പാലാ: 2024 ലെ സി. മേരി ബനീഞ്ഞ അവാര്‍ഡിന് എം.ജി. യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലെ പ്രൊഫസര്‍ ജോസ് കെ. മാനുവലും, വാനമ്പാടി അവാര്‍ഡിന് പാലാ ഗുഡ് ഷേപ്പേര്‍ഡ് മൈനര്‍ സെമിനാരി പ്രൊഫസര്‍ ഫാ. ഡോ. ജയിംസ് പുലിയുറുമ്പിലും അര്‍ഹരായി.
നോവല്‍, ചെറുകഥ, തിരക്കഥ, സാഹിത്യവിമര്‍ശനം എന്നീ രംഗങ്ങളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ പ്രൊഫ. ജോസ് കെ. മാനുവല്‍ 27 ഗ്രന്ഥങ്ങളും നൂറിലേറെ ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിനിമയെക്കുറിച്ചുള്ള ഗ്രന്ഥത്തിന് 2003 ലും 2010 ലും ഫിലിം ക്രിട്ടിക്‌സിനു 2003 ലും 2005 ലും അവാര്‍ഡുകള്‍ നേടി. കൂടാതെ, തകഴി കഥാ അവാര്‍ഡ്, പൊന്‍കുന്നം വര്‍ക്കി ചെറുകഥ അവാര്‍ഡ്, ജെ.സി. ഡാനിയല്‍ തിരക്കഥാ അവാര്‍ഡ്, തുടങ്ങി ഒട്ടനവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. ഫലകവും പ്രശസ്തിപത്രവും ക്യാഷ് അവാര്‍ഡും അടങ്ങുന്നതാണ് ബനീഞ്ഞാ അവാര്‍ഡ്.
2003 മുതല്‍ 2020 വരെ വടവാതൂര്‍ പൗരസ്ത്യവിദ്യാപീഠം പ്രൊഫസറായിരുന്ന ഡോ. ജയിംസ് പുലിയുറുമ്പില്‍, സെന്റ് തോമസ് ഇന്‍ ഇന്ത്യ, ഹിസ്റ്ററി ഓഫ് സീറോ മലബാര്‍ ചര്‍ച്ച്, സീറോ മലബാര്‍ ഹയരാര്‍ക്കി ഹിസ്റ്റോറിക്കല്‍ ഡവലപ്‌മെന്റ് തുടങ്ങി 27 തിരുസഭാചരിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ്. ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് വാനമ്പാടി അവാര്‍ഡ്.
2025 ഫെബ്രുവരി 26 ന് ഇലഞ്ഞിയില്‍വച്ചു നടത്തുന്ന മഹാകവി മേരി ബനീഞ്ഞാ ജനനശതോത്തര രജതജൂബിലിസമ്മേളത്തില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അവാര്‍ഡുകള്‍ സമ്മാനിക്കും.