•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

യുജിസി കരടുചട്ടം: ന്യൂനപക്ഷമാനേജുമെന്റുകള്‍ ഇനി വെറും കാഴ്ചക്കാരോ?

    കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ 2025 ജനുവരി 6 ന് പുറത്തിറക്കിയ Draft UGC (Minimum Qualifications for Appointment and Promotion of Teachers and Academic Staff in Universities and Colleges and Measures for the Maintanance of Standards in Higher Education) Regulations, 2025  എ കരട് ചട്ടം, ഭരണഘടനാവിരുദ്ധവും ന്യൂനപക്ഷവിരുദ്ധവുമാകുന്നുവോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
    എന്‍.ഇ.പി. 2020 ന്റെ ചുവടുപിടിച്ച് ഉന്നതവിദ്യാഭ്യാസരംഗത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രകടിപ്പിക്കുന്ന താത്പര്യം ശ്ലാഘനീയമാണ്. 
പക്ഷേ, ഒരു പുതിയ ചട്ടമോ, നിയമമോ നടപ്പിലാക്കുമ്പോള്‍ അതു ഭരണഘടനാവിരുദ്ധമോ, ആ പരമോന്നതനിയമഗ്രന്ഥത്തിന്റെ ചൈതന്യത്തിനു നിരക്കാത്തതോ ആവാന്‍ പാടില്ല. 
കരടുചട്ടവും ഫെഡറലിസവും
ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നത് ഒരു ഫെഡറല്‍സംവിധാനമാണ്. ഫെഡറലിസത്തിന്റെ ഭാഗമായി യൂണിയന്‍ ലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ്, കണ്‍കറന്റ് ലിസ്റ്റ് എന്നിങ്ങനെ നിയമനിര്‍മാണാധികാരങ്ങള്‍ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി സംരക്ഷിച്ചുവരുന്നു.
വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റിലുള്ള വിഷയമായതുകൊണ്ട്, സംസ്ഥാനങ്ങളുടെ താത്പര്യവും അഭിപ്രായവും അറിഞ്ഞുകൊണ്ടുവേണം ഗുണമേന്മാമാനദണ്ഡങ്ങള്‍ ആവിഷ്‌കരിക്കാന്‍. അല്ലെങ്കില്‍, യുജിസിയുടെ സമീപനം ഏകപക്ഷീയവും, ഫെഡറല്‍തത്ത്വങ്ങള്‍ക്കു വിരുദ്ധവുമാണെന്നു പറയേണ്ടിവരും. വിദ്യാഭ്യാസഗുണനിലവാരവര്‍ധന കേന്ദ്രത്തിന്റെമാത്രം പരിഗണനയാകേണ്ട വിഷയമല്ല. പുതിയ കരടുചട്ടങ്ങള്‍വഴി സംസ്ഥാനസര്‍ക്കാര്‍ ശമ്പളം നല്‍കുന്ന ഒരു സ്ഥാപനംമാത്രമായി തരംതാണിരിക്കുന്നു.
കരടുചട്ടവും വൈസ് ചാന്‍സലര്‍ നിയമനവും
    2018 ലെ യുജിസി നിയമമാണ് നിലവില്‍ വൈസ് ചാന്‍സലര്‍ നിയമനത്തിനു ബാധകമായിട്ടുള്ളത്. അത് അസ്ഥിരപ്പെടുത്തിക്കൊണ്ടാണ് പുതിയ നിയമം വരുന്നത്. ഇപ്പോഴത്തെ നിയമമനുസരിച്ച് വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്ക് ഒരു മുന്‍കൈ ഉണ്ട്. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ അത് വിദഗ്ധമായി ഉപയോഗിക്കുന്നുമുണ്ട്. എന്നാല്‍, 2025 ലെ കരടുനിയമം വൈസ് ചാന്‍സലര്‍ നിയമനത്തിലെ സംസ്ഥാന സര്‍ക്കാരിന്റെ പങ്ക് പൂര്‍ണമായും ഇല്ലാതാക്കിയിരിക്കുന്നു. ഇനി കളിക്കളത്തില്‍ കേന്ദ്രസര്‍ക്കാര്‍ മാത്രമേയുള്ളൂ. അവരുടെ ഇഷ്ടങ്ങളും താത്പര്യങ്ങളും മാത്രമാകും അവര്‍ നിയമിച്ച ചാന്‍സലര്‍/ഗവര്‍ണര്‍വഴി നടപ്പാക്കുക.
വൈസ് ചാന്‍സലറുടെ യോഗ്യതയെക്കുറിച്ച് വലിയ കാര്യങ്ങളാണ് കരടുനിയമത്തിലുള്ളത്. ഉന്നതവിദ്യാഭ്യാസയോഗ്യതയുള്ള പ്രഗല്ഭനായിരിക്കണം, ഭരണത്തില്‍ നേതൃത്വപാടവം തെളിയിച്ചവനായിരിക്കണം, ഭരണഘടനാമൂല്യങ്ങളോടു കൂറു വേണം, സാമൂഹികപ്രതിബദ്ധതയും സംഘബോധവും വൈവിധ്യങ്ങളെ അംഗീകരിക്കാനുള്ള  മനസ്സും ഉണ്ടാവണം എന്നിങ്ങനെ പോകുന്നു യോഗ്യതകള്‍. കൂടാതെ, ഉന്നതവിദ്യാഭ്യാസസ്ഥാപനത്തില്‍ പത്തു വര്‍ഷത്തെ പ്രൊഫസര്‍ഷിപ്പ് അല്ലെങ്കില്‍ ഉന്നത ഗവേഷണ അക്കാദമിക് ഭരണസ്ഥാപനങ്ങളില്‍ സീനിയര്‍ തരത്തില്‍ സേവനം.
  എന്നാല്‍, ഇനിമുതല്‍ വിദ്യാഭ്യാസവിദഗ്ധര്‍ക്കുമാത്രമല്ല  വൈസ് ചാന്‍സലര്‍ നിയമനം ലഭിക്കാവുന്നത്. വ്യവസായം, പൊതുഭരണം, പൊതുനയം, പൊതുമേഖലാസ്ഥാപനങ്ങള്‍ എന്നീ മേഖലകളില്‍ കഴിവും അക്കാദമിക് പ്രാഗല്ഭ്യവും തെളിയിച്ചവര്‍ക്കും വൈസ് ചാന്‍സലറാവാനുള്ള സാധ്യത കരടുരേഖ വെളിപ്പെടുത്തുന്നു.
   ഇതുവഴി, അക്കാദമിക് താത്പര്യങ്ങളെക്കാള്‍ കോര്‍പറേറ്റ് താത്പര്യങ്ങള്‍ക്കും വ്യക്തിതാത്പര്യങ്ങള്‍ക്കും ചില സംഘടനകളുടെ താത്പര്യങ്ങള്‍ക്കുമാണ് മുന്‍ഗണന ലഭിക്കുന്നത് എന്നു വായിച്ചെടുക്കാനാകും. പ്രത്യേകിച്ച്, ചങ്ങാത്തമുതലാളിത്തവും ഇതര സങ്കുചിതതാത്പര്യങ്ങളും കളം നിറഞ്ഞാടുന്ന വര്‍ത്തമാനകാല ഇന്ത്യയില്‍.
സംസ്ഥാനങ്ങളിലെ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തില്‍ സംസ്ഥാനസര്‍ക്കാരിന് ഒരു പങ്കുമില്ല എന്ന് 'കരട്' വ്യക്തമാക്കുന്നുണ്ട്. ചാന്‍സലറായ ഗവര്‍ണറാണ് മൂന്നു വിദഗ്ധര്‍ അടങ്ങുന്ന സേര്‍ച്ച് കമ്മിറ്റി രൂപീകരിക്കുന്നത്. മൂന്നു വിദഗ്ധരില്‍ ഒരാള്‍ ഗവര്‍ണറുടെ നോമിനിയാണ്. ഒരാള്‍ യുജിസി ചെയര്‍മാന്റെ നോമിനി, അടുത്തയാള്‍ സിന്‍ഡിക്കേറ്റിന്റെ ഒരു പ്രതിനിധി. മൂന്നില്‍ രണ്ടും കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ളവരാണ്. കമ്മിറ്റി അഭിമുഖം നടത്തി 3-5 പേരുടെ പാനല്‍ ചാന്‍സലര്‍ക്കു നല്‍കും. അതില്‍നിന്ന് ഒരാളെ ചാന്‍സലര്‍, വൈസ് ചാന്‍സലറായി നിയമിക്കും. നിയമിച്ച വ്യക്തിക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്ന ഒരു എ.റ്റി.എം. മാത്രമായി സംസ്ഥാനസര്‍ക്കാര്‍ നിലകൊള്ളും. ഫെഡറലിസത്തിന്റെ അന്തഃസത്തയ്ക്കു വിരുദ്ധമായി എല്ലാം കൈപ്പിടിയില്‍ ഒതുക്കുന്ന യൂണിറ്ററി ശൈലിയാണിത്.
കരടുനിയമവും ന്യൂനപക്ഷസ്ഥാപനങ്ങളും
     ഇന്ത്യന്‍ ഭരണഘടനയുടെ 30-ാം വകുപ്പ് മത, ഭാഷാ, ന്യൂനപക്ഷങ്ങള്‍ക്കു വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്ഥാപിക്കാനും ഭരണം നടത്താനുമുള്ള അവകാശം നല്‍കിയിട്ടുണ്ട്. അത്തരം സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്കും പ്രവേശനത്തിനുമുള്ള അധികാരം വിവിധ കോടതിവിധികളിലൂടെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 
എന്നാല്‍, 'കരടുനിയമം' എല്ലാ സര്‍ക്കാര്‍, ഭൂരിപക്ഷ, ന്യൂനപക്ഷ സ്ഥാപനങ്ങളെയും ഒരേപോലെയാണ് കാണുന്നത്. ന്യൂനപക്ഷാവകാശമെന്നോ സ്ഥാപനമെന്നോ ഉള്ള ഒരു പരാമര്‍ശം എന്‍.ഇ.പി. 2020 ലും ഇല്ലാത്തതുപോലെ കരടുനിയമത്തിലും ഇല്ല. ന്യൂനപക്ഷസ്ഥാപനങ്ങളുടെ ഭരണഘടനാപരമായ പരിരക്ഷ ഒരു നിയമനിര്‍മാണത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ കവര്‍ന്നെടുത്തിരിക്കുകയാണ്. ഇത് ന്യൂനപക്ഷങ്ങളുടെ ഭരണഘടനാവകാശത്തിന്റെ ധ്വംസനമാണ്.
പ്രിന്‍സിപ്പല്‍ - അധ്യാപകനിയമനങ്ങളെല്ലാം അഖിലേന്ത്യാതലത്തില്‍മാത്രമാവണമെന്നു ശഠിക്കുമ്പോള്‍ സമുദായാംഗങ്ങളില്‍നിന്നു ലഭിച്ച സംഭാവനയിലൂടെ പണിതുയര്‍ത്തിയ ക്രൈസ്തവകലാലയങ്ങള്‍, തങ്ങള്‍ക്ക് അന്യമാകുന്നതായിട്ടാണ് പ്രാദേശികസഭയ്ക്ക് അനുഭവപ്പെടുന്നത്. യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ ചെയ്യേണ്ട സേവനമാണ് ആളും അര്‍ഥവും ഉപയോഗിച്ചു സഭ ചെയ്യുന്നത്. അവരുടെ സംഭാവനയ്ക്ക് ഒരു പരിഗണനയും ഇല്ലാതെയായി. ഈ അവസരത്തില്‍ 1972 ലെ വിദ്യാഭ്യാസസമരകാലത്ത് പ്രൈവറ്റ് കോളജ് മാനേജുമെന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി ഫാ. വള്ളമറ്റം പറഞ്ഞത് ഓര്‍മയിലെത്തുകയാണ്: ''നിയമനാധികാരമില്ലാതെ കെട്ടിടം പണിയാനും പാലിക്കാനുംമാത്രമുള്ള അധികാരം വിദ്യാഭ്യാസാവകാശമല്ല. മാനേജുമെന്റു നിയമിക്കുന്ന അധ്യാപകരില്ലാത്ത കലാലയങ്ങള്‍ വാടക നല്‍കാതെ സര്‍ക്കാരിന് ഉപയോഗിക്കാവുന്ന കെട്ടിടങ്ങള്‍മാത്രമാണ്.'' അച്ചന്റെ നിരീക്ഷണത്തിന്റെ കാലികപ്രസക്തി കരടു വായിക്കുമ്പോള്‍ കൂടുതല്‍ തെളിഞ്ഞുവരും.
    കേരളത്തിലെ ന്യൂനപക്ഷ എയ്ഡഡ് കോളജുകളില്‍ പ്രിന്‍സിപ്പല്‍ - അധ്യാപകനിയമനങ്ങള്‍ നടക്കുന്നത് 1972 ലെ ഡിറക്ട് പേയ്‌മെന്റ് എഗ്രിമെന്റിന്റെ അടിസ്ഥാനത്തിലാണ്. മാനേജ്‌മെന്റിന്റെ അവകാശങ്ങള്‍ ഒരു പരിധിവരെ സംരക്ഷിക്കപ്പെടുന്ന ഈ ഉടമ്പടിക്ക് ഇനി കടലാസിന്റെ വിലപോലും ഉണ്ടാവില്ല. നിയമനങ്ങളില്‍, യോഗ്യതയുള്ള കമ്മ്യൂണിറ്റിയംഗങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന പരിഗണന തുടര്‍ന്നു ലഭിക്കില്ല.
ഒരു കലാലയത്തിന്റെ മുമ്പോട്ടുള്ള വളര്‍ച്ചയും അച്ചടക്കവും പരിപാലനസാമര്‍ഥ്യവും നേതൃപാടവവും കണക്കിലെടുത്താണ് നിലവിലെ നിയമങ്ങളനുസരിച്ച് ഇപ്പോള്‍ മാനേജുമെന്റുകള്‍ പ്രിന്‍സിപ്പലിനെ നിയമിക്കുന്നത്. പ്രാദേശികചിന്തയും സമുദായപരിഗണനയും തീര്‍ത്തും ഇല്ലായെന്നും പറയാനാകില്ല. എന്നാലും വര്‍ത്തമാനകാലനിയമവ്യവസ്ഥകള്‍ പാലിക്കപ്പെടുന്നുണ്ട്. എന്നാല്‍, ഇനിമുതല്‍ യോഗ്യതയുള്ള ഏതു പൗരനും അപേക്ഷിക്കാം എന്നു വരുമ്പോള്‍ സ്ഥാപനം ആരംഭിച്ചു നടത്തുന്ന മാനേജുമെന്റിന്റെ താത്പര്യങ്ങള്‍ക്കു പരിഗണന ലഭിക്കാതെ പോകും.
പ്രിന്‍സിപ്പല്‍നിയമനം: 
കാഴ്ചക്കാരാവുന്ന മാനേജുമെന്റുകള്‍

     വളരെ ഉന്നതമായ മാനദണ്ഡങ്ങളാണ് പ്രിന്‍സിപ്പല്‍ നിയമനത്തിനു നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. പി.എച്ച്.ഡി. ബിരുദം, പി.ജി. കോളജിലെ പ്രിന്‍സിപ്പലാകാന്‍ പ്രൊഫസര്‍ - അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ 15 വര്‍ഷത്തെ അധ്യാപന, ഗവേഷണയോഗ്യത നിര്‍ബന്ധം. പീയര്‍ റിവൂഡ് ജേര്‍ണലില്‍ മിനിമം പത്ത് ഗവേഷണപ്രബന്ധങ്ങള്‍ അല്ലെങ്കില്‍ ഒരു പുസ്തകത്തിലെ പത്ത് അധ്യായങ്ങളുടെ രചന അല്ലെങ്കില്‍ നാലു പുസ്തകങ്ങളുടെ ഗ്രന്ഥകര്‍ത്താവ് അല്ലെങ്കില്‍ എട്ടു പുസ്തകങ്ങളുടെ സഹഗ്രന്ഥകര്‍ത്താവ് അല്ലെങ്കില്‍ പത്ത് അംഗീകൃത പേറ്റന്റുകള്‍. പുസ്തകം അംഗീകൃത അക്കാദമിക് - പ്രൊഫഷണല്‍ പ്രസാധകര്‍ പ്രസിദ്ധീകരിച്ചതായിരിക്കണം. സ്വയം പ്രസിദ്ധീകരിച്ച പ്രബന്ധങ്ങളും പുസ്തകങ്ങളും സ്വീകാര്യമല്ല.
അഞ്ചുവര്‍ഷമായിരിക്കും പ്രിന്‍സിപ്പലിന്റെ കാലാവധി. ഒരു ടേംകൂടി ലഭിക്കാനുള്ള വകുപ്പുണ്ട്. 
അഖിലേന്ത്യാതലത്തിലെ പത്രപ്പരസ്യത്തിലൂടെയാവണം അപേക്ഷ ക്ഷണിക്കല്‍. പ്രിന്‍സിപ്പല്‍ സെലക്ഷന്‍ കമ്മിറ്റിയില്‍ താഴെപ്പറയുന്നവര്‍ അംഗങ്ങളായിരിക്കും. ഗവേണിങ് ബോഡിയുടെ ചെയര്‍മാന്‍, ഒരു ഗവേണിങ് ബോഡി അംഗം, വൈസ് ചാന്‍സലര്‍ നോമിനേറ്റ് ചെയ്യുന്ന പുറത്തുനിന്നുള്ള മൂന്നു വിദഗ്ധര്‍. അഞ്ച് അംഗങ്ങളുള്ള കമ്മിറ്റിയില്‍ നാലാണു ക്വോറം.
     പ്രിന്‍സിപ്പലിന് ശമ്പളം നല്‍കുന്ന സര്‍ക്കാരിന്റെ പ്രതിനിധി സെലക്ഷന്‍ കമ്മിറ്റിയില്‍ ഇല്ല. അഞ്ച് അംഗങ്ങളുള്ള കമ്മിറ്റിയില്‍ മാനേജുമെന്റിന്റെ രണ്ടു പ്രതിനിധികള്‍ മാത്രമേയുള്ളൂ. ഈ സാഹചര്യത്തില്‍ വൈസ്ചാന്‍സലര്‍ നോമിനേറ്റ് ചെയ്യുന്ന വിദഗ്ധരുടെ ഭൂരിപക്ഷം ഉപയോഗിച്ച് കേന്ദ്രസര്‍ക്കാരിന്റെ താത്പര്യം നടത്തിയെടുക്കാന്‍ കഴിയും എന്ന വാദം വെറുതേ തള്ളിക്കളയാനാവില്ല. ന്യൂനപക്ഷ മാനേജുമെന്റുകളടക്കമുള്ളവരുടെ നിയമനാധികാരമാണ് ഇതുവഴി ഇല്ലാതെയാകുന്നത്.
      നിശ്ചിതയോഗ്യതയുള്ളവരെ ലഭിക്കാന്‍ ഇപ്പോള്‍ത്തന്നെ പ്രയാസം നേരിടുമ്പോള്‍ ഉയര്‍ന്ന യോഗ്യതയുള്ളവരെ എവിടെനിന്നു കണ്ടെത്തുമെന്ന ചോദ്യം ഉയരുന്നുണ്ട്. അഥവാ കണ്ടെത്തിയാലും സ്വീകാര്യത ഉണ്ടാകുമോ? പ്രിന്‍സിപ്പല്‍നിയമനത്തില്‍ മാനേജുമെന്റിന്റെ സ്ഥാനം ഇനി കാഴ്ചക്കാരുടെ ഗാലറിയിലായിരിക്കും.
    നിലവിലുള്ള പ്രിന്‍സിപ്പല്‍ - അധ്യാപകനിയമന കമ്മിറ്റിയില്‍ സംസ്ഥാനസര്‍ക്കാരിന്റെ ഒരു പ്രതിനിധി ഉള്ളതുകൊണ്ട്, സര്‍ക്കാരിന്റെ കൈയൊപ്പുള്ള നിയമനങ്ങളാണു നടക്കുന്നതെന്നു നമുക്ക് കരുതാം. സര്‍വകലാശാലയുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് സംസ്ഥാനസര്‍ക്കാര്‍ മുടങ്ങാതെ ശമ്പളവും നല്‍കിവരുന്നു. കരടുനിയമത്തില്‍ 6/5 പേരുള്ള അധ്യാപകസെലക്ഷന്‍ കമ്മിറ്റിയില്‍ സര്‍ക്കാര്‍പ്രതിനിധിയായി ഒരാള്‍പോലും ഇല്ല. തങ്ങള്‍ അംഗീകരിക്കാത്ത നിയമനങ്ങള്‍ക്ക് തങ്ങള്‍ ശമ്പളം നല്‍കില്ല എന്ന തീരുമാനം സര്‍ക്കാര്‍ എടുത്താല്‍ കാര്യങ്ങള്‍ കുഴപ്പത്തിലാകും. നിയമനം നടത്തിയ കോളജുകളും ഭരണകൂടം നിയന്ത്രിക്കുന്ന ധനകാര്യ - ഉന്നത വിദ്യാഭ്യാസവകുപ്പുകളുമായി ശീതസമരത്തിനുള്ള വഴി തുറക്കാം. നിയമനം ലഭിച്ച വ്യക്തി ബലിയാടുമാകും.
കരടുനിയമത്തിലെ ഉരുക്കുദണ്ഡ്
    യുജിസി യുടെ പുതിയ നിബന്ധനകള്‍ ലംഘിച്ചാല്‍ കഠിനശിക്ഷയാണു നിര്‍ദേശിച്ചിരിക്കുന്നത്. യുജിസി നിയമിക്കുന്ന അന്വേഷണക്കമ്മീഷന്‍, ഏതെങ്കിലും ഉന്നതവിദ്യാഭ്യാസസ്ഥാപനം നിയമം ലംഘിച്ചു എന്നു കണ്ടെത്തിയാല്‍ യുജിസി യുടെ എല്ലാ അംഗീകാരവും റദ്ദാക്കും. ഡിഗ്രി പ്രോഗ്രാമുകള്‍ നടത്തുന്നതിനു വിലക്കുണ്ടാവും. ചുരുക്കത്തില്‍, അംഗീകാരമില്ലാത്ത സ്ഥാപനമായി അതു മാറും. അപ്പീലിനുപോലും സാധ്യതയില്ലാത്ത ശിക്ഷയാണ് യുജിസി നിഷ്‌കര്‍ഷിക്കുന്നത്. എന്നു പറഞ്ഞാല്‍, ഏതു വിധേനയും പുതിയ നിയമം നടപ്പാക്കുമെന്നു സാരം. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)