പാലാ: സംശുദ്ധമായ പൊതുപ്രവര്‍ത്തനത്തിന് ആര്‍.വി. സ്മാരകസമിതി ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്‌കാരത്തിന് കാല്‍നൂറ്റാണ്ടുകാലം അഖിലകേരള കത്തോലിക്കാകോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും പിന്നീട് പ്രസിഡന്റും മലനാട് കര്‍ഷകയൂണിയന്റെ സ്ഥാപകനേതാവുമായിരുന്ന ജോണ്‍ കച്ചിറമറ്റം തിരഞ്ഞെടുക്കപ്പെട്ടു.
1961 ല്‍ അയ്യപ്പന്‍കോവിലില്‍ കര്‍ഷകരെ സര്‍ക്കാര്‍ കുടിയിറക്കിയപ്പോള്‍ ഫാ. വടക്കനുമൊത്ത് അമരാവതിയില്‍ ഉപവാസസമരത്തിനും വന്‍കര്‍ഷകപ്രതിഷേധത്തിനും നേതൃത്വം നല്‍കിയ ജോണ്‍ കച്ചിറമറ്റം കാല്‍നൂറ്റാണ്ടുകാലം കത്തോലിക്കാകോണ്‍ഗ്രസിന്റെ അമരക്കാരനെന്ന നിലയില്‍ സമുദായത്തിനും നേതൃത്വം നല്‍കി. അറിയപ്പെടുന്ന ചരിത്രകാരനായ അദ്ദേഹം നൂറിലധികം ചരിത്ര-ജീവചരിത്രഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യസമരസേനാനിയും നിയമസഭാ സ്പീക്കറുമായിരുന്ന ആര്‍.വി. തോമസിന്റെ എഴുപതാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് 22 ന് വൈകുന്നേരം നാലിന് പാലാ നെല്ലിയാനി ലയണ്‍സ് ക്ലബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പുരസ്‌കാരം സമ്മാനിക്കും.