•  23 Jan 2025
  •  ദീപം 57
  •  നാളം 45
ലേഖനം

നാശത്തിന്റെ സന്തതികള്‍ നരകപാലം പണിയുമ്പോള്‍

   അസാധാരണമായുണ്ടായ തിക്കും തിരക്കും, തുടര്‍ന്നു വെടിയൊച്ചയും കേട്ട സ്ഥലത്തേക്കു തിരിഞ്ഞുനോക്കിയ കെവിനും രണ്ടു സുഹൃത്തുക്കളും ഭയാനകമായ ആ കാഴ്ച കണ്ടു. ''വാഹനം ഇടിച്ചുതെറിപ്പിച്ച ഒരു ശരീരം എന്റെ നേരേ പാഞ്ഞുവരുന്നുകണ്ട് ഞാന്‍ ഒഴിഞ്ഞുമാറി. മാംസക്കഷണങ്ങള്‍ ചിതറിക്കിടക്കുന്നതിനിടയിലൂടെ വല്ല വിധേനയുമാണു രക്ഷപ്പെടാന്‍ കഴിഞ്ഞത്.'' കെവിന്‍ വിവരിച്ചു.
   ന്യൂ ഓര്‍ലിയന്‍സിലെ തിരക്കേറിയ ഫ്രഞ്ചു ക്വാര്‍ട്ടറിലെ  ബോര്‍ബണ്‍ സ്ട്രീറ്റില്‍ പുലര്‍ച്ച 3.15 നായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം. പുതുവത്സരാഘോഷം കഴിഞ്ഞു നടപ്പാതയിലൂടെ നടന്നുനീങ്ങിയ ജനക്കൂട്ടത്തിലേക്കു ഫോര്‍ഡുകമ്പനിയുടെ ഒരു പിക്കപ്പ് ട്രക്ക് അമിതവേഗത്തില്‍ ഓടിച്ചുകയറ്റുകയായിരുന്നു. പരമാവധി ആളുകളെ  ഇല്ലായ്മ ചെയ്യുകയെന്ന ലക്ഷ്യത്തോടെയുള്ള ആക്രമണത്തില്‍ പതിനഞ്ചുപേര്‍ കൊല്ലപ്പെടുകയും മുപ്പതിലേറെപ്പേര്‍ക്ക് ഗുരുതരമായി പരിക്കേല്ക്കുകയും ചെയ്തു.
പുതുവര്‍ഷാഘോഷങ്ങള്‍ക്കു പേരുകേട്ട വിനോദകേന്ദ്രമാണ് ന്യൂ ഓര്‍ലിയന്‍സിലെ ഫ്രഞ്ചു ക്വാര്‍ട്ടര്‍. സംഭവസ്ഥലത്തുണ്ടായിരുന്ന മുന്നൂറു പൊലീസുകാരില്‍ രണ്ടു പേര്‍ക്ക് അക്രമിയുടെ വെടിയേറ്റെങ്കിലും തുടര്‍ന്നു നടന്ന വെടിവയ്പില്‍ അയാളെ വധിക്കാന്‍ പൊലീസിനു കഴിഞ്ഞു. 2007 മുതല്‍ 2015 വരെ സൈന്യത്തില്‍ സേവനം ചെയ്ത അമേരിക്കന്‍ പൗരത്വമുള്ള ടെക്‌സസുകാരനായ 42 കാരന്‍ ഷംസുദ്ദീന്‍ ജബ്ബാറാണ് കൃത്യം നിര്‍വഹിച്ചതെന്നു തിരിച്ചറിഞ്ഞു. ഭീകരാക്രമണത്തിനുപയോഗിച്ച ട്രക്കില്‍നിന്നു തോക്കുകളും  ട്രക്കിനു പിന്നില്‍ കെട്ടിയിരുന്ന ഐ എസിന്റെ കറുത്ത പതാകയും കണ്ടെടുത്തു. ഫ്രഞ്ചുക്വാര്‍ട്ടറില്‍ പിന്നീടുനടത്തിയ തെരച്ചിലില്‍ ഏതാനും കൈത്തോക്കുകളും ബോംബുനിര്‍മാണവസ്തുക്കളും പിടിച്ചെടുക്കുകയും ചെയ്തു.
ന്യൂഓര്‍ലിയന്‍സ്‌സംഭവത്തോടെ ഇത്തരം ഭീകരാക്രമണങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനെക്കുറിച്ചു  ലോകനേതാക്കള്‍ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. 2001 സെപ്റ്റംബര്‍ 11-ാം തീയതിയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം അമേരിക്കയ്ക്ക് ഒരു പാഠമായിരുന്നു. വ്യോമയാനചരിത്രം മറക്കാത്ത അന്നത്തെ ദുരന്തത്തിനുശേഷം ലോകരാജ്യങ്ങള്‍ സ്വീകരിച്ച കര്‍ശനമായ സുരക്ഷാനടപടികള്‍ വിമാനറാഞ്ചലുകള്‍ പൂര്‍ണമായും ഇല്ലാതാക്കിയതും ചരിത്രം.
മാഡ്രിഡ് മുതല്‍ 
ന്യൂ ഓര്‍ലിയന്‍സ് വരെ
2004 മാര്‍ച്ച് 11-ാം തീയതി സ്‌പെയിന്‍ തലസ്ഥാനമായ മാഡ്രിഡിലെ സിറ്റിട്രെയിനുകളില്‍ അല്‍ ക്വയ്ദ ഭീകരര്‍ നടത്തിയ മിന്നലാക്രമണത്തില്‍ 192 പേരുടെ ജീവനാണു നഷ്ടപ്പെട്ടത്. 2,000 പേര്‍ക്കു പരിക്കേറ്റു. സദ്ദാം ഹുസൈന്റെ ഭരണകാലത്ത് ഇറാക്കിലെത്തിയ അമേരിക്കന്‍ സൈന്യത്തെ സഹായിക്കാന്‍ സ്‌പെയിനില്‍നിന്നു സൈനികരെ നിയോഗിച്ചതിനുള്ള പ്രതികാരമായിരുന്നു ആക്രമണത്തിനു പിന്നില്‍. ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തതിനുശേഷമുള്ള ഏറ്റവും വലിയ ഭീകരാക്രണമായിരുന്നു മാഡ്രിഡിലേത്.
2016 ജൂലൈ 14-ാം തീയതി ഫ്രാന്‍സിലെ നീസ് നഗരത്തില്‍ 31 കാരനായ ഒരു ടുണീഷ്യന്‍പൗരന്‍ ട്രക്കുപയോഗിച്ചു നടത്തിയ ഭീകരാക്രമണം ലോകരാജ്യങ്ങളെ നടുക്കിയ സംഭവമാണ്. രാജഭരണം അവസാനിപ്പിച്ച് ഫ്രഞ്ചുവിപ്ലവം  വിജയിച്ച 'ബാസ്റ്റില്‍ ദിന' ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവരുടെയിടയിലേക്കു 19 ടണ്‍ ഭാരമുള്ള ചരക്കുലോറി ഓടിച്ചുകയറ്റുകയായിരുന്നു. കുട്ടികളുള്‍പ്പെടെ 86 പേര്‍ കൊല്ലപ്പെടുകയും 434 പേര്‍ക്കു പരിക്കേല്ക്കുകയും ചെയ്തു.
ജര്‍മനിയില്‍ അഭയംതേടിയെത്തിയ ഒരു ടുണീഷ്യക്കാരന്‍ 2016 ഡിസംബര്‍ 19-ാം തീയതി ഒരു ട്രക്ക് തട്ടിയെടുത്ത് ഡ്രൈവറെ വധിച്ചശേഷം ജനക്കൂട്ടത്തിനിടയിലേക്കു വാഹനം ഓടിച്ചുകയറ്റിയ ഭീകരാക്രമണത്തില്‍ 12 പേരുടെ  ജീവന്‍ നഷ്ടമായി. സംഭവത്തിന്റെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തതിനാല്‍ അത് 'ജിഹാദിസ്റ്റ് ഭീകരത'യായി എണ്ണപ്പെടുകയും ചെയ്തു.
ലണ്ടനിലെ വെസ്റ്റു മിനിസ്റ്റര്‍ ബ്രിഡ്ജില്‍ അമിതവേഗത്തിലെത്തിയ ഒരു കാര്‍ ഇടിപ്പിച്ച് നാലു പേരെ വധിച്ചത് 2017 മാര്‍ച്ച് 22-ാം തീയതിയായിരുന്നു. ബ്രിട്ടീഷ് പാര്‍ലമെന്റുമന്ദിരത്തിനു തൊട്ടടുത്തു നടന്ന ഈ ഭീകരാക്രമണം ഇന്നും നടുക്കുന്ന ഓര്‍മയായി അവശേഷിക്കുന്നു.
വാഹനം ഇടിപ്പിച്ച് ആളുകളെ ഇല്ലായ്മ ചെയ്യുന്ന രീതി അമേരിക്കയില്‍ അരങ്ങേറിയത് 2017 മേയ് 18 നാണ്. നേവിയില്‍നിന്നു വിരമിച്ച മാനസികവിഭ്രാന്തിയുള്ള റിച്ചാര്‍ഡ് റോജസ് എന്നയാള്‍ കാല്‍നടയാത്രക്കാരുടെയിടയിലേക്കു കാര്‍ ഓടിച്ചുകയറ്റിയ ദാരുണസംഭവത്തില്‍ ഒരാള്‍ക്കു ജീവന്‍ നഷ്ടമാകുകയും 22 പേര്‍ക്ക് ഗുരുതരമായി പരിക്കേല്ക്കുകയും ചെയ്തു. അഞ്ചു മാസങ്ങള്‍ക്കുശേഷം ഒക്‌ടോബര്‍ 31-ാം തീയതി മാന്‍ഹട്ടന്‍ നഗരത്തില്‍ ഒരു ഉസ്‌ബെക്കിസ്ഥാന്‍പൗരന്‍ നടത്തിയ ഭീകരാക്രമണത്തില്‍ 11 പേരാണ് കൊല്ലപ്പെട്ടത്. ഇരുചക്രവാഹനങ്ങള്‍ക്കുമാത്രം പ്രവേശനമുള്ള പാതയിലേക്ക് ഒരു ട്രക്ക് ഓടിച്ചുകയറ്റുകയായിരുന്നു. 2022 ലെ ക്രിസ്മസ് അവധിക്കാലത്ത് അമേരിക്കയിലെതന്നെ വിസ്‌കോണ്‍സിനില്‍ വാഹനമുപയോഗിച്ചു നടത്തിയ തീവ്രവാദി ആക്രമണം ആറു പേരുടെ ജീവനെടുത്തു.
കാനഡയിലെ ടൊറോന്റോയില്‍ 2018 ഏപ്രില്‍ 23 ന് വാടകയ്‌ക്കെടുത്ത ഒരു വാന്‍ ഇടിപ്പിച്ച് 11 പേരെയും, 2021 ജൂണ്‍ 14 ന് ഒണ്‍ടേറിയോയില്‍ ട്രക്ക് ഓടിച്ചുകയറ്റി ഒരു മുസ്ലീംകുടുംബത്തിലെ നാലു പേരെയും വധിച്ചു.
ന്യൂ ഓര്‍ലിയന്‍സില്‍ ഭീകരാക്രമണം നടത്തിയ ഷംസുദീന്‍ ജബ്ബാര്‍ പദ്ധതികളെല്ലാം ആസൂത്രണം ചെയ്തത് ഒറ്റയ്ക്കാണെന്നു കണ്ടെത്തി. എന്നാല്‍, ആക്രമണത്തിനുമുമ്പ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോസന്ദേശങ്ങളില്‍ താന്‍ ഇസ്ലാമികഭീകരസംഘടനയില്‍ ചേര്‍ന്നതായും തന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വകവരുത്താനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെന്നും വെളിപ്പെടുത്തിയിരുന്നു. ഇറാക്കിലും സിറിയയിലുമുള്ള ഐ എസ് പോരാളികളോടുള്ള ഐക്യദാര്‍ഢ്യവും അയാള്‍ ഫേസ്ബുക്കിലൂടെ പുറംലോകത്തെ അറിയിച്ചിരുന്നു. സൈനികനായിരിക്കേ വിവരസാങ്കേതികവിദ്യയില്‍ വൈദഗ്ധ്യം തെളിയിച്ച ജബ്ബാര്‍, മികച്ച സേവനത്തിനും, സര്‍വോപരി, സല്‍സ്വഭാവത്തിനും മെഡലുകള്‍ വാരിക്കൂട്ടിയ വ്യക്തിയുമായിരുന്നു. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതി കൂടുതല്‍പേരെ, പ്രത്യേകിച്ചു യുവാക്കളെ സംഘടനയിലേക്ക് ആകര്‍ഷിക്കുമെന്ന് ഐ എസ് നേതൃത്വം കണക്കുകൂട്ടുന്നതായി കരുതപ്പെടുന്നുണ്ട്. നൂറു ശതമാനവും ഐഎസ് ഭീകരനായി മാറിക്കഴിഞ്ഞിരുന്ന ജബ്ബാര്‍ 'വിശ്വാസികളും അവിശ്വാസി'കളുമായി നടക്കുന്ന യുദ്ധത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുകയും ചെയ്തിരുന്നു.
പുതുവര്‍ഷനാളില്‍ത്തന്നെ ലാസ് വെഗാസിലുള്ള ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടലിനുമുമ്പില്‍ പാര്‍ക്കു ചെയ്തിരുന്ന ടെസ്‌ല കമ്പനിയുടെ ഒരു സൈബര്‍ ട്രക്ക് പൊട്ടിത്തെറിച്ച് ഒരാള്‍ മരിക്കുകയും ഏഴുപേര്‍ക്കു പരിക്കേല്ക്കുകയും ചെയ്ത സംഭവമുണ്ടായി. ന്യൂ ഓര്‍ലിയന്‍സിലെയും ലാസ് വെഗാസിലെയും ഭീകരാക്രമണങ്ങള്‍ നടന്നത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഒരുദിവസംതന്നെയായിരുന്നെങ്കിലും രണ്ടു സംഭവങ്ങളുമായി പരസ്പരബന്ധം ഇല്ലെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. രണ്ടു നഗരങ്ങളും തമ്മില്‍ 1,724 കിലോമീറ്റര്‍ അകലവുമുണ്ട്. എന്നാല്‍, ഷംസുദീന്‍ ജബ്ബാറും, ലാസ്‌വെഗാസില്‍ ആക്രമണം നടത്തിയ മാത്യു ലിവെല്‍സ്‌ബെര്‍ഗെറും അഫ്ഗാനിസ്ഥാനിലെ ഒരേ സൈനികക്യാമ്പില്‍ ഒരേ കാലഘട്ടത്തില്‍ സേവനം ചെയ്തിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
ഷംസുദീന്‍ ജബ്ബാര്‍ അമേരിക്കന്‍ പൗരത്വമുള്ള ടെക്‌സസുകാരനാണെങ്കിലും ന്യൂ ഓര്‍ലിയന്‍സിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ട്രംപ് വിരല്‍ചൂണ്ടിയത് അമേരിക്കയിലെ അനധികൃതകുടിയേറ്റക്കാരുടെ നേരേയാണ്. അനധികൃതകുടിയേറ്റക്കാരെയെല്ലാം പുറത്താക്കുമെന്നു ഭീഷണിപ്പെടുത്തിയിട്ടുള്ള അദ്ദേഹം ഒരിക്കല്‍ സൂചിപ്പിച്ചത് ഇപ്രകാരമായിരുന്നു: ''പുറംരാജ്യങ്ങളില്‍നിന്ന് അമേരിക്കയിലേക്കു കടന്നുവരുന്ന കുറ്റവാളികള്‍ അകത്തുള്ള കുറ്റവാളികളെക്കാള്‍ അപകടകാരികളാണ്.'' 
അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഈ മാസം 20-ാം തീയതി സ്ഥാനമേല്ക്കുന്ന ഡൊണാള്‍ഡ് ട്രംപ്, ജോ ബൈഡന്റെ ദീര്‍ഘവീക്ഷണമില്ലായ്മയെയും കഴിവുകേടിനെയും കുറ്റപ്പെടുത്തി സംസാരിച്ചുകൊണ്ടേയിരിക്കുന്നു. മെക്‌സിക്കോയുമായുള്ള 3,200 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തി മതിലുകെട്ടി ഭദ്രമാക്കിയാല്‍ അനധികൃതകുടിയേറ്റം ഗണ്യമായി കുറയ്ക്കാമെന്നാണ് പുതിയ പ്രസിഡന്റ് ഉറച്ചുവിശ്വസിക്കുന്നത്. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)