പാലാ: സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് 19 മുതല്‍ 26 വരെ വിദ്യാഭ്യാസ-സാംസ്‌കാരികപ്രദര്‍ശനമേള ലുമിനാരിയ സംഘടിപ്പിക്കും.
വൈജ്ഞാനിക, സാംസ്‌കാരികമേഖലകളിലെ ഏറ്റവും നൂതനമായ അറിവുകളിലേക്കും കാഴ്ചകളിലേക്കും വെളിച്ചം വീശുന്ന നിരവധി സ്റ്റാളുകളാണ് ഇന്ത്യയിലെതന്നെ മികച്ച സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും ശ്രദ്ധേയരായ വ്യക്തികളുടെയും സഹകരണത്തോടെ ഒരുക്കുന്നത്. വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ ഒരുക്കുന്ന ശാസ്ത്രപ്രദര്‍ശനം, മെഡക്‌സ്, മോട്ടോ എക്‌സ്‌പോ, പുസ്തകമേള, സാഹിത്യോത്സവം, പെറ്റ് ഷോ, പുരാവസ്തുപ്രദര്‍ശനം, പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള കാര്‍ഷികമേള, കേരളവനംവകുപ്പിന്റെ വിവിധ സ്റ്റാളുകള്‍, ഫുഡ് ഫെസ്റ്റ്, ഫാഷന്‍ ഷോ, ഇന്റര്‍ കൊളീജിയറ്റ് ഡാന്‍സ് മത്സരങ്ങള്‍, കയാക്കിങ്, പ്രശസ്തരായ കലാകാരന്മാരെ ഉള്‍പ്പെടുത്തിയുള്ള പെയിന്റിങ് ബിനാലെയും ചിത്രപ്രദര്‍ശനവും, റോബോട്ടിക്‌സ് ഗെയിമുകള്‍, പ്ലാനറ്റോറിയം, കിഡ്‌സ് പാര്‍ക്ക്, വൈവിധ്യമാര്‍ന്ന കരകൗശലവസ്തുക്കളുടെ നിര്‍മാണവും പ്രദര്‍ശനവും എന്നിവയ്‌ക്കൊപ്പം കോളജിലെ 21 ഡിപ്പാര്‍ട്ട്‌മെന്റുകളുടെ നേതൃത്വത്തിലുള്ള വൈവിധ്യമാര്‍ന്ന സ്റ്റാളുകളും മേളയുടെ ഭാഗമാണ്.
മധ്യതിരുവിതാംകൂറിലെ ഏറ്റവും വിപുലവും വൈവിധ്യമാര്‍ന്നതുമായ വിദ്യാഭ്യാസ-സാംസ്‌കാരിക മേളയ്ക്കാണ് പാലാ സെന്റ് തോമസ് കോളജ് വേദിയാകുന്നത്. 1200 ഓളം സ്‌കൂളുകള്‍, എന്‍ജിനീയറിങ് കോളജുകള്‍, ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ എന്നിവിടങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് സംഘാടകര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബോളിവുഡ് ഗായിക ശില്പ റാവു നയിക്കുന്ന സംഗീതനിശയിലും ദക്ഷിണേന്ത്യയിലെ പ്രശസ്തരായ എട്ട് മ്യൂസിക് ബാന്റുകള്‍ അവതരിപ്പിക്കുന്ന സംഗീതനൃത്തകലാപരിപാടികളിലും പ്രത്യേക പാസ്മൂലമാണ് പ്രവേശനം നല്‍കുന്നത്.
വിദ്യാഭ്യാസം, ചരിത്രം, ശാസ്ത്രം, പരിസ്ഥിതി, സാഹിത്യം, കല, കായികം, വൈദ്യശാസ്ത്രം എന്നിങ്ങനെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട ഇന്ത്യയിലെ ശ്രദ്ധേയരായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ്, വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. സാല്‍വിന്‍ കാപ്പിലിപ്പറമ്പില്‍, ബര്‍സാര്‍ ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, കായികവിഭാഗം മേധാവി ആശിഷ് ജോസഫ്, ജോജി ജേക്കബ്, ഡോ ജിന്‍സ് കാപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.