•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കഥ

തിരുശേഷിപ്പ്

  • ജോര്‍ജ് നെയ്യശ്ശേരി
  • 23 January , 2025

   ചൂരല്‍മല ഉരുള്‍പൊട്ടലിനുശേഷം അങ്ങനെയാണ്. ആ ജലബോംബ് സ്‌ഫോടനം വിമലിന്റെ ജീവിതചര്യകളെ ആകെ മാറ്റിമറിച്ചു.
വിവാഹിതനാകാനുള്ള തീരുമാനവുമായാണ് കഴിഞ്ഞവര്‍ഷത്തെ അവധിക്കാലത്ത് വിമല്‍ കരിപ്പൂരില്‍ വിമാനമിറങ്ങിയത്.
ദല്ലാളന്മാര്‍ പറഞ്ഞും സൈറ്റുകള്‍ പറഞ്ഞും ബ്യൂറോകള്‍ പറഞ്ഞും കുറെ പെണ്‍കുട്ടികളെ കണ്ടു. അവധിക്കാലത്തിന്റെ സിംഹഭാഗവും പെണ്ണുകാണലിനായി വിനിയോഗിച്ചു. ഒന്നും മനസ്സില്‍ പിടിച്ചില്ല. പെണ്ണുകണ്ടു നടന്ന് പനി പിടിച്ചതുമാത്രം മിച്ചം!
അടുത്തുള്ള ക്ലിനിക്കില്‍നിന്നു ഡോക്ടറെ കണ്ട് മരുന്നു വാങ്ങിയെങ്കിലും പനി കുറഞ്ഞില്ല. അതുകൊണ്ടാണ് ഹോളിഫാമിലി ഹോസ്പിറ്റലില്‍ അഡ്മിറ്റാകേണ്ടി വന്നത്. 
പനി കുറയാനായി ദിവസവും എത്രയാ ഇന്‍ജക്ഷന്‍. ചില നേഴ്‌സുമാര്‍ ഒരു മയവുമില്ലാതെയാണ് സൂചി കുത്തുന്നത്.
പക്ഷേ, സോഫി അങ്ങനെയല്ല. സോഫി സൂചിവയ്ക്കുമ്പോള്‍ വിമലിന് ഒട്ടും വേദന അനുഭവപ്പെടില്ല. മൃദുമന്ദഹാസത്തോടെ വേദനിച്ചോ എന്നു ചോദിച്ചുള്ള സോഫിയുടെ നോട്ടം വിമലിനെ ഹഠാദാകര്‍ഷിച്ചു.
കടുത്തപനിയില്‍ വെട്ടിവിറച്ചപ്പോള്‍ കമ്പിളി കൊടുത്തും ചുക്കുകാപ്പി കൊടുത്തും വിമലിനെ സോഫി നന്നായി ശുശ്രൂഷിച്ചു.
സോഫി സുന്ദരിയാണ്. മിടുക്കിയാണ്. എപ്പോഴും ചുണ്ടുകളില്‍ മന്ദഹാസം തങ്ങിനില്‍ക്കുന്നു. ഇതാ നിന്റെ പെണ്ണെന്ന് ദൈവം അവനോടു പറയുന്നതുപോലെ അനുഭവപ്പെട്ടു.
സോഫിയുടെ വീട് ചൂരല്‍മലയിലെ മുണ്ടക്കൈയിലാണ്. അപ്പച്ചനും അമ്മച്ചിയും സഹോദരനും സഹോദരഭാര്യയും അടങ്ങുന്നതാണ് സോഫിയുടെ കുടുംബം.
സോഫി വിദേശജോലിക്കു ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
പനി നല്‍കിയ ദൈവത്തിനു വിമല്‍ നന്ദി പറഞ്ഞു. പനി വന്നില്ലായിരുന്നെങ്കില്‍ ഒരിക്കലും സോഫിയെ കാണാന്‍ പറ്റില്ലായിരുന്നു എന്ന് അവന്‍ വിശ്വസിച്ചു. 
കതകില്‍ മുട്ടി കടന്നുവരുന്ന നേഴ്‌സ് എപ്പോഴും സോഫിയായിരിക്കണേ എന്ന അവന്‍ ആഗ്രഹിച്ചു. അവളെ കാണുമ്പോള്‍ അവന്റെ മുഖം പൂപോലെ വിടരും.
രണ്ടാഴ്ചത്തെ ഹോസ്പിറ്റല്‍വാസത്തില്‍ വിമലിന്റെ ഉള്ളില്‍ സോഫി ഇരിപ്പുറപ്പിച്ചു. എപ്പോഴും സോഫിയെ കാണാനുള്ള മോഹമുദിച്ചു. 
''ചേട്ടനൊരു സന്തോഷവാര്‍ത്ത. നാളെ ഡിസ്ചാര്‍ജ് എന്നാ ഡോക്ടര്‍ പറഞ്ഞത്.''
സോഫി പുഞ്ചിരിയോടെ പറഞ്ഞപ്പോള്‍ അവന്റെ മുഖത്തെ തെളിച്ചം കെട്ടു.
''വീട്ടില്‍പ്പോവുന്ന കാര്യം പറയുമ്പം എല്ലാ പേഷ്യന്റ്‌സിനും എന്തു സന്തോഷമാ. ചേട്ടനെന്താ ഇങ്ങനെ.''
അവള്‍ ഗൂഢസ്മിതത്തോടെ ആരാഞ്ഞു.
''അതെന്താണെന്നു ഞാന്‍ പറയാം. വീട്ടില്‍ ഏറ്റവും പ്രിയപ്പെട്ട ആള്‍ ഉള്ളവരാണ് വീട്ടിലേക്കു പോകാന്‍ തിടുക്കം കൂട്ടുന്നത്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ആള്‍ ഇവിടെയാ... എനിക്കിവിടെനിന്നു പോകാനേ തോന്നുന്നില്ല.''
സോഫി ചിരിച്ചുകൊണ്ട് അയാള്‍ക്കു കഴിക്കാനുള്ള ടാബ്‌ലറ്റ്‌സ് നല്‍കി.
''ഇവിടെ ആരാ ചേട്ടന്റെ പ്രിയപ്പെട്ട ആള്‍? വെറുതെ ഒന്ന് അറിയാന്‍ ചോദിച്ചതാ.''
അവള്‍ വീണ്ടും ചിരിച്ചു.
അവന്‍ അവളുടെ കണ്ണുകളിലേക്കു നോക്കി. അവിടെ സ്‌നേഹസാഗരം അവന്‍ കണ്ടു.
''ഞാന്‍ തുറന്നുപറയാം. എനിക്കു സോഫിയെ ഇഷ്ടമാണ്. വിവാഹം കഴിച്ചാല്‍ കൊള്ളാമെന്നുണ്ട്.''
സോഫി നിശ്വാസമുതിര്‍ത്തു.
''അതിപ്പം ഇവിടെവച്ച് പെട്ടെന്നു തോന്നിയ താത്പര്യമാ ചേട്ടാ. വീട്ടില്‍ച്ചെന്ന് നാലഞ്ചുദിവസം കഴിയുമ്പോ അതു മാറിക്കോളും.''
''അങ്ങനെയല്ല സോഫി. ഞാന്‍ സോഫിയെ അത്രമേല്‍ ഇഷ്ടപ്പെടുന്നു. സോഫിക്ക് ഇഷ്ടമെങ്കീ ഞാന്‍ വീട്ടിച്ചെന്ന് അമ്മാച്ചനെ അങ്ങോട്ടു പറഞ്ഞയയ്ക്കാം കാര്യങ്ങള്‍ സംസാരിക്കാന്‍.''
അവന്‍ പ്രതീക്ഷയോടെ അവളുടെ കണ്ണുകളിലേക്കു നോക്കി അവളുടെ കണ്ണുകള്‍ അവന്റെ കണ്ണുകളോടു പറഞ്ഞു, സ്‌നേഹം പങ്കിടാമെന്ന്.
നാണം കലര്‍ന്ന ചിരിയോടെ സോഫി മുറിവിട്ടുപോയി.
സന്തോഷാധിക്യത്താല്‍ വിമല്‍ മുറിക്കു പുറത്തിറങ്ങി കോറിഡോറിലൂടെ നടന്നുനീങ്ങുന്ന സോഫിയെ നോക്കിനിന്നു.
ദൈവം അങ്ങനെയാണെന്നു വിമലിനു തോന്നി. കുറേ ചുറ്റിക്കറക്കിയതിനുശേഷമേ അനുയോജ്യമായതു നല്‍കൂ...
അവന്‍ ദൈവത്തിനു നന്ദിയര്‍പ്പിച്ചു.
വിമലിന്റെ അമ്മാച്ചന്‍ ചൂരല്‍മലയിലെ മുണ്ടക്കൈയിലെത്തി സോഫിയുടെ വീട്ടുകാരെ കണ്ടു. അന്നു സോഫി  വീട്ടിലുണ്ടായിരുന്നു. സോഫിയും വിമലും തമ്മിലുള്ള കല്യാണത്തിനു ധാരണ ആക്കിയാണ് അമ്മാച്ചന്‍ മടങ്ങിയത്.
ഔദ്യോഗികമായ പെണ്ണുകാണല്‍ച്ചടങ്ങിനായി വിമല്‍ സോഫിയുടെ വീട്ടിലെത്തി.
മടങ്ങിപ്പോരുന്നതിനു മുമ്പായി മുറ്റത്ത് പടര്‍ന്നുപന്തലിച്ചു നിറയെ കായ്കളുമായി നില്‍ക്കുന്ന പേരയുടെ ചുവട്ടില്‍ വിമലും സോഫിയും ദീര്‍ഘനേരം മനസ്സ് പങ്കിട്ടു.
ലീവ് തീരാന്‍ കുറച്ചു ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. അതുകൊണ്ട് അടുത്തവരവിനു മതി വിവാഹമെന്ന തീരുമാനത്തിലെത്തി.
വിമലിനെ യാത്രയാക്കാന്‍ സോഫിയും സഹോദരനും കരിപ്പൂരില്‍ പോയിരുന്നു. 
എല്ലാ ദിവസവും വിമലും സോഫിയും അവര്‍ക്ക് അനുയോജ്യമായ സമയത്ത് വീഡിയോകോള്‍ ചെയ്തുപോന്നു. അവരുടെ ബന്ധം കൂടുതല്‍ ദൃഢമായി. 
''എന്റെ ചങ്കു നീയും നിന്റെ ചങ്കു ഞാനും'' സോഫി ശബ്ദമുണ്ടാക്കാതെ ചിരിച്ചു.
വിവാഹത്തിനായി മൂന്നുമാസത്തെ ലീവ് എടുത്താണ് വിമല്‍ എത്തിയത്. 
പിറ്റേന്നുതന്നെ ചരക്കെടുക്കല്‍ചടങ്ങു നടന്നു.
മന്ത്രകോടിയും താലിമാലയും മറ്റ് ആഭരണങ്ങളുടെകൂടെ വിമല്‍ സോഫിയുടെ കൈയില്‍ കൊടുത്തയച്ചു. 
''ഒത്തുകല്യാണവും കെട്ടുകല്യാണവും തമ്മില്‍ ഒരാഴ്ചത്തെ ഗ്യാപ്പേ ഉള്ളൂ. എല്ലാം സോഫി തന്നെ വച്ചോ.''
അവന്‍ ചിരിച്ചു പറഞ്ഞപ്പോള്‍ അവള്‍ ചിരിച്ചു തലയാട്ടി.
അന്നു നൂല്‍മഴ പെയ്തുതുടങ്ങിയപ്പോള്‍ വിമലിന്റെയുള്ളില്‍ പേരറിയാത്ത ഒരു വികാരം നുരഞ്ഞുപൊന്തി. എന്നും മഴയെ പ്രണയിച്ചിരുന്ന അവന്‍ അനുരാഗത്തിന്റെ പുതിയ മേച്ചില്‍പുറങ്ങളിലേക്ക് മനസ്സിനെ മേയാന്‍ വിട്ടു.
സോഫി ഇപ്പോള്‍ മഴ പെയ്യുന്നതു കണ്ടിരിക്കുകയാണോ? വീഡിയോകോള്‍ ചെയ്യുമ്പോള്‍ ചോദിക്കണം, തന്നെപ്പോലെ അവള്‍ക്കും മഴയോടു പ്രണയമുണ്ടോ എന്ന്.
മഴയുടെ തീവ്രത വര്‍ധിച്ചുവന്നു. മഴയുടെ രൂപവും ഭാവവും മാറി. മഴയുടെ ഈ രൂപം വിമല്‍ ആദ്യമായി കാണുകയാണ്. ഒരു ഭീതി അവന്റെയുള്ളില്‍ ജനിച്ചു.
വിമലിന് കിടന്നിട്ട് ഉറക്കം വന്നില്ല. പല പ്രാവശ്യം സോഫിയെ കിട്ടാന്‍ ട്രൈ ചെയ്തു. നിരാശയോടെ അവന്‍ ഉറക്കം കാത്തുകിടന്നു.
രാത്രിയുടെ അന്ത്യയാമത്തില്‍ വീഡിയോകോള്‍ വന്നപ്പോഴാണ് വിമല്‍ ഞെട്ടിയുണര്‍ന്നത്. സോഫിയുടെ കോളാണ്. എന്താവും ഈ സമയത്ത്? ആശങ്കയോടെ കോള്‍ എടുത്തു. 
''ഇവിടെ ഉരുള്‍പൊട്ടി. ഞങ്ങളെ രക്ഷിക്കണേ... വീടിനകത്ത് വെള്ളം നിറഞ്ഞോണ്ടിരിക്ക്യാ.'' സോഫിയുടെ കരച്ചിലോടെ കോള്‍ കട്ടായി.
വിമല്‍ വാതില്‍തുറന്നു മമ്മിയോടു വിവരം പറഞ്ഞിട്ട് ബൈക്കെടുത്തു പറന്നു, മഴയെ കീറിമുറിച്ച്.
സോഫിക്കും കുടുംബത്തിനും ഒരാപത്തും വരരുതേ എന്നു പ്രാര്‍ഥിച്ചുകൊണ്ടാണ് വിമല്‍ ബൈക്കോടിച്ചുകൊണ്ടിരുന്നത്.
നേരം നന്നേ പുലര്‍ന്നിട്ടില്ലായിരുന്നു, വിമല്‍ അവിടെ എത്തുമ്പോള്‍. സോഫിയുടെ വീടിന് രണ്ടു കിലോമീറ്റര്‍ ഇപ്പുറത്തായി കല്‍ക്കൂമ്പാരങ്ങള്‍ വഴി മുടക്കിക്കിടക്കുന്നു.
ചാലിയാര്‍ ഗതിമാറി ഒഴുകുന്നു. ചാലിയാര്‍ മരണപ്പുഴയായാണ് ഒഴുകുന്നതെന്ന് അവന്‍ അറിഞ്ഞില്ല. ഇതുവരെ വീടായിരുന്നതും മനുഷ്യരായിരുന്നവരും ഛിന്നഭിന്നമായി ചാലിയാറിലൂടെ ഒഴുകിക്കൊണ്ടിരുന്നു.
എമര്‍ജന്‍സിലാമ്പുകളും ടോര്‍ച്ചുകളും അവിടവിടെ മനുഷ്യശരീരം തിരയുന്നു. ജലബോംബ്‌സ്‌ഫോടനത്തിന്റെ ആഘാതം കണ്ട് വിമല്‍ ചെളിമണ്ണില്‍ തളര്‍ന്നിരുന്നു. ആബാലവൃദ്ധ മനുഷ്യരുടെ കരച്ചില്‍ അവന്റെ കാതില്‍ വന്നലച്ചുകൊണ്ടിരുന്നു.
''പുഞ്ചിരിമട്ടവും മുണ്ടക്കൈയും ഇനിയില്ല. അവിടെ ഒരു വീടും അവശേഷിച്ചിട്ടില്ല. അങ്ങോട്ടേക്കുള്ള പാലം തകര്‍ന്നുപോയി.''
വിവരമറിഞ്ഞ് നേരം പുലര്‍ന്നപ്പോഴേക്കും വിമലിന്റെ അമ്മാച്ചന്മാരും ചില സുഹൃത്തുക്കളും എത്തി. അവര്‍ വിമലിനു ചുറ്റും നിന്നതല്ലാതെ ഒന്നും സംസാരിച്ചില്ല. ഭീകരദൃശ്യങ്ങള്‍ കണ്ട് അവരും മരവിച്ചുപോയി.
മേപ്പാടിയിലെയും ചൂരല്‍മലയിലെയും ദുരിതാശ്വാസക്യാമ്പുകള്‍ അവന്‍ കയറിയിറങ്ങി. മരണമടഞ്ഞവരുടെ പേരും വിവരവും എഴുതുന്ന മേപ്പാടി ഗവ. ഹോസ്പിറ്റലിലെ ബോര്‍ഡിലും അവന്‍ നോക്കി. വിശപ്പും ദാഹവും അറിയാതെ വിമല്‍ ഓടിക്കൊണ്ടിരുന്നു. എന്തെങ്കിലും ഒരു തുമ്പ്.
മൂന്നാംപക്കം അവന് സോഫിയുടെ വീടിരുന്ന സ്ഥലത്ത് എത്താന്‍ പറ്റി. വീടിരുന്നതിന്റെ ഒരടയാളവും ശേഷിപ്പിക്കാതെ ഉരുള്‍ എല്ലാം തുടച്ചുനീക്കിയിരിക്കുന്നു. വീടിരുന്ന സ്ഥലത്തുകൂടി വെള്ളം പുഴയായി ഒഴുകുന്നു.
ഈ ചെളിമണ്ണിനടിയില്‍ സോഫിയുണ്ടാവുമോ? ഈ വെള്ളപ്പാച്ചില്‍ സോഫിയെ കൊണ്ടുപോയിരിക്കും. രക്ഷിക്കണേ എന്ന അവളുടെ ശബ്ദം ചങ്കില്‍ വന്നലയ്ക്കുന്നു. 
ചെളിമണ്ണില്‍ കുത്തിയിരുന്ന് അവന്‍ വിങ്ങിവിങ്ങിക്കരഞ്ഞു.
കുറച്ചുകഴിഞ്ഞപ്പോള്‍ അമ്മാച്ചന്മാരും സുഹൃത്തുക്കളും അവനെ താങ്ങിയെഴുന്നേല്പിച്ചു.
ജെസിബിയുടെ കൈകള്‍ മനുഷ്യശരീരം പരതുന്നതു കണ്ടു. ആംബുലന്‍സുകളുടെ സൈറണ്‍ അവനെ അസ്വസ്ഥനാക്കി. 
ഏതാനും ദിവസങ്ങള്‍കൂടി വിമലിനൊപ്പം സുഹൃത്തുക്കളും തിരച്ചിലിനുകൂടി.                     
ഒരുവിധത്തില്‍ വിമലിനെ സാന്ത്വനിപ്പിച്ച് അവര്‍ വീട്ടിലെത്തിച്ചു.
വിമലിന്റെ ഉള്ളിലും ഒരു ഉരുള്‍പൊട്ടലുണ്ടായി. തകര്‍ന്ന ഹൃദയത്തോടെ അവന്‍ വെറുതെ പുറത്തേക്കു നോക്കിയിരിക്കും. ഒന്നിനും ഒരു ഉത്സാഹമില്ലാത്തവനായി അവന്‍ മാറി. എന്തെങ്കിലും കഴിച്ചാലായി, കഴിച്ചില്ലെങ്കിലായി.
''ലീവ് തീരാന്‍ ഇനിയും രണ്ടുമാസം ഉണ്ടല്ലോ. നമുക്കു വേറൊരു കല്യാണം ആലോചിക്കാം.'' അമ്മാച്ചന്റെ നിര്‍ദേശത്തിനു മറുപടിയായി വിമല്‍ മുറിയില്‍ക്കയറി വാതിലടച്ചു.
''അവര്‍ക്കറിയില്ല സോഫി തനിക്കാരായിരുന്നുവെന്ന്. അവരെ സംബന്ധിച്ച് സോഫി വെറുമൊരു പെണ്ണ്.''
''എടാ... വിമലേ..എഴുന്നേറ്റുവാ. നിന്നെ എത്ര പ്രാവശ്യം വിളിച്ചു. ഒരു പട്ടി വന്നിരിക്കുന്നു. ഞാന്‍ ഓടിച്ചിട്ട് അതു പോണില്ല.''
മമ്മി കതകില്‍ മുട്ടി വീണ്ടും വിളിച്ചപ്പോള്‍ അവന്‍ കതകു തുറന്നു പുറത്തേക്കു വന്നു. 
പോര്‍ച്ചിലെ കാറിനടുത്ത് ഇങ്ങോട്ടുതന്നെ നോക്കി നാക്കു നീട്ടി കുന്തിച്ചിരിക്കുന്ന നായ. വിമലിനെ കണ്ട് നായ എഴുന്നേറ്റു. അഴകുള്ള വെളുത്ത നായ സ്‌നേഹശബ്ദം പുറപ്പെടുവിച്ച് വാലാട്ടി.
വിമലിന്റെയുള്ളില്‍ മിന്നല്‍പ്പിണര്‍!
ഇതു സോഫിയുടെ ജിമ്മിയല്ലേ?
അതേ, ഇതു സോഫിയുടെ ജിമ്മിതന്നെ.
ജിമ്മി എന്നു വിളിച്ച് വിമല്‍ അടുത്തേക്കു ചെന്നപ്പോള്‍ നായ സന്തോഷശബ്ദത്തോടെ  അവന്റെ കാല്‍വണ്ണയില്‍ മുട്ടിയുരുമ്മി.
ജിമ്മി, എങ്ങനെ തന്റെ വീട് കണ്ടെത്തി?
ജിമ്മി മാത്രം എങ്ങനെ ഉരുളില്‍നിന്നു രക്ഷപ്പെട്ടു?
ഇത്രയും നാള്‍ ജിമ്മി എവിടെയായിരുന്നു?
മനുഷ്യന് ഉത്തരം കണ്ടെത്താന്‍ സാധിക്കാത്ത ചില ചോദ്യങ്ങളുമുണ്ടെന്ന് വിമലിനു മനസ്സിലായി. അതിന്റെ ഉത്തരം ദൈവത്തിനുമാത്രമേ അറിയൂ.
പെണ്ണുകാണല്‍ ദിവസം. അന്നു മടങ്ങുന്നതിനുമുമ്പായി തങ്ങള്‍ പേരമരത്തിന്റെ ചോട്ടില്‍ നില്‍ക്കുമ്പോഴാണ് ജിമ്മി സോഫിയുടെ അടുത്തേക്കുവന്നത്. 
''ജിമ്മീ. എന്റെ ആളെ നിനക്കിഷ്ടായോ?''
സോഫിയുടെ ചോദ്യത്തിന് ഉത്തരമായി ജിമ്മി വിമലിന്റെ മുഖത്തുനോക്കി തലയാട്ടി വാല്‍  ചലിപ്പിച്ചു.
''ഓ, ജിമ്മിക്കിഷ്ടായി.'' അവള്‍ ആഹ്ലാദത്തോടെ ജിമ്മിയെ തഴുകി.
പോര്‍ച്ചിന്റെ മൂലയില്‍ കിടന്ന ചെളിപുരണ്ട ഒരു തുണിക്കഷണത്തിലേക്കു നോക്കി ജിമ്മി ശബ്ദിച്ചപ്പോള്‍ വിമലിന്റെ ശ്രദ്ധ അതിലായി.
''നീ കൊണ്ടുവന്നതായിരിക്കും. അഴുക്കുസാധനങ്ങള്‍കൊണ്ടുനടക്കണ സ്വഭാവം നല്ലതല്ല.''
വിമല്‍ ഒരു കമ്പെടുത്ത് തുണിക്കഷണം തോണ്ടി പുറത്തിട്ടു. വിമല്‍ ആ തുണിത്തുണ്ടിലേക്കു സൂക്ഷിച്ചുനോക്കിയതും അതു കൈയിലെടുത്തതും ഒപ്പമായിരുന്നു.
അവനതു വിടര്‍ത്തി. അവിടവിടെ കീറി, വര്‍ഷങ്ങള്‍ പഴക്കം തോന്നിക്കുന്ന ചെളിപുരണ്ട കര്‍ച്ചീഫ്. താന്‍ സോഫിക്കു നല്‍കിയ കര്‍ച്ചീഫ്! ഒരു ഉരുള്‍പൊട്ടലിന്റെ തിരുശേഷിപ്പ്. 

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)