശേഷമായിരിക്കണമെന്ന് കൗണ്‍സില്‍ അനുശാസിക്കുന്നു. ഒരു വൈദികന് സ്വഭവനത്തില്‍ അമ്മയെയോ സഹോദരിയെയോ ആന്റിയെയോ തനിക്ക് ഉതപ്പിനു കാരണമാകില്ല എന്നു തീര്‍ച്ചയുള്ള ഏതു വ്യക്തിയെയും താമസിപ്പിക്കാം എന്നാണ് 3-ാം കാനന്‍ പറയുക. കുറഞ്ഞത് മൂന്നു മെത്രാന്മാര്‍ ചേര്‍ന്നു വേണം ഒരാളിനു മെത്രാന്‍പട്ടം കൊടുക്കാന്‍ എന്ന് 4-ാം കാനന്‍ പറയുന്നു.
    കാനന്‍ ആറില്‍ അലക്‌സാണ്ട്രിയായിലെ മെത്രാന് റോമിലെ മെത്രാനു തുല്യമായ പ്രാധാന്യം കൊടുക്കാന്‍ എടുത്ത തീരുമാനമാണ്. അതനുസരിച്ച് ഈജിപ്ത്, ലിബിയ, തെബെയ്ഡ് മെത്രാന്മാര്‍ അലക്‌സാണ്ട്രിയന്‍ മെത്രാനു കീഴിലായിരിക്കും. അങ്ങനെ അലക്‌സാണ്ട്രിയന്‍മെത്രാന് ഒരു പാത്രിയാര്‍ക്കീസിന്റെ പദവി ഇതുവഴി അംഗീകരിച്ചു കൊടുക്കുകയായിരുന്നു. 11-ാം കാനന്‍ ലിചിനൂസ് ചക്രവര്‍ത്തി റോം ഭരിക്കുന്ന കാലത്തെ മതമര്‍ദനത്തോടനുബന്ധിച്ച് ക്രിസ്തുമതം ഉപേക്ഷിച്ചവരെ സംബന്ധിച്ചുള്ളതായിരുന്നു. 12 വര്‍ഷത്തെ അനുതാപത്തിനുശേഷം അവരെ വീണ്ടും ക്രിസ്തുമതത്തിലേക്കു സ്വീകരിച്ചാല്‍ മതി എന്ന് ഈ കാനന്‍ പറയുന്നു. ഈ 12 വര്‍ഷപശ്ചാത്താപത്തിന്റെ കാലത്തെ മൂന്നു ഘട്ടങ്ങളായാണ് ഈ കാനോന തിരിച്ചിരിക്കുന്നത്. അന്യായപ്പലിശ വാങ്ങുന്നതിന് എതിരെയുള്ളതാണ് 17-ാം കാനോന. പിന്നീടു വന്ന പല കൗണ്‍സിലുകളിലും ചര്‍ച്ച ചെയ്തിട്ടുള്ള ഒരു പ്രധാന വിഷയമാണിത്. ഞായറാഴ്ചയും ഉയിര്‍പ്പുകാലത്തും വിശ്വാസികള്‍ നിന്നുകൊണ്ട് പ്രാര്‍ഥനയില്‍ പങ്കുകൊള്ളണമെന്ന് 20-ാം കാനന്‍ അനുശാസിക്കുന്നു. 
 
(തുടരും)
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)